Malayalam Blog Aggregator | Selected Blog Posts | Promote Malayalam Computing

ePathram - Malayalam Blog Aggregator, Blogroll, Blog Tracker, Malayalam Blogs

മലയാളം ബ്ലോഗുകള്‍


വി.കെ ആദര്‍ശ്  

ഒരു ഇ-മെയില്‍ ഉണ്ടാക്കുന്നത്‌ പോലെ ലളിതമായ രീതിയില്‍ നിങ്ങള്‍ക്കും മനസ്സില്‍ തോന്നുന്നത്‌ ആര്‍ക്കും വായിക്കാന്‍ പറ്റുന്ന രീതിയില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കാം. ഡയറിയെഴുത്തിന്റെ ഇലക്‌ട്രോണിക്‌ രൂപാന്തരമാണ്‌ ബ്ലോഗെഴുത്ത്‌. സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ എഴുതാന്‍ സാധിക്കാത്ത ചിലരും, സ്വന്തം ഡയറിക്കുറിപ്പുകളെ സൂക്ഷിക്കാനിഷ്‌ടപ്പെട്ടവരും, ഡയറിയുടെ താളുകളില്‍ ആത്മാംശമുള്ള കുറിപ്പുകള്‍ക്ക്‌ ഇടം നല്‍കിയിരുന്നു. ഇന്റര്‍നെറ്റിന്റെ വരവോട്‌ കൂടി ആത്മ പ്രകാശനത്തിന്റെ നവ മാധ്യമ സാധ്യതകളാണ്‌ തുറന്നു കിട്ടിയത്‌.

 

വെബ്‌സൈറ്റുകളില്‍ ഒരു ഹോംപേജും തുടര്‍ പേജുകളും ഉണ്ടാകും. എന്നാല്‍ ബ്ലോഗില്‍ കേവലം ഒരു പേജില്‍ തന്നെ എല്ലാ വിവരങ്ങളും എഴുതപ്പെട്ടിരിക്കുന്നു. പുതിയ എന്‍ട്രികള്‍ മുന്നില്‍ പ്രത്യക്ഷപ്പെടും. പഴയവ തൊട്ടു താഴെ അല്ലെങ്കില്‍ വശങ്ങളില്‍ മാര്‍ജിനിലായി ലിങ്കുകളുടെ രൂപത്തില്‍ ലഭ്യമാകും. മിക്ക സജീവമായ ബ്ലോഗുകളും ആഴ്‌ചയില്‍ ഒരിക്കലെങ്കിലും പുതുക്കപ്പെടുന്നവയാണ്‌. ഒരു ഡയറി എഴുതുന്നതു പോലെ തനിക്കു ചുറ്റുമുള്ള എന്തിനെപ്പറ്റിയും ഉള്ള ആശയങ്ങള്‍ പങ്കു വയ്‌ക്കാം. ഇന്നലെ ടി.വി യിലോ ദിനപത്രത്തിലോ കണ്ട രാഷ്‌ട്രീയ സാമൂഹിക സംഭവത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്‌ചപ്പാടാകാം, പാചകക്കുറിപ്പാകാം, കഴിഞ്ഞ ദിവസത്തെ കളിയില്‍ ആറു സിക്‌സര്‍ പായിച്ചതിന്റെ സന്തോഷമാകാം, പ്ലാസ്റ്റിക്‌ മലിനീകരണ നിവാരണത്തിനുള്ള നിര്‍ദ്ദേശങ്ങളാകാം, സിനിമാ-പുസ്‌തക-മാധ്യമ നിരൂപണമാകാം, സ്‌കൂള്‍ കോളെജ്‌ വിശേഷങ്ങളാകാം,സാമൂഹിക പ്രവര്‍ത്തനമാകാം ഇങ്ങനെ വിഷയ വിപുലത കൊണ്ട്‌ ബ്ലോഗുകള്‍ മാധ്യമ ഘടനയില്‍നിന്നും മാറി നിന്നു കൊണ്ടും വേറിട്ട സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.

 

സാധാരണയായി നിങ്ങള്‍ എഴുതുന്ന ലേഖനം അല്ലെങ്കില്‍ കുറിപ്പ്‌ ദിനപത്രത്തിലോ, ആനുകാലികങ്ങളിലോ അച്ചടിച്ച്‌ വരണമെങ്കില്‍ ചില പ്രതിബന്ധങ്ങളുണ്ടാകാം‌. എല്ലാ മാധ്യമത്തിനും അതിന്റേതായ എഡിറ്റോറിയല്‍ നയമുണ്ടാകും, എഡിറ്ററുടെ അന്തിമ തീരുമാമുണ്ടാകും. പക്ഷെ ബ്ലോഗിംഗില്‍ നിങ്ങള്‍ തന്നെയാണ്‌ എഡിറ്ററും പ്രസാധകനും എഴുത്തുകാരനും. ആരുടെയും ഇടപെടലുകളെ ഭയക്കേണ്ട. വായനക്കാരനിലേക്കെത്തിക്കാന്‍ കുറഞ്ഞതോ തുച്ഛമായതോ ആയ പണച്ചിലവേ ഉള്ളൂ എന്നതും എടുത്തു പറയേണ്ട സവിശേഷതയാണ്‌.

 

ദിനപത്രത്തിലും ആനുകാലികങ്ങളിലും വായനക്കാരുടെ കത്തുകള്‍ ഇന്ന്‌ മുഖ്യമായ ഇടങ്ങളിലൊന്നാണ്‌. ബ്ലോഗില്‍ വായനക്കാരുടെ കത്തിനെ കമന്റ്‌സ്‌ എന്നാണ്‌ വിശേഷിപ്പിക്കാറുള്ളത്‌. ഓരോ ലേഖനം/കുറിപ്പിനെയും ബ്ലോഗ്‌ പോസ്റ്റ്‌ എന്നും വിശേഷിപ്പിക്കുന്നു. ബ്ലോഗില്‍ വായനക്കാര്‍ക്ക്‌ കുറിപ്പുകളുടെ തൊട്ടു താഴെ തന്നെ കമന്റ്‌സ്‌ രേഖപ്പെടുത്താം. മലയാളത്തിലെ മിക്ക സജീവമായ ബ്ലോഗുകളിലും ഒരു പോസ്റ്റ്‌ എഴുതായാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നൂറിലേറെ കമന്റ്‌സുകള്‍ പോസ്റ്റിന്‌ തൊട്ടു താഴെ പ്രത്യക്ഷപ്പെടും. ചില അവസരങ്ങളില്‍ പോസ്റ്റിനെക്കാളും വലിയ കമന്റുകള്‍ എത്താറുണ്ട്‌.

 

സെപ്‌തംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ടും ഒട്ടനവധി ബ്ലോഗുകള്‍ സൃഷ്‌ടിക്കപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഇത്തരം സംഭവങ്ങളുടെ ഫോട്ടോ ലഭിക്കാന്‍ പരിമിതിയുണ്ടല്ലോ. മുംബൈ പ്രളയ സമയത്തും ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും സുനാമി ആക്രമണമുണ്ടായപ്പോഴും സെപ്‌തംബര്‍ 11 ആക്രമണ വേളയില്‍ മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും വിശദമായ വിവരങ്ങള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ്‌ ചെയ്‌ത്‌ ബ്ലോഗുകള്‍ പുറത്തു വിട്ടു കൊണ്ടിരുന്നു. എന്നാല്‍ മെബൈല്‍ കാമറകളും ഡിജിറ്റല്‍ ക്യാമറകളും വ്യാപകമായ ഇക്കാലത്ത്‌ ഞൊടിയിടയില്‍ തത്സമയ വിവരങ്ങള്‍ സ്വന്തം ബ്ലോഗിലൂടെ വായനക്കാരിലേക്കെത്തിക്കാന്‍ ബ്ലോഗിന്‌ കഴിയുന്നുണ്ട്‌.

 

1997-ല്‍ ജോണ്‍ ബാര്‍ഗന്‍ ഉപയോഗിച്ച വെബ്‌ലോഗ്‌ എന്ന പദമാണ്‌ ബ്ലോഗ്‌ എന്നായി മാറിയത്‌. ബ്ലോഗുകള്‍ അതിന്റെ കരുത്ത്‌ കാട്ടിയത്‌ കഴിഞ്ഞ ബാഗ്‌ദാദ്‌ യുദ്ധക്കാലത്തായിരുന്നു. അമേരിക്കന്‍ താത്‌പര്യങ്ങളെ ഹനിക്കാത്ത രീതിയില്‍ പുറത്തു വിട്ടു കൊണ്ടിരിക്കുന്ന വിവരങ്ങളാണ്‌ പത്ര-ദൃശ്യ-വെബ്‌ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്‌. എന്നാല്‍ സലാം പാക്‌സ്‌ എന്ന വ്യക്തിയുടെ ബ്ലോഗ്‌ കുറിപ്പുകള്‍ അമേരിക്കന്‍ സേനയുടെ യഥാര്‍ത്ഥ മുഖം പുറം ലോകത്തിന്‌ കാട്ടിക്കൊടുത്തു. യഥാര്‍ത്ഥ്യങ്ങള്‍ ഓരോന്നായി ബ്ലോഗിലൂടെ പുറം ലോകത്തെത്തിക്കൊണ്ടിരിക്കുന്നു. എന്തിന്‌ വന്‍കിട മാധ്യമങ്ങള്‍ പോലും സലാം പാക്‌സിന്റെ ബ്ലോഗിനെ ആശ്രയിക്കാന്‍ തുടങ്ങി. അത്രയ്‌ക്ക്‌ ശക്തിയുണ്ട്‌, ബ്ലോഗ്‌ എന്ന നവ മാധ്യമത്തിന്‌. 2005-ല്‍ ഒരു കോടിയിലധികം ബ്ലോഗുകള്‍ നിലവിലുണ്ടെന്നാണ്‌ കണക്ക്‌. ബ്ലോഗിങ്‌ നടത്തുന്നവരെ ബ്ലോഗര്‍മാര്‍ എന്നാണ്‌ വിളിക്കുന്നത്‌. മലയാളത്തില്‍ ബൂലോകം എന്ന പേരും കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. ബ്ലോഗര്‍മാര്‍ തങ്ങള്‍ക്ക്‌ രസകരമെന്ന്‌ തോന്നുന്ന മറ്റ്‌ ബ്ലോഗര്‍മാരുടെ പേജിലേക്കുള്ള ലിങ്ക്‌ കൂടി തങ്ങളുടെ ബ്ലോഗ്‌ പേജില്‍ ഉള്‍പ്പെടുത്താറുണ്ട്‌. അതുകൊണ്ട്‌ തന്നെ ഒരു ബ്ലോഗറില്‍ നിന്നും അടുത്ത ബ്ലോഗറിലേക്കുള്ള യാത്ര സാധ്യവുമാണ്‌.

 

ബ്ലോഗ്‌ നിര്‍മ്മാണം

 

ഇ-മെയില്‍ പോലെ തന്നെ ഒട്ടേറെ വെബ്‌സൈറ്റുകള്‍ ബ്ലോഗ്‌ സേവനം നല്‌കുന്നുണ്ട്‌. കൂട്ടത്തില്‍ പ്രചുരപ്രചാരം ഉള്ള ഒരു സൈറ്റാണ്‌ blogger.com . പേഴ്‌സണല്‍ ഓണ്‍ലൈന്‍ പബ്ലിഷിങ്‌ എന്നും ബ്ലോഗിനെ പറയാം. ഒരു ബ്ലോഗര്‍ ആകുന്നതിന്‌ ആദ്യം നേടേണ്ടത്‌ ബ്ലോഗ്‌ സേവനം നല്‌കുന്ന ഏതെങ്കിലും ഒരു സൈറ്റിലെ അക്കൗണ്ടാണ്‌. നേരത്തെ സൂചിപ്പിച്ച blogger.com ഗൂഗ്‌ള്‍ നിയന്ത്രണത്തിലുള്ളതാണ്‌. Create an account എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. തുടര്‍ന്ന്‌ നിര്‍ദ്ദേശാനുസരണം ഇ-മെയില്‍ വിലാസം, ബ്ലോഗിന്‌ ഒരു പേര്‌, മറ്റ്‌ അത്യാവശ്യ വിവരങ്ങള്‍ എന്നിവ നല്‌കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. അവസാന ഘട്ടത്തില്‍ ഉചിതമായ ഒരു പശ്ചാത്തലം/ലേ ഔട്ട്‌ തിരഞ്ഞെടുക്കാം. ഇതോടെ ഘടനാപരമായി ഒരു ബ്ലോഗ്‌ തയ്യാറായി കഴിഞ്ഞു, ഇനി ആശയങ്ങള്‍ പ്രസിദ്ധീകരിക്കാനായി ടൈപ്പ്‌ ചെയ്‌താല്‍ മതിയാകും. മിക്ക സജീവമായ ബ്ലോഗുകളും ആഴ്‌ചയില്‍ ഒരിക്കലെങ്കിലും പുതുക്കപ്പെടുന്നവയാണ്‌. പുതിയ ലേഖനങ്ങള്‍/കുറിപ്പുകള്‍ ടൈപ്പ്‌ ചെയ്‌തു കഴിഞ്ഞാല്‍ publish ബട്ടണ്‍ അമര്‍ത്തി പ്രസ്‌തുതവിവരം `ബൂലോക'ത്തെത്തിക്കാം. ഇനി പബ്ലിഷ്‌ ചെയ്‌ത വിവരത്തിന്‌ ഭംഗി പോരെങ്കില്‍ എഡിറ്റ്‌ ചെയ്യുകയുമാകാം. ഇ-മെയിലില്‍ നിന്നും വിഭിന്നമായി ബ്ലോഗിന്‌ വ്യക്തിപരമായ പേര്‌ നല്‌കാറില്ല. പലപ്പോഴും പൊതുവായ പേരുകളാണ്‌ പ്രശസ്‌തമായ പല ബ്ലോഗിനും ഉള്ളത്‌. ഉദാ. എന്റെ മലയാളം. ചിലര്‍ കളിപേരുകളാണ്‌ ഉപയോഗിക്കുന്നത്‌.

 

സുനാമി ദുരന്തമുണ്ടായപ്പോള്‍ കുറച്ചു പേര്‍ ചേര്‍ന്ന്‌ പോസ്‌റ്റ്‌ ചെയ്‌ത സുനാമി ഹെല്‍പ്‌ എന്ന ബ്ലോഗ്‌ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. മറ്റൊരു മാധ്യമത്തിനും കഴിയാത്ത വിധം അപ്‌ഡേറ്റഡായ വിവരങ്ങള്‍ നല്‌കാന്‍ സുനാമി ഹെല്‍പ്‌ ബ്ലോഗിന്‌ കഴിഞ്ഞു. ഇ-മെയിലില് ‍നിന്നും വിഭിന്നമായി ഭാഷാപരമായ ഒരു പ്രത്യേകത കൂടി ബ്ലോഗിനുണ്ട്‌. പ്രാദേശിക ഭാഷയിലെ ബ്ലോഗിനാണ്‌ വായനക്കാര്‍ കൂടുതല്‍. മലയാളത്തില്‍ തന്നെ നൂറു കണക്കിന്‌ ബ്ലോഗുകള്‍ നിലവില്‍ വന്നു കഴിഞ്ഞു. പ്രശസ്‌തരും അപ്രശസ്‌തരും തങ്ങളുടെ വിചാരധാരകള്‍ പങ്കുവയ്‌ക്കുന്നു.

 

യൂണികോഡിലുള്ള ഫോണ്ടില്‍ ടൈപ്പ്‌ ചെയ്‌താല്‍ മലയാളം പോലുള്ള ഭാഷകളില്‍ ബ്ലോഗ്‌ എഴുതുകയും വായിക്കുകയും ചെയ്യാം. വരമൊഴി പോലുള്ള സോഫ്‌ട്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ഉപയോഗിച്ച്‌ മലയാളം ടൈപ്പ്‌ ചെയ്യാം.

 

(യൂണികോഡില്‍ റ്റൈപ്പ് ചെയ്യാനും നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം അക്ഷരങ്ങള്‍ കാണുവാനും ഉള്ള സഹായം ഇവിടെ ലഭിക്കും.)

 

akshaya എന്ന്‌ ടൈപ്പ്‌ ചെയ്‌താല്‍ `അക്ഷയ' എന്ന്‌ മലയാളത്തില്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇംഗ്ലീഷ്‌ അക്ഷരമാലയിലെ വലിയ ചെറിയ അക്ഷരങ്ങള്‍ക്ക്‌ വരമൊഴിയില്‍ പ്രത്യേക പ്രാധാന്യം കൊടുക്കണം. ഒരേ അക്ഷരം തന്നെ സ്‌മാള്‍/ക്യാപിറ്റല്‍ വ്യത്യാസത്തിന്‌ രണ്ടു രീതിയിലായിരിക്കും പ്രത്യക്ഷപ്പെടുക. kari എന്നെഴുതിയാല്‍ `കരി' എന്നും KaRi എന്നെഴുതിയാല്‍ `കറി' എന്നുമാകും സ്‌ക്രീനില്‍. തുടക്കത്തില്‍ ഇത്‌ ബുദ്ധിമുട്ടാകുമെങ്കിലും സാവധാനം പരിചയിച്ചുകൊള്ളും.

 

ബ്ലോഗില്‍ വായനക്കാര്‍ക്ക്‌ കുറിപ്പുകളുടെ തൊട്ടു താഴെ തന്നെ കമന്റ്‌സ്‌ രേഖപ്പെടുത്താം. സിഡ്‌നിയിലും, കൊളംബോയിലും, ചിക്കാഗോയിലും, ഷാര്‍ജയിലുമെല്ലാം ഇരുന്ന്‌ കുറിപ്പുകളെഴുതുന്നത്‌ തൊട്ടടുത്ത വീട്ടിലെ കുറിപ്പുകളെന്ന പോലെ വായിക്കാമെന്നത്‌ ബ്ലോഗിങ്‌ ഒരുക്കുന്ന വിശാലമായ ക്യാന്‍വാസിന്റെ പ്രത്യേകതയാണ്‌.

 

ഇന്ത്യന്‍ ബ്ലോഗര്‍മാര്‍ക്ക്‌ അക്രഡിറ്റേഷന്‍ നല്‌കാന്‍ സര്‍ക്കാര്‍ ‍തലത്തില്‍ നീക്കമുണ്ട്‌. മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി കഴിഞ്ഞ വര്‍ഷം (2005) നടത്തിയ പഠനത്തില്‍ പുരുഷന്മാരേക്കാളും സ്‌ത്രീകളിലാണ്‌ ബ്ലോഗിങ്‌ താത്‌പര്യം കൂടുതലെന്ന്‌ കാണുന്നു. അതുപോലെ തന്നെ 23-25 വയസ്‌ ഗ്രൂപ്പുകാരാണ്‌ പ്രായത്തില്‍ ഏറ്റവും കൂടുതല്‍ ബ്ലോഗ്‌ ഉപയോഗിക്കുന്നതും. അമേരിക്കയില്‍ ബ്ലോഗര്‍മാര്‍ക്ക്‌ മറ്റ്‌ മാധ്യമപ്രവര്‍ത്തകരുടേതിന്‌ സമാനമായ സ്വാതന്ത്ര്യമാണുള്ളത്‌. സര്‍ക്കാര്‍ വകുപ്പുകള്‍ സൂക്ഷിക്കുന്ന രേഖകള്‍ പരിശോധിക്കുവാനും വിശകലനം ചെയ്യുവാനും വരെ ബ്ലോഗര്‍മാര്‍ക്ക്‌ കഴിയുന്നു. വായനക്കാരെ ആകര്‍ഷിക്കാന്‍ സി.എന്‍.എന്‍., ഐ.ബി.എന്‍. പോലുള്ള ചാനലുകളും ന്യൂയോര്‍ക്ക്‌ ടൈംസ്‌, ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങളും ബ്ലോഗിങ്‌ പ്രയോജനപ്പെടുത്തുന്നുണ്ട്‌.

 

മലയാളത്തിലെ ബ്ലോഗ്‌ സാഹിത്യത്തിന്റെ പ്രധാന സവിശേഷത ആത്മാംശവും തമാശയും കലര്‍ന്ന കുറിപ്പുകളുടെ സജീവസാന്നിദ്ധ്യം തന്നെയാണ്‌. ബ്ലോഗെഴുത്തുകാരുടെ വിളിപ്പേരുകളില്‍ തന്നെ ഹാസ്യം രുചിക്കാനാകും. വിശാലമനസ്‌കന്‍, കുറുമാന്‍, പെരിങ്ങോടന്‍, കറിവേപ്പില, പൂച്ചപുരാണം,..... ഇങ്ങനെപോകുന്നു പേരിന്റെ നിര. ബ്ലോഗ്‌ സാഹിത്യത്തില്‍ നിന്ന്‌ മലയാള സാഹിത്യത്തിലേക്ക്‌ ഇതുവരെ രണ്ടുപുസ്‌തകങ്ങള്‍ കൂടി വന്നു എന്നു പറയുമ്പോള്‍ ബ്ലോഗ്‌ നിശബ്‌ദമായി സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന മാറ്റം വ്യക്തമാകും.

 

തൃശൂര്‍ കറന്റ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ച കൊടകരപുരാണം (http://kodakarapuranams.blogspot.com). വിശാലമനസ്‌കന്‍ എന്ന പേരില്‍ സജീവ്‌ എടത്താടന്‍ എഴുതിയ കുറിപ്പുകളുടെ സമാഹാരം ബ്ലോഗ്‌ ലോകത്ത്‌ ആയിരക്കണക്കിന്‌ വായനക്കാരെ ചിരിപ്പിച്ച ശേഷമാണ്‌ അച്ചടി രൂപത്തിലേക്ക്‌ സാധാരണ വായനക്കാരെ കൂടി ലക്ഷ്യമിട്ട്‌ എത്തിയത്‌. തൊട്ടുപിന്നാലെ കുറുമാന്‍ എഴുതിയ 'എന്റെ യൂറോപ്പ്‌ സ്വപ്‌നങ്ങളും' (http://rageshkurman.blogspot.com) വിപണിയിലെത്തി.

 

ശാസ്‌ത്ര-സാങ്കേതിക വിഷയങ്ങള്‍ ആഴത്തിലും പരപ്പിലും കുറിഞ്ഞിഓണ്‍ലൈന്‍ (http://www.kurinjionline.blogspot.com/) എന്ന സയന്‍സ്‌ ബ്ലോഗില്‍ പത്രപ്രവര്‍ത്തകനായ ജോസഫ്‌ ആന്റണി എഴുതുന്നു.

 

എം.കൃഷ്‌ണന്‍നായരുടെ സാഹിത്യവാരഫലത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയില്‍ ഒരു ബ്ലോഗ്‌ വാരഫലവും സൈബര്‍ മലയാളത്തിലുണ്ട്‌. മലയാളത്തിലുള്ള ബ്ലോഗുകളെ നിരൂപണം ചെയ്യുന്ന ഒരു പംക്തിയാണിത്‌. വ്യക്തിവിമര്‍ശനമില്ലാതെ, മലയാളത്തിന്റെ നന്മയ്‌ക്ക്‌ വേണ്ടിയുള്ള സംവാദമാണ്‌ ഇതിന്റെ ലക്ഷ്യം. ബ്ലോഗുവാരഫലക്കാരന്‍ നയം വ്യക്തമാക്കുന്നു. അക്ഷരതെറ്റ്‌, അച്ചടിത്തെറ്റ്‌, ഉപകരണതെറ്റ്‌ (ടൈപ്പിംഗ്‌ സോഫ്‌ട്‌വെയറിലെ/ഫോണ്ടിലെ അപാകതകൊണ്ട്‌ സംഭവിക്കുന്നത്‌) ഒക്കെ വിശദമായ പരിശോധനയ്‌ക്ക്‌ ബ്ലോഗ്‌ വാരഫലത്തില്‍ വിധേയമാകുന്നു. http://blogvaraphalam.blogspot.com/

 

കാര്‍ഷിക കേരളത്തിന്റെ പ്രശ്‌നങ്ങള്‍ ബ്ലോഗിലെഴുതി ഭരണകൂടത്തില്‍ ചെറു ചലനങ്ങളുണ്ടാക്കാന്‍ വിമുക്തഭടനും കര്‍ഷകനുമായ ചന്ദ്രശേഖരന്‍നായര്‍ എന്ന ബ്ലോഗര്‍ക്കായിട്ടുണ്ട്‌. കേരള ഫാര്‍മര്‍ എന്ന പേരിലാണ്‌ കാര്‍ഷിക വിവരങ്ങള്‍ ഇദ്ദേഹം ബൂലോകര്‍ക്കായി പങ്കുവയ്‌ക്കുന്നത്‌. http://chandrasekharannair.wordpress.com , http://agrinews.wordpress.com/

 

ലോകത്തിന്റെ പലഭാഗത്തു നിന്നുള്ള 126 അംഗങ്ങളുള്ള ഒരു കൂട്ടായ്‌മയാണ്‌ അക്ഷരശ്ലോക ബ്ലോഗ്‌. മലയാളത്തിലേയും സംസ്‌കൃതത്തിലേയും 2500 ലേറെ അക്ഷരശ്ലോകങ്ങള്‍ സമാഹരിച്ചിരിക്കുന്നു. http://www.aksharaslokam.blogspot.com/

 

രാഷ്‌ട്രീയം, സാമൂഹികം, ശാസ്‌ത്ര-സാങ്കേതികം, കായികം, പാചകം, സിനിമ, സംഗീതം, മലയാളം ബ്ലോഗിംഗുമായി ബന്ധപ്പെട്ട ബ്ലോഗുകള്‍ എന്നിങ്ങനെ വിപുലമായ വിഷയങ്ങള്‍ മലയാളം ബ്ലോഗിലുണ്ട്‌.

 

കംപ്യൂട്ടറിന്‌ അഭിമുഖമായിരുന്ന്‌ സാഹിത്യ രചന നടത്തുന്നതില്‍ നിന്നിറങ്ങി വന്ന്‌ പലപ്പോഴും കൂട്ടായ്‌മയുടെ നേട്ടവും ഇവര്‍ അനുഭവിക്കുന്നുണ്ട്‌. സിംഗപ്പൂര്‍, യു.എ.ഇ,. ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ,ഹൈദരാബാദ്‌, കൊച്ചി എന്നിവിടങ്ങളില്‍ ബ്ലോഗേഴ്‌സ്‌ മീറ്റ്‌ വരെ മലയാളികള്‍ സംഘടിപ്പിച്ചുകഴിഞ്ഞു. ദിനേന ചാറ്റിലൂടെയും ബ്ലോഗ്‌ കമന്റിലൂടെയും അടുത്ത്‌ പരിചയമുള്ളവരുടെ നേരിട്ടുള്ള കാണലിന്‌ ഇത്തരം മീറ്റുകള്‍ വേദിയൊരുക്കുന്നുണ്ട്‌. http://uaemeet.blogspot.com/

 
വി.കെ.ആദര്‍ശിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

   

ബൂലോഗം പ്രധാന താളിലേക്ക്

 

 

 

e പത്രം ബ്ലോഗ് അഗ്രിഗേറ്റര്‍ - ePathram Malayalam Blog Aggregator‍

 

 

 

Malayalam Blog Aggregator | Selected Blog Posts | Promote Malayalam Computing

 

TopClick here to download Malayalam fonts
Click here to download Malayalam fonts
ePathram Jobs


ePathram Magazine
ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
ePathram Pachaസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്