11 September 2008

‘ഓണം’ പ്രകൃതിയുടെ ആഘോഷം

(ഓണത്തെ പ്രകൃതിയുമായി ബന്ധപ്പെടുത്തി ഒരു വിചിന്തനം)




“ഉത്സവം ഒരു നേരമ്പോക്കോ വിനോദോപാധിയോ അല്ല. പകരം, അത് ഒരു പുനര്‍ നിര്‍മാണമാണ്” - ഒക്ടോവിയോ പാസ്









സമൃദ്ധിയുടെ നാളുകള്‍ ഓര്‍മിപ്പിച്ചു കൊണ്ട് ഒരു ഓണക്കാലം കൂടി കടന്നു പോയി. മലയാളികളുടെ ഹൃദയത്തോടു ചേര്‍ന്നു കിടക്കുന്ന ഈ ഉത്സവ നാളുകള്‍ പ്രകൃതിയോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നു. ഓരോ രാജ്യത്തേയും, ഓരോ പ്രദേശങ്ങളെയും, അവിടെയുള്ള വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും കോര്‍ത്തി ണക്കിയാണ് വിവിധ രീതിയിലുള്ള ഉത്സവങ്ങള്‍ ആഘോഷിക്കുന്നത്. അത്തരത്തില്‍ കേരളീയന്റെ ജീവിതത്തില്‍ ഏറെ ഉന്‍മേഷമേകുന്ന ഒരു ആഘോഷമാണ് ഓണം. കര്‍ക്കടക മാസത്തിലെ ഇരുണ്ട അന്തരീക്ഷത്തില്‍ നിന്ന് ചിങ്ങത്തിലേക്കുള്ള കാല്‍വെപ്പ്. മാനസിക - സാമ്പത്തികാ ന്തരീക്ഷത്തില്‍ വരുന്ന മാറ്റവും പ്രകൃതിയിലെ വസന്തവും സമൃദ്ധിയും ചേര്‍ന്നതാണ് ഓണക്കാലം. കാലാവസ്ഥയും സാമ്പത്തിക നിലയും പാരസ്പര്യ പ്പെടുന്നതാണ് ഈ നാളുകളുടെ പ്രസക്തിയെന്ന് പണ്ടു മുതലേ വിശ്വസിച്ചു പോരുന്നു. പ്രകൃതിയോ ടിണങ്ങി ആഘോഷിക്കുന്ന ഒരു ഉത്സവം കൂടിയാണിത്. ഓണത്തിന്റെ പ്രധാന ഇനങ്ങളി ലൊന്നായ പൂക്കളം അതിന് മികച്ച ഉദാഹരണമാണ്. പ്രകൃതിയേയും ഭൂമിയേയും അടുത്തറിയാന്‍ സാധിക്കുന്ന വളരെ വിശാലമായ ഒരു അര്‍ത്ഥ തലമാണ് പൂക്കളത്തിനുള്ളത്. മുറ്റത്ത് പൂക്കളമിടുക എന്നത് കുട്ടികളുടെ അവകാശമാണ്. അതിനായി അവര്‍ പൂക്കള്‍ തേടിയലയുന്നു. കുട്ടികള്‍ക്ക് പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും ഇതിലൂടെ കഴിയുന്നു. അവരെ ഒട്ടും നിര്‍ബന്ധിക്കാതെ തന്നെ, ഒരു പാഠ്യ വിഷയമാക്കാതെ തന്നെ ഇത് സാധിക്കുന്നത് ചെറിയ കാര്യമല്ല. ഓണത്തിന് അത്ത ക്കളമിടാന്‍ ഉപയോഗിക്കുന്ന കുഞ്ഞു പൂക്കള്‍ മിക്കവയും നല്ല ഔഷധ ഗുണമുള്ളതാണ്. വളരെ ചെറിയ പൂക്കളായ തുമ്പയും മുക്കുറ്റിയും തേടി പറമ്പില ലയുമ്പോള്‍ അവരില്‍ മികച്ച ക്ഷമാ ശീലമാണ് ഉണ്ടാകുന്നത്.




അത്തം തൊട്ട് പത്തു ദിവസങ്ങ ളിലായാണ് മുറ്റത്ത് പൂക്കളമിടാറ്, പരിശുദ്ധിയും എളിമയും ചൂണ്ടി ക്കാണിക്കു ന്നതിനാണ് തുമ്പ പൂവിന് ഓണ ക്കാലത്ത് ഏറെ പ്രാധാന്യം നല്‍കുന്നത്. പൂക്കളം മിക്കവാറും ജ്യോമിട്രി രൂപങ്ങളിലാണ് സാധാരണ ഇടാറ്. തുമ്പപൂ, മുക്കുറ്റി, കൊങ്ങിണിപൂ, കാക്കപ്പൂവ്, അപ്പപ്പൂവ് എന്നിങ്ങനെ പൂക്കളത്തിന് സാധാരണ ഉപയോഗിക്കുന്ന പൂവുകള്‍ ഓണ ക്കാലത്ത് സമൃദ്ധമായി ഉണ്ടാകുന്നു. എന്നാല്‍, കാലാന്തരത്തില്‍ വന്ന മാ‍റ്റം ഓണത്തെയും നന്നായി ബാധിച്ചിട്ടുണ്ട്. ഇന്നത്തെ ആസൂത്രിത ഉദ്യാന നിര്‍മാണ രീതിക്കകത്ത് കേരളത്തില്‍ തനതായി കണ്ടു വരുന്ന പൂവുകള്‍ പലതും നമുക്കന്യമായി ക്കഴിഞ്ഞു. വളരെ വേഗതയേറിയ നമ്മുടെ ജീവിത സാഹചര്യങ്ങളാണ് അതിന് കാരണം. പണ്ട് ഇങ്ങനെ ആയിരുന്നില്ല എന്ന തോന്നല്‍ വര്‍ത്തമാന കാലത്തെ ഓര്‍മപ്പെടു ത്തുന്നുവെങ്കിലും പ്രായോഗിക ജീവിതത്തില്‍ നാം ഇവയെല്ലാം പാടെ മറന്നു കളയുന്നു. പ്രകൃതി നമുക്കു നല്‍കിയ സൌഭാഗ്യങ്ങളെ പല പേരില്‍ നാം ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. പഴയ കാല സമൃദ്ധിയെ ഓണ നാളുകളിലൂടെ ഓര്‍ത്തെടു ക്കുമ്പോള്‍ നഷ്ടപ്പെട്ട പ്രകൃതിയെ വീണ്ടെടുക്കാന്‍ ഒരു ശ്രമം കൂടിയുണ്ടാകുന്നത് ഭാവി തലമുറക്ക് നാം നല്‍കുന്ന ഏറ്റവും നല്ല ഓണ സമ്മാനമായിരിക്കും. പ്ലാസ്റ്റിക്ക് വാഴയിലയില്‍ സദ്യയുണ്ണുന്ന ഇക്കാലത്ത് തമിഴ് നാടും കര്‍ണാടകയും കനിയുന്നതു കൊണ്ടാണ് നമുക്ക് പൂക്കളമൊരുക്കാനും, സദ്യയൊരുക്കാനും കഴിയുന്നതെന്ന് നാം ഓര്‍ക്കുന്നത് നന്നായിരിക്കും. എല്ലാം റെഡിമേഡായി വാങ്ങിച്ചു കൊണ്ട് സമൃദ്ധിയുടെ നാളുകളെ ഓര്‍ത്തെടുക്കാനാണ് നാമിന്ന് ശ്രമിക്കുന്നത്. പ്രശസ്ത കലാ നിരൂപകന്‍ വിജയ കുമാര്‍ മേനോന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു: “അനുപചാരികതയിലൂടെ ‘അത് പഠിക്കുന്നു’ എന്നറിയാതെ അതാര്‍ജിക്കുക എന്നതാണ് മിത്തുകളിലൂടെ ഒരുക്കുന്ന ഫോക് വിദ്യാഭ്യാസം. നിത്യ ജീവിതവും വിനോദവും ഭാവനയും കൂട്ടായ്മയും സാമ്പത്തിക ബോധവും എല്ലാമടങ്ങുന്ന ചില ആചാരങ്ങളിലൂടെ നൈതിക ബോധമുണ്ടാക്കുന്ന പ്രവണത ഓരോ ജനതക്കും ഉണ്ട്. ഇവയെല്ലാം ജന കലയുമാണ്. പൂക്കളവും ഊഞ്ഞാലാട്ടവും തുമ്പി തുള്ളലും ഓണത്തല്ലു മുതല്‍ വള്ളം കളി വരെയുള്ളതെല്ലാം അതിന്റെ ഭാഗമാണ് ”. എന്നാല്‍ പൂക്കളമിടാന്‍ ഇന്നെവിടെ പൂക്കള്‍? പൂക്കളത്തിന്റെ എല്ലാ ഘടകങ്ങള്‍ക്കും ഇന്ന് മാറ്റം വന്നിട്ടുണ്ട്. തമിഴ് നാട്ടില്‍ നിന്നെത്തുന്ന പൂക്കളും, പ്ലാസ്റ്റിക് പൂക്കളും, കളര്‍ ചേര്‍ത്ത ഉപ്പും മറ്റുമാണ് പലരും പൂക്കളമാക്കുന്നത്.




ഓണം കേരളീയന്റെ ദേശീയ ഉത്സവമായി കൊണ്ടാടുമ്പോഴും അങ്ങേയറ്റം വാണിജ്യ വത്കരിക്കപ്പെട്ടു എന്നതാണ് ഏറെ ദു:ഖകരം. അതിനാല്‍, ‘മത്ത പൂത്താല്‍ ഓണം വന്നു’ എന്ന ചൊല്ല് വരും തലമുറക്ക് അറിയണമെന്നില്ല. മത്തപ്പൂവ് മാത്രമല്ല, വലിയ മത്തങ്ങ തന്നെ കാണാന്‍ കിട്ടാത്ത കാലം. മുറിച്ചു വെച്ച മത്തങ്ങ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണല്ലോ.




ഓണം എന്ന ആഘോഷം ഓര്‍മപ്പെടുത്തുന്നത് പ്രകൃതിയിലേക്ക് മടങ്ങുക എന്നതാണ്. എന്നാല്‍ ഒരു സത്യം നാം മറക്കുന്നു പ്രകൃതി തന്ന സൌഭാഗ്യങ്ങളെ നാം ഒരോന്നായി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ഇന്ന് ഊഞ്ഞാലാട്ടവും, കണ്ണനാമുണ്ണി കളിയും, കമ്പിത്താലം ഇങ്ങനെ ഓണത്തോട് ബന്ധപ്പെട്ട പലതും നമുക്കന്യമായി കഴിഞ്ഞു. പകരം റെഡിമെയ്ഡ് ഓണമാണ് നാമിന്ന് ആഘോഷിക്കുന്നത്. പ്രകൃതിയോ ടിണങ്ങാന്‍ പറയുന്ന ഇത്തരം ആഘോഷങ്ങളുടെ വിശുദ്ധി മനസ്സിലാ ക്കാതെയുള്ള ആഘോഷം പലപ്പോഴും വാണിജ്യ താല്പര്യത്തെ മാത്രമാണ് പ്രോത്സാഹി പ്പിക്കുന്നത്. കാലാന്തരത്തില്‍ വന്ന മാറ്റം ഓണത്തെ എത്ര കണ്ട് മാറ്റി മറിച്ചിരിക്കുന്നു വെന്നും ഇതിനിടയില്‍ നമുക്കെന്തെല്ലാം നഷ്ടപ്പെട്ടുവെന്നും ഓര്‍ത്തെടുക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഉപരിക്കട്ടെ.




ഏവര്‍ക്കും പച്ചയുടെ ഓണാശംസകള്‍ നേരുന്നു!




- ഫൈസല്‍ ബാവ

1 അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

Thanks,
Very good thinking...

March 28, 2010  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫൈസല്‍ ബാവ
eMail: faisal@epathram.com

Untitled Document ePathram Pacha


ഗ്രീന്‍പീസിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്നത്


© e പത്രം 2009

Powered by Blogger