

അബുദാബി : പൗരന്മാർക്ക് സമഗ്ര ആരോഗ്യ പരിരക്ഷ സംവിധാനം ഒരുക്കും എന്നുള്ള പ്രഖ്യാപനവുമായി യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
പുതിയ ഏകീകൃത ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതി പ്രകാരം എല്ലാ എമിറേറ്റുകളിലെയും യു. എ. ഇ. പൗരന്മാർക്ക് സമഗ്രമായ ആരോഗ്യ പരിചരണവും പരിരക്ഷയും മികച്ച ചികിത്സാ സൗകര്യങ്ങളും ഉയർന്ന നിലവാരം ഉള്ള സേവനങ്ങളും ഉറപ്പാക്കും.
യു. എ. ഇ. യിലെ ഹെൽത്ത് കെയർ സിസ്റ്റം ആഗോള തലത്തിൽ ഉയർന്ന നിലവാരത്തിനും കാര്യ ക്ഷമതക്കും ഏറെ പ്രശസ്തമാണ് എങ്കിലും പുതിയ ഹെൽത്ത് ഇൻഷ്വറൻസ് സംവിധാനം കൂടുതൽ കാര്യക്ഷമത വർദ്ധിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഉയർന്ന അന്തർ ദേശീയ മാന ദണ്ഡങ്ങൾക്ക് അനുസൃതമായുള്ള സേവനവും ഇതിലൂടെ ലഭ്യമാക്കും.
പ്രതിരോധ പരിചരണം ശക്തിപ്പെടുത്താനും സുസ്ഥിര ദേശീയ ആരോഗ്യ സംരക്ഷണ മാതൃകയിലേക്കുള്ള പരിവർത്തനവും ഇത് ലക്‌ഷ്യം വെക്കുന്നു.
യു. എ. ഇ. പൗരന്മാരുടെ ആരോഗ്യത്തിനും മികച്ച ജീവിത സാഹചര്യങ്ങൾക്കും ഭരണ കൂടം നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഈ പദ്ധതി. W A M


