25 September 2008

എങ്കി ഇനി കങ്കാരുവിനെ തിന്ന് തുടങ്ങാം

നെല്‍പ്പാടങ്ങളില്‍ മഴക്കാലത്ത് കണ്ടുവരുന്ന ശംഖ്-കക്ക കുടുംബക്കാരനാണ് ഞവുഞ്ഞ്. അതിനെ മാത്രം തിന്ന് ജീവിക്കുന്ന ഒരു പക്ഷിയുണ്ടത്രെ. ത്രെ എന്നല്ല, ഉണ്ട്. ഞവുഞ്ഞോടനെന്നാണ് ടിയാന്റെ പേര്. കണ്ടിട്ടുണ്ടെന്നല്ല തിന്നിട്ടുണ്ടെന്നു പറയണം. എയര്‍ഫോഴ്സില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ അമ്മാവന്റെ Twelve Bore എന്ന് വിളിച്ചിരുന്ന തോക്കിന് ഇരയായതാണൊരിക്കല്‍. അത് വംശനാശഭീഷണി നേരിടുന്ന പക്ഷിയാണോ എന്നൊന്നും അന്നും ഇന്നും അറിയില്ല. ഒരു കാര്യം അറിയാം - ശിക്ഷ ലഭിക്കാതിരിക്കാനുള്ള ലൂപ്പ് ഹോളല്ല അറിവില്ലായ്മ.




ഞങ്ങള്‍ പച്ചക്കായയും കുരുമുളകും ധാരാളം വീരസ്യവും ചേര്‍ത്ത് കൂട്ടാന്‍ വെച്ച് കഴിച്ചത് ഈ ഭൂമുഖത്തെ അവസാനത്തെ ഞവുഞ്ഞോടന്‍ ഫാമിലിയിലെ ഭാര്യയോ ഭര്‍ത്താവോ ആയിരുന്നെങ്കിലോ? അയ്യോ, പിന്നീടെപ്പോളോ ചങ്കില്‍ത്തറഞ്ഞ ആ എല്ലുങ്കഷ്ണം ഒരിക്കലും എടുക്കാന്‍ കിട്ടിയിട്ടില്ല.




കണ്ടാണശ്ശേരി മുതല്‍ കാണിപ്പയ്യൂര്‍ വരെ നീണ്ടുപരന്നു കിടക്കുന്ന പാടത്ത് കൊക്കുകളെ വെടിവെയ്ക്കാന്‍ പോയതായിരുന്നു അമ്മാവന്‍. കൂനമ്മൂച്ചിക്കുള്ള നെടുവരമ്പിന്റെ വഴിയ്ക്കുള്ള പൊര്വാര എന്ന് വിളിച്ചിരുന്ന ഭാഗത്ത് കണ്ടതോ ഒരു ഞവുഞ്ഞോടനെ. കണ്ടാല്‍ കൊക്കിനേക്കാള്‍ വലിപ്പത്തില്‍, കൊക്കിനേയും പരുന്തിനെയും എര്‍ളാടനെയും ഓര്‍മിപ്പിക്കുന്ന കടുംബ്രൌണ്‍ തൂവല്‍ക്കാരന്‍. ഞവുഞ്ഞിനെ മാത്രം തിന്ന് ജീവിക്കുന്ന എലീറ്റ് ക്ലാസല്ലെ, ഇതുവരെ തിന്നിട്ടുള്ളതിലും വെച്ച് ഏറ്റവും സ്വാദ് അതിന്റെ ഇറച്ചിയ്ക്കു തന്നെയായിരുന്നു എന്ന് പറയാതെങ്ങനെ?




അക്കാലത്തെ ക്രൂരമായ സ്വാദുകളില്‍ പിന്നെ ഓര്‍മയുള്ളത് കഴുകന്റെ അളിയന്‍ കൂറ്റന്‍ എന്ന പക്ഷിയുടേതാണ്. മേലേപ്പുരയുടെ പടിഞ്ഞാപ്രത്തുള്ള പ്ലാവിന്റെ കൊമ്പില്‍ ഉച്ചത്തെ ആ ആലസ്യത്തില്‍ വന്നിരുന്നതായിരുന്നു പാവം. ഠേ!




ഉശിരന്‍ മലയാള ഗദ്യം എന്നൊക്കെ എഴുന്നള്ളിച്ച് സക്കറിയയുടെ ലോബിയിംഗില്‍ പുന:പ്രസിദ്ധീകരിക്കപ്പെട്ട എം. പി. ശിവദാസമേനോന്റെ [1890-1962] മലബാറിലെ ശിക്കാര്‍ എന്ന പുസ്തകം ഉത്പ്പാദിപ്പിക്കുന്ന പ്രകൃതിവിരുദ്ധ രാഷ്ട്രീയത്തെ കലാകൌമുദിയില്‍ ഡോ. പി. കെ. രാജശേഖരന്‍ എന്ന ഉശിരന്‍ നിരൂപകന്‍ കശക്കിയത് വായിച്ച് സക്കറിയയോട് രോഷം തോന്നി. കണ്ണില്‍ അല്ല വയറ്റില്‍ത്തന്നെ കോല്‍ അല്ല എല്ലുങ്കഷ്ണം കിടക്കെ അന്യന്റെ കണ്ണിലെ കരട് നോക്കാന്‍ എന്തെളുപ്പം.




അതല്ല wit - ശിവദാസമേനോന്റെ ഉശിരന്‍ ഗദ്യം എന്നൊക്കെപ്പറഞ്ഞ് കൊട്ടിഘോഷിച്ചത് പഴയ സിനിമാനിരൂപകന്‍ കോഴിക്കോടന്‍ എഴുതിയ ഗദ്യമായിരുന്നു. സക്കറിയയ്ക്ക് ഇക്കാര്യം ഇപ്പോളും അറിയുമോ ആവോ? മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ഇംഗ്ലീഷ് ഓണേഴ്സ് ബിരുദം നേടി 1922 മുതല്‍ 27 വര്‍ഷക്കാലം കോഴിക്കോട്ടെ സാമൂതിരി കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ശിവദാസമേനോന്‍ അക്കാലത്ത് ഇംഗ്ലീഷിലെഴുതിയ ശിക്കാര്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചത് ഇല്ലസ്ട്രേറ്റഡ് വീക്കിലിയില്‍. അത് കോഴിക്കോടന്‍ എന്ന അപ്പുക്കുട്ടന്‍ നായര്‍ പരിഭാഷപ്പെടുത്തിയതാണ് നാമിന്ന് കൊട്ടിഘോഷിക്കുന്ന മലബാറിലെ ശിക്കാര്‍.




മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന മാത്തുക്കുട്ടി ജെ. ഇട്ടന്റെ വാളയാറിലെ മോഴ, ശിക്കാരി കുട്ടിയമ്മയുടെ നായാട്ടു കഥകള്‍ തുടങ്ങിയവയാണ് മലബാറിലെ ശിക്കാറിന്റെ പിന്‍.ഗാമികള്‍. കാടെല്ലാം നാടായപ്പോള്‍ ശിക്കാരി ശംഭുവിന്റെ തമാശകളില്‍ അതൊടുങ്ങി. ഒടുവിലിതാ 'വനസമ്പത്ത് സംരക്ഷിക്കൂ' എന്നാവശ്യപ്പെടുന്ന പരസ്യത്തില്‍ കേരളത്തിലെ വനം വകുപ്പ് ശിക്കാരി ശംഭുവിനെ മോഡലാക്കിയിരിക്കുന്നു. ക്രിയേറ്റിവിറ്റി ഒരു വെടിയുണ്ടയാണെന്ന് ഈ പരസ്യം തെളിയിക്കുന്നു.




പറയാന്‍ വന്നത് അതല്ല. ഞവുഞ്ഞോടന്‍, കഴുകന്റളിയന്‍ കൂറ്റന്‍... പുത്തന്‍ രുചികളെ പേടിയില്ലെന്ന് വരുത്താന്‍ ശ്രമിച്ചതാണ്. അതിന്റെ തുടര്‍ച്ചയായാണ് ദുബായില്‍ പൊറുത്തു തുടങ്ങിയ കാലത്തൊരിക്കല്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ട ക്യാമല്‍ മില്‍ക്ക് വാങ്ങിച്ച് രുചിച്ചു നോക്കിയത്. സത്യം പറഞ്ഞാല്‍ ഒട്ടകപ്പാലിന് പശൂമ്പാലുമായി സ്വാദില്‍ വലിയ വ്യത്യാസമൊന്നുമില്ലായിരുന്നു. ഗുണദോഷങ്ങളിലെ വ്യത്യാസം അറിയാന്‍ ശ്രമിച്ചുമില്ല.




മുഖച്ഛായയില്‍ മനുഷ്യനോട് ഏറ്റവുമടുത്തു നില്‍ക്കുന്ന മൃഗം ഒട്ടകമാണെന്ന് തോന്നിയിട്ടുണ്ട്. കണ്ണാടിയിലടക്കം പലപ്പോഴായി ഒരുപാട് ഇരുകാലി ഒട്ടകങ്ങളുടെ മുഖങ്ങളില്‍ കണ്ടിട്ടുള്ള ദൈന്യത അതേപടി സ്ഥിരമായി കണ്ടിട്ടുള്ളത് ഒട്ടകമുഖങ്ങളില്‍. അതുകൊണ്ട് ഒട്ടകത്തിന്റെ മാംസം രുചിച്ചു നോക്കാന്‍ ധൈര്യം കിട്ടിയില്ല.




അങ്ങനെ പോകുമ്പോള്‍ അതാ കിടക്കുന്നു പത്രദ്വാരത്തില്‍ ഒരു വാര്‍ത്ത: ഭൂമിയെ രക്ഷിക്കൂ, കങ്കാരുഎറച്ചി തിന്നൂ!




സംഗതി സീരിയസ്സാണ്. ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തമാണ്. അല്ലെങ്കിലും അവര്‍ക്കെല്ലാം സീരിയസ്സാണല്ലൊ. പാല് നല്ലതാണെന്ന് അവര് ഗവേഷിച്ച് കണ്ടുപിടിച്ചത് കേട്ട് നമ്മുടെ കുര്യന്‍ ഗുജറാത്തിലെ ദരിദ്രനാരായണന്മാരെ ഉദ്ബോധിപ്പിച്ച് ഇന്ത്യയില്‍ ധവളവിപ്ലവം ഉണ്ടാക്കി, അമുല്‍ കുര്യനായി. അപ്പോള്‍ ദേ സായിപ്പു പറയുന്നു പാല് തടിയ്ക്ക് കേടാണെന്ന്. ഇവര്‍ക്കിദെന്തിന്റെ കേടാണ്? കാര്യം നമ്മുടെ ഡോഡാഡേയുടെ ഒരു സ്റ്റാറ്റസ് മെസേജില്‍ കണ്ടപോലാ - തിയറിയുടെ ശക്തമായ പിന്തുണയില്ലെങ്കില്‍ അനുഭവത്തില്‍ വിശ്വസിക്കരുത്.




ബീഫ് ബര്‍ഗറ് തിന്നണത് അവസാനിപ്പിച്ച് കങ്കാരു ബര്‍ഗറ് തിന്നാനാണ് പുതിയ ഗവേഷണഫലങ്ങള്‍ ആഹ്വാനം ചെയ്യുന്നത്. കാരണം ഭൂമിയുടെ ഓസോണ്‍പാളി നേരിടുന്ന ഏറ്റവും വലിയ ഭീഷണി പശു, പോത്ത്, എരുമ വര്‍ഗങ്ങളില്‍ നിന്നാണത്രെ. അവറ്റ കീഴ്ശ്വാസമായും ഏമ്പക്കമായും പുറത്തുവിടുന്ന മീതേയ്ന്‍ ആണ് ഓസോണ്‍ പാളിയെ പൊളിച്ചുകളയുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ കൂട്ടത്തിലെ മുഖ്യവില്ലന്‍. അതേസമയം കങ്കാരുക്കളുടെ ദഹനേന്ദ്രിയം പശുവര്‍ഗത്തിന്റേതില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ അവറ്റിങ്ങള്‍ക്ക് ഗ്യാസ് ട്രബ്ള്‍ ഇല്ല.




അന്തരീക്ഷത്തിന് കാര്‍ബണ്‍ ഡയോക്സൈഡിനേക്കാള്‍ 20 മടങ്ങ് ഭീഷണിയാണ് മീതേയ്ന്‍ എന്നാണ് കണ്ടുപിടുത്തം. അതായത് ബീഫ് തീറ്റ കൂടിയാല്‍ കാള, പോത്ത് വര്‍ഗങ്ങളുടെ ഡിമാന്‍ഡ് കൂടുന്നതോടൊപ്പം ഭൂമിയില്‍ വളരുന്ന അവയുടെ എണ്ണവും അതുവഴി അവ മൂലമുള്ള ഗ്യാസ് ട്രബ് ള്‍ ഭീഷണിയും കൂടും.




കങ്കാരു മാംസത്തിനെ ആകര്‍ഷകമാക്കുന്ന ഒരു സംഗതി കൂടിയുണ്ട് - അതില്‍ ഫാറ്റിന്റെ അളവ് താരതമ്യേന കുറവാണ്, പ്രൊട്ടീന്‍ കണ്ടെന്റോ കൂടുതലും.




ഓസ്ട്രേലിയയാണല്ലൊ കങ്കാരുവിന്റെ തറവാട്. ഓസ്ട്രേലിയയിലെ സ്ഥിതിയെങ്ങനെ? അവിടെ ജീവിക്കുന്ന മലയാളികളും കങ്കാരു എറച്ചി വാങ്ങി വറുത്തരച്ച് കറി വെയ്ക്കുന്നുണ്ടോ? തേങ്ങാക്കൊത്തുകളിട്ട് ഗാര്‍നിഷ് ചെയ്യുന്നുണ്ടോ? കങ്കാരു ബര്‍ഗര്‍ സുലഭമാണോ?




സഞ്ചിയില്‍ എപ്പോളും മകനെ/മകളെ കൊണ്ടുനടക്കുന്നതുകൊണ്ട് മറ്റ് ജന്തുക്കളുടേതിനേക്കാള്‍ കങ്കാരുവിന്റെ മാതൃഭാവമാണ് ഏറ്റവും ഹൃദയസ്പര്‍ശിയായിട്ടുള്ളത്. ഇറച്ചിക്കുവേണ്ടി കങ്കാരുക്കളെ കൂട്ടമായി വളര്‍ത്തുമെന്നോ? അറവിന് നേരമാകുമ്പോള്‍ മകനെ/മകളെ നിലത്തിറക്കി നിര്‍ത്തിയിട്ട് അമ്മയെ അറക്കാന്‍ കൊണ്ടുപോകുമെന്നോ? ലാമ്പ് റോസ്റ്റ് എന്നെല്ലാം പറയുമ്പോലെ ജോയ് റോസ്റ്റും ഡെലിഷ്യസ് ആണെന്നോ?




മൂന്നു വട്ടം ഭാഗവതം വായിച്ചപ്പോളും കണ്ണില്‍ത്തടഞ്ഞ ഒരു ശ്ലോകം ഉദ്ധരിച്ച് നിര്‍ത്തിയേക്കാം:




അഹസ്താനി സഹസ്താനാം
അപദാനി ചതുഷ്പദാം
ഫല്‍ഗൂനി തത്ര മഹതാം
ജീവോ ജീവസ്യ ജീവനം




കയ്യുള്ളത് കയ്യില്ലാത്തതിനെ ഭക്ഷിക്കുന്നു, നാലു കാലുള്ളത് കാലില്ലാത്തതിനെ ഭക്ഷിക്കുന്നു, ബലമുള്ളത് ബലമില്ലാത്തതിനെ ഭക്ഷിക്കുന്നു. ജീവന്‍ ജീവനെ ഭക്ഷിച്ചു ജീവിക്കുന്നു.




[ജീവിതമേ, നീയെത്രെ ക്രൂരന്‍]

Labels: , , , ,

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 September 2008

പ്ലാസ്റ്റിക്കിനെക്കൊണ്ട് ക്ഷ എഴുതിപ്പിക്കാന്‍


രാവിലെ 'ഗള്‍ഫ് ന്യൂസ്' എന്ന ഇംഗ്ലീഷ് പത്രം വരും. നാട്ടിലെപ്പോലെ ഒരു 'സെറ്റ്' പത്രമല്ല ഇവിടെ, പകരം പല സെറ്റുകളാണ്. എന്നു പറഞ്ഞാല്‍ സാധാപത്രങ്ങളുടെ വലിപ്പത്തിലുള്ള ഒരു മെയിന്‍ സെക്ഷന്‍, അതേ വലിപ്പത്തില്‍ത്തന്നെ ഒരു ബിസിനന്‍സ് സെക്ഷന്‍, അതേ വലിപ്പത്തില്‍ത്തന്നെ ഒരു സ്പോര്‍ട്സ് സെക്ഷന്‍, പിന്നെ ടാബ്ലോയ്ഡ് വലിപ്പത്തില്‍ ടാബ്ലോയ്ഡ് എന്ന പേരില്‍ത്തന്നെ കൊച്ചുവര്‍ത്തമാനങ്ങളുള്ള ഒരു സെറ്റ്, അതിനു പുറമേ ടാബ്ലോയ്ഡ് വലിപ്പത്തില്‍ മൂന്ന് സെറ്റ് ഫ്രീഹോള്‍ഡ് പ്രോപ്പര്‍ട്ടികള്‍, രണ്ട് സെറ്റ് പ്രോപ്പര്‍ട്ടികള്‍, രണ്ട് സെറ്റ് ക്ലാസിഫൈഡുകള്‍ - ഇത്രയും ചേര്‍ന്നതാണ് ഒരു സാധാരണ ദിവസത്തെ പത്രം.

പത്രം വീഴുന്ന ഒച്ച കേട്ടാല്‍ ചെന്ന് വാതില്‍ തുറന്ന് വാതില്‍ക്കല്‍ നിന്നുകൊണ്ടുതന്നെ അവസാനം പറഞ്ഞ 3 + 3 + 2 സെറ്റുകള്‍ പുറത്തുകളയും. തുറക്കുകപോലും ചെയ്യാതെ ഏതാണ്ട് അരക്കിലോയിലധികം ന്യൂസ്പ്രിന്റ് അങ്ങനെ ഞാനായിട്ട് വേസ്റ്റാക്കും. പരി‍സ്ഥിതിപീഡനത്തിന് എന്റെ പേര്‍ക്ക് ചിത്രഗുപ്തന്റെ എക്സെല്‍ ഷീറ്റില്‍ ചേര്‍ക്കപ്പെടുന്ന ഡെയിലി ക്വോട്ട. അച്ചടിമഷി, അധ്വാനം, ലോജിസ്റ്റിക്സ് തുടങ്ങിയ പാഴാക്കലുകള്‍ വേറെ. 'ഇ'ക്കാലത്തും ഇതിങ്ങനെ തുടരുന്നത് മഹാസങ്കടം തന്നെ.

ഭാഗ്യം, "സ്ഫുടതാരകള്‍ കൂരിരുട്ടിലുണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍" എന്ന് കുമാരനാശാന്‍ പാടിയ പോലെ ചില പച്ച ന്യൂസുകള്‍ ഗള്‍ഫ് ന്യൂസിലുമുണ്ട്. ആഴ്ച തോറും ഒരു പേജ് പരിസ്ഥിതിപ്രണയത്തിന് നീക്കിവെച്ചിരിക്കുന്ന ഗള്‍ഫ് ന്യൂസിലെ ഇക്കഴിഞ്ഞയാഴ്ചത്തെ ഒരു പച്ച വാര്‍ത്ത ദുബായില്‍ നടക്കാന്‍ പോകുന്ന ഒരു ബോട്ട് റേസിനെപ്പറ്റിയാണ്. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയ്ക്കുള്ളിലെ കൃത്രിമക്കനാലുകളില്‍ ഒക്ടോബര്‍ 24നും 25നും നടക്കുന്ന ഈ വഞ്ചിതുഴയല്‍ മത്സരത്തില്‍ റീസൈക്ക് ള്‍ഡ് മെറ്റീരിയലുകള്‍ കൊണ്ടുണ്ടാക്കിയ ബോട്ടുകള്‍ മാത്രമേ പങ്കെടുക്കൂ.

ചൈനയില്‍ കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ സമയത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ അവിടത്തുകാര്‍ ഉണ്ടാക്കിയെടുത്ത തരം ബോട്ടായിരിക്കും ദുബായിലെയും താരം എന്നാണ് ഗള്‍ഫ് ന്യൂസ് വാര്‍ത്ത പറയുന്നത്. പഴയ മിനറല്‍ വാട്ടര്‍ കുപ്പികള്‍ പ്ലാസ്റ്റിക് വലയില്‍ നിറച്ച് വലിയ ലൈഫ് ബോട്ടിന്റെ ആകൃതിയില്‍ വട്ടം കെട്ടിയുണ്ടാക്കിയ ബോട്ടുകളില്‍ ഒഴുകിനടന്നായിരുന്നു ചീനക്കാര്‍ വെള്ളപ്പൊക്കത്തെ നേരിട്ടത്. [2007 ഓഗസ്റ്റ് 29-ന് കിഴക്കന്‍ ചൈനയിലുള്ള Jiangsu പ്രോവിന്‍സിലെ Suzhou എന്ന സ്ഥലത്തെ ഒരു തെരുവില്‍ വെച്ചെടുത്തതാണ് ഇതോടൊപ്പമുള്ള റോയിട്ടര്‍ ചിത്രം]. ഇത്രയും വായിച്ചപ്പോള്‍ എന്റെയും ഗള്‍ഫ് ന്യൂസിന്റെയും ആയിരക്കണക്കിന് രൂപ മതിയ്ക്കുന്ന പാപസമ്പാദ്യത്തില്‍ നിന്ന് ഒന്നു രണ്ട് ചില്ലറത്തുട്ടുകള്‍ എടുത്തുമാറ്റിയതായി ഒരു വിഷ് ഫുള്‍ തിങ്കിംഗ്.

മിനറല്‍ വാട്ടര്‍ എന്ന പേരില്‍ വെള്ളം നിറച്ചുവരുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നാടെങ്ങും പ്രചാരത്തിലായത് പെഴ്സണല്‍ കമ്പ്യൂട്ടറുകള്‍ വന്ന കാലത്തോടടുപ്പിച്ചായിരുന്നില്ലേ? കമ്പ്യൂട്ടറുകളും മറ്റുമുള്‍പ്പെടുന്ന ഇ-വേസ്റ്റുകള്‍ രഹസ്യമായി ഇന്ത്യയിലും മറ്റ് മൂന്നാംലോകരാജ്യങ്ങളിലും കൊണ്ട് തട്ടാന്‍ തക്കമ്പാര്‍ത്ത് കറങ്ങുന്ന കപ്പലുകളെപ്പറ്റി വായിച്ചതോര്‍ക്കുന്നു.

ക്രോം എന്ന ബ്രൌസറിനു പിന്നാലെ എമ്മെസ് ഓഫീസിനോട് കിടപിടിയ്ക്കുന്ന സമാന സോഫ്റ്റ്വെയര്‍ പാക്കേജുകളും ഗൂഗ്ലമ്മായി എപ്പൊ എറക്കീന്ന് ചോയ്ച്ചാ മതീന്ന് ഇന്നലെ ബീബിസി റേഡിയോയില്‍ ഒരു സായിപ്പ് പറയുന്ന കേട്ടു. അതെല്ലാം നെറ്റ് അധിഷ്ഠിതമായിരിക്കുമെന്നും ആ സായിപ്പ് പറയുകയുണ്ടായി. അതായത് നമ്മുടെ എല്ലാ വേഡ്, എക്സെല്‍, പവര്‍പോയന്റ് ഇത്യാദി ഫയലുകള്‍ നെറ്റിലായിരിക്കും കുടികൊള്ളാന്‍ പോകുന്നത്. ഇപ്പൊത്തന്നെ ഗൂഗ്ല് ഡോക്സ് തുടങ്ങിയ സംരഭങ്ങള്‍ വിജയിച്ചതിലേയ്ക്കും സായിപ്പ് വിരല്‍ചൂണ്ടി. എന്തിന്, ഇതെല്ലാം നെറ്റില്‍ മാത്രം ഇരിക്കാന്‍ തുടങ്ങുമ്പോള്‍ അതായിരിക്കും പിസിയുടെ മരണം എന്നുവരെ പറഞ്ഞുകളഞ്ഞു ടിയാന്‍.

സ്റ്റെനോഗ്രാഫര്‍മാരെയും ടൈപ്പിസ്റ്റുകളേയും ടൈപ്പ്റൈറ്ററുകളേയും ഒറ്റയടിക്ക് നിഗ്രഹിച്ച പീസിഅവതാരത്തിന് അതു തന്നെ വരണം. അല്ലെങ്കി ഈ മോണിട്ടറുകളൊക്കെ പഴതാവുമ്പോള്‍ നമ്മള്‍ എന്തുചെയ്യുമായിരുന്നു - അക്വേറിയം ഉണ്ടാക്കുമോ?

റെയില്‍വേ സ്റ്റേഷനുകളില്‍ 'ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യങ്ങളുടെ' പഴയ ചില്ലുംകുപ്പികളിലാക്കി കുടിവെള്ളം വിറ്റുനടന്നിരുന്ന തമിഴന്‍ ചെക്കന്മാരുടെ "വെള്ളംകുപ്പ്യേ വെള്ളംകുപ്പ്യേ..." എന്ന വിളികളെ കുലകുലയായി തൂങ്ങിക്കിടന്ന് നിശബ്ദം ഞെക്കിക്കൊന്ന മിനറല്‍ വാട്ടര്‍ കുപ്പികളേ, നിങ്ങ ഒഴുകി ഒഴുകി, ഇന്നസെന്റ് പറഞ്ഞപോലെ ക്ക, ച്ച, ഞ്ഞ, ട്ട, ക്ഷ എന്നെല്ലാം എഴുതുന്നത് ഞങ്ങ ഒന്ന് കണ്ടോട്ടെ.

Labels: , , , , ,

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




രാംമോഹന്‍ പാലിയത്ത്
eMail




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്