29 October 2008

പ്രണയത്തിന് വില പതിനായിരം രൂപ - ഭാഗം 2 - റഫീക്ക് വടക്കാഞ്ചേരി






1999-2000




ഒരു മഴപ്പകല്‍.




ശക്തി പ്രാപിക്കാന്‍ തുടങ്ങിയ മഴയില്‍ നിന്നും രക്ഷപ്പെട്ട് തൃശ്ശൂര്‍ വടക്കേ ചിറ ബസ് സ്റ്റാന്റിലെ (വടക്കെ സ്റ്റാന്റ്) ബസ് ഷെല്‍റ്ററിലേക്ക് ഞാന്‍ ഓടി ക്കയറി. എന്നെ പ്പോലെ തന്നെ അഭയം തേടിയ കുറച്ചു പേര്‍ക്കിടയില്‍ ദാ നില്‍ക്കുന്നു മജ്നു. സ്വാഭാവികമായും ഒരാളെ ക്കൂടിയും എന്റെ കണ്ണുകള്‍ തിരഞ്ഞു. ഇല്ല തെറ്റിയില്ല, ഒട്ടൊരു ചമ്മലോടെ ലൈലയും ഉണ്ടായിരുന്നു. സാരിയുടുത്ത ലൈലയെയും കസവു മുണ്ടെടുത്തു ചുള്ളനായി നിന്ന മജ്നുവിനേയും കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു. അവരുടെ കല്ല്യാണം കഴിഞ്ഞെന്ന്. എന്നല്‍ മജ്നു ഉടനെ തിരുത്തി, കൌസ്തുഭം കല്ല്യാണ മണ്ഡപത്തില്‍ ഒരു ഫ്രന്റിന്റെ കല്ല്യാണത്തിനു വന്നതാണ് രണ്ടു പേരും. ഞാന്‍ ചോദിച്ചു, ഇനി എന്നാണ് നിങ്ങളുടെ? നാണത്തില്‍ പൊതിഞ്ഞ ഒരു പുഞ്ചിരി ലൈലയുടെ മുഖത്ത് ഉദിച്ചു. മജ്നു പറഞ്ഞു. ഇവളുടെ പി. ജി. കോഴ്സ് കഴിഞ്ഞാല്‍. അപ്പോഴെക്കും ഞാനും ഒന്നു സെറ്റില്‍ ആവും. ഞാനോര്‍ത്തു. ഭാഗ്യവാന്‍. പ്രീഡിഗ്രി കഴിഞ്ഞ് ആധാരമെഴുത്തില്‍ ശ്രദ്ധ കൊടുത്ത കാരണം അവനെപ്പോള്‍ വേണമെങ്കിലും സെറ്റിലാവാം, ലൈലയെ കല്ല്യാണം കഴിക്കാം. അതല്ല, വല്ല ഡിഗ്രിയോ മറ്റൊ പഠിക്കാന്‍ പോയിരുന്നെങ്കില്‍ ലൈലയെ വേറെ വല്ല "കാക്ക"യും കൊത്തി ക്കൊണ്ടു പോയേനെ. വിദ്യാഭ്യാസം കല്ല്യാണത്തിനും സെറ്റിലാവാനും വിലങ്ങു തടിയാണ്.




മഴ ശക്തി കുറഞ്ഞപ്പോള്‍ അവരോട് യാത്ര പറഞ്ഞ് ഞാന്‍ ബസ്സില്‍ കയറി. വടക്കാഞ്ചേരിക്കുള്ള ബസ്സ്, സ്റ്റാന്റ് വിടുമ്പോഴും എനിക്കു കാണാമായിരുന്നു പ്രണയം പൂത്ത ഭൂമിയിലെ നക്ഷത്രങ്ങളായി രണ്ടാത്മാക്കള്‍ ആ ബസ് ഷെല്‍റ്ററില്‍ കണ്‍ ചിമ്മുന്നത്.




2001-2003




കാല ചക്രം ഉരുണ്ടു. (അതിനു വേറെ എന്താ പണി, ചുമ്മാ ഉരുണ്ടാല്‍ മതിയല്ലോ)




വടക്കാഞ്ചേരി N.S.S BUILDING ല്‍ മൂന്നാം നിലയില്‍ ഒരു കമ്പ്യൂട്ടര്‍ സെന്റര്‍ തുറന്ന് ജീവിതത്തിലേക്ക് ഞാന്‍ സീരിയസ്സായി ENTER ചെയ്ത കാലം. ഈ സംരഭത്തില്‍ CLICK ആവണേ എന്ന പ്രാര്‍ത്ഥനയോടെ പരിശ്രമിക്കുന്ന കാലം.




മറ്റൊരു മഴപ്പകല്‍.




കമ്പ്യൂട്ടര്‍ സെന്ററിന്റെ ഗ്ലാസ്സ് ഡോറിന് പുറകിലായി പരിചയമുള്ള ഒരു മുഖം. അതെ, മജ്നു ആണല്ലോ അത്. ഞാന്‍ വേഗം അവന്റടുത്തേക്ക് ചെന്നു. പതിവു പോലെ പുറകില്‍ ലൈലയെ തിരഞ്ഞു. ഇല്ല കാണുന്നില്ല. ചിലപ്പോള്‍ ബില്‍ഡിംഗിന്റെ താഴെ നില്‍ക്കുകയാവും. ഇങ്ങനെ ചിന്തകള്‍ കാടു കയറുമ്പോള്‍ മജ്നു പറഞ്ഞു.




"ഒരു പ്രശ്നം ഉണ്ട്...“




ഞാന്‍ ഉറപ്പിച്ചു. ഇവന്‍ അവളെ അടിച്ചു മാറ്റി കൊണ്ടു വന്നിട്ടുണ്ടാവും. ഇന്ന് മിക്കവാറും എന്റെ വീട്ടില്‍ ഇവര്‍ക്ക് മണിയറ ഒരുക്കേണ്ടി വരും.




ഞാന്‍ ചോദിച്ചു "എന്താ പ്രശ്നം?"




ലൈലയുടെ കല്ല്യാണം ഉറപ്പിച്ചു. തൃശ്ശൂരുള്ള വേറൊരു പാര്‍ട്ടിയുമായിട്ട്.




അയ്യോ..!! ഞാനറിയാതെ ഒരു കുഞ്ഞു നിലവിളി പുറത്തു വന്നു. തളരാന്‍ പാടില്ല. മജ്നുവിനെ ആശ്വസിപ്പിക്കണം, ഞാ‍ന്‍ തീരുമാനിച്ചു.




"എന്നാല്‍ ഒരു കാര്യം ചെയ്യ്. നീയവളേയും കൊണ്ട് ഇങ്ങു വാ. നമുക്ക് രജിസ്ട്രര്‍ ചെയ്യാം. ഞാന്‍ ധൈര്യം പകര്‍ന്നു.




ങ്..ഹും. രജിസ്റ്റര്‍ മാര്യേജ്... ലൈലയുടെ കൂടെ സമ്മതത്തിലാണ് ഈ കല്ല്യാണം നടക്കാന്‍ പോകുന്നത്.




ഓഹോ! അപ്പോള്‍ അതാണ് പ്രശ്നം. വഞ്ചന. പെണ്ണു കൂറു മാറി. ഇവനെക്കാള്‍ നല്ലൊരു ഇട്ടിക്കണ്ടപ്പനെ കിട്ടിയപ്പോള്‍ ലൈല പെണ്ണിന്റെ സ്വഭാവം കാണിച്ചു.




എന്നാല്‍ പിന്നെ പോട്ടെടാ. അത്രേം ആത്മാര്‍ത്ഥത ഇല്ലാത്ത അവളേക്കാള്‍ നല്ല ബന്ധം നിനക്കു വേറെ കിട്ടില്ലേ? നിന്റെ ഭാഗ്യം, നീ രക്ഷപ്പെട്ടു, എന്നൊക്കെയുള്ള ആശ്വാസ വചനങ്ങള്‍ ഞാ‍ന്‍ ചൊരിഞ്ഞു.




അല്ല. അവള് പോയതൊന്നും അല്ല പ്രശ്നം. അവള്‍ക്ക് എന്നെ വേണ്ടെങ്കില്‍ വേണ്ട. എന്റെ പതിനായിരം രൂപ അവളുടെ കയ്യില്‍ ഉണ്ട്. അത് അവള്‍ തിരിച്ചു തരുന്നില്ല. എനിക്കാ കാശ് കിട്ടണം. കിട്ടിയേ പറ്റൂ.




മജ്നു ഇതു പറഞപ്പോള്‍ ഞാന്‍ ശരിക്കും അന്തം വിട്ടു. ഇത്രേം കാശ് നീ എന്തിനാണ് അവളെ ഏല്‍പ്പിച്ചത്? എന്തെങ്കിലും രേഖ ഉണ്ടോ? എന്നായി ഞാന്‍. മജ്നു പറഞ്ഞു: “ഭാവിയില്‍ ഒന്നിച്ചു ജീവിതം തുടങ്ങാന്‍ അവളെ ഏല്‍പ്പിച്ചതാണ് ഈ പണം. രേഖയൊന്നും ഇല്ല. വീട്ടുകാര്‍ സമ്മതിക്കാതെ വരുമ്പോള്‍ ഒളിച്ചോടാന്‍ തീരുമാനിച്ചാല്‍ ഈ പതിനായിരം രൂപ ഒരു സഹായം ആയിത്തീരും എന്നൊക്കെ കരുതി ലൈലയെ ഏല്‍പ്പിച്ചു. ആ കാശ് ആണ് ലൈല ഇപ്പോള്‍ മടക്കി ത്തരാതെ ഇരിക്കുന്നത്. ങ്..ഹും. ഞാന്‍ ആണാണെങ്കില്‍ അവളുടെ കയ്യില്‍ നിന്നും ഈ പണം ഞാന്‍ വാങ്ങും. ഇതു വരെ എന്റെ മുന്നിലുണ്ടായിരുന്ന "കാതലന്‍" മജ്നു പെട്ടന്ന് തന്നെ രോഷാകുലനായ "കാലന്‍" മജ്നുവായി മാറി. ബില്‍ഡിംഗിന്റെ താഴെ കിടക്കുന്ന ജീപ്പ് ചൂണ്ടി മജ്നു തുടര്‍ന്നു.




താഴെ ദാ... ജീപ്പു നില്‍ക്കുന്നത് കണ്ടോ. അതില്‍ മുഴുവന്‍ എന്റെ ആളുകള്‍ ആണ്. ഞാന്‍ നോക്കുമ്പോള്‍ ഒരു ജീപ്പും അതില്‍ മാഫിയാ ശശി, കനല്‍ക്കണ്ണന്‍, ഭീമന്‍ രഘു, അബു സലീം എന്നൊക്കെ വിളിക്കാവുന്ന കുറച്ചു പേരും. "ഞങ്ങളിപ്പോള്‍ ലൈലയെ കെട്ടാന്‍ പോകുന്ന അവനുണ്ടല്ലോ, അവന്റെ വീട്ടിലേക്ക് പോവുകയാണ്. അവിടെ പ്പോയി പറയാല്ലോ ഭാവി വധു വിന്റെ സ്വഭാവ ഗുണം. അവന്റെ കയ്യില്‍ നിന്നും വാങ്ങാം പതിനായിരം രൂപ. ഞാനതങ്ങു വാങ്ങുകേം ചെയ്യും."




ഞാന്‍ ആകെ വല്ലാത്ത അവസ്ഥയിലായി. എന്തൊക്കെ ആയാലും ഒരു പെണ്‍ കുട്ടിയുടെ ജീവിതമാണ് ഇവര്‍ തകര്‍ക്കാന്‍ പോകുന്നത്. അറിയാതെ ആണെങ്കിലും ഞാന്‍ ഇതിനിടയില്‍ പെട്ടു പോയി. എന്തിനാണാവൊ ഇപ്പോളിവര്‍ ഇങ്ങോട്ട് കയറി വന്നത്?




എനിക്കു ലൈലയെ പരിചയമുള്ളതു കൊണ്ട് ഒരു മദ്ധ്യസ്ഥ ശ്രമത്തിനാവുമോ?




ലൈല യുടെ ഒരു ബന്ധു ഈ കമ്പ്യൂട്ടര്‍ സെന്ററില്‍ പഠിക്കുന്നുണ്ടത്രെ. (ഞാന്‍ അപ്പോഴാണ് അങ്ങനെ ഒരു കാര്യം അറിയുന്നത്. അയാളെയും എന്നേയും ഒരുമിച്ചു നിര്‍ത്തിയുള്ള ഒരു അവസാന വട്ട മദ്ധ്യസ്ഥ ശ്രമത്തിനാണ് അവര്‍ ഇങ്ങോട്ട് കയറി വന്നിരിക്കുന്നത്. കാര്യങ്ങളുടെ പോക്ക് എന്റെ സ്റ്റുഡന്റ് കൂടിയായ ലൈലയുടെ ബന്ധുവിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. അയാ‍ള്‍ ഫോണ്‍ ചെയ്തു ലൈലയുടെ വീട്ടുകാരുമായി സംസാരിച്ചു. ആദ്യമൊക്കെ പൈസയുടെ കാര്യം അറിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും (സത്യത്തില്‍ വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.) സംഭവം വഷളാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ എന്നോട് മജ്നുവിനെയും കൂട്ടി ഷൊര്‍ണ്ണൂരുള്ള വീട്ടില്‍ എത്താന്‍ പറഞ്ഞു.




ജീപ്പില്‍ വന്ന മാഫിയാ ശശി, കനല്‍ കണ്ണന്‍, ഭീമന്‍ രഘു എന്നിവരെയെല്ലാം പറഞ്ഞയച്ച് ഞങ്ങള്‍ ബൈക്കില്‍ ഷൊര്‍ണ്ണൂരിലെ ലൈലയുടെ വീട്ടില്‍ എത്തി.




ഒരു ഇടത്തരം കുടുംബം. വാര്‍ദ്ധക്യ പരാധീനതകള്‍ ഉള്ള പിതാവ്. ഒരു സാധു മനുഷ്യന്‍. 4 പെണ്‍മക്കളില്‍ ഇളയവളാണ് ലൈല. വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് ചേച്ചിമാരുടെ ഭര്‍ത്താക്കന്മാരാണ്. അവരാണ് ഇതു വരെയും മജ്നുവിന്റെ കാശിന്റെ പ്രശ്നം കൈകാര്യം ചെയ്തത് . അവരാണ് കാര്യങ്ങള്‍ ഇത്രയും മോശമായ അവസ്ഥയില്‍ എത്തിച്ചതും.




എന്നെ ആ അന്തരീക്ഷം ശ്വാസം മുട്ടിച്ചു.




ഒരു ചേച്ചിയുടെ ഭര്‍ത്താവ് പതിനായിരം രൂപ എന്നെ ഏല്‍പ്പിച്ചു. മജ്നു ഗേറ്റിനു പുറത്ത് നില്‍ക്കുകയാണ്. ഞാന്‍ പതിനായിരം രൂപ എണ്ണി തിട്ടപ്പെടുത്തി, പുറത്തിറങ്ങി. അത്രയും നേരം നിന്നിട്ടും ലൈല ഒരിക്കല്‍ പോലും പുറത്തേക്ക് വന്നില്ല. മഴ പെയ്യാന്‍ തുടങ്ങി. പണം ഞാ‍ന്‍ മജ്നുവിന് നല്‍കി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് മഴയെ കാര്യമാക്കാതെ ഞങ്ങള്‍ തിരിച്ചു. ചെറുതുരുത്തി പാലത്തിന്റെ മുകളില്‍ എത്തിയപ്പോള്‍ മഴയും കൂടി വന്നു. ഭാരതപ്പുഴയിലെ വെള്ളത്തിനു കലക്ക വെള്ളത്തിന്റെ നിറം. നീരൊഴുക്കും കൂടീട്ടുണ്ട്. അതു വരെയും ഞാനും മജ്നുവും ഒന്നും സംസാരിച്ചില്ല. ഏതാണ്ട് പാലത്തിന്റെ പകുതി ദൂരം ആയപ്പോള്‍ ബൈക്ക് സ്ലോ ചെയ്യാന്‍ മജ്നു ആവശ്യപ്പെട്ടു. ഞാന്‍ സ്ലോ ചെയ്തു. തന്റെ കയ്യിലുള്ള പതിനായിരം രൂപയുടെ കെട്ട് ശക്തിയോടെ ഭാരതപ്പുഴയിലെ ഒഴുക്കിലേക്ക് മജ്നു വലിച്ചെറിഞ്ഞു. ഒരു ഞെട്ടലോടെ നോക്കി നില്‍ക്കാന്‍ മാത്രമെ എനിക്കു കഴിഞ്ഞുള്ളൂ. അല്പം മുമ്പു വരെ വല്ലാത്ത ഒരു വാശിയോടെ ഈ പണം വാങ്ങാന്‍ പുറപ്പെട്ടു വന്നിട്ട് ഇപ്പോള്‍ കടലാസ് വില പോലും കല്‍പ്പിക്കാതെ പുഴയിലേക്ക് ആ പണം വലിച്ചെറി ഞ്ഞിരിക്കുന്നു. ഞാന്‍ മജ്നുവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.




മഴ തകര്‍ത്തു പെയ്യുകയാണ്.




മഴ വെള്ളം മുഖത്ത് പടര്‍ന്നി റങ്ങിയതു കൊണ്ടാ‍വാം അവന്റെ കണ്ണില്‍ നിന്നും ഒഴുകിയ കണ്ണു നീര്‍ എനിക്കു കാണാന്‍ കഴിയാഞ്ഞത്.




- റഫീക്ക് വടക്കാഞ്ചേരി



ഇപ്പോള്‍ ദുബായ് ഏഷ്യാനെറ്റ് റേഡിയോയില്‍ സൌണ്ട് എഞ്ചിനീയറാണ് ലേഖകന്‍
ബ്ലോഗ് : www.radiorafeek.blogspot.com
ഇ മെയില്‍ വിലാസം : rafeeknm at gmail dot com

ഭാഗം 1

Labels:

2 അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

നിങ്ങള്‍ ഒരു നല്ല തിരക്കഥാകൃത്താണ്. ഒരു ദിലീ‍പ് സിനിമയുടെ സീന്‍ പോലെയുണ്ട്.

30 October, 2008  

ക്ലൈമാക്സ് ഒരു ജാതി അലക്കായിട്ടുണ്ട് ചുള്ളാ..

റ്റച്ചിങ്ങ്!!!!!

05 November, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



18 October 2008

പ്രണയത്തിന് വില പതിനായിരം രൂപ - ഭാഗം 1 - റഫീക്ക് വടക്കാഞ്ചേരി






1995-1998




"പ്രണയത്തിന്‍ മുല്ലേ...
കണ്ണിമ ചിമ്മാതെ ഞാനിരുന്നിട്ടും..
എപ്പോഴാണു നീ
ഞാനറിയാതെ പൂത്തത്..."




കോളേജിന്റെ മുന്നിലുള്ള വിജയേട്ടന്റെ ചായ ക്കടയില്‍ വച്ച് മജ്നുവിന്റെ കടലാസ് കെട്ടില്‍ നിന്നും ഈ നാലു വരി ക്കവിത കണ്ടെടുക്കുമ്പോള്‍ എനിക്ക് ഉറപ്പായിരുന്നു ഇത് എഴുതിയതു മജ്നു അല്ല എന്ന്. കുടുംബ പരമായി അവര്‍ എഴുത്തുകാരാണ്, പക്ഷെ അത് കഥയും കവിതയും എഴുതുന്ന തരം എഴുത്തല്ലെന്നു മാത്രം, ആ പാരമ്പര്യമനുസരിച്ച് മജ്നു എഴുതിയാല്‍ ഈ കവിത ഇങ്ങനെ ആവും. "189/1920 നമ്പരിലുള്ള ടി വസ്തുവില്‍ തെക്കു പുഴയും വടക്കു റോഡും അതിരു നിശ്ചയിച്ച ഒന്നരേക്കര്‍ ഭൂമിയില്‍, മേല്‍ വിശദമാക്കിയ ടി മുല്ല, കരാറുകാരന്‍ കണ്ണിമ ചിമ്മാതെ കാത്തിരുന്നിട്ടും ഒന്നാം കക്ഷിയുടെ അറിവോ സമ്മതമോ കൂടാതെ പൂത്തിരിക്കുന്നു."




അതെ ആധാരം എഴുത്ത്, പ്രമാണം എഴുത്ത്, ഇതൊക്കെയാണ് അവര്‍ പാരമ്പര്യമായി ചെയ്യുന്നത്. അതു കൊണ്ട് മജ്നു കവിത യെന്ന അബദ്ധം കാണിക്കാന്‍ വഴിയില്ല.




മജ്നു ഇപ്പോള്‍ കോളെജില്‍ പഠിക്കുന്നില്ല. ഡിഗ്രിക്ക് പ്രൈവറ്റായി ചേര്‍ന്നു. ഒപ്പം പിതാവിന്റെ എഴുത്തില്‍ അസിസ്റ്റന്റ് നിയമനവും ആയി. ഇടക്ക് പഴയ കൂട്ടുകാരെ സന്ദര്‍ശിക്കാനാണ് കോളെജിലെക്കുള്ള ഈ വരവ്. പക്ഷെ ഞങ്ങളെ കാണാനെന്ന പേരിലുള്ള ഈ വരവിന്റെ പിന്നില്‍ ഇതു വരെ റിലീസ് ചെയ്യാത്ത ഒരു പ്രണയം ഉണ്ടോ എന്ന സംശയം അവിടെ കൂട്ടുകാരില്‍ ചിലര്‍ ഉയര്‍ത്തിയിരുന്നു. എന്തായാലും നാലു വരി ക്കവിതയുടെ രൂപത്തില്‍ മജ്നുവിനെ കയ്യോടെ പൊക്കിയിരിക്കുന്നു.



വിജയേട്ടന്റെ കടയിലെ ചായ തണുത്തു തുടങ്ങി. എന്തു പറയണം എന്നറിയാതെ മജ്നു എന്നെ തന്നെ നോക്കി ഇരിക്കുകയാണ്. ഞങ്ങള്‍ ചായ ക്കടയില്‍ നിന്നും ഇറങ്ങി നടന്നു. കോളേജിനു പുറത്ത് റോഡിലേക്ക് തണല്‍ വിരിച്ച മാവിന്റെ തണുപ്പില്‍ ഞാന്‍ ഇരിപ്പുറപ്പിച്ചു. മജ്നു റോഡില്‍ മലര്‍ന്നു കിടന്നു. ഞാനോര്‍ത്തു ഇവന്‍ ചെമ്മീന്‍ ഫെയിം പരീക്കുട്ടിക്കു പഠിക്കുകയാണോ എന്ന്. ഒരു ദയനീയമായ പ്രണയം അവന്റെ കണ്ണിലുണ്ട്. കണ്ണിമ ചിമ്മാതെ കാത്തിരുന്നിട്ടും അറിയാതെ പൂത്ത പ്രണയത്തിന്റെ മുല്ല.




ഞാന്‍ ആലോചിച്ചു നോക്കി. ആരാവും ആ നായിക?




ഉത്തരം കിട്ടാത്ത ചോദ്യം?




ആ നാലു വരി കവിത എഴുതിയ പേപ്പര്‍ ഞാനെടുത്ത് മഹാനായ ഷെര്‍ലക്ക് ഹോംസിനെ മനസ്സില്‍ ധ്യാനിച്ച് സൂക്ഷ്മമായി പരിശോധിച്ചു. റൂള്‍ പെന്‍സില്‍ കൊണ്ടാണ് കവിത എഴുതിയിരിക്കുന്നത്, മാത്രമല്ല എഴുതിയതിനു ചുറ്റിലുമായി ഒന്നു രണ്ട് പൂക്കളും ഇലകളും ഭംഗിക്കു വേണ്ടി വരച്ചു ചേര്‍ത്തിരിക്കുന്നു. ഒരു നോട്ട് ബുക്കില്‍ നിന്നും ധൃതി പിടിച്ചു കീറിയെടുത്ത പോലെ ഉള്ള ഒരു പേജ് ആണ് അത്. എഴുതാന്‍ ഉപയോഗിച്ച റൂള്‍ പെന്‍സിലിനും പ്രത്യേകത ഉണ്ട്. HB2 സീരീസില്‍ വരുന്ന തരം പെന്‍സിലാണ് അത്. സാധാരണ സയന്‍സ് പഠിക്കുന്ന കുട്ടികളാണ് റെക്കോര്‍ഡ് വരക്കുന്നതിനു ഈ പെന്‍സില്‍ ഉപയോഗിക്കുക. ഒന്നു കൂടി സൂക്ഷ്മമായി പറഞ്ഞാല്‍ ബോട്ടണി, സുവോളജി വിദ്യാര്‍ത്ഥികള്‍. സുവോളജി മെയിന്‍ അക്കാലത്ത് കോളെജില്‍ ഇല്ല. പിന്നെ ബോട്ടണി. യെസ്. ഇത് ബോട്ടണിയിലെ ആരോ കൊടുത്തതാണ്. കവിതക്കൊപ്പം വരച്ചു ചേര്‍ത്ത ഇലകള്‍ കണ്ടാലറിയാം സ്ഥിരമായി പച്ചിലകള്‍ വരക്കുന്ന ആരോ ആണ് ഈ കക്ഷി എന്ന്. ശ്ശെടാ... അതാരാണ് ബോട്ടണിയില്‍ നിന്നും, ഈ അന്തം കുന്തം ഇല്ലാത്ത മജ്നുവിന് ഇത്രയും മനോഹരമായ പ്രണയം സമ്മാനിച്ചത്. മനസ്സില്‍ പല മുഖങ്ങളും തെളിഞ്ഞു. അവസാനം ഒരാളില്‍ ചെന്നു നിന്നു.




ലൈല! മഴവില്ലിന്റെ നിറങ്ങള്‍ കടം കൊണ്ട ദുപ്പട്ടയണിഞു ക്യാമ്പസില്‍ എത്താ‍റുള്ള സുന്ദരി ക്കുട്ടി.




അതെ. അത് മറ്റാരും ആവില്ല. ലൈല തന്നെ. ഞാനുറപ്പിച്ചു.




മജ്നൂ... ഞാന്‍ വിളിച്ചു. അവന്‍ കിടന്ന കിടപ്പില്‍ തന്നെ എന്നെ നോക്കി.




"സത്യം പറയണം. ലൈല അല്ലെ നിന്റെ പ്രണയത്തിന്റെ മുല്ല"? മജ്നു വിശ്വാസം വരാതെ ചാടിയെഴുന്നേറ്റു. ഞാന്‍ അതെങ്ങിനെ മനസ്സിലാക്കി എന്നറിയാതെ അവന്‍ വാ പൊളിച്ചിരുന്നു. ക്യാമ്പസിലെ എന്റെയും നല്ല സുഹൃത്താണ് ലൈല. അതു കൊണ്ട് ആ നിമിഷം മുതല്‍ അവരുടെ പ്രണയത്തിന്റെ മൂക സാക്ഷിയായി ഞാന്‍ മാറി. ആശംസകള്‍ നേര്‍ന്ന് ഞാന്‍ പിരിഞ്ഞു. വര്‍ഷാവസാനം ഒരു ഡാം തുറന്നു വിട്ട പോലെ കോളെജിലെ കൂട്ടുകാരെല്ലാവരും ജീവിതത്തിലേക്ക് ഒഴുകി പ്പോയി. പുതിയ തലമുറ ക്യാമ്പസിന്റെ സജീവതയിലേക്ക് പെയ്തിറങ്ങി...




- റഫീക്ക് വടക്കാഞ്ചേരി



ഇപ്പോള്‍ ദുബായ് ഏഷ്യാനെറ്റ് റേഡിയോയില്‍ സൌണ്ട് എഞ്ചിനീയറാണ് ലേഖകന്‍
ബ്ലോഗ് : www.radiorafeek.blogspot.com
ഇ മെയില്‍ വിലാസം : rafeeknm at gmail dot com


അടുത്ത ഭാഗം

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 October 2008

N.S.S ക്യാമ്പിലെ തെഹല്‍ക്ക ഓപ്പറേഷന്‍ - റഫീക്ക് വടക്കാഞ്ചേരി

ഈ സംഭവം നടക്കുമ്പോള്‍ എന്നെ കൂടാതെ മറ്റു മൂന്നു പേരും കൂടി ഉണ്ടായിരുന്നു അവിടെ. അപ്പോള്‍ ഒരു ഗൂഡാലോചനയ്ക്ക് കളം ഒരുങ്ങുക യായിരുന്നു. വളരെ ചിന്തിച്ചു ഒരു "ഓപ്പറേഷന്‍ ഹൈഡ്" അഥവാ ഒരു ഒളിച്ചു കളി ഓപ്പറേഷന്‍.

ഒന്നാമന്‍: ഇന്നു വൈകുന്നേരം 6 മണി ആകുമ്പോള്‍ കുട്ടികളെല്ലാം ഈ വരാന്തയില്‍ എത്തും. അപ്പോള്‍ പതിവു പോലെ (രണ്ടാമനെ ചൂണ്ടി) നീ കുശലം ചോദിക്കണം.
രണ്ടാമന്‍: ടാ... ആ‍ര്‍ക്കും സംശയം ഉണ്ടാവാതെ നോക്കണം.
ഒന്നാമന്‍: സംശയം ഉണ്ടാവാന്‍ നിന്റെ മുഖത്തേക്ക് നോക്കിയാല്‍ മതി. ഇപ്പോള്‍ തന്നെ അറിയാന്‍ പറ്റും ഇന്ന് 6 മണിക്ക് എന്തോ കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ട് എന്നു.
മൂന്നാമന്‍: അപ്പോ നമ്മള്‍ പ്ലാന്‍ ചെയ്തപോലെ സാറ് ആ നേരത്ത് ഫ്രീ ആയിരിക്കുമോ.
ഒന്നാമന്‍: അതൊക്കെ ഞാന്‍ പറഞ്ഞു ശരിയാക്കിയിട്ടുണ്ട്.നിങ്ങള് ഒപ്പം നിന്നാല്‍ മതി.




രംഗം 1:




പകല്‍




വടക്കാഞ്ചേരിയില്‍ നിന്നും അത്രയൊന്നും അകലെ അല്ലാതെ സ്ഥിതി ചെയ്യുന്ന ഗ്രാമം "ആര്യമ്പാടം". മഞ്ഞു വീഴുന്ന ഒരു ഡിസംബര്‍ മാസം. നക്ഷത്രങ്ങള്‍ ഭൂമിയില്‍ തെളിയുന്ന ഡിസംബര്‍ മാസം. കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്കീം (N.S.S.) പത്ത് ദിവസത്തെ ക്യാമ്പ് നടത്തുന്ന ഡിസംബര്‍ മാസം. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗ മുണ്ടെങ്കില്‍ അതു ഇവിടെ ആണ്, ഇവിടെ ആണ് എന്നു ഓരോ വിദ്യാര്‍ത്ഥിയും പറഞ്ഞു പോകും. അത്ര മാത്രം ഹ്ര്യദ്യം ആണ് ഈ ക്യാമ്പിലെ സൌഹൃദം. ഈ ക്യാമ്പ്, ജീവിതത്തെ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു. അങ്ങനെ യുള്ള ക്യാമ്പിലെ ഒരു പകല്‍ നേരം, എന്നെ സാക്ഷിയാക്കി ആര്യമ്പാടം സ്കൂളിലെ ഒരു ക്ലാസ്സ് മുറിയില്‍ വച്ചാണ് ഈ ഗൂഡാലോചന നടക്കുന്നത്.




സംഗതി നിസ്സാരം




പ്രോഗ്രാം ഓഫീസറായ (പ്രോഗ്രാം ഓഫീസര്‍ ആണ് 10 ദിവസത്തെ ക്യാമ്പിന്റെ എല്ലാം എല്ലാം. Law and order കാര്യത്തില്‍ അദ്ദേഹം പ്രിന്‍സിപ്പാളിനു തുല്യന്‍ ആണ്.) ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന് ക്യാമ്പിനെ കുറിച്ചുള്ള കുട്ടികളുടെ തുറന്ന അഭിപ്രായങ്ങള്‍ ലൈവായിട്ടു അറിയണം. അദ്ദേഹം അത്ര മാത്രം ആത്മാര്‍ത്ഥമായി ഈ ക്യാമ്പില്‍ ഇടപെടുന്നുണ്ട്, ക്യാമ്പിനെ സ്നേഹിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഇഷ്ടം നടപ്പാക്കാന്‍ മൂവര്‍ സംഘം ഈ ജോലി ഏറ്റെടുത്തു.




ആണ്‍കുട്ടികള്‍ സ്ക്കൂളില്‍ തന്നെയാണ് താമസിക്കുന്നത്. പെണ്‍കുട്ടികള്‍ ഒരു അദ്ധ്യാപികയുടെ മേല്‍ നോട്ടത്തില്‍ സ്കൂളിനു പുറത്തെ ഒരു വീട്ടില്‍ ആണ് താമസിക്കുന്നത്. സാറിനെ മുന്നില്‍ നിറുത്തി അഭിപ്രായം ചോദിച്ചാല്‍ ആരെങ്കിലും പറയുമോ ഉള്ളു തുറന്നൊ രഭിപ്രായം. ക്യാമ്പ് തുടങ്ങുന്നതിന്റെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുന്‍പാണ് കോളേജില്‍ യൂത്ത് ഫെസ്റ്റിവല്‍ 3 സ്റ്റേജുകളിലായി നടന്നത്. ബിനു. സി. ആര്‍. എന്ന വിദ്യാര്‍ത്ഥി വരച്ച മനോഹരങ്ങളായ ചിത്രങ്ങള്‍ ഓരോ സ്റ്റേജിനു മുന്നിലും വച്ചു. സ്റ്റേജുകള്‍ക്ക് പേരു കൊടുത്തിരുന്നു. രാഗം, താനം, പല്ലവി, എന്നിങ്ങനെ. യൂത്തു ഫെസ്റ്റിവല്‍ കഴിഞ്ഞപ്പൊള്‍ ആ ചിത്രങ്ങളും പേരുകളും ഇളക്കി കൊണ്ടു വന്ന് ക്യാമ്പ് നടക്കുന്നിടത്തെ 2 കക്കൂസ് കള്‍ക്ക് രാഗം, താനം എന്ന് പേരിട്ടു വിളിച്ച ഭാവനാ സമ്പന്നരാണ് ക്യാമ്പംഗങ്ങള്‍. ഈ ജഗജില്ലി കള്‍ക്കിടയില്‍ ആണ് മൂവര്‍ സംഘം "ഒളി ക്യാമറാ ലൈവ് ഷൊ"പദ്ധതി ഇട്ടിരിക്കുന്നത്.




പദ്ധതി പ്രകാരം ക്ലാസ് മുറികളിലെ കൂട്ടിയി ട്ടിരിക്കുന്ന ബഞ്ചുകളി ലൊന്നില്‍ സാറ് മൂടി പ്പുതച്ചു കിടക്കും. വരാന്തയിലൂടെ നടന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ മൂവര്‍ സംഘത്തിന്റെ ചിലന്തി വലയില്‍ കുടുങ്ങും. മൂവര്‍ സംഘ ചേട്ടന്‍മാരുടെ കുശലാ ന്വേഷണങ്ങള്‍ക്ക് മറുപടി പറയുന്നു. ചേട്ടന്മാരുടെ ചോദ്യങ്ങള്‍ ക്യാമ്പിലെ പ്രണയം, പ്രതികാരം, രാഷ്ട്രീയം, ഭക്ഷണം എന്നിങ്ങനെ വിവിധ മേഖലകള്‍ സ്പര്‍ശിക്കും. മൂടി പ്പുതച്ചു കിടക്കുന്ന ചതി അറിയാതെ പാവങ്ങള്‍ ഉള്ളു തുറക്കും. സാറിനെല്ലാം ലൈവായി കേള്‍ക്കാം. നേരോടെ... നിര്‍ഭയം... താല്‍ക്കാലികം.




പക്ഷെ മൂവര്‍ സംഘം ഇതിനിടയില്‍ കൂടി ഒരു രാഷ്ട്രീയ കൊടും ചതി നടപ്പാക്കിയിരുന്നു. ക്യാമ്പിലെ ബെസ്റ്റ് പെര്‍ഫോ മന്‍സിന്റെ അടിസ്ഥാനത്തില്‍ ഒരു അംഗത്തിനെ N.S.S സെക്രട്ടറിയായി തെരഞ്ഞെടുക്കും. ഇതു വരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ക്ലീറ്റസ് എന്ന വിദ്യാര്‍ത്ഥിക്കാണ് സാദ്ധ്യത. ക്ലീറ്റസ് ആകട്ടെ മൂവര്‍ സംഘത്തിന്റെ എതിര്‍ രാഷ്ട്രീയ ചേരിയിലെ പ്രമുഖന്‍ .അതു കൊണ്ട് ക്ലീറ്റസിനെ ഈ വരാന്തയില്‍ നിര്‍ത്തി, മൂടി പ്പുതച്ചു കിടക്കുന്ന പ്രോഗ്രാം ഓഫീസര്‍ മുന്‍പാകെ ഇമേജ് സ്പോയില്‍ ചെയ്താല്‍ മൂവര്‍ സംഘത്തിന്റെ സ്വന്തം പാര്‍ട്ടിയിലെ ബാലന്‍ എന്ന വിദ്യാര്‍ത്ഥിയെ ആ സ്ഥാനത്തേക്ക് കൊണ്ടു വരാന്‍ സാധിക്കും. നാഷണല്‍ സര്‍വ്വീസ് സ്കീം സെക്രട്ടറി പദം സമര്‍ത്ഥമായി ഉപയോഗിച്ചാല്‍ കോളേജ് യൂണിയന്‍ ഭരണം പിടിച്ചെടുക്കാം എന്ന് ഊണിലും ഉറക്കത്തിലും രാഷ്ട്രീയം മാത്രം സ്വപ്നം കാണുന്ന മൂവര്‍ സംഘത്തിനു ഒരു അബദ്ധ ധാരണ ഉണ്ടായിരുന്നു.




ഞാന്‍ ഇത് അറിഞപ്പോള്‍ ഞെട്ടി പ്പോയി. ക്ലീറ്റസ് ഒരു തുറന്ന പുസ്തകം ആണ്. ഇവരെന്തു ചോദിച്ചാലും ചിലപ്പൊള്‍ ക്ലീറ്റസ് friendship ന്റെ പേരിലെന്തും പറയും. മൂവര്‍ സംഘം ചോദിക്കാന്‍ കരുതി വച്ചിരിക്കുന്ന ചോദ്യം തൊട്ടടുത്ത ദിവസം ക്യാമ്പില്‍ നടത്തുന്ന യോഗാ ക്ലാസിലെ ഇന്‍സ്ട്രക്റ്ററായ തരുണീ മണിയെ കുറിച്ചുമാണ്. എന്തും വേണമെങ്കിലും ക്ലീറ്റസ് പറയാം..




സാറിന്റെ രൂപത്തില്‍ മൂടി പ്പുതച്ചു കിടക്കുന്ന ദുരന്തം അറിയാതെ പല കുട്ടികളും പലതും പറഞ്ഞു... അങ്ങനെ വരാന്തയില്‍ ക്ലീറ്റസ് പ്രത്യക്ഷപ്പെട്ടു. മൂവര്‍ സംഘത്തിന്റെ ചുണ്ടുകളില്‍ കൊല ച്ചിരി പരന്നു. ഏതാനും സെക്കന്റുക ള്‍ക്കുള്ളില്‍ ക്ലീറ്റസ് വിചാരണ ചെയ്യപ്പെടാന്‍ പോകുന്നു. എന്റെ ഹാര്‍ട്ട് പെരുമ്പറ കൊട്ടി.




ചോദ്യങ്ങള്‍ തുടങ്ങി...




ഒന്നാമന്‍: "അല്ല ക്ലീറ്റസേ... നാളെ രാവിലെ യോഗാ ക്ലാസാണോ വച്ചിരിക്കുന്നത്?

ക്ലീറ്റസ്: അതെ. എന്തേ...?

ഒന്നാമന്‍: ഒന്നൂല്ല്യ. ഞാന്‍ രാവിലെ പോകും. എന്താ പ്രോഗ്രാം എന്നറിയാനാ ചോദിച്ചെ.

ക്ലീറ്റസ്: "അളിയാ പോകല്ലേ. ഒരു കിടിലന്‍ പെണ്ണുമ്പിള്ളയാ ഇന്‍സ്ട്രക്റ്ററായി വരുന്നത്. കിട്ടിയ ചാന്‍സ് കളയല്ലേ."




തുടക്കം തന്നെ ക്ലീറ്റസ് ഫോമായി.




അടുത്ത രണ്ടു മൂന്നു ഡയലോഗുകളില്‍ ക്ലീറ്റസ് ശ്ലീലാ ശ്ലീലത്തിന്റെ പുലി ക്കളി നടത്തും എന്നു എനിക്ക് മനസ്സിലായി. ഈ ചതി നടക്കാന്‍ പാടില്ല എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ച് ഈ പദ്ധതി പൊളിക്കാന്‍ തീരുമാനിച്ചു.




പക്ഷെ ദൈവം തിരക്കഥ മാറ്റി എഴുതി.




മൂവര്‍ സംഘത്തെയും എന്നെയും ഞെട്ടിച്ചു കൊണ്ട് അവിടെ മറ്റൊരു കഥാപാത്ര ത്തിന്റെ ക്രാഷ് ലാന്റിംഗ്. WITH DIALOGUE... "അളിയാ ഞാന്‍ കുന്നംകുളത്തു പഠിക്കുമ്പോള്‍ അവിടെ കോളെജില് ഈ യോഗാ ചരക്ക് വന്നിരുന്നു. എന്റമ്മോ. എന്തൊരു സീനായിരുന്നു..." ഞങ്ങള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ക്ലാ ക്ലാ ക്ലി ക്ലീ ക്ലു ക്ലൂ മുറ്റത്തദാ ബാലന്‍. യോഗാ ഇന്‍സ്ട്രക്റ്ററായ ആ സ്ത്രീയെ കുറിച്ച് ബാലനവിടെ ഇക്കിളി ക്കഥകളുടെ ഭാണ്ഡം കെട്ടഴിച്ചു. ഒന്നു കരയാന്‍ പോലും ആവാതെ മൂവര്‍ സംഘം തരിച്ചു നില്‍ക്കുകയാണ്. പേരില്‍ ബാലനാണെങ്കിലും ഇക്കാര്യത്തില്‍ ബാലനല്ല എന്ന് എല്ലാവരെയും മനസ്സിലാക്കും വിധത്തി ലായിരുന്നു ബാലന്റെ പെര്‍ഫോമന്‍സ്. മൂടി പ്പുതച്ചു കിടക്കുന്ന സാറിനെ ഞാന്‍ ഒളി കണ്ണിട്ടു നോക്കി. സാറ് ഒന്നു ദയനീയമായി ഒന്നു ഞെരുങ്ങിയോ...




തണുത്ത ഡിസംബര്‍ ആയിട്ടു കൂടി മൂവര്‍ സംഘം വിയര്‍ക്കു ന്നുണ്ടായിരുന്നു.




ബാക്കിപത്രം...




• ക്യാമ്പിനു ശേഷം ബാലന് പട്ടാളത്തില്‍ ജോലി കിട്ടി. പിന്നീട് ക്ലാസിനു വന്നിട്ടേ ഇല്ല.
• ചില സാങ്കേതിക കാരണങ്ങളാല്‍ യോഗാ ക്ലാസ് ഉണ്ടായില്ല.
• ക്ലീറ്റസ് മറ്റൊരു കേസില്‍ കോളെജില്‍ കുപ്രസിദ്ധനായി.
• മൂവര്‍ സംഘം ജീവിക്കാന്‍ വേണ്ട ,അദ്ധ്യാപകനായും, മാധ്യമ പ്രവര്‍ത്തകനായും, സര്‍ക്കാര്‍ ജീവനക്കാരനായും വേഷം കെട്ടി.




- റഫീക്ക് വടക്കാഞ്ചേരി





ഇപ്പോള്‍ ദുബായ് ഏഷ്യാനെറ്റ് റേഡിയോയില്‍ സൌണ്ട് എഞ്ചിനീയറാണ് ലേഖകന്‍
ബ്ലോഗ് : www.radiorafeek.blogspot.com
ഇ മെയില്‍ വിലാസം : rafeeknm at gmail dot com

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്