22 June 2009

രണ്ടു പെണ്ണും മൂന്നാണും - റഫീക്ക് വടക്കാഞ്ചേരി

എഴുതാതെ ഇരുന്നപ്പോഴൊക്കെ ത്തന്നെയും നിര്ബന്ധി ച്ചെഴുതിക്കുന്ന എന്തോ ഒരു ശക്തി കാമ്പസില്‍ ഇപ്പോഴും ഉണ്ട്. ഒറ്റക്കാ വുമ്പോള്‍ ഓര്മ്മകളുടെ മഞ്ഞ മരങ്ങളെ പോലും കട പുഴക്കുന്ന ഒരു ന്യൂന മര്ദ്ദം രൂപം കൊണ്ട് കൊടുംങ്കാറ്റായി ആഞ്ഞടിക്കുന്നു. അലറി ക്കരഞ്ഞു കൊണ്ട് ഇലകള്‍ ദൂരേക്ക് ഞെട്ടറ്റ് തെറിച്ചു വീഴുന്നു.
 
ഇപ്പോള്‍ ഞാന്‍ ഒരു ഓട്ടോറിക്ഷയിലാണ്.
 
പോരുന്നോ എന്റെ ഗ്രാമത്തിലേക്ക് എന്നു പുറകു വശത്തും ചിരിയില്‍ ചില്ലറ ഒതുക്കല്ലേ എന്നു അകത്തും എഴുതി വച്ചിട്ടു ആ ഓട്ടോ റിക്ഷയില്‍ എന്നോടൊപ്പം വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു പോലീസ് കാരനുമുണ്ട്. ചാഞ്ഞും, ചരിഞ്ഞും, ഓവര്ട്ടേക്ക് ചെയ്തും, ത്രിശ്ശൂരില്‍ നിന്നും ചീറിപ്പാഞ്ഞു വരുന്ന ബസ്സുകള്ക്ക് വഴി മാറി ക്കൊടുത്തും ഞങ്ങളുടെ യാത്ര മുളങ്കുന്നത്തു കാവു മെഡിക്കല്‍ കോളേജില്‍ അബോധാ വസ്ഥയില്‍ കിടക്കുന്ന ഒരു യുവാവിനെ തിരിച്ചറി യുന്നതിനു വേണ്ടിയാണ്. കേച്ചേരിക്കടുത്ത ഒരു ഗ്രാമത്തിലെ ഇടവഴിക ളിലൊന്നില്‍ ഇടതു കയ്യിലെ ഞരമ്പ് മുറിച്ച് ചോര വാര്ന്ന് കിടക്കുന്ന ആ യുവാവിനെ പോലീസ് കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചു. അയാളെ തിരിച്ചറി യുന്നതിനു സഹായകമായി പോക്കറ്റില്‍ ഒരു കത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതാവട്ടെ വര്ഷങ്ങള്ക്കു മുന്പ് കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ എന്റെ ക്ലാസ്സിലെ ഒരു പെണ്കുട്ടി ഒരു ക്രിസ്തുമസ് അവധിക്കാലത്ത് ഇന്‍‌ലന്‍ഡില്‍ എനിക്ക് എഴുതിയ കത്താണ്. അജ്ഞാത സുഹൃത്തിന്റെ ഷര്ട്ടിന്റെ പോക്കറ്റില്‍ നെഞ്ചോ ടൊട്ടിച്ചേര്ന്ന് കുറേ നാള്‍ കിടന്നതു കൊണ്ട് പരന്നു തുടങ്ങിയെങ്കിലും നീല മഷി കൊണ്ട് എഴുതിയ എന്റെ പേരും വീട്ടഡ്രസ്സും വായിച്ചെടുക്കാന്‍ ഇപ്പോഴും പറ്റും.
 
“പ്രിയ റഫീക്കിന്...
എന്നു തുടങ്ങുന്ന ആ കത്ത്...
സ്നേഹപൂര്‍വ്വം ദേവിക.
എന്നെഴുതിയാണ് അവസാനിക്കുന്നത്.
 
ആകാശത്തെ തൊട്ടുരുമ്മുന്ന കരിമ്പന ക്കൂട്ടങ്ങള്‍ ഉള്ള ഒരു പാലക്കാടന്‍ ഗ്രാമത്തില്‍ നിന്നും ഈ ക്യാമ്പസില്‍ എത്തുകയും, കോളേജി നടുത്തുള്ള ആശ്രമം വക ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയും ചെയ്ത ദേവിക എന്ന പെണ്കുട്ടി അവധിക്കു നാട്ടില്‍ പോയപ്പോള്‍ നാട്ടിലെ വിശേഷങ്ങളെഴുതി അയച്ച ഒരു സാധാരണ എഴുത്ത്. അതൊരിക്കലും ഒരു പ്രണയ ലേഖനം ആയിരുന്നില്ല. ഇപ്പോഴിതാ നാലായി മടക്കി, മടക്കുകളില്‍ പഴമയുടെ മഞ്ഞ കയറിയ സൌഹൃദത്തിന്റെ കളിമണ്‍ ഗന്ധമുള്ള ഈ കത്ത് അജ്ഞാതനായ യുവാവിന്റെ പോക്കറ്റി ലെത്തിയിരിക്കുന്നു. മറവിയുടെ സൌരയൂഥ ത്തിലെ പ്ലൂട്ടോ ആയി കരുതി പുറത്താക്കിയ ദേവിക വീണ്ടും ഓര്‍മ്മകളില്‍ സൂര്യനായി കത്തി ത്തുടങ്ങുന്നു.
 
എത്ര പറഞ്ഞാലും തീരാത്ത വിശേഷ പ്പെരുമഴയായി നിറഞ്ഞു നിന്ന ദേവിക ക്ലാസ്സില്‍ എല്ലാവരുമായും കൂട്ടായിരുന്നു. തന്നെക്കാള്‍ സീനിയറായ മറ്റു മൂന്നു പെണ്കുട്ടി കള്ക്കൊപ്പം ഹോസ്റ്റല്‍ ജീവിതം അടിച്ചു പൊളിച്ചു ആഘോഷി ക്കുന്നതിന്റെ എല്ലാ ത്രില്ലും ദേവികയുടെ വാക്കുകളില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ജീവിതത്തിന് പുതിയ അര്ത്ഥം കൈ വന്നതും നല്ല കുറേ കൂട്ടുകാരെ കിട്ടിയതും ഈ ക്യാമ്പസില്‍ വന്നതിനു ശേഷമാണെന്ന് ദേവിക എത്രയോ തവണ പറഞ്ഞിട്ടുമുണ്ട്. ദേവിക ഒരു റോള്‍ മോഡലാ യെടുത്തത് ഒപ്പം താമസിക്കുന്ന ഡിഗ്രീ ഫൈനല്‍ ഇയര്‍ വിദ്യാര്ത്ഥിയായ സിന്ധു വിനെ യാണ്. നല്ല നല്ല കവിതകളെ കുറിച്ച് അറിയാമായിരുന്ന സിന്ധു വലിയ ഒരു ഇല്ലത്തെ നമ്പൂതിരി പെണ്കുട്ടി യാണെന്ന അറിവും എനിക്കു കിട്ടിയത് ദേവിക വഴിയാണ്. യാഥാസ്ഥിതിക സമ്പ്രദായങ്ങളും ചിട്ടകളും മുറുകെ പിടിച്ചു ജീവിക്കുന്ന സിന്ധു കോളേജ് കാന്റീനില്‍ നിന്നു ചായയോ മറ്റു ഭക്ഷണ സാധങ്ങളോ കഴിക്കില്ല, ശുദ്ധിയുള്ള ഭോജ്യങ്ങള്‍ മാത്രെ മതാനുഷ്ഠാന പ്രകാരം ആ കുട്ടി കഴിക്കുള്ളൂ എന്നൊക്കെ ആശ്ചര്യത്തോടെ അതിലേറെ കൌതുകത്തോടെ എന്നോടു പറയുന്ന ദേവിക യെ ഞാനിപ്പോഴും ഓര്ക്കുന്നു. ഒരിക്കല്‍ ദേവിക സിന്ധുവുമായി ചെറുതായൊന്ന് പിണങ്ങി. കാരണം അന്വേഷിച്ചപ്പോള്‍ ഒരു പ്രീഡിഗ്രി ക്കാരന് പരിഹരിക്കാന്‍ പറ്റാത്ത ഒന്നായിരുന്നു. ഒരു ദിവസം ദേവികയെ കാണാന്‍ ഒരു പയ്യന്‍ ഹോസ്റ്റലില്‍ വന്നു. കുഞ്ഞു നാളില്‍ ദേവികയുടെ കളിക്കൂട്ടുകാരനും, ജിജ്ഞാസയുടെ നാളുകളില്‍ അവന്‍ പ്രിയപ്പെട്ട വനുമായിരുന്നു. മംഗലാപുരത്ത് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ആ പയ്യന് ദേവികയെ ഇഷ്ടമായിരുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹവുമുണ്ട്. അഹമ്മദ് സാദത്ത് എന്നു പേരായ ആ പയ്യനെ വിവാഹം കഴിക്കരുത് എന്ന് ദേവികയോട് സിന്ധു ശക്തിയുക്തം ഉപദേശിച്ചു. ജാതിയും മതവും ഒന്നാമത്തെ പ്രശ്നം. മറ്റൊന്ന് ഇത്രയും കാലം പൊന്നു പോലെ നോക്കിയ അച്ഛനെ, അമ്മയെ, ചേട്ടനെയൊക്കെ വിട്ടു ദേവികക്ക് എങ്ങനെ പോകാന്‍ പറ്റും എന്നതുമായിരുന്നു സിന്ധു ഉയര്ത്തിയ വലിയ ചോദ്യങ്ങള്‍. രണ്ടാഴ്ചയോളം ദേവികയെ കുഴക്കിയതും സിന്ധു എന്ന റൂം മെയ്റ്റിന്റെ ഈ ഇടപെടലായിരുന്നു. സിന്ധുവിന്റെ ഉപദേശ പ്രകാരം ദേവിക ആ ബന്ധം വേണ്ടെന്നു വച്ചു. കരച്ചി ലൊതുക്കാന്‍ പാടു പെട്ട് ഡോക്ടര്‍ അഹമ്മദ് സാദത്ത് കൂട്ടുകാരന്റെ ബൈക്കിനു പുറകിലിരുന്നു യാത്രയാകുമ്പോള്‍ സാക്ഷികളായി ഞാനും സിന്ധുവും നിറ കണ്ണുകളോടെ ദേവികയും ഉണ്ടായിരുന്നു. രണ്ടു വര്ഷത്തെ പഠനം കഴിഞ്ഞാല്‍ സ്വന്തം പേരിനു മുന്നില്‍ ഡോക്ടര്‍ എന്ന് ചേര്ത്ത് അഭിമാനത്തോടെ പറയാന്‍ കഴിയുമായിരുന്ന അഹമ്മദ് സാദത്തിനെ ദേവിക മറക്കാന്‍ തയ്യാറായി എന്നത് എനിക്കു ഇന്നും ഞെട്ടലോടെ മാത്രമെ ചിന്തിക്കാന്‍ പറ്റൂ. അത്ര മാത്രം സിന്ധു എന്ന കൂട്ടുകാരി ദേവികയെ സ്വാധീനിച്ചിരുന്നു. അനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടേയും പേരില്‍ വല്ലാത്ത ഒരു പശ്ചാത്തലം ദേവികയില്‍ സിന്ധു ഉണ്ടാക്കി യെടുത്തിരുന്നു. അത് സിന്ധുവിനോടുള്ള ഭയവും ബഹുമാനവും എന്റെയും വര്‍ദ്ധിപ്പിച്ചു. ഈ സംഭവത്തിനു ശേഷമുള്ള ഒരു അവധി ക്കാലത്താണ് ദേവിക എനിക്കു കത്തയച്ചിട്ടുള്ളത്. പടിയിറങ്ങിയ ഡോക്ടര്‍ അഹമ്മദ് സാദത്ത് ദേവികയുടെ മനസ്സില്‍ ഇല്ലെന്നു കാണിക്കാനും കൂടിയുള്ളതാണ് ഈ കത്ത്. ആ കത്താണ് ഒരു തിരിച്ചറിയല്‍ പരേഡിന്റെ രൂപത്തില്‍ മുന്നിലെത്തിയത്.
 
ഓട്ടോറിക്ഷ മെഡിക്കല്‍ കോളേജിലെ ഒരു മൂലയില്‍ കിതച്ചു നിന്നു. പുതിയ അതിഥി ആക്സിഡന്റ് കേസാണോ അതോ വെട്ടും കുത്തുമാണോ എന്നറിയാന്‍ ആശുപത്രി പരിസര ത്തുള്ളവര്‍ ഓട്ടോറിക്ഷ യിലേക്കു എത്തി നോക്കി. ഒരു പോലീസു കാരനൊപ്പം അവിടെ യിറങ്ങിയ എന്നെ കണ്ട് ചിലരെങ്കിലും കരുതീട്ടുണ്ടാവും ഇതു അതിലും വലിയ എന്തോ ഒന്നാണെന്ന്. മരുന്നുകളുടെ മണം നിറഞ്ഞു നില്ക്കുന്ന വരാന്തകളിലൂടെ പോലീസു കാരനൊപ്പം നടന്നു ചെന്ന് ആ യുവാവിന്റെ ബെഡ്ഡിന ടുത്തെത്തി. പച്ച റെക്സിന് കൊണ്ടുള്ള ബെഡ്ഡില്‍ കിടക്കുന്ന ആളെ ഒറ്റ നോട്ടത്തില്‍ തന്നെ പിടി കിട്ടി. ക്ലാസ്സില്‍ മൂന്നാമത്തെ ബഞ്ചില്‍ ഇരുന്നിരുന്ന രാജേഷ്. കുറ്റി ത്തലമുടിയും വെട്ടി യൊതുക്കാന്‍ മറക്കുന്ന താടിയും മീശയും ഉള്ള രാജേഷിനെ ഞാന്‍ എങ്ങനെ മറക്കാന്‍. അവധി ദിവസങ്ങളില്‍ വാര്പ്പു പണിക്കും,കരിങ്കല്‍ പണിക്കും പോയി കുടുംബം നോക്കാന്‍ ഉത്സാഹം കാണിച്ചിരുന്ന രാജേഷിനെ പഠിച്ചിരു ന്നപ്പോള്‍ ഞങ്ങള്‍ പലപ്പോഴും സഹായിച്ചിട്ടുണ്ട്. രാജേഷിനെ കുറിച്ചുള്ള പോലീസു കാരുടെ ചോദ്യങ്ങള്ക്ക് യാന്ത്രികമായി ഉത്തരം പറയുമ്പോഴും മനസ്സ് എന്നോട് ചോദിക്കു ന്നുണ്ടായിരുന്നു. ദേവിക എഴുതിയ കത്തുമായി ഇത്രയും കാലം ഇവന്‍ എന്തു ചെയ്യുകയായിരുന്നു..???
 
അവന്റെ കൈത്തണ്ട യിലേക്കു മാത്രമായി ഒറ്റി വീണു കൊണ്ടിരുന്ന ഗ്ലൂക്കോസ് തീരാറായിരിക്കുന്നു.
 
ഒരു ഞരക്കം...
 
കണ്ണുകള്‍ തുറക്കാനുള്ള ഒരു ശ്രമം..?
 
രാജേഷ്... ഞാന്‍ വിളിച്ചു നോക്കി.
 
ഏറെ പ്രയാസപ്പെട്ട് കണ്ണുകള്‍ തുറന്നു.
 
എടാ... ഇതു ഞാനാണ്. നിന്റെ യൊപ്പം പഠിച്ചിരുന്ന... ഞാന്‍ പേരു പറഞ്ഞു.
 
അവന് എന്നെ മനസ്സിലായെന്നു തോന്നുന്നു. എന്തോ പരതി ക്കൊണ്ട് വലതു കൈ അവന്റെ ഷര്ട്ടിന്റെ പോക്കറ്റിലേക്കു കൊണ്ടു പോയി.
 
ഞാന്‍ എന്റെ കയ്യിലു ണ്ടായിരുന്ന ദേവികയുടെ എഴുത്ത് കാണിച്ചു. അതിനു വേണ്ടി അവന്‍ കൈ നീട്ടി. അടുത്തു നിന്നിരുന്ന പോലീസുകാരന്‍ ആ കത്ത് കൊടുക്കേണ്ട എന്നും പറഞ്ഞ് എന്റെ പക്കല്‍ നിന്നും വാങ്ങി വച്ചു. ഇനിയിപ്പോള്‍ ഈ കേസ് എങ്ങനെ യെങ്കിലും ഒന്നൊതുക്കി ത്തീര്ക്കണം. അറിയാവുന്ന രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് പോലീസ് ഇടപെടല്‍ അവസാനിപ്പിച്ച് തല്ക്കാലം രാജേഷിനെ അവിടെ അഡ്മിറ്റ് ചെയ്തു. അല്പ സമയത്തിനു ശേഷം രാജേഷിന്റെ അമ്മയും ആശുപത്രിയില്‍ എത്തി ച്ചേര്ന്നു. മകനെ കാണാന്‍ പരിഭ്രമത്തോടെ ഓടി വന്ന അവരെ ആശ്വസിപ്പിച്ച് ഒരു ബഞ്ചില്‍ കൊണ്ടിരുത്തി. അപ്പോഴാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരു ദു:സ്വപ്നം പോലെ ആ അമ്മയെ വേട്ടയാടിയിരുന്ന മറ്റൊരു കഥ ഞാനറിയുന്നത്. അറിഞ്ഞോ അറിയാതെയോ ദേവികയായിരുന്നു അതിലെ നായിക.
 
പഠന കാലത്തെ ഏതോ മുഹൂര്ത്തത്തില്‍ രാജേഷിന്റെ മനസ്സില്‍ ദേവിക എന്ന സുന്ദരി കയറി ക്കൂടി. ഒന്നും മിണ്ടാതെ ഒളിച്ചു നിന്നും, അവളറിയാതെ അവള്ക്കൊപ്പം നടന്നും രാജേഷ് ആ പ്രണയം ആഘോഷിച്ചു. ദേവിക ചുരുട്ടി എറിയുന്ന പേപ്പറുകള്‍, ദേവിക ഉപയോഗിച്ച പേന ഇതെല്ലാം രാജേഷിന് അമൂല്യമായ വസ്തുക്കളായിരുന്നു. രണ്ടു വര്ഷത്തെ പ്രീഡിഗ്രി പഠനത്തിനു ശേഷവും പറിച്ചെറിയാന്‍ പറ്റാത്ത വിധത്തില്‍ രാജേഷിനെ ദേവികയുടെ ഓര്മ്മകള്‍ ചുറ്റി വരിഞ്ഞു. ക്യാമ്പസില്‍ വച്ച് എന്റെ കയ്യില്‍ നിന്നും വീണു കിട്ടിയ ആ എഴുത്ത് രാജേഷിനു ദേവികയുടെ നിറ സാന്നിദ്ധ്യമായി. ദേവിക എഴുതിയ ആ വരികളില്‍ അവന്‍ ദേവികയെ തന്നെ കാണുകയായിരുന്നു. രാജേഷിന്റെ പിന്നീടുള്ള യാത്രകള്‍ അവളെ തേടിയായിരുന്നു. കൂട്ടിനു നെഞ്ചോടു ചേര്ത്ത് ആ കത്തും. ദേവികയുടെ ഗ്രാമത്തില്‍, വീടിന്റെ പരിസരങ്ങളില്‍ അവളെ ഒരു നോക്കു കാണാന്‍, ഒന്നു സംസാരിക്കാന്‍, രാജേഷ് അലഞ്ഞു നടന്നു. ഒരു പെണ്കുട്ടിയുടെ പേരില്‍ മകനെ നഷ്ടപ്പെടും എന്ന ഘട്ടം വന്നെത്തിയപ്പോള്‍ ആ അമ്മയും ദേവികയെ തേടി ചെന്നു. സാമ്പത്തികമായി ഒരു തരത്തിലും ചേര്ക്കാന്‍ പറ്റാത്ത ബന്ധമാണ് അതെന്ന തിരിച്ചറിവ് അമ്മയെ പിന്നിലേക്കു വലിച്ചു. അമ്മ കരുതിയ പോലെ ദേവികക്കു കൂടി ഇഷ്ടമായിട്ടുള്ള ബന്ധമല്ല ഇതെന്നും അറിഞ്ഞപ്പോള്‍ അവര്ക്ക് രാജേഷിന്റെ പതനത്തിനു സാക്ഷ്യയാവാന്‍ മാത്രമെ സാധിക്കു മായിരുന്നുള്ളൂ. ഇങ്ങനെ യൊരു സംഭവം നടക്കുന്ന തറിയാതെ ദേവികയെ വീട്ടുകാര്‍ വിവാഹം കഴിച്ചയച്ചു. കേച്ചേരിയിലുള്ള ദേവികയുടെ ഭര്ത്താവിന്റെ വീടിനടുത്താണ് രാജേഷ് കയ്യിലെ ഞരമ്പ് അറുത്തു മരണത്തെ കാത്തു കിടന്നത്. ഒരു പക്ഷെ വലിയ ജീവിത ദുരന്തം തന്നെ ദേവികക്ക് ഉണ്ടാക്കാമായിരുന്ന ആ ആത്മഹത്യാ ശ്രമത്തില്‍ ഒരു നിയോഗം പോലെ ആ എഴുത്തും ഞാനും കഥാപാത്രമായി. സംസാരിക്കു ന്നതിനിടയില്‍ പലപ്പോഴും പൊട്ടി ക്കരഞ്ഞ ആ അമ്മയെ ആശ്വസിപ്പിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല.
 
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്ജ് ആയതിനു ശേഷം രാജേഷിനെ കുറിച്ച് ഞാനൊന്നും അറിഞ്ഞില്ല.
 
ദേവികയെ കുറിച്ചും പിന്നീട് ഞാന് ഒന്നും അന്വേഷിച്ചില്ല.
 
കളമശ്ശേരിയില്‍ മാസ്സ് കമ്മ്യൂണിക്കേഷന് പഠിക്കുന്ന സമയം, ആലുവ റെയില്‍ വേ സ്റ്റേഷനില്‍ വച്ചു ഞാന്‍ സിന്ധുവിനെ കണ്ടു. ഡോക്ടര്‍ അഹമ്മദ് സാദത്തും ദേവികയുമായുള്ള ബന്ധത്തെ ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞ് തട്ടിക്കളഞ്ഞ അതേ സിന്ധുവിനെ തന്നെ. സിന്ധുവിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. കൂടെ പക്ഷെ ഒരാളുണ്ട്, വീട്ടുകാരുടെ എതിര്പ്പുകള്‍ വക വക്കാതെ സിന്ധു വിവാഹം കഴിച്ച അന്യ മതസ്ഥനായ ഭര്ത്താവ് സ്റ്റീഫന് ജോര്ജ്ജ്. സ്റ്റീഫന്‍ ജോര്ജ്ജിനെ സിന്ധു പരിചയ പ്പെടുത്തി ത്തരുന്ന തിനിടയില്‍ വലിയൊരു കൂവലോടു കൂടി ചെന്നൈ ആലപ്പി എക്സ്പ്രസ്സ് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തി ച്ചേര്ന്നു.
 
(ഈ കഥയിലെ സ്ഥല നാമങ്ങളും കഥാപാത്ര ങ്ങളുടെ പേരുകളും യഥാര്ത്ഥമല്ല)
 
- റഫീക്ക് വടക്കാഞ്ചേരി
 
rafeek
 
ഇപ്പോള്‍ ദുബായ് ഏഷ്യാനെറ്റ് റേഡിയോയില്‍ സൌണ്ട് എഞ്ചിനീയറാണ് ലേഖകന്‍
ബ്ലോഗ് : www.radiorafeek.blogspot.com
ഇ മെയില്‍ വിലാസം : rafeeknm at gmail dot com
 
 

Labels:

3 അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

ഹ ഹ ഹ.....ചിരിക്കണൊ? കരയണൊ? ഏതായാലും ഞാന്‍ ചിരിക്കുന്നു. സൂപ്പര്‍ ക്ലൈമാക്സ്

22 June, 2009  

ബ്ലോഗ് വാ‍ായിച്ചു.. ഇപ്പോൾ ഇവിടെയൂം
ആശംസകൾ

എനീക്ക് ചിരിക്കാൻ എന്തായാലും തോന്നിയില്ല..എന്റെകുഴപ്പമാ‍ായിരിക്കൂം :(

26 June, 2009  

azeezfromprairies
rafeeq ,
interesting.
this is a cross section of human life lived by many ; and it is well narrated by you wihout losing its humour and seriousness.
life is nothing but a graveyard of dreams, after all, yeah.
keep on writing.
i shall read other writings later.

11 September, 2009  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്13 January 2009

സൂസന്‍ കഥ പറയുമ്പോള്‍ - ഭാഗം 2 - റഫീഖ് വടക്കാഞ്ചേരി

ഒരു ഇലക്ഷന്‍ കാലം. കെ. എസ്. യു. നേതാവാ‍യ "മിസ്റ്റര്‍ എക്സ്" ഞെട്ടിക്കുന്ന ഒരു ആവശ്യവുമായി എസ്. എഫ്. ഐ. പാളയത്തില്‍ വന്നു. മിസ്റ്റര്‍ എക്സിനും മറ്റു കുറച്ചു പേര്‍ക്കും അവരുടെ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് കെ. എസ്. യു. കോളേജ് ഇലക്ഷനു മത്സരിക്കാന്‍ സീറ്റ് കൊടുത്തില്ല. അതു കൊണ്ട് അവര്‍ ‍"സേവ് കെ. എസ്. യു." എന്ന പേരില്‍ റിബല്‍ പ്രവര്‍ത്തനം നടത്താന്‍ പോകുന്നു. യുദ്ധ കാലാടിസ്ഥാനത്തില്‍ ഒരു നോട്ടീസ് ഡ്രാഫ്റ്റ് ചെയ്തു കൊടുക്കണം. നോട്ടീസില്‍ ഇപ്പോഴുള്ള നേതൃ നിരയെ കണക്കിനു ചീത്ത വിളിച്ചു കൊണ്ടുള്ള വാചകങ്ങളായിരുന്നു ഏറെയും. ഒരു കമ്പ്യൂട്ടര്‍ പ്രിന്റ് എടുത്തു കൊടുത്താല്‍ ആ വര്‍ഷത്തെ ഇലക്ഷന്‍ ചിലപ്പോള്‍ ആകെ കലങ്ങും. എരുമപ്പെട്ടിയില്‍ നിന്നുള്ള ‍ഒരു ശിഹാബാണ് ചെയര്‍മാന്‍ ‍സ്ഥാനാര്‍ത്ഥി അവനെയാണ് ഏറെ ചീത്ത വിളിച്ചിരിക്കുന്നത്. ശത്രുവിന്റെ ശത്രു മിത്രം എന്ന സ്കീമില്‍ പ്പെടുത്തിയാണ് എക്സിന്റെ എസ്. എഫ്. ഐ. ക്യാമ്പിലേക്കുള്ള ഈ വരവ്.
എസ്.എഫ്.ഐ ഇലക്ഷന്‍ ചാര്‍ജ് ഉണ്ടായിരുന്ന ശിവ പ്രസാദിനോട് ഞാന്‍ കാര്യം പറഞ്ഞു. പക്ഷെ ശിവന്‍ ആ ആവശ്യം നിഷ്കരുണം തള്ളി ക്കളഞ്ഞു. അത്തരം മോശം കളികളിലൂടെ എസ്. എഫ്. ഐ. ക്ക് യൂണിയന്‍ പിടിച്ചെടുക്കേണ്ട കാര്യം ഇല്ല എന്നും, എക്സ് ഈ ആവശ്യത്തിനു വന്നത് വേറെ ആരും അറിയില്ലെന്നും ഉറപ്പ് കൊടുത്തു. എക്സ് പോയി ക്കഴിഞ്ഞപ്പോള്‍ ‍ഞാന്‍ പറഞ്ഞു. നമ്മള്‍ പ്രിന്റ് എടുത്തു കൊടുത്തില്ലെങ്കിലും, എക്സ് എവിടെ നിന്നെങ്കിലും പ്രിന്റ് എടുത്തു കൊണ്ട് വന്ന് ഈ നോട്ടീസ് കോളെജില്‍ വിതറും. അത്ര മാത്രം ദേഷ്യം ഉണ്ട് അവനു സീറ്റ് നിഷേധിച്ചതില്‍. ഉടനെ ഞങ്ങള്‍ ഒരു തീരുമാനത്തില്‍ ‍എത്തി. ഇന്നു രാത്രി ക്യാമ്പസില്‍ ഒന്നു പോയി നോക്കാം. "മിസ്റ്റര്‍ എക്സ്" കരിങ്കാലി പ്പണി ചെയ്തോ എന്നറിയാമല്ലോ.
രാത്രി ഏതാണ്ട് 12 മണിയോട് കൂടി വടക്കാഞ്ചേരിയില്‍ നിന്നും ഞാനും ശിവനും ബൈക്കെടുത്ത് കോളേജിനടുത്തു എത്തി. കുറച്ചു ദൂരെ ബൈക്ക് നിറുത്തി. അടുത്തെങ്ങും ആരും ഇല്ല എന്നു ഉറപ്പു വരുത്തിയ ശേഷം മതില്‍ ചാടി ഉള്ളില്‍ കടന്നു. എന്നോട് ലൈബ്രറിക്കു സമീപം നില്‍ക്കാന്‍ പറഞ്ഞ് വാച്ച്മാന്‍ ‍സോമേട്ടന്‍ ‍ഉറക്കമായോ എന്നു നോക്കാന്‍ ശിവന്‍ കാന്റീനിന്റെ അടുത്തു സോമേട്ടന്‍ താമസിക്കുന്ന മുറിക്കരികിലേക്ക് നീങ്ങി, ശിവന്‍ ഇരുട്ടിലേക്ക് മറഞ്ഞു. കോളേജ് കെട്ടിടത്തിലെ റ്റ്യൂബ് ലൈറ്റിന്റെ വെളിച്ചം മുറ്റത്തെ മരങ്ങള്‍ ക്കിടയില്‍ കാറ്റിനൊപ്പം ഒളിച്ചു കളിക്കുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെട്ടം ‍അകത്തേക്ക് കുറച്ചു പരന്നു വീഴുന്നുണ്ട്. വാച്ചില്‍‍ നോക്കിയപ്പോള്‍ ‍സമയം 1 മണി ആവാന്‍ പോകുന്നു. ലൈബ്രറിയുടെ അടുത്തു നിന്നു രണ്ട് മൂന്നു ചുവട് മുന്നിലേക്ക് വച്ചപ്പോള്‍ ഒരു ഐസ് ക്യൂബില്‍ ചവിട്ടിയ ഞെട്ടലോടെ കാല് ഞാന്‍ പിന്നിലേക്ക് വലിച്ചു. അവിടെ ആരോ നില്‍ക്കുന്നു.
സൂസന്‍.
കയ്യില്‍ ഒരു പുസ്തകവുമായി സൂസന്‍ ലൈബ്രറിക്ക് സമീപം നില്‍ക്കുന്നു.
തണുപ്പു അരിച്ചരിച്ച് കയറി എന്റെ തല മുഴുവന്‍ തരിച്ചു. എനിക്ക് ഒന്നനങ്ങാന്‍ പോലും പറ്റുന്നില്ല. ചുറ്റിലും ചെമ്പക ക്കാടുകള്‍ പൂത്തുലഞ്ഞ പോലെ . വര്‍ഷങ്ങളായി മനസ്സില്‍ ചേക്കേറിയ ഭീതി കൊണ്ടും, രാത്രി ഒരു മണി നേരത്തെ ആ സാഹചര്യം കൊണ്ടും സൂസന്റെ സാന്നിദ്ധ്യം ശക്തമായി ഞാന്‍ അറിഞ്ഞു. പേടിച്ച് വിറച്ചു പോയ ഞാന്‍ ഒരു കണക്കിന് ചുമരില്‍ പിടിച്ചു നിന്നു. എനിക്കുറക്കെ കരയണം എന്നുണ്ട്. ശബ്ദം തൊണ്ടയില്‍ കുടുങ്ങി...
ഞാന്‍ സൂസനേയും സൂസന്‍ എന്നേയും നോക്കി. സൂസന്‍ ഒന്നു ചിരിച്ച പോലെ തോന്നി...?
എനിക്ക് എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാവും മുമ്പ് സൂസന്‍ എന്റെ നേരെ കൈ നീട്ടി...
ഇനി സോമേട്ടനെ നോക്കാന്‍ പോയ ശിവന്‍ പറഞ്ഞത്.
ശിവന്‍ തിരിച്ചു വന്നു നോക്കുമ്പോള്‍ ‍ലൈബ്രറി വാതിലിനരികില്‍ ‍ഞാന്‍ വീണു കിടക്കുകയായിരുന്നു. ശിവന്‍ ആകെ പേടിച്ചു പോയി. എന്നെ കുലുക്കി വിളിച്ചാണത്രെ ഉണര്‍ത്തിയത്. ഒരു പക്ഷെ ആ ചുമരില്‍ ചാരി നിന്ന് ഞാന്‍ ഉറങ്ങിയിട്ടുണ്ടാവാം. അതൊരു സ്വപ്നമാവാം. സൂസനെ അങ്ങനെയാണ് കണ്ടത് എന്ന് കരുതാനാണ് എനിക്ക് ഇന്നും ഇഷ്ടം.
ഒരു കാര്യം ഉറപ്പാണ് വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ഇന്നും ഇതു വരെ ഞാന്‍ അറിയാത്ത ഒരു മഞ്ഞു കാലം പോലെ സൂസനെ കുറിച്ചുള്ള ഓര്‍മ്മകള്‍ കടന്നു വരുന്നു. ചെമ്പക ക്കാടുകള്‍ പൂത്തുലഞ്ഞ പോലെ ആ സാന്നിദ്ധ്യം ഞാന്‍ അറിയുന്നു. മരണത്തിലേക്ക് സ്വയം ഇറങ്ങും മുമ്പ് സൂസന്‍ ഒന്നു തിരിഞ്ഞു നോക്കിയി ട്ടുണ്ടായിരിക്കാം...
സാഹോദര്യത്തിന്റെ, സൌഹൃദത്തിന്റെ ഒരു പിന്‍വിളിക്കായി...
- റഫീക്ക് വടക്കാഞ്ചേരിഇപ്പോള്‍ ദുബായ് ഏഷ്യാനെറ്റ് റേഡിയോയില്‍ സൌണ്ട് എഞ്ചിനീയറാണ് ലേഖകന്‍
ബ്ലോഗ് : www.radiorafeek.blogspot.com
ഇ മെയില്‍ വിലാസം : rafeeknm at gmail dot comഭാഗം 1

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്09 November 2008

സൂസന്‍ കഥ പറയുമ്പോള്‍ - ഭാഗം 1 - റഫീഖ് വടക്കാഞ്ചേരി

ഗെയ്റ്റ് കടന്നാല്‍ ആദ്യം ചെന്നെത്തുക മെയിന്‍ ബ്ലോക്ക് എന്ന് എഴുതി വച്ചിട്ടുള്ള കോളെജ് കെട്ടിടത്തിലാണ്. ആ കെട്ടിടത്തില്‍ തന്നെയാണ് മഹാന്മാരുടെ ചിരിയും ചിന്തകളും പുസ്തക രൂപത്തില്‍ ചാഞ്ഞിരുന്ന് ഉറങ്ങുന്ന ലൈബ്രറി. ഈ ലൈബ്രറി യും കടന്ന് മുന്നോട്ട് നടന്നാല്‍ പ്രീഡിഗ്രി ക്ലാസ് റൂം. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ കോളേജ് ഓഫീസ്, ഒരു ചെറിയ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും ഉണ്ട് . കോളേജില്‍ വരുമ്പോഴെല്ലാം ലൈബ്രറിയുടെ മുന്നിലൂടെ വന്ന് വലത്തോട്ട് തിരിയാന്‍ തുടങ്ങുമ്പോഴാണ് ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മ എന്നെ ശക്തമായി പിടിച്ചു കുലുക്കാറ്. ആദ്യമെല്ലാം എനിക്കും അത്ഭുതം തോന്നിയിരുന്നു. ഈ പ്രത്യേക സ്ഥലം എത്തുമ്പോള്‍ മാത്രം എന്തിനാണ് ഞാന്‍ ആ പെണ്‍കുട്ടിയെ ഓര്‍ക്കുന്നത്..? അതും ഒന്നോ രണ്ടോ തവണ മാത്രം കണ്ടിട്ടുള്ള പരിചയമില്ലാത്ത ഒരു പെണ്‍കുട്ടിയെ...
ഇത്തിരി മുമ്പെ പെയ്തു തോര്‍ന്ന മഴ ബാക്കി നിര്‍ത്തിയ വെള്ള ത്തുള്ളികള്‍ ഒരു ചെറു ചില്ലയില്‍ നിന്നും ഓര്‍ക്കാപുറത്ത് ശരീരത്തില്‍ വീണു പൊള്ളുന്ന പോലെ ആയിരുന്നു ആ ഓര്‍മ്മകള്‍. കോളേജ് മാ‍ഗസിനില്‍ കഥ എഴുതി കൊടുക്കാന്‍ ഒരു അവസരം വന്നപ്പോള്‍, അച്ചടിച്ചു കാണാനുള്ള ആവേശത്തില്‍ ഒരു കഥയായി മനസ്സില്‍ ഓടി വന്നത് "സൂസന്‍ "എന്നു ഞാന്‍ പേരിട്ടു വിളിച്ച ആ പെണ്‍കുട്ടി ആയിരുന്നു.
"സൂസനു നേരെ തല കൊണ്ട് ഒരു ആംഗ്യം കാണിച്ച് ലാബിലെ അറ്റന്റര്‍ മുരളി സീതാലക്ഷ്മി ടീച്ചറോട് പറഞ്ഞു. "പൂച്ച ക്കണ്ണുള്ള ആ പെണ്‍കുട്ടിയെ ടീച്ചര്‍ ശ്രദ്ധിച്ചോ..? പൂച്ച ക്കണ്ണ് പെണ്‍കുട്ടികള്‍ക്ക് അത്ര നല്ലതല്ല". "മുരളിയോടാരാ പറഞ്ഞത് ആ കുട്ടിക്കു പൂച്ച ക്കണ്ണ് ആണെന്ന് ..? അത് നീല നിറത്തിലുള്ള കണ്ണാണ്. അപ്പോള്‍ പ്രശ്നം മാറിയില്ലേ" ടീച്ചര്‍ തമാശയോടെ ചിരിച്ചെങ്കിലും മുരളി പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിച്ചു. സൂസന്‍ ആത്മഹത്യ ചെയ്തു."
(കഥ: പകല്‍ ചിന്തകള്‍, വ്യാസ കോളേജ് മാഗസിന്‍).
മരണത്തിലേക്ക് നടന്നു പോയ സൂസന്‍ ഒരു ദിവസം ലാബില്‍ വരുന്നതും ഡിസെക്ഷന്‍ ടേബിളില്‍ ഒരു തവളയെ കീറുന്നതും, സൂസനുമായി ലാബിലെ അറ്റന്റര്‍ മുരളിയേട്ടന്‍ സംസാരിക്കു ന്നതുമായിരുന്നു അന്നത്തെ മാഗസിനിലെ കഥ. പാതി മുറിഞ്ഞു പോയ ഒരു നിലവിളി പോലെ സൂസന്റെ ഓര്‍മ്മകള്‍ ഇന്നും എന്നെ ചുറ്റി നില്‍ക്കുന്നു. ഞാനുമായിട്ട് ഒരിക്കലും സംസാരിക്കുക പോലും ചെയ്യാത്ത പെണ്‍കുട്ടീ. ഏതു സൌഹൃദമാണ് നീയെന്നില്‍ ബാക്കി വച്ചത്. ക്യാമ്പസില്‍ എത്തിയ പ്പൊഴെല്ലാം ലൈബ്രറി ക്കരികില്‍ നിന്നെ ഓര്‍മ്മിപ്പിക്കുന്ന അദൃശ്യമായ എന്തോ ഒന്ന് ഞാന്‍ അനുഭവിക്കാറുണ്ട്. തൊട്ടടുത്ത് പൂത്തുലഞ്ഞ ചെമ്പകം പോലെ സൂസന്റെ മുഖം തെളിഞ്ഞു വരും.
- റഫീക്ക് വടക്കാഞ്ചേരിഇപ്പോള്‍ ദുബായ് ഏഷ്യാനെറ്റ് റേഡിയോയില്‍ സൌണ്ട് എഞ്ചിനീയറാണ് ലേഖകന്‍
ബ്ലോഗ് : www.radiorafeek.blogspot.com
ഇ മെയില്‍ വിലാസം : rafeeknm at gmail dot comഭാഗം 2

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്29 October 2008

പ്രണയത്തിന് വില പതിനായിരം രൂപ - ഭാഗം 2 - റഫീക്ക് വടക്കാഞ്ചേരി


1999-2000
ഒരു മഴപ്പകല്‍.
ശക്തി പ്രാപിക്കാന്‍ തുടങ്ങിയ മഴയില്‍ നിന്നും രക്ഷപ്പെട്ട് തൃശ്ശൂര്‍ വടക്കേ ചിറ ബസ് സ്റ്റാന്റിലെ (വടക്കെ സ്റ്റാന്റ്) ബസ് ഷെല്‍റ്ററിലേക്ക് ഞാന്‍ ഓടി ക്കയറി. എന്നെ പ്പോലെ തന്നെ അഭയം തേടിയ കുറച്ചു പേര്‍ക്കിടയില്‍ ദാ നില്‍ക്കുന്നു മജ്നു. സ്വാഭാവികമായും ഒരാളെ ക്കൂടിയും എന്റെ കണ്ണുകള്‍ തിരഞ്ഞു. ഇല്ല തെറ്റിയില്ല, ഒട്ടൊരു ചമ്മലോടെ ലൈലയും ഉണ്ടായിരുന്നു. സാരിയുടുത്ത ലൈലയെയും കസവു മുണ്ടെടുത്തു ചുള്ളനായി നിന്ന മജ്നുവിനേയും കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു. അവരുടെ കല്ല്യാണം കഴിഞ്ഞെന്ന്. എന്നല്‍ മജ്നു ഉടനെ തിരുത്തി, കൌസ്തുഭം കല്ല്യാണ മണ്ഡപത്തില്‍ ഒരു ഫ്രന്റിന്റെ കല്ല്യാണത്തിനു വന്നതാണ് രണ്ടു പേരും. ഞാന്‍ ചോദിച്ചു, ഇനി എന്നാണ് നിങ്ങളുടെ? നാണത്തില്‍ പൊതിഞ്ഞ ഒരു പുഞ്ചിരി ലൈലയുടെ മുഖത്ത് ഉദിച്ചു. മജ്നു പറഞ്ഞു. ഇവളുടെ പി. ജി. കോഴ്സ് കഴിഞ്ഞാല്‍. അപ്പോഴെക്കും ഞാനും ഒന്നു സെറ്റില്‍ ആവും. ഞാനോര്‍ത്തു. ഭാഗ്യവാന്‍. പ്രീഡിഗ്രി കഴിഞ്ഞ് ആധാരമെഴുത്തില്‍ ശ്രദ്ധ കൊടുത്ത കാരണം അവനെപ്പോള്‍ വേണമെങ്കിലും സെറ്റിലാവാം, ലൈലയെ കല്ല്യാണം കഴിക്കാം. അതല്ല, വല്ല ഡിഗ്രിയോ മറ്റൊ പഠിക്കാന്‍ പോയിരുന്നെങ്കില്‍ ലൈലയെ വേറെ വല്ല "കാക്ക"യും കൊത്തി ക്കൊണ്ടു പോയേനെ. വിദ്യാഭ്യാസം കല്ല്യാണത്തിനും സെറ്റിലാവാനും വിലങ്ങു തടിയാണ്.
മഴ ശക്തി കുറഞ്ഞപ്പോള്‍ അവരോട് യാത്ര പറഞ്ഞ് ഞാന്‍ ബസ്സില്‍ കയറി. വടക്കാഞ്ചേരിക്കുള്ള ബസ്സ്, സ്റ്റാന്റ് വിടുമ്പോഴും എനിക്കു കാണാമായിരുന്നു പ്രണയം പൂത്ത ഭൂമിയിലെ നക്ഷത്രങ്ങളായി രണ്ടാത്മാക്കള്‍ ആ ബസ് ഷെല്‍റ്ററില്‍ കണ്‍ ചിമ്മുന്നത്.
2001-2003
കാല ചക്രം ഉരുണ്ടു. (അതിനു വേറെ എന്താ പണി, ചുമ്മാ ഉരുണ്ടാല്‍ മതിയല്ലോ)
വടക്കാഞ്ചേരി N.S.S BUILDING ല്‍ മൂന്നാം നിലയില്‍ ഒരു കമ്പ്യൂട്ടര്‍ സെന്റര്‍ തുറന്ന് ജീവിതത്തിലേക്ക് ഞാന്‍ സീരിയസ്സായി ENTER ചെയ്ത കാലം. ഈ സംരഭത്തില്‍ CLICK ആവണേ എന്ന പ്രാര്‍ത്ഥനയോടെ പരിശ്രമിക്കുന്ന കാലം.
മറ്റൊരു മഴപ്പകല്‍.
കമ്പ്യൂട്ടര്‍ സെന്ററിന്റെ ഗ്ലാസ്സ് ഡോറിന് പുറകിലായി പരിചയമുള്ള ഒരു മുഖം. അതെ, മജ്നു ആണല്ലോ അത്. ഞാന്‍ വേഗം അവന്റടുത്തേക്ക് ചെന്നു. പതിവു പോലെ പുറകില്‍ ലൈലയെ തിരഞ്ഞു. ഇല്ല കാണുന്നില്ല. ചിലപ്പോള്‍ ബില്‍ഡിംഗിന്റെ താഴെ നില്‍ക്കുകയാവും. ഇങ്ങനെ ചിന്തകള്‍ കാടു കയറുമ്പോള്‍ മജ്നു പറഞ്ഞു.
"ഒരു പ്രശ്നം ഉണ്ട്...“
ഞാന്‍ ഉറപ്പിച്ചു. ഇവന്‍ അവളെ അടിച്ചു മാറ്റി കൊണ്ടു വന്നിട്ടുണ്ടാവും. ഇന്ന് മിക്കവാറും എന്റെ വീട്ടില്‍ ഇവര്‍ക്ക് മണിയറ ഒരുക്കേണ്ടി വരും.
ഞാന്‍ ചോദിച്ചു "എന്താ പ്രശ്നം?"
ലൈലയുടെ കല്ല്യാണം ഉറപ്പിച്ചു. തൃശ്ശൂരുള്ള വേറൊരു പാര്‍ട്ടിയുമായിട്ട്.
അയ്യോ..!! ഞാനറിയാതെ ഒരു കുഞ്ഞു നിലവിളി പുറത്തു വന്നു. തളരാന്‍ പാടില്ല. മജ്നുവിനെ ആശ്വസിപ്പിക്കണം, ഞാ‍ന്‍ തീരുമാനിച്ചു.
"എന്നാല്‍ ഒരു കാര്യം ചെയ്യ്. നീയവളേയും കൊണ്ട് ഇങ്ങു വാ. നമുക്ക് രജിസ്ട്രര്‍ ചെയ്യാം. ഞാന്‍ ധൈര്യം പകര്‍ന്നു.
ങ്..ഹും. രജിസ്റ്റര്‍ മാര്യേജ്... ലൈലയുടെ കൂടെ സമ്മതത്തിലാണ് ഈ കല്ല്യാണം നടക്കാന്‍ പോകുന്നത്.
ഓഹോ! അപ്പോള്‍ അതാണ് പ്രശ്നം. വഞ്ചന. പെണ്ണു കൂറു മാറി. ഇവനെക്കാള്‍ നല്ലൊരു ഇട്ടിക്കണ്ടപ്പനെ കിട്ടിയപ്പോള്‍ ലൈല പെണ്ണിന്റെ സ്വഭാവം കാണിച്ചു.
എന്നാല്‍ പിന്നെ പോട്ടെടാ. അത്രേം ആത്മാര്‍ത്ഥത ഇല്ലാത്ത അവളേക്കാള്‍ നല്ല ബന്ധം നിനക്കു വേറെ കിട്ടില്ലേ? നിന്റെ ഭാഗ്യം, നീ രക്ഷപ്പെട്ടു, എന്നൊക്കെയുള്ള ആശ്വാസ വചനങ്ങള്‍ ഞാ‍ന്‍ ചൊരിഞ്ഞു.
അല്ല. അവള് പോയതൊന്നും അല്ല പ്രശ്നം. അവള്‍ക്ക് എന്നെ വേണ്ടെങ്കില്‍ വേണ്ട. എന്റെ പതിനായിരം രൂപ അവളുടെ കയ്യില്‍ ഉണ്ട്. അത് അവള്‍ തിരിച്ചു തരുന്നില്ല. എനിക്കാ കാശ് കിട്ടണം. കിട്ടിയേ പറ്റൂ.
മജ്നു ഇതു പറഞപ്പോള്‍ ഞാന്‍ ശരിക്കും അന്തം വിട്ടു. ഇത്രേം കാശ് നീ എന്തിനാണ് അവളെ ഏല്‍പ്പിച്ചത്? എന്തെങ്കിലും രേഖ ഉണ്ടോ? എന്നായി ഞാന്‍. മജ്നു പറഞ്ഞു: “ഭാവിയില്‍ ഒന്നിച്ചു ജീവിതം തുടങ്ങാന്‍ അവളെ ഏല്‍പ്പിച്ചതാണ് ഈ പണം. രേഖയൊന്നും ഇല്ല. വീട്ടുകാര്‍ സമ്മതിക്കാതെ വരുമ്പോള്‍ ഒളിച്ചോടാന്‍ തീരുമാനിച്ചാല്‍ ഈ പതിനായിരം രൂപ ഒരു സഹായം ആയിത്തീരും എന്നൊക്കെ കരുതി ലൈലയെ ഏല്‍പ്പിച്ചു. ആ കാശ് ആണ് ലൈല ഇപ്പോള്‍ മടക്കി ത്തരാതെ ഇരിക്കുന്നത്. ങ്..ഹും. ഞാന്‍ ആണാണെങ്കില്‍ അവളുടെ കയ്യില്‍ നിന്നും ഈ പണം ഞാന്‍ വാങ്ങും. ഇതു വരെ എന്റെ മുന്നിലുണ്ടായിരുന്ന "കാതലന്‍" മജ്നു പെട്ടന്ന് തന്നെ രോഷാകുലനായ "കാലന്‍" മജ്നുവായി മാറി. ബില്‍ഡിംഗിന്റെ താഴെ കിടക്കുന്ന ജീപ്പ് ചൂണ്ടി മജ്നു തുടര്‍ന്നു.
താഴെ ദാ... ജീപ്പു നില്‍ക്കുന്നത് കണ്ടോ. അതില്‍ മുഴുവന്‍ എന്റെ ആളുകള്‍ ആണ്. ഞാന്‍ നോക്കുമ്പോള്‍ ഒരു ജീപ്പും അതില്‍ മാഫിയാ ശശി, കനല്‍ക്കണ്ണന്‍, ഭീമന്‍ രഘു, അബു സലീം എന്നൊക്കെ വിളിക്കാവുന്ന കുറച്ചു പേരും. "ഞങ്ങളിപ്പോള്‍ ലൈലയെ കെട്ടാന്‍ പോകുന്ന അവനുണ്ടല്ലോ, അവന്റെ വീട്ടിലേക്ക് പോവുകയാണ്. അവിടെ പ്പോയി പറയാല്ലോ ഭാവി വധു വിന്റെ സ്വഭാവ ഗുണം. അവന്റെ കയ്യില്‍ നിന്നും വാങ്ങാം പതിനായിരം രൂപ. ഞാനതങ്ങു വാങ്ങുകേം ചെയ്യും."
ഞാന്‍ ആകെ വല്ലാത്ത അവസ്ഥയിലായി. എന്തൊക്കെ ആയാലും ഒരു പെണ്‍ കുട്ടിയുടെ ജീവിതമാണ് ഇവര്‍ തകര്‍ക്കാന്‍ പോകുന്നത്. അറിയാതെ ആണെങ്കിലും ഞാന്‍ ഇതിനിടയില്‍ പെട്ടു പോയി. എന്തിനാണാവൊ ഇപ്പോളിവര്‍ ഇങ്ങോട്ട് കയറി വന്നത്?
എനിക്കു ലൈലയെ പരിചയമുള്ളതു കൊണ്ട് ഒരു മദ്ധ്യസ്ഥ ശ്രമത്തിനാവുമോ?
ലൈല യുടെ ഒരു ബന്ധു ഈ കമ്പ്യൂട്ടര്‍ സെന്ററില്‍ പഠിക്കുന്നുണ്ടത്രെ. (ഞാന്‍ അപ്പോഴാണ് അങ്ങനെ ഒരു കാര്യം അറിയുന്നത്. അയാളെയും എന്നേയും ഒരുമിച്ചു നിര്‍ത്തിയുള്ള ഒരു അവസാന വട്ട മദ്ധ്യസ്ഥ ശ്രമത്തിനാണ് അവര്‍ ഇങ്ങോട്ട് കയറി വന്നിരിക്കുന്നത്. കാര്യങ്ങളുടെ പോക്ക് എന്റെ സ്റ്റുഡന്റ് കൂടിയായ ലൈലയുടെ ബന്ധുവിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. അയാ‍ള്‍ ഫോണ്‍ ചെയ്തു ലൈലയുടെ വീട്ടുകാരുമായി സംസാരിച്ചു. ആദ്യമൊക്കെ പൈസയുടെ കാര്യം അറിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും (സത്യത്തില്‍ വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.) സംഭവം വഷളാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ എന്നോട് മജ്നുവിനെയും കൂട്ടി ഷൊര്‍ണ്ണൂരുള്ള വീട്ടില്‍ എത്താന്‍ പറഞ്ഞു.
ജീപ്പില്‍ വന്ന മാഫിയാ ശശി, കനല്‍ കണ്ണന്‍, ഭീമന്‍ രഘു എന്നിവരെയെല്ലാം പറഞ്ഞയച്ച് ഞങ്ങള്‍ ബൈക്കില്‍ ഷൊര്‍ണ്ണൂരിലെ ലൈലയുടെ വീട്ടില്‍ എത്തി.
ഒരു ഇടത്തരം കുടുംബം. വാര്‍ദ്ധക്യ പരാധീനതകള്‍ ഉള്ള പിതാവ്. ഒരു സാധു മനുഷ്യന്‍. 4 പെണ്‍മക്കളില്‍ ഇളയവളാണ് ലൈല. വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് ചേച്ചിമാരുടെ ഭര്‍ത്താക്കന്മാരാണ്. അവരാണ് ഇതു വരെയും മജ്നുവിന്റെ കാശിന്റെ പ്രശ്നം കൈകാര്യം ചെയ്തത് . അവരാണ് കാര്യങ്ങള്‍ ഇത്രയും മോശമായ അവസ്ഥയില്‍ എത്തിച്ചതും.
എന്നെ ആ അന്തരീക്ഷം ശ്വാസം മുട്ടിച്ചു.
ഒരു ചേച്ചിയുടെ ഭര്‍ത്താവ് പതിനായിരം രൂപ എന്നെ ഏല്‍പ്പിച്ചു. മജ്നു ഗേറ്റിനു പുറത്ത് നില്‍ക്കുകയാണ്. ഞാന്‍ പതിനായിരം രൂപ എണ്ണി തിട്ടപ്പെടുത്തി, പുറത്തിറങ്ങി. അത്രയും നേരം നിന്നിട്ടും ലൈല ഒരിക്കല്‍ പോലും പുറത്തേക്ക് വന്നില്ല. മഴ പെയ്യാന്‍ തുടങ്ങി. പണം ഞാ‍ന്‍ മജ്നുവിന് നല്‍കി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് മഴയെ കാര്യമാക്കാതെ ഞങ്ങള്‍ തിരിച്ചു. ചെറുതുരുത്തി പാലത്തിന്റെ മുകളില്‍ എത്തിയപ്പോള്‍ മഴയും കൂടി വന്നു. ഭാരതപ്പുഴയിലെ വെള്ളത്തിനു കലക്ക വെള്ളത്തിന്റെ നിറം. നീരൊഴുക്കും കൂടീട്ടുണ്ട്. അതു വരെയും ഞാനും മജ്നുവും ഒന്നും സംസാരിച്ചില്ല. ഏതാണ്ട് പാലത്തിന്റെ പകുതി ദൂരം ആയപ്പോള്‍ ബൈക്ക് സ്ലോ ചെയ്യാന്‍ മജ്നു ആവശ്യപ്പെട്ടു. ഞാന്‍ സ്ലോ ചെയ്തു. തന്റെ കയ്യിലുള്ള പതിനായിരം രൂപയുടെ കെട്ട് ശക്തിയോടെ ഭാരതപ്പുഴയിലെ ഒഴുക്കിലേക്ക് മജ്നു വലിച്ചെറിഞ്ഞു. ഒരു ഞെട്ടലോടെ നോക്കി നില്‍ക്കാന്‍ മാത്രമെ എനിക്കു കഴിഞ്ഞുള്ളൂ. അല്പം മുമ്പു വരെ വല്ലാത്ത ഒരു വാശിയോടെ ഈ പണം വാങ്ങാന്‍ പുറപ്പെട്ടു വന്നിട്ട് ഇപ്പോള്‍ കടലാസ് വില പോലും കല്‍പ്പിക്കാതെ പുഴയിലേക്ക് ആ പണം വലിച്ചെറി ഞ്ഞിരിക്കുന്നു. ഞാന്‍ മജ്നുവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
മഴ തകര്‍ത്തു പെയ്യുകയാണ്.
മഴ വെള്ളം മുഖത്ത് പടര്‍ന്നി റങ്ങിയതു കൊണ്ടാ‍വാം അവന്റെ കണ്ണില്‍ നിന്നും ഒഴുകിയ കണ്ണു നീര്‍ എനിക്കു കാണാന്‍ കഴിയാഞ്ഞത്.
- റഫീക്ക് വടക്കാഞ്ചേരിഇപ്പോള്‍ ദുബായ് ഏഷ്യാനെറ്റ് റേഡിയോയില്‍ സൌണ്ട് എഞ്ചിനീയറാണ് ലേഖകന്‍
ബ്ലോഗ് : www.radiorafeek.blogspot.com
ഇ മെയില്‍ വിലാസം : rafeeknm at gmail dot com

ഭാഗം 1

Labels:

2 അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

നിങ്ങള്‍ ഒരു നല്ല തിരക്കഥാകൃത്താണ്. ഒരു ദിലീ‍പ് സിനിമയുടെ സീന്‍ പോലെയുണ്ട്.

30 October, 2008  

ക്ലൈമാക്സ് ഒരു ജാതി അലക്കായിട്ടുണ്ട് ചുള്ളാ..

റ്റച്ചിങ്ങ്!!!!!

05 November, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്18 October 2008

പ്രണയത്തിന് വില പതിനായിരം രൂപ - ഭാഗം 1 - റഫീക്ക് വടക്കാഞ്ചേരി


1995-1998
"പ്രണയത്തിന്‍ മുല്ലേ...
കണ്ണിമ ചിമ്മാതെ ഞാനിരുന്നിട്ടും..
എപ്പോഴാണു നീ
ഞാനറിയാതെ പൂത്തത്..."
കോളേജിന്റെ മുന്നിലുള്ള വിജയേട്ടന്റെ ചായ ക്കടയില്‍ വച്ച് മജ്നുവിന്റെ കടലാസ് കെട്ടില്‍ നിന്നും ഈ നാലു വരി ക്കവിത കണ്ടെടുക്കുമ്പോള്‍ എനിക്ക് ഉറപ്പായിരുന്നു ഇത് എഴുതിയതു മജ്നു അല്ല എന്ന്. കുടുംബ പരമായി അവര്‍ എഴുത്തുകാരാണ്, പക്ഷെ അത് കഥയും കവിതയും എഴുതുന്ന തരം എഴുത്തല്ലെന്നു മാത്രം, ആ പാരമ്പര്യമനുസരിച്ച് മജ്നു എഴുതിയാല്‍ ഈ കവിത ഇങ്ങനെ ആവും. "189/1920 നമ്പരിലുള്ള ടി വസ്തുവില്‍ തെക്കു പുഴയും വടക്കു റോഡും അതിരു നിശ്ചയിച്ച ഒന്നരേക്കര്‍ ഭൂമിയില്‍, മേല്‍ വിശദമാക്കിയ ടി മുല്ല, കരാറുകാരന്‍ കണ്ണിമ ചിമ്മാതെ കാത്തിരുന്നിട്ടും ഒന്നാം കക്ഷിയുടെ അറിവോ സമ്മതമോ കൂടാതെ പൂത്തിരിക്കുന്നു."
അതെ ആധാരം എഴുത്ത്, പ്രമാണം എഴുത്ത്, ഇതൊക്കെയാണ് അവര്‍ പാരമ്പര്യമായി ചെയ്യുന്നത്. അതു കൊണ്ട് മജ്നു കവിത യെന്ന അബദ്ധം കാണിക്കാന്‍ വഴിയില്ല.
മജ്നു ഇപ്പോള്‍ കോളെജില്‍ പഠിക്കുന്നില്ല. ഡിഗ്രിക്ക് പ്രൈവറ്റായി ചേര്‍ന്നു. ഒപ്പം പിതാവിന്റെ എഴുത്തില്‍ അസിസ്റ്റന്റ് നിയമനവും ആയി. ഇടക്ക് പഴയ കൂട്ടുകാരെ സന്ദര്‍ശിക്കാനാണ് കോളെജിലെക്കുള്ള ഈ വരവ്. പക്ഷെ ഞങ്ങളെ കാണാനെന്ന പേരിലുള്ള ഈ വരവിന്റെ പിന്നില്‍ ഇതു വരെ റിലീസ് ചെയ്യാത്ത ഒരു പ്രണയം ഉണ്ടോ എന്ന സംശയം അവിടെ കൂട്ടുകാരില്‍ ചിലര്‍ ഉയര്‍ത്തിയിരുന്നു. എന്തായാലും നാലു വരി ക്കവിതയുടെ രൂപത്തില്‍ മജ്നുവിനെ കയ്യോടെ പൊക്കിയിരിക്കുന്നു.വിജയേട്ടന്റെ കടയിലെ ചായ തണുത്തു തുടങ്ങി. എന്തു പറയണം എന്നറിയാതെ മജ്നു എന്നെ തന്നെ നോക്കി ഇരിക്കുകയാണ്. ഞങ്ങള്‍ ചായ ക്കടയില്‍ നിന്നും ഇറങ്ങി നടന്നു. കോളേജിനു പുറത്ത് റോഡിലേക്ക് തണല്‍ വിരിച്ച മാവിന്റെ തണുപ്പില്‍ ഞാന്‍ ഇരിപ്പുറപ്പിച്ചു. മജ്നു റോഡില്‍ മലര്‍ന്നു കിടന്നു. ഞാനോര്‍ത്തു ഇവന്‍ ചെമ്മീന്‍ ഫെയിം പരീക്കുട്ടിക്കു പഠിക്കുകയാണോ എന്ന്. ഒരു ദയനീയമായ പ്രണയം അവന്റെ കണ്ണിലുണ്ട്. കണ്ണിമ ചിമ്മാതെ കാത്തിരുന്നിട്ടും അറിയാതെ പൂത്ത പ്രണയത്തിന്റെ മുല്ല.
ഞാന്‍ ആലോചിച്ചു നോക്കി. ആരാവും ആ നായിക?
ഉത്തരം കിട്ടാത്ത ചോദ്യം?
ആ നാലു വരി കവിത എഴുതിയ പേപ്പര്‍ ഞാനെടുത്ത് മഹാനായ ഷെര്‍ലക്ക് ഹോംസിനെ മനസ്സില്‍ ധ്യാനിച്ച് സൂക്ഷ്മമായി പരിശോധിച്ചു. റൂള്‍ പെന്‍സില്‍ കൊണ്ടാണ് കവിത എഴുതിയിരിക്കുന്നത്, മാത്രമല്ല എഴുതിയതിനു ചുറ്റിലുമായി ഒന്നു രണ്ട് പൂക്കളും ഇലകളും ഭംഗിക്കു വേണ്ടി വരച്ചു ചേര്‍ത്തിരിക്കുന്നു. ഒരു നോട്ട് ബുക്കില്‍ നിന്നും ധൃതി പിടിച്ചു കീറിയെടുത്ത പോലെ ഉള്ള ഒരു പേജ് ആണ് അത്. എഴുതാന്‍ ഉപയോഗിച്ച റൂള്‍ പെന്‍സിലിനും പ്രത്യേകത ഉണ്ട്. HB2 സീരീസില്‍ വരുന്ന തരം പെന്‍സിലാണ് അത്. സാധാരണ സയന്‍സ് പഠിക്കുന്ന കുട്ടികളാണ് റെക്കോര്‍ഡ് വരക്കുന്നതിനു ഈ പെന്‍സില്‍ ഉപയോഗിക്കുക. ഒന്നു കൂടി സൂക്ഷ്മമായി പറഞ്ഞാല്‍ ബോട്ടണി, സുവോളജി വിദ്യാര്‍ത്ഥികള്‍. സുവോളജി മെയിന്‍ അക്കാലത്ത് കോളെജില്‍ ഇല്ല. പിന്നെ ബോട്ടണി. യെസ്. ഇത് ബോട്ടണിയിലെ ആരോ കൊടുത്തതാണ്. കവിതക്കൊപ്പം വരച്ചു ചേര്‍ത്ത ഇലകള്‍ കണ്ടാലറിയാം സ്ഥിരമായി പച്ചിലകള്‍ വരക്കുന്ന ആരോ ആണ് ഈ കക്ഷി എന്ന്. ശ്ശെടാ... അതാരാണ് ബോട്ടണിയില്‍ നിന്നും, ഈ അന്തം കുന്തം ഇല്ലാത്ത മജ്നുവിന് ഇത്രയും മനോഹരമായ പ്രണയം സമ്മാനിച്ചത്. മനസ്സില്‍ പല മുഖങ്ങളും തെളിഞ്ഞു. അവസാനം ഒരാളില്‍ ചെന്നു നിന്നു.
ലൈല! മഴവില്ലിന്റെ നിറങ്ങള്‍ കടം കൊണ്ട ദുപ്പട്ടയണിഞു ക്യാമ്പസില്‍ എത്താ‍റുള്ള സുന്ദരി ക്കുട്ടി.
അതെ. അത് മറ്റാരും ആവില്ല. ലൈല തന്നെ. ഞാനുറപ്പിച്ചു.
മജ്നൂ... ഞാന്‍ വിളിച്ചു. അവന്‍ കിടന്ന കിടപ്പില്‍ തന്നെ എന്നെ നോക്കി.
"സത്യം പറയണം. ലൈല അല്ലെ നിന്റെ പ്രണയത്തിന്റെ മുല്ല"? മജ്നു വിശ്വാസം വരാതെ ചാടിയെഴുന്നേറ്റു. ഞാന്‍ അതെങ്ങിനെ മനസ്സിലാക്കി എന്നറിയാതെ അവന്‍ വാ പൊളിച്ചിരുന്നു. ക്യാമ്പസിലെ എന്റെയും നല്ല സുഹൃത്താണ് ലൈല. അതു കൊണ്ട് ആ നിമിഷം മുതല്‍ അവരുടെ പ്രണയത്തിന്റെ മൂക സാക്ഷിയായി ഞാന്‍ മാറി. ആശംസകള്‍ നേര്‍ന്ന് ഞാന്‍ പിരിഞ്ഞു. വര്‍ഷാവസാനം ഒരു ഡാം തുറന്നു വിട്ട പോലെ കോളെജിലെ കൂട്ടുകാരെല്ലാവരും ജീവിതത്തിലേക്ക് ഒഴുകി പ്പോയി. പുതിയ തലമുറ ക്യാമ്പസിന്റെ സജീവതയിലേക്ക് പെയ്തിറങ്ങി...
- റഫീക്ക് വടക്കാഞ്ചേരിഇപ്പോള്‍ ദുബായ് ഏഷ്യാനെറ്റ് റേഡിയോയില്‍ സൌണ്ട് എഞ്ചിനീയറാണ് ലേഖകന്‍
ബ്ലോഗ് : www.radiorafeek.blogspot.com
ഇ മെയില്‍ വിലാസം : rafeeknm at gmail dot com


അടുത്ത ഭാഗം

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്11 October 2008

N.S.S ക്യാമ്പിലെ തെഹല്‍ക്ക ഓപ്പറേഷന്‍ - റഫീക്ക് വടക്കാഞ്ചേരി

ഈ സംഭവം നടക്കുമ്പോള്‍ എന്നെ കൂടാതെ മറ്റു മൂന്നു പേരും കൂടി ഉണ്ടായിരുന്നു അവിടെ. അപ്പോള്‍ ഒരു ഗൂഡാലോചനയ്ക്ക് കളം ഒരുങ്ങുക യായിരുന്നു. വളരെ ചിന്തിച്ചു ഒരു "ഓപ്പറേഷന്‍ ഹൈഡ്" അഥവാ ഒരു ഒളിച്ചു കളി ഓപ്പറേഷന്‍.

ഒന്നാമന്‍: ഇന്നു വൈകുന്നേരം 6 മണി ആകുമ്പോള്‍ കുട്ടികളെല്ലാം ഈ വരാന്തയില്‍ എത്തും. അപ്പോള്‍ പതിവു പോലെ (രണ്ടാമനെ ചൂണ്ടി) നീ കുശലം ചോദിക്കണം.
രണ്ടാമന്‍: ടാ... ആ‍ര്‍ക്കും സംശയം ഉണ്ടാവാതെ നോക്കണം.
ഒന്നാമന്‍: സംശയം ഉണ്ടാവാന്‍ നിന്റെ മുഖത്തേക്ക് നോക്കിയാല്‍ മതി. ഇപ്പോള്‍ തന്നെ അറിയാന്‍ പറ്റും ഇന്ന് 6 മണിക്ക് എന്തോ കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ട് എന്നു.
മൂന്നാമന്‍: അപ്പോ നമ്മള്‍ പ്ലാന്‍ ചെയ്തപോലെ സാറ് ആ നേരത്ത് ഫ്രീ ആയിരിക്കുമോ.
ഒന്നാമന്‍: അതൊക്കെ ഞാന്‍ പറഞ്ഞു ശരിയാക്കിയിട്ടുണ്ട്.നിങ്ങള് ഒപ്പം നിന്നാല്‍ മതി.
രംഗം 1:
പകല്‍
വടക്കാഞ്ചേരിയില്‍ നിന്നും അത്രയൊന്നും അകലെ അല്ലാതെ സ്ഥിതി ചെയ്യുന്ന ഗ്രാമം "ആര്യമ്പാടം". മഞ്ഞു വീഴുന്ന ഒരു ഡിസംബര്‍ മാസം. നക്ഷത്രങ്ങള്‍ ഭൂമിയില്‍ തെളിയുന്ന ഡിസംബര്‍ മാസം. കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്കീം (N.S.S.) പത്ത് ദിവസത്തെ ക്യാമ്പ് നടത്തുന്ന ഡിസംബര്‍ മാസം. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗ മുണ്ടെങ്കില്‍ അതു ഇവിടെ ആണ്, ഇവിടെ ആണ് എന്നു ഓരോ വിദ്യാര്‍ത്ഥിയും പറഞ്ഞു പോകും. അത്ര മാത്രം ഹ്ര്യദ്യം ആണ് ഈ ക്യാമ്പിലെ സൌഹൃദം. ഈ ക്യാമ്പ്, ജീവിതത്തെ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു. അങ്ങനെ യുള്ള ക്യാമ്പിലെ ഒരു പകല്‍ നേരം, എന്നെ സാക്ഷിയാക്കി ആര്യമ്പാടം സ്കൂളിലെ ഒരു ക്ലാസ്സ് മുറിയില്‍ വച്ചാണ് ഈ ഗൂഡാലോചന നടക്കുന്നത്.
സംഗതി നിസ്സാരം
പ്രോഗ്രാം ഓഫീസറായ (പ്രോഗ്രാം ഓഫീസര്‍ ആണ് 10 ദിവസത്തെ ക്യാമ്പിന്റെ എല്ലാം എല്ലാം. Law and order കാര്യത്തില്‍ അദ്ദേഹം പ്രിന്‍സിപ്പാളിനു തുല്യന്‍ ആണ്.) ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന് ക്യാമ്പിനെ കുറിച്ചുള്ള കുട്ടികളുടെ തുറന്ന അഭിപ്രായങ്ങള്‍ ലൈവായിട്ടു അറിയണം. അദ്ദേഹം അത്ര മാത്രം ആത്മാര്‍ത്ഥമായി ഈ ക്യാമ്പില്‍ ഇടപെടുന്നുണ്ട്, ക്യാമ്പിനെ സ്നേഹിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഇഷ്ടം നടപ്പാക്കാന്‍ മൂവര്‍ സംഘം ഈ ജോലി ഏറ്റെടുത്തു.
ആണ്‍കുട്ടികള്‍ സ്ക്കൂളില്‍ തന്നെയാണ് താമസിക്കുന്നത്. പെണ്‍കുട്ടികള്‍ ഒരു അദ്ധ്യാപികയുടെ മേല്‍ നോട്ടത്തില്‍ സ്കൂളിനു പുറത്തെ ഒരു വീട്ടില്‍ ആണ് താമസിക്കുന്നത്. സാറിനെ മുന്നില്‍ നിറുത്തി അഭിപ്രായം ചോദിച്ചാല്‍ ആരെങ്കിലും പറയുമോ ഉള്ളു തുറന്നൊ രഭിപ്രായം. ക്യാമ്പ് തുടങ്ങുന്നതിന്റെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുന്‍പാണ് കോളേജില്‍ യൂത്ത് ഫെസ്റ്റിവല്‍ 3 സ്റ്റേജുകളിലായി നടന്നത്. ബിനു. സി. ആര്‍. എന്ന വിദ്യാര്‍ത്ഥി വരച്ച മനോഹരങ്ങളായ ചിത്രങ്ങള്‍ ഓരോ സ്റ്റേജിനു മുന്നിലും വച്ചു. സ്റ്റേജുകള്‍ക്ക് പേരു കൊടുത്തിരുന്നു. രാഗം, താനം, പല്ലവി, എന്നിങ്ങനെ. യൂത്തു ഫെസ്റ്റിവല്‍ കഴിഞ്ഞപ്പൊള്‍ ആ ചിത്രങ്ങളും പേരുകളും ഇളക്കി കൊണ്ടു വന്ന് ക്യാമ്പ് നടക്കുന്നിടത്തെ 2 കക്കൂസ് കള്‍ക്ക് രാഗം, താനം എന്ന് പേരിട്ടു വിളിച്ച ഭാവനാ സമ്പന്നരാണ് ക്യാമ്പംഗങ്ങള്‍. ഈ ജഗജില്ലി കള്‍ക്കിടയില്‍ ആണ് മൂവര്‍ സംഘം "ഒളി ക്യാമറാ ലൈവ് ഷൊ"പദ്ധതി ഇട്ടിരിക്കുന്നത്.
പദ്ധതി പ്രകാരം ക്ലാസ് മുറികളിലെ കൂട്ടിയി ട്ടിരിക്കുന്ന ബഞ്ചുകളി ലൊന്നില്‍ സാറ് മൂടി പ്പുതച്ചു കിടക്കും. വരാന്തയിലൂടെ നടന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ മൂവര്‍ സംഘത്തിന്റെ ചിലന്തി വലയില്‍ കുടുങ്ങും. മൂവര്‍ സംഘ ചേട്ടന്‍മാരുടെ കുശലാ ന്വേഷണങ്ങള്‍ക്ക് മറുപടി പറയുന്നു. ചേട്ടന്മാരുടെ ചോദ്യങ്ങള്‍ ക്യാമ്പിലെ പ്രണയം, പ്രതികാരം, രാഷ്ട്രീയം, ഭക്ഷണം എന്നിങ്ങനെ വിവിധ മേഖലകള്‍ സ്പര്‍ശിക്കും. മൂടി പ്പുതച്ചു കിടക്കുന്ന ചതി അറിയാതെ പാവങ്ങള്‍ ഉള്ളു തുറക്കും. സാറിനെല്ലാം ലൈവായി കേള്‍ക്കാം. നേരോടെ... നിര്‍ഭയം... താല്‍ക്കാലികം.
പക്ഷെ മൂവര്‍ സംഘം ഇതിനിടയില്‍ കൂടി ഒരു രാഷ്ട്രീയ കൊടും ചതി നടപ്പാക്കിയിരുന്നു. ക്യാമ്പിലെ ബെസ്റ്റ് പെര്‍ഫോ മന്‍സിന്റെ അടിസ്ഥാനത്തില്‍ ഒരു അംഗത്തിനെ N.S.S സെക്രട്ടറിയായി തെരഞ്ഞെടുക്കും. ഇതു വരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ക്ലീറ്റസ് എന്ന വിദ്യാര്‍ത്ഥിക്കാണ് സാദ്ധ്യത. ക്ലീറ്റസ് ആകട്ടെ മൂവര്‍ സംഘത്തിന്റെ എതിര്‍ രാഷ്ട്രീയ ചേരിയിലെ പ്രമുഖന്‍ .അതു കൊണ്ട് ക്ലീറ്റസിനെ ഈ വരാന്തയില്‍ നിര്‍ത്തി, മൂടി പ്പുതച്ചു കിടക്കുന്ന പ്രോഗ്രാം ഓഫീസര്‍ മുന്‍പാകെ ഇമേജ് സ്പോയില്‍ ചെയ്താല്‍ മൂവര്‍ സംഘത്തിന്റെ സ്വന്തം പാര്‍ട്ടിയിലെ ബാലന്‍ എന്ന വിദ്യാര്‍ത്ഥിയെ ആ സ്ഥാനത്തേക്ക് കൊണ്ടു വരാന്‍ സാധിക്കും. നാഷണല്‍ സര്‍വ്വീസ് സ്കീം സെക്രട്ടറി പദം സമര്‍ത്ഥമായി ഉപയോഗിച്ചാല്‍ കോളേജ് യൂണിയന്‍ ഭരണം പിടിച്ചെടുക്കാം എന്ന് ഊണിലും ഉറക്കത്തിലും രാഷ്ട്രീയം മാത്രം സ്വപ്നം കാണുന്ന മൂവര്‍ സംഘത്തിനു ഒരു അബദ്ധ ധാരണ ഉണ്ടായിരുന്നു.
ഞാന്‍ ഇത് അറിഞപ്പോള്‍ ഞെട്ടി പ്പോയി. ക്ലീറ്റസ് ഒരു തുറന്ന പുസ്തകം ആണ്. ഇവരെന്തു ചോദിച്ചാലും ചിലപ്പൊള്‍ ക്ലീറ്റസ് friendship ന്റെ പേരിലെന്തും പറയും. മൂവര്‍ സംഘം ചോദിക്കാന്‍ കരുതി വച്ചിരിക്കുന്ന ചോദ്യം തൊട്ടടുത്ത ദിവസം ക്യാമ്പില്‍ നടത്തുന്ന യോഗാ ക്ലാസിലെ ഇന്‍സ്ട്രക്റ്ററായ തരുണീ മണിയെ കുറിച്ചുമാണ്. എന്തും വേണമെങ്കിലും ക്ലീറ്റസ് പറയാം..
സാറിന്റെ രൂപത്തില്‍ മൂടി പ്പുതച്ചു കിടക്കുന്ന ദുരന്തം അറിയാതെ പല കുട്ടികളും പലതും പറഞ്ഞു... അങ്ങനെ വരാന്തയില്‍ ക്ലീറ്റസ് പ്രത്യക്ഷപ്പെട്ടു. മൂവര്‍ സംഘത്തിന്റെ ചുണ്ടുകളില്‍ കൊല ച്ചിരി പരന്നു. ഏതാനും സെക്കന്റുക ള്‍ക്കുള്ളില്‍ ക്ലീറ്റസ് വിചാരണ ചെയ്യപ്പെടാന്‍ പോകുന്നു. എന്റെ ഹാര്‍ട്ട് പെരുമ്പറ കൊട്ടി.
ചോദ്യങ്ങള്‍ തുടങ്ങി...
ഒന്നാമന്‍: "അല്ല ക്ലീറ്റസേ... നാളെ രാവിലെ യോഗാ ക്ലാസാണോ വച്ചിരിക്കുന്നത്?

ക്ലീറ്റസ്: അതെ. എന്തേ...?

ഒന്നാമന്‍: ഒന്നൂല്ല്യ. ഞാന്‍ രാവിലെ പോകും. എന്താ പ്രോഗ്രാം എന്നറിയാനാ ചോദിച്ചെ.

ക്ലീറ്റസ്: "അളിയാ പോകല്ലേ. ഒരു കിടിലന്‍ പെണ്ണുമ്പിള്ളയാ ഇന്‍സ്ട്രക്റ്ററായി വരുന്നത്. കിട്ടിയ ചാന്‍സ് കളയല്ലേ."
തുടക്കം തന്നെ ക്ലീറ്റസ് ഫോമായി.
അടുത്ത രണ്ടു മൂന്നു ഡയലോഗുകളില്‍ ക്ലീറ്റസ് ശ്ലീലാ ശ്ലീലത്തിന്റെ പുലി ക്കളി നടത്തും എന്നു എനിക്ക് മനസ്സിലായി. ഈ ചതി നടക്കാന്‍ പാടില്ല എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ച് ഈ പദ്ധതി പൊളിക്കാന്‍ തീരുമാനിച്ചു.
പക്ഷെ ദൈവം തിരക്കഥ മാറ്റി എഴുതി.
മൂവര്‍ സംഘത്തെയും എന്നെയും ഞെട്ടിച്ചു കൊണ്ട് അവിടെ മറ്റൊരു കഥാപാത്ര ത്തിന്റെ ക്രാഷ് ലാന്റിംഗ്. WITH DIALOGUE... "അളിയാ ഞാന്‍ കുന്നംകുളത്തു പഠിക്കുമ്പോള്‍ അവിടെ കോളെജില് ഈ യോഗാ ചരക്ക് വന്നിരുന്നു. എന്റമ്മോ. എന്തൊരു സീനായിരുന്നു..." ഞങ്ങള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ക്ലാ ക്ലാ ക്ലി ക്ലീ ക്ലു ക്ലൂ മുറ്റത്തദാ ബാലന്‍. യോഗാ ഇന്‍സ്ട്രക്റ്ററായ ആ സ്ത്രീയെ കുറിച്ച് ബാലനവിടെ ഇക്കിളി ക്കഥകളുടെ ഭാണ്ഡം കെട്ടഴിച്ചു. ഒന്നു കരയാന്‍ പോലും ആവാതെ മൂവര്‍ സംഘം തരിച്ചു നില്‍ക്കുകയാണ്. പേരില്‍ ബാലനാണെങ്കിലും ഇക്കാര്യത്തില്‍ ബാലനല്ല എന്ന് എല്ലാവരെയും മനസ്സിലാക്കും വിധത്തി ലായിരുന്നു ബാലന്റെ പെര്‍ഫോമന്‍സ്. മൂടി പ്പുതച്ചു കിടക്കുന്ന സാറിനെ ഞാന്‍ ഒളി കണ്ണിട്ടു നോക്കി. സാറ് ഒന്നു ദയനീയമായി ഒന്നു ഞെരുങ്ങിയോ...
തണുത്ത ഡിസംബര്‍ ആയിട്ടു കൂടി മൂവര്‍ സംഘം വിയര്‍ക്കു ന്നുണ്ടായിരുന്നു.
ബാക്കിപത്രം...
• ക്യാമ്പിനു ശേഷം ബാലന് പട്ടാളത്തില്‍ ജോലി കിട്ടി. പിന്നീട് ക്ലാസിനു വന്നിട്ടേ ഇല്ല.
• ചില സാങ്കേതിക കാരണങ്ങളാല്‍ യോഗാ ക്ലാസ് ഉണ്ടായില്ല.
• ക്ലീറ്റസ് മറ്റൊരു കേസില്‍ കോളെജില്‍ കുപ്രസിദ്ധനായി.
• മൂവര്‍ സംഘം ജീവിക്കാന്‍ വേണ്ട ,അദ്ധ്യാപകനായും, മാധ്യമ പ്രവര്‍ത്തകനായും, സര്‍ക്കാര്‍ ജീവനക്കാരനായും വേഷം കെട്ടി.
- റഫീക്ക് വടക്കാഞ്ചേരി

ഇപ്പോള്‍ ദുബായ് ഏഷ്യാനെറ്റ് റേഡിയോയില്‍ സൌണ്ട് എഞ്ചിനീയറാണ് ലേഖകന്‍
ബ്ലോഗ് : www.radiorafeek.blogspot.com
ഇ മെയില്‍ വിലാസം : rafeeknm at gmail dot com

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്30 September 2008

മാഗസിന്‍ എഡിറ്ററുടെ സെക്കന്‍ഡ് ലാംഗ്വേജ് - റഫീക്ക് വടക്കാഞ്ചേരി

മെയിന്‍ റോഡില്‍ നിന്നു നോക്കിയാല്‍ നിറഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ക്കി ടയിലാണോ കോളേജ്, അതോ കോളേജ് കെട്ടിടത്തിനു ചുറ്റും മരങ്ങള്‍ വട്ടത്തില്‍ നിരന്നു നില്‍ക്കുക യാണോ ഏന്ന സന്ദേഹം സ്വാഭാവികമായും ഉണ്ടാവും. കുട്ടികളേക്കാള്‍ കൂടുതല്‍ മരങ്ങള്‍ ഉള്ള ഈ ക്യാംപസ് പുണ്യം പകര്‍ന്ന നിരവധി വിദ്യാര്‍ത്ഥികളില്‍ ഒരാളായ എന്റെ കുറച്ചു ക്യാമ്പസ് ചിന്തകള്‍ ...
ഇരുളും വെളിച്ചവും പങ്കിട്ടെടുത്ത മെയിന്‍ ബ്ലോക്കിന്റെ വരാന്തയില്‍ കണ്ടു മുട്ടുന്നതും, ഇവിടെ പറയാന്‍ പോകുന്നതുമായ മുഖങ്ങള്‍ക്ക് യഥാര്‍ത്ഥ പേര് നല്‍കാന്‍ അല്പം വൈക്ലബ്ബ്യം ഉണ്ട് എങ്കിലും ചില സുഹ്രുത്തുക്കളുടെ പേരു പറഞ്ഞേ പറ്റൂ. മറ്റു കഥാപാത്രങ്ങള്‍ ആരൊക്കെ യാണെന്ന് ചിലര്‍ക്കു മനസ്സിലാവും. അവിടെ ഒരു മുന്‍കൂര്‍ ജാമ്യം... "ഈ കഥാ പാത്ര ങ്ങള്‍ക്ക് ജീവിച്ചിരിക്കു ന്നവരോ മരിച്ചവരോ ആയി..."
അതോരു ഇലക്ഷന്‍ കാലം..
ക്യാമ്പസിന്റെ ഓരോ മണല്‍ തരിയും രാഷ്ട്രീയ ചൂടില്‍ ഉരുകി മറിയുന്നു.
നീണ്ട 12-13 വര്‍ഷങ്ങള്‍ക്കു ശേഷം കോളേജ് യൂണിയന്‍ ഭരണം തിരിച്ചു പിടിക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍ എസ്. എഫ്. ഐ. കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. അതു വരെ അണിഞ്ഞിരുന്ന നീല ജീന്‍സിന്റെ അലസതയില്‍ നിന്നും മുക്തി നേടി കഞ്ഞി പിഴിഞ്ഞ ഖദറിന്റെ ദേശീയത യിലേക്ക് കെ. എസ്. യു. ക്കാര്‍ കൂടു മാറി, കോളേജ് യൂണിയന്‍ ഭരണം നഷ്ട പ്പെടാതിരിക്കാന്‍ കെ. എസ്. യു. മറു പക്ഷത്തും ആഞ്ഞു പിടിക്കുന്നു. ഗ്ലാമറിന്റെ കാര്യത്തില്‍ എസ്. എഫ്. ഐ. കുറച്ചു പുറകില്‍ ആയി പ്പോയി. സന്ദേശം എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ ശ്രീനിവാസന്റെ രൂപത്തോടു ഏറെ സാദ്രുശ്യം പുലര്‍ത്താന്‍ മത്സരി ച്ചിരുന്ന വരായിരുന്നു എസ്. എഫ്. ഐ. സ്ഥാനാര്‍ത്ഥി കളില്‍ ഏറെയും. (ഞാനും മത്സരിച്ചിരുന്നു.)
ശുഭ്ര പതാക പാറിക്കും എന്ന ഉറച്ച് തീരുമാനം നടപ്പാക്കാന്‍ എസ്. എഫ്. ഐ. സൈദ്ധാന്തിക തലത്തില്‍ ഒരു അജണ്ട നടപ്പാക്കി. സ്റ്റുഡന്റ് എഡിറ്റര്‍, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി എന്നീ സ്ഥാനത്തേക്ക് ചോക്ലേറ്റ് സഖാക്കളെ രംഗത്ത് അവതരിപ്പിച്ചു. അത്തരത്തില്‍ അവതരിപ്പി ക്കപ്പെട്ട സ്റ്റുഡന്റ് എഡിറ്റര്‍ സ്ഥാനാര്‍ത്ഥിയാണ് ഈ കഥയിലെ നായകന്‍. അദ്ദേഹത്തെ നമുക്കു തല്‍ക്കാലം ശശി എന്നു വിളിക്കാം.
എസ്. എഫ്. ഐ. യുടെ ശശി അശ്വമേധം ആരംഭിച്ചു. സ്ഥാനാര്‍ത്ഥി ക്കുപ്പായം അണിയിച്ചു ഒന്നാം വട്ട പര്യടനത്തിനു അഴിച്ചു വിട്ടു. പയ്യന്‍സ് കൊള്ളാം. തുടക്കം പാളിയില്ല. ശരിക്കും വോട്ട് ഇരന്നു തുടങ്ങി. വൈകുന്നേരം ഇലക്ഷന്‍ കമ്മറ്റി കൂടിയപ്പോള്‍ ശശിയുടെ റിപ്പോര്‍ട്ടിംഗ് ... "അത്യാവശ്യം വോട്ട് വീഴും, പക്ഷെ എതിര്‍ സ്ഥാനാര്‍ത്ഥി പ്രബലനാണ്. കെ. എസ്. യു. സ്റ്റുഡന്റ് എഡിറ്റര്‍ ആയി അവതരി പ്പിച്ചിരിക്കുന്നത് ക്രിക്കറ്റ് ടീം ക്യപ്റ്റന്‍ ജോണി ക്കുട്ടനെ ആണ്. സുമുഖന്‍, സുന്ദരന്‍, ക്ലീന്‍ ഷേവ്. എപ്പോഴും ഡെനിം ആഫ്റ്റര്‍ ഷേവിന്റെ സൌരഭ്യം പരത്തുന്ന കോമളന്‍, എങ്ങനെ കൂട്ടിയാലും കിഴിച്ചാലും മെലിഞ്ഞ ഉടലില്‍ തൂങ്ങി ആടുന്ന വെളുത്ത ഷര്‍ട്ടണിഞ്ഞ് കൈ മുട്ടു വരെ തെറുത്തു വക്കുന്ന ശശി യെക്കാള്‍ ഒരു പണ ത്തൂക്കം മുന്നിലാണ് ജോണി ക്കുട്ടന്‍. പോരാത്തതിന് ശശി ബി. കോം. ജോണി ക്കുട്ടന്‍ ഫിസിക്സ്. ജോണി ക്കുട്ടന്‍ എന്ന ന്യൂക്ലിയസിനു ചുറ്റും പെണ്‍ കുട്ടികളുടെ ഒരു ഓര്‍ബിറ്റ് രൂപപ്പെട്ടു വരുന്ന സീനുകള്‍ ശശി യുടെ സ്വപ്നത്തില്‍ നിത്യ സന്ദര്‍ശകരായി. 2000 വിദ്യാര്‍ത്ഥികളെ സാക്ഷി നിര്‍ത്തി ജോണി ക്കുട്ടന്‍ ശശി യുടെ മിഡില്‍ സ്റ്റമ്പ് നോക്കി ഫാസ്റ്റ് ബോള്‍ പറത്തുന്നതും ക്ലീന്‍ ബൌള്‍ഡ് ആകുന്നതും ശശി പിച്ചും പേയും പറയാന്‍ തുടങ്ങി. എന്തിനധികം ശശിയുടെ ആത്മ വിശ്വാസത്തിന്റെ ബാലന്‍സ് ഷീറ്റില്‍ വിള്ളലുകള്‍ വീഴ് ത്തി ജോണി ക്കുട്ടന്‍ കളിക്കളം നിറഞ്ഞാടി.
ശശി യുടെ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്നറിയാതെ LC, AC, DC തലത്തിലുള്ള സഖാക്കള്‍ ചിന്തയിലാണ്ടു. ആശയ പരമായ പ്രതിസന്ധി ...
അപ്പോഴാണു എസ്. എഫ്. ഐ. പാളയത്തില്‍ ഒരു കച്ചി ത്തുരുമ്പ് വീണു കിട്ടിയതു. കെ. എസ്. യു. സ്ഥാനാര്‍ത്ഥി ജോണി ക്കുട്ടന്‍ സെക്കന്റ്റ് ലാംഗ്വേജ് ആയി study ചെയ്യുന്നത് ഹിന്ദി ആണത്രെ. ഹിന്ദി. രണ്ടാം ഭാഷ ആയി പ്പോലും മലയാളം എടുക്കാത്ത ജോണി ക്കുട്ടി ആണോ സ്റ്റുഡന്റ് എഡിറ്റര്‍ ആകുന്നത് ..? മലയാളത്തിലുള്ള മാഗസിന്‍ ഇറക്കുന്നത്..? ശശി യുടെ ക്യാമ്പയിന്‍ വിംഗ് സട കുടഞ്ഞെഴുന്നേറ്റു. ജോണി ക്കുട്ടിക്കെതിരേ, അമ്മ മലയാളത്തെ തള്ളി പ്പറഞ്ഞ വര്‍ഗ്ഗ ശത്രുവിനെതിരെ എല്ലാ ക്ലാസുകളിലും എസ്. എഫ്. ഐ. ആഞ്ഞടിച്ചു. ആ ആരോപണങ്ങളുടെ യോര്‍ക്കറില്‍ ജോണി ക്കുട്ടി ഒന്നു തളര്‍ന്നു. ശശി യുടെ ചുണ്ടില്‍ പുഞ്ചിരി. ശശി പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയി. സെക്കന്റ്റ് ലാംഗ്വേജ് മലയാളം ആയില്ല എന്ന ഒറ്റ കാരണത്താല്‍ ഗ്ലാമര്‍ താരം ജോണി ക്കുട്ടി ഇലക്ഷനില്‍ ക്ലീന്‍ ബൌള്‍ഡ് ... ജോണി ക്കുട്ടി തോറ്റു.
ഇലക്ഷനു ശേഷം സത്യ പ്രതിജ്ഞാ ചടങ്ങും കഴിഞ്ഞ് ഞാനും എസ്. എഫ്. ഐ. യൂണിറ്റ് സെക്രട്ടറി ശിവനും, ചീഫ് സ്റ്റുഡന്റ് എഡിറ്റര്‍ ശശിയും കൂടി കാന്റീനില്‍ ഇരുന്നു ഓരോ കടും കാപ്പി ഓര്‍ഡര്‍ ചെയ്തു ഇരിക്കുമ്പൊള്‍ ശശി വളരെ രഹസ്യമായി ഒരു കാര്യം ഞങ്ങളെ അറിയിച്ചു.
കാര്യം നിസ്സാരം,
ശശിയുടെ സെക്കന്റ്റ് ലാംഗ്വേജും ഹിന്ദി ആണെന്ന്
- റഫീക്ക് വടക്കാഞ്ചേരി

ഇപ്പോള്‍ ദുബായ് ഏഷ്യാനെറ്റ് റേഡിയോയില്‍ സൌണ്ട് എഞ്ചിനീയറാണ് ലേഖകന്‍
ബ്ലോഗ് : www.radiorafeek.blogspot.com
ഇ മെയില്‍ വിലാസം : rafeeknm at gmail dot com

Labels:

2 അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

റഫീക്കേ നീ കോളേജില്‍ നുണ പറഞ്ഞുനടന്നതു ഞങ്ങള്‍ സഹിച്ചു.ഇവിടേയും തുടങ്ങിയാല്‍ യഥാര്‍ത്ഥവസ്തുതകള്‍ പുറത്തുവിടേണ്ടിവരും.പല സത്യങ്ങളും വിളിച്ചുകൂവേണ്ടിവരും.ആ കടുംകൈ നീ എന്നെക്കൊണ്ട് ചെയ്യിക്കുമോ?:)

പിന്നെ,നുണയാണെങ്കിലും നിന്റെ എഴുത്ത് വായിക്കാന്‍ രസമുണ്ട്.ചുമ്മാ തുടര്...എവിടെ വരെ പോകും എന്നു നോക്കട്ടെ.

ക്വൊട്ടേഷന് ആളെ വിടേണ്ട.എന്റെ അഡ്രസ്സ് മാറി.

02 October, 2008  

മാഗസിന്‍ എഡിറ്ററുടെ സെക്കന്‍ഡ് ലാംഗ്വേജ്, റഫീക്ക്
ഈ ഓർമ്മകൾ മനോഹരമായിരിക്കുന്നു

09 October, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്