25 May 2008

ഈച്ചയാര്‍ക്കുന്ന മുന്തിരിയുണ്ടെങ്കില്‍ ഒരു കിലോ...

കാശ്മീരം മുതല്‍ കാശ്മീരി ചില്ലി വരെയുള്ള മിക്കവാറും എല്ലായിനം മസാല, ധാന്യ, പരിപ്പു, പയര്‍ വര്‍ഗങ്ങളും വാങ്ങി വൃത്തിയാക്കി പൊടിച്ചോ പൊടിക്കാ‍തെയോ പാക്കറ്റുകളിലാക്കി ബ്രാന്‍ഡ് നെയിമൊട്ടിച്ച് കച്ചവടം നടത്തി ജീവിക്കുന്ന ഒരു പരിചയക്കാരനുണ്ടെനിക്ക്. ആ ചെറുപ്പക്കാരന് കഴിഞ്ഞ ദിവസം ഒരു സര്‍ദാര്‍ജിയുടെ ഫോണ്‍. സംഭവം ഭീഷണിയാണ്. ആ സര്‍ദാര്‍ജി എന്റെ പരിചയക്കാരന്റെ ബ്രാന്‍ഡ് വെള്ളപ്പയര്‍ ഒരു പാക്കറ്റ് വാങ്ങിയിരുന്നു. തുറന്നു നോക്കുമ്പോള്‍ നിറയെ പ്രാണികള്‍. സര്‍ദാര്‍ജിയുടെ ആവശ്യം വിചിത്രമായിരുന്നു. 'നഷ്ടപരിഹാരമായി' ഉടന്‍ 50,000 ലോക്കല്‍ കറന്‍സി അയാള്‍ക്ക് കൊടുക്കണം - അല്ലെങ്കില്‍ അയാള്‍ മുനിസിപ്പാലിറ്റിയില്‍ പരാതിപ്പെടും, പത്രങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിക്കും.

പയറില്‍ പ്രാ‍ണികളെ കണ്ടതറിഞ്ഞ് എന്റെ പരിചയക്കാരന്‍ കുലുങ്ങിയില്ല. കാരണം ഇത് ചിലപ്പോള്‍ സംഭവിക്കാറുള്ളതാണ്. അയാള്‍ പറഞ്ഞു "സര്‍ദാര്‍ജീ, ഞങ്ങള്‍ പരിപ്പും പയറുമൊന്നും പാക്കു ചെയ്യുമ്പോള്‍ കേടുകൂടാതിരിക്കാനും പ്രാണികളും പുഴുക്കളും വരാതിരിക്കാനും കെമിക്കത്സൊന്നും ചേര്‍ക്കാറില്ല. അത്തരം കെമിക്കലുകളും പുക കയറ്റലും നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഈ പ്രാണികള്‍ വന്നുവെന്നത് ഞങ്ങളുടെ പ്രൊഡക്റ്റിന്റെ ഉയര്‍ന്ന ഗുണനിലവാരത്തെയാണ് കാണിക്കുന്നത്. ഏതായാലും നമ്മളാരും പ്രാണികളെ ഭക്ഷിക്കാത്തതുകൊണ്ട് ഞങ്ങള്‍ നല്ലതു നോക്കി രണ്ടു പാക്കറ്റ് പയര്‍ നിങ്ങള്‍ക്കു തരാം". 50000 കാശ് പിടുങ്ങാനിരിക്കുന്ന സര്‍ദാര്‍ജിയുണ്ടോ ഇതുവല്ലതും കേള്‍ക്കുന്നു? "നിങ്ങളെ ഞാന്‍ അഴിയെണ്ണിക്കും" എന്നാക്രോശിച്ചുകൊണ്ട് സര്‍ദാര്‍ജി ഫോണ്‍ വെച്ചു.

ഭക്ഷ്യവസ്തുവില്‍ പുഴുക്കളേയും പ്രാണികളേയും കാണുന്നത് എവിടെയായാലും ചില്ലറക്കാര്യമല്ല. എന്തായാലും എന്റെ പരിചയക്കാരന്‍ കുലുങ്ങിയില്ല.കാരണം അയാള്‍ പറഞ്ഞത് സത്യമായിരുന്നു. ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതിരിക്കാന്‍ അവ പാക്ക് ചെയ്യും മുമ്പ് മാരകമായ കെമിക്കലുകള്‍ ചേര്‍ത്ത പുക കയറ്റലും ലായനി തളിക്കലും ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒരു കച്ചവടക്കാരനായിരുന്നു അയാള്‍.

എന്തായാലും സര്‍ദാര്‍ജി മുനിസിപ്പാലിറ്റിയില്‍ ചെന്ന് പരാതിപ്പെട്ടു. ഫാക്ടറി വന്ന് കണ്ടപ്പോള്‍ മുനിസിപ്പാലിറ്റിക്കാര്‍ക്ക് കാര്യം മനസ്സിലായി. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ സര്‍ദാര്‍ജി വിജയിച്ചു. പീയാര്‍ ഏജന്‍സികള്‍ കൊടുക്കുന്ന ബിസിനസ് വാര്‍ത്തകളും ഗവണ്മെന്റ് വക വികസന വാര്‍ത്തകളും മാത്രം കൊടുത്താല്‍പ്പോരല്ലൊ, ഇന്‍.വെസ്റ്റിഗേറ്റീവ് ജീര്‍ണലിസത്തിന്റെ മസാല വല്ലതും വേണ്ടേ - അതുകൊണ്ടുതന്നെയാവണം കേട്ടപാതി ഒരു പത്രം അതില്‍ കൊത്തി. മൂന്നാം പേജില്‍ ആണ്ടെ കെടക്കുന്നു കളര്‍ ഫോട്ടോ സഹിതം വാര്‍ത്ത. അല്‍പ്പം പൊളിഞ്ഞിരിക്കുന്ന പാക്കറ്റിന്റെ വായിലൂടെ പ്രാണികള്‍ അരിച്ചിറങ്ങുന്ന നാടകീയ ചിത്രം. ബ്രാന്‍ഡിനെ പേരു പറഞ്ഞ് അപമാനിച്ച്, സര്‍ദാര്‍ജിയുടെ കദനകഥ പ്രാണികളേയും ചേര്‍ത്ത് വിഴുങ്ങിക്കൊണ്ട് ആ പത്രം കത്തിക്കയറി. ഒടുവില്‍ എന്റെ പരിചയക്കാരന്‍ വിളിച്ച് വിശദീകരണം കൊടുത്തതോടെ അതും തേഞ്ഞുമാഞ്ഞു പോയി. [ബ്രാന്‍ഡിനിട്ട് കൊടുത്ത ഡാമേജ് ബാക്കി].

പ്രായം ചെന്നവരേയും ഗുരുനാഥന്മാരെയും കുഞ്ഞുങ്ങളേയും കാണാന്‍ പോകുമ്പോള്‍ വെറും കയ്യോടെ പോകരുതെന്നാണ് നീതിസാരം അനുശാസിക്കുന്നത്. ഇതറിഞ്ഞിട്ടൊന്നുമായിരിയ്ക്കില്ല, എന്നാലും വിരുന്നുപോകുമ്പോള്‍ മിക്കവാറും മലയാളികള്‍ കയ്യിലെന്തെങ്കിലും കരുതും. അതുകൊണ്ടാണ് ചെറുപട്ടണങ്ങളെ മുത്തുകള്‍ പോലെ കോര്‍ത്തുണ്ടാക്കിയ കേരളത്തില്‍ മുത്തിന് മുത്തിന് [മുട്ടിന് മുട്ടിന്] ബേക്കറികള്‍. വിരുന്നിനു പോകുമ്പോള്‍ ആപ്പ്ളോ മുന്തിരിയോ ഓറഞ്ചോ ചോക്കലേറ്റോ കടലമാ‍വ് വിവിധ രൂപങ്ങളിലും വര്‍ണങ്ങളിലും വറുത്തതോ പ്ലാസ്റ്റിക് സഞ്ചിയിലാക്കി കൊണ്ടുപോയി കാഴ്ച വെയ്ക്കേണ്ടുന്നത് ഒരുപാട് കാലമായുള്ള അലംഘനീയമായ നാട്ടുനടപ്പാണ്.

[തിരുവോണത്തിന്റന്നും വിഷുവിനും ഉച്ചകഴിഞ്ഞാല്‍ 'മാമന്റോടയ്ക്ക്' വിരുന്നു പോകുന്ന അമ്മയേയും മക്കളെയും കാത്ത് മധ്യകേരളത്തിലെ ജംഗ്ഷനുകളിലൊക്കെയും ബേക്കറികളും ഫ്രൂട്ട്സ്റ്റാളുകളും തപസ്സു ചെയ്യുന്നു].

എന്നാല്‍ കേരളത്തിലെ ഈ പീടികക്കാര്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന മുന്തിരിയും മറ്റും ഈച്ചയാര്‍ക്കുന്നതല്ലെങ്കില്‍ ഇക്കാലത്ത് ഒരു മനുഷ്യനും അതിലേയ്ക്ക് തിരിഞ്ഞുനോക്കില്ലെന്ന് കേട്ടപ്പോള്‍ എനിക്ക് ശരിക്കും കൌതുകമായി. [ഞാനാ നാട്ടുകാരനല്ലല്ലൊ. പിന്നെ ഏതു നാട്ടുകാരന്‍ എന്ന് ചോദിക്കല്ലേ, ആ‍?]

വിഷം മുക്കാതെ വളര്‍ത്തിയതോ പാക്ക് ചെയ്തതോ ആയ പഴങ്ങളിലേ ഈച്ചയാര്‍ക്കുകയുള്ളുവെന്ന് കേരളത്തിലുള്ളവര്‍ മനസ്സിലാക്കിക്കഴിഞ്ഞുവത്രെ. [ഈച്ചകളുടെ പിന്നാലെ പോയി മനസ്സിലാക്കി. സോളമന്റെ കഥ ഞാനോര്‍ത്തു].

കേള്‍ക്കാന്‍ സുഖമുണ്ടായിരുന്നു ആ വാര്‍ത്ത കേള്‍ക്കാന്‍.

സര്‍ദാര്‍ജിയുടെയും പത്രലേഖികയുടെയും ഫോണ്‍ നമ്പറുകള്‍ കിട്ടിയിരുന്നെങ്കില്‍, അവരോടും പറയാമായിരുന്നു ഈ വിവരം .

ആ പയറു തിന്നാന്‍ ഭൂമിയുടെ അവകാശികളായ പ്രാണികള്‍ക്കും അവകാശമുണ്ടെന്ന് പറയാമായിരുന്നു. അല്ലെങ്കില്‍ ഒരുപാട് ജന്തുക്കളെ തിന്നുന്നതല്ലേ, പ്രാണികളോട് മാത്രം എന്തിനാണ് അറപ്പ് എന്ന് ചോദിക്കാമായിരുന്നു.

വെറും പഞ്ചസാര മാത്രമുള്ള ആപ്പ് ളിനെ an apple a day keeps the doctor away എന്ന് പഴഞ്ചൊല്‍.വത്കരിച്ചത് അമേരിക്കയിലെ ആപ്പ് ള്‍ കൃഷിക്കാരുടെ താല്‍പ്പര്യത്തിനുവേണ്ടിയാണെന്ന് പണ്ടേ വിശ്വസിച്ചിരുന്നു. എന്നാല്‍ മിക്കവാറും എല്ലായിടത്തും ഇന്ന് വാങ്ങാന്‍ കിട്ടുന്ന ആപ്പ് ളുകള്‍ മാസങ്ങളോളം കേടുകൂടാതിരിക്കുമെന്നും അതിന്റെ രഹസ്യം അവ ഏതോ രാസപദാര്‍ത്ഥങ്ങളാല്‍ പോളിഷ് ചെയ്തതുകൊണ്ടാണെന്നും അറിയുമ്പോള്‍, സാമ്രാജ്യത്വത്തിനേക്കാള്‍ വലിയ, യൂണിവേഴ്സലായിത്തന്നെയുള്ള ആ മറ്റേ താല്‍പ്പര്യത്തിന്റെ ഭാഗമായിരിക്കുന്നല്ലോ ഞാനും എന്നോര്‍ക്കുമ്പോള്‍...

1 അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

good work keep it up

May 27, 2008 7:39 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




രാംമോഹന്‍ പാലിയത്ത്
eMail




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്