10 April 2008

അദ്ധ്യാപകര്‍ അന്‍പത്തഞ്ചാം വയസ്സില്‍ വിരമിക്കണോ?

- surabhila vaasantham [surabhilavaasantham@gmail.com]



ഇതു മാര്‍ച്ചു മാസം. വിദ്യാഭ്യാസ വര്‍ഷത്തിന്റെ അവസാന മാസം.കുറെ അദ്ധ്യാപകര്‍ വിദ്യാലയങ്ങളുടെ പടിയിറങ്ങിപ്പോകുന്ന അവസരം, റിട്ടയര്‍മെന്റിന്റെ ഭാഗമായി.

ഇത്തരുണത്തില്‍ കുറച്ചു വസ്തുതകള്‍ ഇവിടെ കുറിക്കാനാഗ്രഹിക്കുന്നു. ബഹുജനം പലവിധമെന്നപോലെ അദ്ധ്യാപകവൃന്ദവും പലവിധം. ചിലര്‍ തങ്ങളുടെ തൊഴിലിനോടു നൂറു ശതമാനവും നീതിപുലര്‍ത്തുന്നവര്‍. നല്ലൊരു അദ്ധ്യാപകന്‍ നല്ലൊരു വിദ്യാര്‍ത്ഥികൂടി ആയിരിക്കണമെന്ന പ്രമാണത്തില്‍ അടിയുറച്ചു വിശ്വസിച്ചു, അതിനനുസരിച്ചു നാനാവിധത്തില്‍ അറിവു സമ്പാദിച്ച്‌ ആ അറിവുകളൊക്കെ ക്രോഡീകരിച്ച്‌, നല്ല നോട്ടുകള്‍ തയ്യാറാക്കി, പഠിപ്പിക്കല്‍ എന്ന പരിപാവനമായ കര്‍മ്മം അങ്ങേയറ്റം ആത്മാര്‍ത്ഥതയോടു കൂടി ചെയ്യുന്നവര്‍. ഇപ്പറഞ്ഞതിനൊരപവാദമായി മറ്റൊരു കൂട്ടരുമുണ്ട്‌. അദ്ധ്യാപകര്‍ എന്ന തസ്തികയില്‍ പെടുന്നവര്‍ തന്നെയാണ്‌ അവരെങ്കിലും, അദ്ധ്യാപനം അവര്‍ക്ക്‌ രണ്ടാമതായി മാത്രം പരിഗണിക്കപ്പെടേണ്ട ഒരു തൊഴില്‍ ആണ്‌. മറ്റു ചിലതൊക്കെയാണ്‌ ഒന്നാമതായി പരിഗണിക്കപ്പെടുന്നത്‌. ഉദാഹരണമായി, പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മാത്രം മുഴുകി ക്ലാസ്സുകള്‍ എടുക്കാതെ നടക്കുന്നവര്‍ ഉണ്ട്‌. അവരെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. മേലധികാരികള്‍ക്കുപോലും, കാരണം അവരുടെ കൈയില്‍ പാര്‍ട്ടിയുണ്ട്‌. ചോദ്യം ചെയ്യുന്നവര്‍ അനുഭവിക്കേണ്ടി വരും. മറ്റൊരു കൂട്ടര്‍ക്ക്‌, കിട്ടുന്ന വേതനം ഒന്നും തികയില്ല. ആയതിനാല്‍ അവര്‍ പ്രൈവറ്റായി ട്യൂഷന്‍ എടുത്ത്‌ ജോലിയില്‍ നിന്നു കിട്ടുന്നതിന്റെ ഒരു നാലഞ്ചിരട്ടിയെങ്കിലും സമ്പാദിച്ചുകൂട്ടുന്നു. അവര്‍ നല്ല അദ്ധ്യാപകരല്ലേ എന്നു ചോദിച്ചാല്‍ ആണ്‌ എന്നു തന്നെയാണുത്തരം. അതുകൊണ്ടാണല്ലോ അവരെത്തേടി കുട്ടികളും അവരുടെ മാതാപിതാക്കളും എത്തുന്നത്‌ പ്രൈവറ്റ്‌ ട്യൂഷനായി. ഇവര്‍ അധികാദ്ധ്വാനം ചെയ്ത്‌ കൂടുതല്‍ സമ്പാദിച്ചു കൂട്ടുന്നതിനെ ഒരു തെറ്റായി കാണുന്നില്ല(നിയമപരമായി അതു തെറ്റാണെങ്കിലും). ഇവരുടെ ഒരു ദോഷം എന്തെന്നാല്‍, ഈ അദ്ധ്യാപകര്‍ക്ക്‌ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കുട്ടികളോട്‌ തീരെ പ്രതിബദ്ധത ഉണ്ടാവില്ല എന്നതാണ്. സിലബസ്‌ തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍, അവധിദിനങ്ങളില്‍ സെഷ്യല്‍ ക്ലാസ്സ്‌ വച്ചുതീര്‍ക്കുക എന്നതൊന്നും അവരുടെ നിഘണ്ഡുവിലില്ല. ഉയര്‍ന്ന ഫീസ്‌ നല്‍കി വീട്ടില്‍ ട്യൂഷന്‌ എത്തുന്നവരെ തഴയുന്നതെങ്ങിനെ? വിദ്യാഭ്യാസ സ്ഥാപനത്തിലുള്ള പ്രൈവറ്റ്‌ ട്യൂഷന്‌ കാശു മുടക്കാന്‍ കഴിയാത്ത പാവപ്പെട്ട കുട്ടികള്‍ എങ്ങനേയും പോട്ടെ. അവര്‍ തോറ്റാലെന്ത്‌ ജയിച്ചാലെന്ത്‌. നമുക്കു കിട്ടാനുള്ളതു മുഴുവനുമിങ്ങു കിട്ടും. ഇനി ഈ മൂന്നു വര്‍ഗത്തിലും പെടാത്ത ചിലരുണ്ട്‌. ചില സമ്പന്ന കുടുംബങ്ങളിലെ സന്തതികള്‍. വെറുതേ വീട്ടിലിരിക്കാന്‍ വയ്യാത്തതുകൊണ്ടു ജോലിക്ക്‌ അപേക്ഷിച്ചു. ജോലി കിട്ടുകയും ചെയ്തു. അതു കൊണ്ട്‌ വരുന്നു, മാസം ഒരു നല്ലതുക ശമ്പളമായി കിട്ടും, പഠിപ്പിക്കലൊക്കെ അത്രയ്കത്രയ്ക്കു മതി.ഇതില്ലെങ്കിലും പട്ടിണിയൊന്നും കിടക്കാന്‍ പോകുന്നില്ല. ഈ വിചാരധാരയാണിവര്‍ക്ക്‌.


മാര്‍ച്ചു മാസത്തില്‍ പെന്‍ഷന്‍ പറ്റി പിരിയുമ്പോള്‍, മേല്‍പ്പറഞ്ഞ എല്ലാ വിഭാഗത്തിലും പെട്ട അദ്ധ്യാപകരുടെ ഉള്ളില്‍, വേതനത്തില്‍ വരുന്ന ഗണ്യമായ കുറവു മനസ്സിനെ അലട്ടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഏറ്റവും ആദ്യം പറഞ്ഞ വിഭാഗത്തില്‍ പെടുന്നവര്‍ക്ക്‌ അതു മാത്രമല്ല മനസ്സിനു വേദന സമ്മാനിക്കുക. തങ്ങള്‍ വര്‍ഷങ്ങള്‍ കൊണ്ട്‌ ആര്‍ജ്ജിച്ചെടുത്ത്‌ കുട്ടികള്‍ക്ക്‌ സസന്തോഷം പകര്‍ന്നു കൊടുത്ത്‌ കൊണ്ടിരിക്കുന്ന ഈ വിജ്ഞാന സമ്പത്തു ഇനിയും പകര്‍ന്നേകാന്‍ വേദിയില്ലല്ലോ എന്നതും കൂടിയാകും അവരുടെ മനോവേദന. തീര്‍ച്ചയായും അങ്ങനെയുള്ള അദ്ധ്യാപകര്‍ പിരിഞ്ഞുപോകുന്നത്‌, സമൂഹത്തിനു, പ്രത്യേകിച്ചു വിദ്യാര്‍ത്ഥി സമൂഹത്തിന്‌ ഒരു വന്‍ നഷ്ടം തന്നെയാണ്‌.


മനുഷ്യന്റെ ശരാശരി ആയുസ്സൊക്കെ കൂടിയിരിക്കുന്ന ഇക്കാലത്ത്‌, 55 വയസ്സ്‌ എന്നത്‌ ഒരു വലിയ പ്രായമൊന്നുമല്ല. നമ്മുടെ അഛനമ്മമാരുടെ കാലത്ത്‌ പെന്‍ഷന്‍ പറ്റിപ്പിരിയുന്ന ഒരു അദ്ധ്യാപകന്റെ രൂപവും ഭാവവും ഒന്നുമല്ല, ഇന്നു റിട്ടയര്‍ ചെയ്യുന്നവര്‍ക്കുള്ളത്‌. അതായത്‌ പ്രായാധിക്യം കൊണ്ടുള്ള അവശതകളാല്‍ ഇനി പഠിപ്പിക്കാന്‍ വയ്യ എന്നൊരവസ്ഥയില്‍ എത്തിനില്‍ക്കുന്നവരല്ല അവര്‍ എന്നര്‍ത്ഥം. ഇനിയും നല്ലരീതിയില്‍ അദ്ധ്യാപനം നടത്താനുള്ള ഊര്‍ജ്ജം അവരില്‍ ബാക്കിനില്‍ക്കുന്നു. പുറമെ ഭാരിച്ച വിജ്ഞാന സമ്പത്തും ഉണ്ട്‌. ഈ ഒരവസ്ഥയില്‍, ആദ്യം പറഞ്ഞ ഗണത്തില്‍പ്പെട്ട അദ്ധ്യാപകര്‍ പിരിഞ്ഞുപോകുന്നത്‌ ഒരു വന്‍ നഷ്ടം തന്നെയാണ്‌.


പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ രണ്ടു വാദമുഖങ്ങളാണുള്ളത്‌. ഒന്ന്, യോഗ്യത ആര്‍ജ്ജിച്ചു നില്‍ക്കുന്ന യുവ തലമുറയുടെ അവസരം നഷ്ടപ്പെടുത്തുന്നു. രണ്ട്‌, സര്‍ക്കാരിന്‌ അധികം സാമ്പത്തിക ബാദ്ധ്യത വരുത്തുന്നു. സീനിയറായ അദ്ധ്യാപകന്‍ തുടരുകയാണെങ്കില്‍ കൊടുക്കേണ്ടുന്ന വേതനം, ഒരു തുടക്കകാരനു നല്‍കേണ്ടല്ലോ. ഈ രണ്ടു കാര്യങ്ങളും പരിഗണിച്ചു കൊണ്ടു തന്നെ, എന്നാല്‍ പ്രഗല്‍ഭരായ അദ്ധ്യാപകരുടെ അദ്ധ്യാപന ശേഷിയും വിജ്ഞാനസമ്പത്തും തുടര്‍ന്നും സമൂഹത്തിന്‌ ലഭിക്കത്തക്കവിധം നമുക്കെന്തു ചെയ്യാമെന്നു നോക്കാം.


അദ്ധ്യാപകസമൂഹത്തിന്റെ മൊത്തത്തിലുള്ള പെന്‍ഷന്‍പ്രായ വര്‍ദ്ധന ഒരിക്കലും പാടില്ല. കാരണം ജോലിയോടു നീതി പുലര്‍ത്താത്ത അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതുകൊണ്ട്‌ സര്‍ക്കാരിനു നഷ്ടമല്ലാതെ, സമൂഹത്തിനു യാതൊരു ഗുണവും വരാനില്ല. അങ്ങനെയുള്ളവരെ ഒരിക്കലുംസര്‍വീസില്‍ തുടരാനനുവദിക്കരുത്‌. അതേസമയം അദ്ധ്യാപനം വളരെ ആത്മാര്‍ത്ഥതയോടെ ചെയ്യുന്നവരെ കുറച്ചുനാള്‍ കുടി പഠിപ്പിക്കാനനുവദിച്ചാല്‍ അതവര്‍ക്കും സമൂഹത്തിനും ഒരു പോലെ ഗുണകരമാകും. ഏതേതൊക്കെ അദ്ധ്യാപകരെയാണ്‌ അങ്ങനെ സര്‍വീസില്‍ തുടരാനനുവദിക്കേണ്ടത്‌ എന്ന് നിശ്ചയിക്കേണ്ടത്‌ പ്രധാനമായും വിദ്യാര്‍ത്ഥി സമൂഹം തന്നെയാണ്‌. വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെ വിലയിരുത്തുന്ന ഒരു സമ്പ്രദായം ഇപ്പോള്‍ തന്നെ കോളേജുകളില്‍ നിലവിലുണ്ട്‌. ഒരു വിദ്യാര്‍ത്ഥിക്കാണല്ലൊ ഒരദ്ധ്യാപകന്‍ അയാള്‍ക്ക്‌ എത്രത്തോളം പ്രയോജനപ്പെടുന്നു എന്നു വിലയിരുത്താനാവുന്നത്‌. പിന്നെ മേലധികാരികള്‍ക്കും ഒരദ്ധ്യാപകന്റെ ജോലിയിലുള്ള ആത്മാര്‍ത്ഥയെക്കുറിച്ചൊക്കെ ഒരു ധാരണ തീര്‍ച്ചയായും കാണും. ഇതൊക്കെ വച്ച്‌ ഒരു അദ്ധ്യാപകനെ വിലയിരുത്താം. ആ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു ഉന്നതാധികാരിക്ക്‌ ഈ അദ്ധ്യാപകന്‍ ഇനിയും സര്‍വീസില്‍ തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാം. വിലയിരുത്തല്‍ വിദ്യാര്‍ഥികളുടേയും മറ്റദ്ധ്യാപകരുടേയും ഇടയില്‍ നടത്തുന്ന ഒരു രഹസ്യ ചോദ്യാവലിയിലൂടെ ആകാം.ഈ രീതിയാണ്‌ ഒരദ്ധ്യാപകനെ വിദ്യാര്‍ഥികളെക്കൊണ്ട് വിലയിരുത്തുന്നതിനു വേണ്ടി ഇപ്പോള്‍ അവലംബിച്ചു വരുന്നത്‌. അങ്ങനെ അര്‍ഹതയുള്ളവരെ മാത്രം സര്‍വീസില്‍ തുടരാനനുവദിക്കുക.


ഇനി അധിക സാമ്പത്തിക ബാദ്ധ്യത എന്നത്‌ പരിപൂര്‍ണ്ണമായി ഒഴിവാക്കാനാകില്ലെങ്കിലും, കുറക്കാം. ഇങ്ങനെ സര്‍വീസില്‍ തുടരാനനുവദിക്കുന്ന അദ്ധ്യാപകര്‍ക്ക്‌ റിട്ടയര്‍മന്റ്‌ സമയത്ത്‌ അവര്‍ക്കുണ്ടായിരുന്ന വേതനം അനുവദിക്കേണ്ടതില്ല. എന്നാല്‍ പെന്‍ഷന്‍ പറ്റി പിരിഞ്ഞിരുന്നുവെങ്കില്‍ കിട്ടുമായിരുന്ന വേതനത്തില്‍ നിന്ന് കൂടതല്‍ കൊടുക്കുകയും വേണം . അതായത്‌ സര്‍വീസ്‌ വേതനത്തിന്റെയും പെന്‍ഷന്‍ വേതനത്തിന്റെയും ഒരു ശരാശരി വേതനമോ മറ്റോ ആയി ഫിക്സ്‌ ചെയ്യുക. ഒരു തവണ ഒരു വര്‍ഷത്തേയ്ക്കുമാത്രം സര്‍വീസ്‌ നീട്ടിക്കൊടുക്കുക. അടുത്തവര്‍ഷവും തുടരണോ എന്നത്‌ കര്‍ക്കശമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം നിശ്ചയിക്കുക. പിന്നെ പ്രായം കൂടുന്നതനുസരിച്ച്‌ വേതനവും കുറച്ചു കൊണ്ടു വരുക. അതായത്‌ വേതനത്തില്‍ ഒരു ഡിക്രിമന്റ്‌ ഒരോ വര്‍ഷവും . അതു മൂന്നോ അഞ്ചോ വര്‍ഷം കൊണ്ടു പെന്‍ഷന്‍ വേതനത്തില്‍ എത്തിനില്‍ക്കത്തക്കവണ്ണം ക്രമീകരിക്കാം. അതു കഴിഞ്ഞാല്‍ തുടരണോ വേണ്ടയോ എന്നത്‌ അദ്ധ്യാപകന്‍ തന്നെ തീരുമാനിച്ചോളും.


ഈയൊരു രീതി പ്രാവര്‍ത്തികമാക്കാമെങ്കില്‍, പരിചയസമ്പന്നരായ അദ്ധ്യാപകരുടെ സേവനം കുറച്ചു നാള്‍ കൂടി സമൂഹത്തിന്‌ ഉപകാരപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താം. മാത്രമല്ല, ഈ രീതി അവലംബിച്ചാല്‍ മടിയന്മാരും ഉഴപ്പന്മാരുമായ അദ്ധ്യാപകരും തങ്ങളുടെ കര്‍മ്മ രംഗത്ത്‌ കുറെക്കൂടി നന്നാകാന്‍ നോക്കും, സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിക്കും.


റിട്ടയര്‍മെന്റിനു ശേഷം ഒരദ്ധ്യാപകനു സര്‍വീസ്‌ നീട്ടിക്കൊടുക്കണമോ എന്നു നിശ്ചയിക്കുന്ന ഉന്നതാധികാര കമ്മിറ്റിയുടെ തീരുമാനങ്ങള്‍ വളരെ സുതാര്യമായിരിക്കണം.


മുന്നോട്ടു വയ്ക്കുന്ന ഈ നിര്‍ദേശങ്ങള്‍ ഗവണ്‍മന്റ്‌ ഒന്നു ശ്രദ്ധിച്ചിരുന്നുവെങ്കില്‍.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്