22 October 2008

നിന്റ്റെ ഓര്‍മ്മക്ക് - ഷീല ടോമി






മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം
മറക്കാന്‍ പഠിച്ചതു നേട്ടമാണെന്നാകിലും,
ഹസിക്കും പൂക്കള്‍ കൊഴിഞ്ഞില്ലെങ്കിലൊരുനാളും
വസന്തം വസുധയില്‍ വന്നിറങ്ങില്ലെന്നാലും,
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ‍ വ്രണിതപ്രതീക്ഷയില്‍
മര്‍ത്യനിപ്പദം രണ്ടും, “ഓര്‍ക്കുക വല്ലപ്പോഴും“. (പി. ഭാസ്കരന്‍)




വര്ഷങ്ങള്‍ക്കു ശേഷം ഞാനിന്ന് മനുവിനെക്കുറിച്ച് ഓര്‍ത്തുപോയി. ഓര്‍മ്മിക്കുവാന്‍ കാരണം ബുക് ഷെല്‍ഫില്‍ പരതി നടക്കുന്‍പോള്‍ കയ്യില്‍ കിട്ടിയ എം.ടി കഥകളുടെ സമാഹാരമാണ്‍. ആ പുസ്തകത്താളുകളില്‍ കുനുകുനെ കണ്ട കയ്യക്ഷരം പകര്‍ന്ന സാഹോദര്യത്തിന്റ്റെ ഇളവെയില്‍ വര്‍ഷങ്ങള്‍ താണ്ടി മറ്വിയുടെ മഞ്ഞുമറ നീക്കി ഒഴുകി പരന്ന പോലെ…….




ഓര്‍ക്കുക വല്ലപ്പോഴും എന്ന് അവസാനമായ് മൊഴിഞ്ഞ് മണലാരണ്യത്തിന്റ്റെ അനന്തവിശാലതിയെലെങ്ങൊ അപ്രത്യക്ഷമായ പുഞ്ചിരി. ഒരുപാട് സങ്കടങ്ങള്‍ ഉള്ളിലൊതുക്കി ചിരിച്ച് ജീവിക്കുന്ന അനേകായിരം പ്രവാസികളില്‍ ഒരാളായിരുന്നു അവനും.




സ്ഥലം അബുദാബിയിലെ പ്രശസ്തമായ ഒരു എക്സ്ചേഞ്ച് കമ്പനി. ഒരു ഇന്ത്യന്‍ ബാങ്കിന്റ്റെ മണിഡ്രോയിങ്സ് വെരിഫിക്കേഷനു വേണ്ടിയാണ്‍ ഞാന്‍ അന്നവിടെ എത്തിയത്. അകൌണ്ട്ന്ടിനെ കാത്തിരുന്നപ്പോള്‍ കൈയില്‍ ഫയലുകളുമായ് ഒരു ചെറുപ്പക്കാരനെത്തി. അയാളുടെ കണ്ണുകള്‍ നാലു ചുറ്റും ആരെയൊ പരതി. പിന്നെ മടിച്ച് മടിച്ച് ചോദിച്ചു.




“മാഡം, ഓഡിറ്ററ് എവിടെ?”
“ഞാന്‍ തന്നെ.”
ഒരു കുസൃതിചിരിയോടെ അയാള്‍ പറഞ്ഞു, “ അയ്യൊ, അറിഞ്ഞില്ല. പുതിയ ഓഡിറ്ററ് വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു വയസനെയാ ഭാവനയില്‍ കണ്ടതു”
ഞാനും ചിരിച്ചു. “ചെറുപ്പക്കാരികള്‍ കണക്കു നോക്കിയാല്‍ ശരിയാവുമോന്ന് നോക്കട്ടെ.”




കാലവും കണക്കുകളും വേഗത്തില്‍ മുന്നോട്ട് നീങ്ങി.




നാടിന്റ്റെ പട്ടിണി മാറ്റുന്ന പ്രവാസി എന്ന പ്രയാസി നാട്ടിലേക്കൊഴുക്കുന്ന കോടികളുടെ കണക്കുകള്‍ക്കിടയിലും മനു വാചാലനാകും. നാട്ടില്‍ അവനെ കാത്തിരിക്കുന്ന പ്രേയസിയെയും ലക്ഷ്മിമോളെയും പറ്റി….. മാത്രമല്ല, ആകാശത്തിനു കീഴിലുള്ള എന്തും അവനു വിഷയമാകും.




““മിണ്ടാതിരുന്നൊന്ന് ജോലി ചെയ്തൂടെ..!” പലപ്പോഴും ഓര്‍മപ്പെടുത്തി.
“പറഞ്ഞു തീര്‍ക്കാതെ ബാക്കി വക്കുന്ന വാക്കുകളെല്ലാം കണ്ണടച്ച് കഴിയുന്‍പൊ കരഞ്ഞോണ്ട് പിന്നാലെ വന്നാലൊ” മനുവിന്റ്റെ മറു ചോദ്യം! കൂടെ ഒരു വിഡ്ഢിച്ചിരിയും.




ഒരു ദിവസം ഒരു പൂച്ചയുടെ നഖങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമായാണ്‍ അവന്‍ എന്നെ എതിരേറ്റത്. മനുവിന്റ്റെ കൈയില്‍ ഒരു ആനുകാലികത്തില്‍ എം.ടി യുടെ “ഷെര്‍ലെക്കി“നെ കുറിച്ച് ഞാന്‍ എഴുതിയ ആസ്വാദനമുണ്ട്. മുറിച്ച് കളഞ്ഞിട്ടും വീണ്ടും വളര്‍ന്നു വരുന്ന അമേരിക്കന്‍ പൂച്ചയുടെ നഖങ്ങളെകുറിച്ചുള്ള എന്റ്റെ പരാമര്‍ശങ്ങളില്‍ പിടിച്ചു തൂങ്ങിയിരിക്കുകയാണ്‍ മനു.




അന്ന് ലെഡ്ജര്‍ ഷീറ്റുകളിലൂടെ ഷെര്‍ലക്ക് മുരണ്ടുകൊണ്ടു നടന്നു. മണല്‍ നഗരത്തില്‍ വെയിസ്റ്റ് ബിന്നുകള്‍ക്കിടയിലൂടെ മാത്രം അലയാന്‍ വിധിക്കപ്പെട്ട മാര്‍ജാരവീര്യത്തോടെ. അന്നവന്‍ പറഞ്ഞു തീര്‍ത്തതിന്റ്റെ സാരം പ്രവാസിയുടെ ബാലന്‍സ്ഷീറ്റ് ആയിരുന്നു. പ്രവാസം വിധിക്കപ്പെട്ടവന്റ്റെ മനസ്സും ഇതു പോലുള്ള നഖങ്ങല്‍ക്കുള്ളില്‍ കുടുങ്ങിയിരിക്കുകയാണ്‍. ഗള്‍ഫുകാരനായാലും അമേരിക്കക്കാരനായാലും അതിജീവനത്തിനു വേണ്ടിയുള്ള അന്തര്‍ദാഹം അവനെ ആഗോളസ്വപ്നങ്ങള്‍ക്കടിമയാക്കുന്നു. നേടുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ സ്വന്തമായ ഇടവും ഭാഷയും ആത്മസത്തയും പലപ്പോഴും അവന്‍ അറിയാതെ നഷ്ടമാവുന്നു. ജോബ് മാര്‍കറ്റില്‍ വെള്ളത്തൊലിക്കരനു മുന്നില്‍ അവന്റ്റെ ബുദ്ധിക്ക് താണവില നിശ്ചയിക്കപ്പെടുന്നു. സ്വന്തം നാട് നല്‍കാത്ത സാമ്പത്തിക ഭദ്രത കിട്ടുമെന്ന വിശ്വാസത്തില്‍ എല്ലാ വിവേചനങ്ങളും അവന്‍ വിസ്മരിക്കുന്നു!




അങ്ങനെയങ്ങനെ ഞങ്ങളുടെ സംഭാഷണങ്ങളില്‍ സാഹിത്യവും സംസ്കാരവും പതിവ് വിഷയങ്ങളായി. മാക്കോണ്ട (ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍) മുതല്‍ കോക്കാഞ്ചറ (ആലാഹയുടെ പെണ്മക്കള്‍) വരെ എത്ര ഭൂമികകള്‍ ഞങ്ങള്‍ നടന്നു കയറി! ഇടുങ്ങിയ ബാച്ചലര്‍ മുറിയില്‍ പ്രിയമുള്ളവരുടെ ഓര്‍മകളില്‍ മനസ്സുലയുന്‍പോള്‍ അയാള്‍ക്കഭയമായത് പുസ്തകങ്ങളായിരുന്നു.




“ഭാര്യയേയും മകളേയും ഇങ്ങ് കൊണ്ടു വന്നൂടെ” എന്നു ചോദിച്ചാല്‍ സമയമായില്ല എന്നായിരുന്നു മറുപടി. “ അവരോടൊപ്പം കഴിയാന്‍ എത്രകൊതിക്കുന്നു! പക്ഷെ, കുടുംബമായ് താമസിച്ചാല്‍ അധികമൊന്നും മിച്ചം വക്കാനുണ്ടാവില്ല. ആദ്യം ന്റ്റെ മോള്‍ക്കായ് ഇത്തിരി സമ്പാദിക്കട്ടെ. ഭാര്യ നാട്ടില്‍ ടീച്ചറാ. അവളുടെ ജോലിയും സ്ഥിരമാകട്ടെ. പിന്നെ അവര്‍ ലോങ് ലീവെടുത്ത് ഇങ്ങ് പറന്നു വരില്ലെ”




ആ വാക്കുകള്‍ക്കിടയില്‍ മനുവിന്റ്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയത് ഇന്നലെ എന്ന പോല്‍ ഓര്‍മിക്കുന്നു!
ലക്ഷ്മിമോളുടെ പിറന്നാളിന്‍ ബാച്ചലറ് അടുക്കളയില്‍ തയ്യാറാക്കിയ പായസവുമായാണ്‍ മനു എത്തിയത്. രാവിലെ പിറന്നാള്‍ ആശംസിക്കാന്‍ മനു ലക്ഷ്മി മോളെ വിളിച്ചു. ഫോണ്‍ വച്ചശേഷം തേങ്ങിക്കരഞ്ഞ ആ അച്ഛനെ ആശ്വസിപ്പിക്കാന്‍ കൂട്ടുകാര്‍ ഉണ്ടാക്കിയതാണത്രെ പായസം. അതാണ്‍ പ്രവാസത്തിന്റ്റെ പുണ്യം. രക്തബന്ധങ്ങള്‍ വരണ്ടുണങ്ങുന്‍പോള്‍ പോലും നിര്‍ത്താതെ പെയ്യുന്ന സൌഹൃദത്തിന്റ്റെ ചാറ്റല്‍ മഴ!




അങ്ങനെ ഒരിക്കല്‍ മനു നാട്ടിലേക്കു പറന്നു. തിരികെ വന്നപ്പോള്‍ കൂടെ ഭാര്യയും മോളുമുണ്ട്. എനിക്കായി കുറെ പുസ്തകങ്ങളും കരുതിയിരുന്നു അവന്‍. എം.ടി യുടെയും ബഷീറിന്റ്റെയും കഥാസമാഹാരങ്ങളും ഒരു ശബ്ദതാരാവലിയുമുണ്ടായിരുന്നു.




“മരുഭൂമിയിലെ വരണ്ടകാറ്റില്‍ ഭാവനയും വാക്കുകളുമൊക്കെ എങ്ങോ പോയ് ഒളിക്കുമ്പോലെ…. എഴുതാനിരിക്കുന്‍പൊ ഒന്നും പേനത്തുന്‍പില്‍ വരണില്ല” എന്റ്റെ മടിയെ സാധൂകരിക്കാനായ് ഒരിക്കല്‍ ഞാനങ്ങനെ പറഞ്ഞിരുന്നു. അതിനു അവന്‍ എന്നെ ഒന്നു കളിയാക്കിയതാ, ശബ്ദതാരാവലിയിലൂടെ.




“ ഇനി വാക്കു കളഞ്ഞു പോയെന്നും പറഞ്ഞ് എഴുതാതിരിക്കന്ട. ഒളിച്ചുപോണതെല്ലാം ഇതിലുണ്ടാവും. ഇതിലും കാണാത്ത വാക്കുകള്‍ വേണങ്കില്‍ ബഷീറിനെ വായിച്ചോളൂ.“




ഇങ്ങനെയൊക്കെ ആയിരുന്നു മനു. സത്യത്തില്‍ കുറെ ആശയങ്ങളും പുസ്തകങ്ങളും മാത്രമായിരുന്നില്ലെ മനു എനിക്കു! കൂടുതല്‍ ഒന്നും അറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല.




മനുവിന്റ്റെ ഭാര്യയുമായ് സംസാരിച്ചപ്പോഴാണ്‍ ഞെട്ടിക്കുന്ന ആ സത്യം അറിഞ്ഞത്. അവന്‍ ഒരു വൃക്കരോഗിയാണ്‍. കുറേയായി ചികിത്സയിലാണ്‍. പ്രകൃതിചികിത്സ, യോഗ അങ്ങനെയെന്തൊക്കെയോ ഉണ്ടായിരുന്നു.. ഇടക്ക് ഡയാലിസിസും തുടങ്ങിക്കഴിഞ്ഞിരുന്നു!




എന്തൊക്കെ മറച്ചു വച്ചു കൊണ്ടാണ്‍ സോദരാ നീ ഇത്രനാള്‍ ചിരിച്ചും കളി പറഞ്ഞും ഓടി നടന്നത്! ആരുടെയൊക്കെയോ സങ്കടങ്ങളെ പറ്റി വാചാലനായിക്കൊണ്ടിരുന്നത്!




മനുവിന്റ്റെ ഭാര്യയില്‍ പ്രതീക്ഷയുടെ കിരണ്‍ങ്ങള്‍ ഞാന്‍ കണ്ടു. മോളെ ചേര്‍ത്തു പിടിച്ച് അവള്‍ പറഞ്ഞു. “ മോള്‍ക്കിപ്പം എന്നെ വേണ്ട. എല്ലാത്തിനും അച്ഛന്‍ മതി. അച്ഛന്‍ ചോറുരുട്ടി കൊടുക്കണം. അച്ഛന്‍ ഉറക്കി കൊടുക്കണം. അച്ഛനു വയ്യെന്നു പറഞ്ഞാലും അച്ഛന്റ്റെ വിരലില്‍ തൂങ്ങി ഷോപ്പിങ്ങിനു പോണം. അച്ഛനെയൊന്നു കാണാന്‍ എത്രനാള്‍ അവള്‍ കാത്തിരുന്നതാ.. ഭഗവാന്‍ എല്ലാം കാണുന്നുണ്ട്.. ഇല്ലെ ?”




അവളെ ആശ്വസിപ്പിക്കാനുള്ള വാക്കുകള്‍ ഒരു ശബ്ദതാരാവലിയില്‍ നിന്നും എനിക്കു കിട്ടിയില്ല.




അധികം താമസിയാതെ ഞങ്ങള്‍ അബുദാബി വിട്ട് ദോഹയിലേക്ക് പോന്നു.




“പോകും മുന്നേ എല്ലാരും കൂടി ഒന്ന് വീട്ടില്‍ വരണംട്ടൊ.“ അവസാനമായ് കണ്ടപ്പോള്‍ മനു പറഞ്ഞു. പക്ഷെ, തിരക്കുകള്‍ക്കിടയില്‍ ആ സന്ദര്‍ശനം നടന്നില്ല.




ദോഹയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആ ദുരന്ത വാര്‍ത്ത ഞങ്ങളെ തേടിയെത്തി. മനു യാത്രയായി….. പറയാന്‍ ഒരുപാടൊരുപാട് ബാക്കിവച്ച്….
സ്നേഹത്റ്റിന്റ്റെ ഒരു ചെറു പുഞ്ചിരി, ഒരു നല്‍ മൊഴി പ്രിയമുള്ളവര്‍ക്ക് കൊടുക്കാന്‍ നേരമില്ലാതെ എങ്ങോ പായുന്ന യന്ത്രമനുഷ്യരുടെ ലോകത്തില്‍നിന്നും അവന്‍ പറന്നകന്നു…




നമുക്കായി കാത്തിരിക്കുന്നവര്‍ക്ക് നാം തിരികെ കൊടുക്കാത്ത സമയവും സ്നേഹവും ദൈവത്തിന്റ്റെ കണക്കു പുസ്തകത്തില്‍ നമ്മുടെ ലയബിലിറ്റീസ് ആയി എഴുതപ്പെടുന്നുണ്ടാവുമൊ! പ്രപഞ്ചത്തില്‍ ഊര്‍ജത്തിന്‍ മരണമില്ലെന്ന് ശാസ്ത്രം പറയുന്നു. പിരിഞ്ഞുപോയവരുടെ ചിന്തകളുടെയും അഭിലാഷങ്ങളുടെയും ഊര്‍ജം ഏതോ അദൃശ്യകിരണങ്ങളായ് നമ്മെ വലയം ചെയ്യുന്നുണ്ടാവുമൊ!




മനുവിന്റ്റെ ഭാര്യക്ക് ഭര്‍ത്താവിനൊപ്പം കഴിയാന്‍ കിട്ടിയത് എത്ര കുറഞ്ഞ ദിനങ്ങള്‍…! ആ കുഞ്ഞിന്‍ അച്ഛന്റ്റെ വാത്സല്യം നുകരാനായത് എത്ര മാത്രകള്‍….!




ഭാര്യയുടെ ജോലി സ്ഥിരമാകും വരെ നാട്ടില്‍ നിര്‍ത്താനുള്ള മനുവിന്റ്റെ തീരുമാനം എത്രയോ നന്നായ്. മോളെ താലോലിച്ച് കൊതി തീരാതെ അവന്‍ പോയെങ്കിലും അവളെ പൊന്നു പോലെ നോക്കാന്‍ ടീച്ചര്‍ക്കാവും എന്ന ചിന്ത അവസാനനിമിഷങ്ങളില്‍ അവനു ആശ്വസമേകി കാണും. മനു ശരിയായ ചികിത്സകള്‍ എടുത്തിരുന്നില്ലെ എന്നു പോലും സംശയിക്കുന്നു. രക്ഷ കിട്ടില്ലാ എന്ന ചിന്ത അവനെ തളറ്ത്തിയിട്ടുണ്ടാവുമൊ? സമ്പാദ്യം ചികിത്സക്കായ് പാഴാക്കാതെ പ്രിയമുള്ളവര്‍ക്കായ് കരുതി വക്കുകയായിരുന്നുവൊ നീ സോദരാ!




ആഢംബരങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ഗള്‍ഫ് നഗരികളില്‍ ആരോരുമറിയാതെ ഇതുപോല്‍ മെഴുകുതിരികളായ് ഉരുകി തീരുന്ന ഒരുപാടൊരുപാട് സഹോദരങ്ങളുണ്ടാവാം. പലരും നാട്ടിലേക്ക് മടങ്ങുന്നതു തന്നെ രോഗങ്ങളുടെ ഭാണ്ഡവുമായാണല്ലൊ. ജോലിഭാരവും മനോദുഖങ്ങളും തെറ്റായ ജീവിതചര്യകളും ഭക്ഷണശീലങ്ങളും ഒക്കെ ചേറ്ന്ന് നല്‍കുന്ന സമ്പാദ്യവുമായി….! സ്വന്തം ആരോഗ്യവും സമ്പാദ്യവും നാളേക്കു വേണ്ടി സൂക്ഷിക്കുവാന്‍ നമ്മള്‍ തന്നെയല്ലെ മുന്‍ കരുതല്‍ എടുക്കേണ്ടത്? ഫണ്ടുശേഖരണത്തിനായ് മാത്രം ഇവിടെയെത്തുന്ന രാഷ്ട്രീയക്കാരുടെയൊ പ്രവാസി സംഗമം എന്നറിയപ്പെടുന്ന ഷോകളുടെയൊ അജണ്ടകളില്‍ പെടാത്ത കാര്യമാണല്ലൊ അത്.




എം.ടി കഥകളെ സ്നേഹിച്ചിരുന്ന അക്ഷരങ്ങളുടെ കൂട്ടുകാരാ, നിന്റ്റെ ഓര്‍മ്മക്ക് ഈ കുറിപ്പ് ഞാന്‍ സമര്‍പ്പിക്കുന്നു…. അപാരതയിലെ അദൃശ്യകണികയായ് തീര്‍ന്ന നീ ഈ വാക്കുകളുടെ സ്പന്ദനം വായിച്ചെടുക്കുമല്ലൊ……..!




- ഷീല ടോമി (sheela.tomy@gmail.com

Labels:

8അഭിപ്രായങ്ങള്‍ (+/-)
Links to this post

8 Comments:

To the writer,
Even though it is a memory, the language is really attractive. Perhaps this brings up the light to think about the soft sentiments each so called 'pravasi' carries in his mind to see and share the pain of others. Ofcourse, your script has brought the extreme thoughts of losing the precious to the beloved ones... as you said, this depicts how the expatraite community live their life limiting their ambitions and aspirations for their family and their future ...
made us think, at least made us to carry a spark of pain for Manu and many others like him ...

with sentiments

regards

October 23, 2008 9:39 AM  

എം.ടി കഥകളെ സ്നേഹിച്ചിരുന്ന അക്ഷരങ്ങളുടെ കൂട്ടുകാരാ, നിന്റ്റെ ഓര്‍മ്മക്ക് ഈ കുറിപ്പ് ഞാന്‍ സമര്‍പ്പിക്കുന്നു…. അപാരതയിലെ അദൃശ്യകണികയായ് തീര്‍ന്ന നീ ഈ വാക്കുകളുടെ സ്പന്ദനം വായിച്ചെടുക്കുമല്ലൊ…….
തീർച്ചയായും ഷീല.

ഈ ഓർമ്മ കുറിപ്പിനും മനുവിന്റെ കുടുംബത്തിനും നിറയെ നന്മകൾ നേരുന്നു

October 27, 2008 4:16 PM  

ഇതിനെ വെറും ഓര്‍മ്മകുറിപ്പെന്ന്‌ പേരിട്ട്‌ വിളിക്കല്ലേ. പറിച്ചുവെച്ചതല്ലേ ജീവിതത്തില്‍ നിന്നൊരു ഏട്‌, അല്ലങ്കില്‍ ഇങനെ എഴുതുമായിരുന്നോ

October 28, 2008 12:28 AM  

good

October 28, 2008 12:09 PM  

Madam, thank you for reminding of Manu. Thank you for sharing this.

Ansari, Abu dhabi

October 28, 2008 12:44 PM  

മനസ്സിന്റെ അടിത്തട്ടില്‍ തൊട്ട കുറിപ്പ്.

January 21, 2009 3:55 PM  

ആഢംബരങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ഗള്‍ഫ് നഗരികളില്‍ ആരോരുമറിയാതെ ഇതുപോല്‍ മെഴുകുതിരികളായ് ഉരുകി തീരുന്ന ഒരുപാടൊരുപാട് സഹോദരങ്ങളുണ്ടാവാം. പലരും നാട്ടിലേക്ക് മടങ്ങുന്നതു തന്നെ രോഗങ്ങളുടെ ഭാണ്ഡവുമായാണല്ലൊ. ജോലിഭാരവും മനോദുഖങ്ങളും തെറ്റായ ജീവിതചര്യകളും ഭക്ഷണശീലങ്ങളും ഒക്കെ ചേറ്ന്ന് നല്‍കുന്ന സമ്പാദ്യവുമായി….! സ്വന്തം ആരോഗ്യവും സമ്പാദ്യവും നാളേക്കു വേണ്ടി സൂക്ഷിക്കുവാന്‍ നമ്മള്‍ തന്നെയല്ലെ മുന്‍ കരുതല്‍ എടുക്കേണ്ടത്?
ഓരൊ പ്രവാ‍സിക്കും ഉള്ള സന്ദേശം
കൊള്ളാം..........നന്നയിരിക്കുന്നു
നന്ദി.........

December 19, 2009 12:48 AM  

kannu nanayunnu ...

March 15, 2010 4:57 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്