27 April 2008

ഐ.പി.എല്‍. ചിന്താ വിഷയങ്ങള്‍

കാലഘട്ടത്തിന്റെ അനിവാര്യതയാണ് ട്വന്‍റി 20 യും ഐ. പി. എല്ലും ഒക്കെ. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ടെസ്റ്റു മത്സരം മാത്രമായിരുന്നു ക്രിക്കറ്റിലെ ആദ്യ കാല അന്താരാഷ്ട്ര മത്സര രൂപം. ഫസ്റ്റ് ക്ളാസില്‍ പിന്നീട് ചതുര്‍ ദിന മത്സരങ്ങളും ത്രിദിനങ്ങളുമൊക്കെ വന്നെങ്കിലും അന്താരാഷ്ട്ര തലത്തിലേക്ക് അത്തരം രീതികള്‍ അന്നും കടന്നു വന്നില്ല ഇന്നുമില്ല. എന്നാല്‍ ഒറ്റ ദിവസം നീണ്ടു നില്‍ക്കുന്ന മത്സരങ്ങളാണ് പിന്നീട് അന്താരാഷ്ട്ര തലത്തില്‍ ആവിര്‍ഭവിച്ചത്. അന്ന് യാഥാസ്ഥിതികര്‍ അതിനെ കണ്ണും പൂട്ടി എതിര്‍ത്തു. ക്രിക്കറ്റിനെ ഹനിക്കലാണ് ഇതെന്നായിരുന്നു അവരുടെ വാദം. ഏക ദിനം വേണമോ വേണ്ടയോ എന്ന സംവാദം ഏറെ കാലം തുടര്‍ന്നു. എന്നാല്‍ കാലം ഏക ദിനത്തെ സ്വീകരിച്ചു.




പിന്നീട് ഏക ദിന മത്സരങ്ങളില്‍ തന്നെ മാറ്റം വരുത്താന്‍ തുടങ്ങി. ആദ്യം 60 ഓവര്‍ നീണ്ടു നിന്ന മത്സരം 50 ഓവറായി ചുരുക്കി. പിന്നീട് ഏക ദിനങ്ങള്‍ “കളര്‍ഫുളാക്കാന്‍” കളിക്കാരുടെ വേഷം വെള്ളയില്‍ നിന്നും വിവിധ നിറങ്ങളിലുള്ളതാക്കി. അതിനു ശേഷം ആദ്യ 15 ഓവറില്‍ ഫീല്‍ഡിംഗ് നിയന്ത്രണമേര്‍പ്പെടുത്തി ബാറ്റ്സ്മാന്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു. ഒപ്പം പകലും രാത്രിയിലുമായി ഫ്ളഡ് ലൈറ്റിന്റെ സഹായത്തോടെ കളി നടത്താനും തുടങ്ങി. അതോടെ കാഴ്ചക്കാര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്ന് ബാറ്റ്സ്മാന്‍മാര്‍ ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. അതിനു ശേഷമാണ് പവര്‍ പ്ളേയുടെ വരവ്.




അങ്ങിനെ ഏകദിന ക്രിക്കറ്റ് കാണികളേയും ടെലിവിഷന്‍ ചാനലുകളേയും ആകര്‍ഷിക്കാനായി അടിമുടി മാറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ട്വന്‍റി 20 യുടെ വരവ്. സ്വാഭാവികമായും എല്ലാവരും നെറ്റി ചുളിച്ചു. പരസ്യമായി എതിര്‍ത്തു കൊണ്ടു ഏറെക്കുറെ എല്ലാവരും രംഗത്തെത്തി. എങ്കിലും അന്താരാഷ്ട്ര മത്സരങ്ങളും ആഭ്യന്തര മത്സരങ്ങളും മെല്ലെ മെല്ലെ തുടങ്ങി.




ആദ്യം അമാന്തിച്ചു നിന്ന ഇന്ത്യയാകട്ടെ പ്രഥമ ട്വന്‍റി 20 ലോക കപ്പില്‍ അവിചാരിതമായി കിരീടമണിയുകയും ചെയ്തു. അതോടെ ട്വന്‍റി 20 യുടെ സ്വീകാര്യത ഏറി. അങ്ങനെ കാലത്തിന്റെ അനിവാര്യതയായി ട്വന്‍റി 20 ഇന്ത്യയിലും എത്തുകയായിരുന്നു.




1983 ല്‍ ഏക ദിന ലോക കിരീടം ഇന്ത്യ നേടിയതിനു ശേഷം രാജ്യത്തുണ്ടായ ക്രിക്കറ്റ് ജ്വരവും സ്വീകാര്യതയും നമുക്കു മറക്കാനാവില്ലല്ലോ.




അന്ന് അതിന്‍റെ പ്രധാന കാരണം അന്താരാഷ്ട്ര തലത്തില്‍ നമ്മുടെ ടീം മാന്യമായ നേട്ടം കൈവരിക്കുന്ന കളി ഇതു മാത്രമായിരുന്നല്ലോ. ആകെ പത്തൊ പതിനൊന്നൊ രാജ്യങ്ങള്‍ മാത്രമേ ഇത് ഗൗരവമായെടുത്തിട്ടുള്ളുവെന്ന് സാധാരണക്കാരോട് പറഞ്ഞിട്ടു കാര്യമില്ലല്ലൊ. ജയം, അതു മാത്രമാണ് നമുക്കു പ്രധാനം. അത് നമ്മുടെ ക്രിക്കറ്റ് ടീം തരുന്നുമുണ്ട്. പിന്നെന്തിന് മറിച്ചു ചിന്തിക്കണം. മേലാളന്‍മാര്‍ക്ക് ക്രിക്കറ്റിനെ നന്നായി മാര്‍ക്കറ്റ് ചെയ്യാനും സാധിച്ചത് ഈ കളിയുടെ വേര് ഇന്ത്യയില്‍ ആഴത്തില്‍ ഓടിച്ചു.




ഐ.സി.എല്ലിനു ബദലായി ഐ.പി.എല്‍


ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിന്‍റെ നേതൃത്വത്തില്‍ ബദല്‍ വിഭാഗം ഐ.സി.എല്‍ ആരംഭിക്കുകയും അതിന് കാണികളുടെ ഇടയിലും കച്ചവട ലോകത്തും സ്വീകാര്യത ലഭിക്കുകയും ചെയ്തതോടെ ബി.സി.സി.ഐയ്ക്ക് ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടു. അങ്ങനെ അവരും ട്വന്‍റി 20യെ പറ്റി ചിന്തിക്കുകയും ഐ.പി.എല്‍ പിറക്കുകയുമായിരുന്നു.




കളിയുടെ ഗതി


കളിയുടെ ഗതി എന്താകുമെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ ആശങ്ക. കാലഘട്ടത്തിന്‍റെ അനിവാര്യതയായി കടന്നു വന്ന ഐ.പി.എല്‍ കളിയുടെ നിലവാരത്തേയും അന്താരാഷ്ട്ര മത്സരങ്ങളേയും തകര്‍ക്കുമെന്നാണ് ഇവര്‍ കരുതുന്നത്. വന്‍തുക നല്‍കുന്ന ഐ.പി.എല്ലില്‍ കളിക്കാര്‍ ഇന്ത്യയിലേയും ഇതര രാജ്യങ്ങളിലേയും താരങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ അവഗണിച്ച് ഐ.പി.എല്ലിനെത്തുന്നു എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.




സാങ്കേതികമായി കളിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന കാര്യത്തിലും രണ്ടഭിപ്രായമില്ല. വന്നപാടേ കണ്ണുംപൂട്ടി അടി എന്നതുമാത്രമാണ് ബാറ്റ്സ്മാര്‍ക്കു മുന്നിലുള്ള ലക്ഷ്യം. മികച്ച ടെസ്റ്റ് താരങ്ങളുടെ വളര്‍ച്ചയ്ക്ക് ഇത് തടസ്സമാവുകയും ചെയ്യും.




സര്‍വ്വത്ര കച്ചവടം


നൂറ്റാണ്ടുകള്‍ക്കു മുന്‍പു മനുഷ്യനെ ലേലത്തില് വിറ്റിരുന്നു, അടിമത്തത്തിന്‍റെ കാലത്ത്. ചരിത്ര പുസ്തകങ്ങളില്‍ മാത്രം വായിച്ചിറിവുള്ള അക്കാര്യം നേരിട്ടു കാണുവാന്‍ ആധുനിക സമൂഹത്തിന് ബി.സി.സി.ഐ അവസരമൊരുക്കി- മനുഷ്യക്കച്ചവടത്തിന്‍റെ പരിഷ്ക്കരിച്ച രൂപത്തിലെന്നു മാത്രം. ഇത് പല തരത്തില്‍ കളിയെ ബാധിക്കും. ടീമുകളെയും കളിക്കാരേയും വന്‍ തുക നല്‍കി സ്വന്തമാക്കിയ സിനിമക്കാരും കുത്തക മുതലാളിമാരും തൊല്‍വിയും ജയവും കളിയുടെ സ്പിരിറ്റില്‍ കാണില്ല. പണവും ലാഭവും മാത്രം ലക്ഷ്യമിടുന്ന ഇക്കൂട്ടര്‍ക്ക് തോല്‍വി താങ്ങാനാവില്ല. സ്വന്തം ടീം തോറ്റാല്‍ ഇവര്‍ കളിക്കാര്‍ക്കു മേല്‍ കുതിര കയറും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. യന്ത്രങ്ങളല്ല കളിക്കാരെന്നും അവര്‍ തെറ്റും പിഴവും പറ്റാവുന്ന പച്ചയായ മനുഷ്യര്‍ മാത്രമാണെന്നും ശത കോടികളുടെ കണക്കു പുസ്തകത്തില്‍ ജീവിക്കുന്ന ഇക്കൂട്ടര്‍ക്ക് സാധിച്ചെന്നു വരില്ല.




ചീയര്‍ ഗേള്‍സ്

അല്‍പ വസ്ത്ര ധാരികളായ പെണ്ണുങ്ങള്‍ ഇളകിയാടുന്ന കാഴ്ച ട്വന്‍റി 20 യുടെ വരവോടെയാണ് കളിക്കളത്തില്‍ നമുക്കു പരിചിതമായത്. ബൗണ്ടറികള്‍ പിറക്കുമ്പോഴും വിക്കറ്റുകള്‍ വീഴുമ്പോഴും ഇവര്‍ ചടുല താളത്തിനൊപ്പം ചുവടുകള്‍ വയ്ക്കും; കണ്ണിനു കളിക്കളത്തില്‍ മാത്രമല്ല പുറത്തും വിരുന്ന്. കളിക്കാര്‍ നിരാശപ്പെടുത്തിയാല്‍ കാശു മുടക്കി അകത്തു കടന്നവര്‍ ഇങ്ങനെയെങ്കിലും തൃപ്തിപ്പെടട്ടേയെന്നു കരുതിക്കാണും സംഘാടകര്‍.




ചിന്തിക്കേണ്ട മറ്റൊരു കാര്യം കളിക്കാര്‍ - ആണായാലും പെണ്ണായാലും - അധികം വൈകാതെ തന്നെ ഇത്തരത്തില്‍ വേഷം ധരിച്ച് ഗ്രൗണ്ടിലിറങ്ങണം എന്നു സ്പോണ്‍സര്‍മാര്‍ ആവശ്യപ്പെടുന്ന കാലം വിദൂരമല്ല. കാണികളെ സന്തോഷപ്പെടുത്തണ്ടേ !!

1 അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

വിഷയം സാംസ്കാരിക തന്നെ.തുടങ്ങേണ്ടതില്‍ നിന്ന് എത്രയോ ദൂരെ പോയിരിക്കുന്നു കാര്യങ്ങള്‍.
ചിയര്‍ഗേള്‍സ്: ഇന്നലെ അരയ്ക്കു താഴെയും നെഞ്ചിനു താഴെയും അല്പ വസ്ത്രം കൂടുതല്‍ ധരിച്ച് സാംസ്കാരിക രോഷക്കരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മറ്റൊരു കാഴ്ചയും കണ്ടു - ജയിച്ചു വന്ന പഞ്ചാബ് ടീമംഗങ്ങളെ ഓരോരുത്തരേയും നടി പ്രീതി സിന്‍ഹ (സ്പോണ്‍സറാണ്) കെട്ടിപ്പിടിച്ച് ഉമ്മ ക്കൊടുക്കുന്നത്.... കൂടുതല്‍ കാഴ്ചകള്‍ക്കായി കാത്തിരിക്കാം. എങ്കിലും ഇടയ്ക്ക് ഇങ്ങനെയൊക്കെ ഒന്നോര്‍ക്കുന്നത് നല്ലത്

April 28, 2008 6:57 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



06 April 2008

എന്തൊരു നാണക്കേട്

പതിറ്റാണ്ടുകളോളം ലോക ഹോക്കിയില്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തികളായിരുന്നു ഇന്ത്യ. എട്ടുതവണ ഒളിമ്പിക് ഹോക്കി ജേതാക്കള്‍. അതില്‍ ആറു തവണ തുടര്‍ച്ചയായി, 1928 ആംസ്റ്റര്‍ഡാം ഒളിമ്പിക്സ് മുതല്‍ 1956 മെല്‍ബണ്‍ ഒളിമ്പിക്സ് വരെ. അക്കാലയളവില്‍ 24 മത്സരങ്ങളില്‍ തോല്‍വിയറിയാതെ 178 തവണയാണ് എതിരാളികളുടെ ഗോള്‍വല ചലിപ്പിച്ചത്. നാല് സ്വര്‍‍ണ്ണം നേടിയ ഓസ്ട്രേലിയയാണ് സ്വര്‍ണ്ണനേട്ടത്തില്‍ ഇന്ത്യയ്ക്കു പിന്നിലുള്ളത് എന്നു പറയുമ്പോള്‍ തന്നെ നേട്ടങ്ങളുടെ പട്ടികയിലെ ഇന്ത്യന്‍ സ്ഥാനം എത്ര ഉയരത്തിലാണെന്ന് മനസ്സിലാക്കാം.

1960 റോം ഒളിമ്പിക്സ് ഫൈനലില്‍ പാകിസ്ഥാനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതാണ് ഒളിമ്പിക് ഹോക്കി ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ പരാജയം. എന്നാല്‍ 1964 ടോക്യോ ഒളിമ്പിക്സില്‍ അതേ മാര്‍ജിനില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ സ്വര്‍ണ്ണപ്പതക്കം വീണ്ടെടുത്തു. പക്ഷേ അതിനുശേഷം തുടര്‍ച്ചയായി രണ്ടുതവണ വെങ്കലമെ‍ഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു ഇന്ത്യന്‍ ടീമിന്.

1980 മോസ്കോയില്‍ നേടിയ സ്വര്‍ണ്ണമാണ് ഒളിമ്പിക് ഹോക്കിയിലെ അവസാന ഇന്ത്യന്‍ നേട്ടം. എന്നാല്‍, മോസ്കോയിലെ സ്വര്‍ണ്ണത്തിന്‍റെ മാറ്റ് ബഹിഷ്ക്കരണ നിഴലില്‍ അല്‍പം മങ്ങിപ്പോയെന്ന കാര്യം മറച്ചുവയ്ക്കാനുമാകില്ല. അതുകൊണ്ടുതന്നെ അറുപതുകളുടെ രണ്ടാം പകുതിയില്‍ തന്നെ ലോക ഹോക്കിയിലെ ഇന്ത്യന്‍ പ്രതാപത്തിന് തിരിച്ചടിയേറ്റു തുടങ്ങി എന്നു പറയാം. 1975 ല്‍ ഇന്ത്യ ലോക ഹോക്കി ചാമ്പ്യന്‍മാരായ കാര്യം മറക്കുന്നില്ല. എന്നാല്‍, അക്കാലത്ത് ഇന്ത്യ അനിഷേധ്യ ശക്തിയായിരുന്നില്ല എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.

1980 നുശേഷം അന്താരാഷ്ട്ര തലത്തില്‍, മാന്യമായ നേട്ടം കൈവരിക്കാന്‍ ഇന്ത്യ പാടുപെടുന്നതാണ് നാം കാണുന്നത്. ധന്‍രാജ് പിള്ളയുടെ നേതൃത്വത്തില്‍ 1998 ല്‍ നേടിയ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണവും 2003 ലും 2007 ലും ഏഷ്യാകപ്പിലും ചാമ്പ്യന്‍മാരായതുമാണ് എടുത്തുപറയത്തക്ക നേട്ടങ്ങള്‍; അതായത് ഇന്ത്യന്‍ നേട്ടങ്ങള്‍ ഏഷ്യന്‍ തലത്തില്‍ മാത്രം ഒതുങ്ങി എന്നര്‍ത്ഥം.

നേട്ടങ്ങളില്‍ താഴേയ്ക്കു പോയെങ്കിലും ഇന്ത്യന്‍ ടീം ഇത്രയേറെ അധഃപതിച്ച മറ്റൊരു കാലയളവ് മുന്‍പുണ്ടായിട്ടില്ല. ഇന്ത്യ ഇല്ലാതെ ഒരു ഒളിമ്പിക്സും ഇതുവരെ കടന്നു പോയിട്ടില്ല. നിലവാര തകര്‍ച്ചയുടെ പേരില്‍ ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍, മത്സരഫലം കൊണ്ടല്ലാതെ , നയതന്ത്രതലത്തില്‍ ഇത്രയേറെ അധിക്ഷേപിക്കപ്പെട്ടിട്ടില്ല. ഇന്ന് അതെല്ലാം സംഭവിച്ചിരിക്കുന്നു.

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഇല്ലാതെ ഒരു ഒളിമ്പിക്സ് നടക്കാന്‍ പോകുന്നു - ബീജിങില്‍. കഴിഞ്ഞ ദോഹ ഏഷ്യന്‍ ഗെയിംസില്‍ നേട്ടമുണ്ടാക്കാന്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഒളിമ്പിക്സ് പ്രവേശനത്തിന് യോഗ്യതാ ടൂര്‍ണമെന്‍റ് കളിക്കേണ്ടിവന്നു. യോഗ്യതാ ടുര്‍ണമെന്‍റിന്‍റെ കലാശക്കളിയില്‍ ബ്രിട്ടനോട് തോറ്റപ്പോള്‍ തകര്‍ന്നത് ഇന്ത്യന്‍ ഹോക്കിയുടെ അഭിമാന ചരിത്രമാണ്. നിലവാരം ഇത്രയേറേ താഴ്ന്നപ്പോള്‍ 2010 ലെ ലോകകപ്പ് ഹോക്കി വേദി ഇന്ത്യയ്ക്ക് നഷ്ടമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍. നിലവാരം മെച്ചപ്പെടുത്താന്‍ മുന്നോട്ടുവച്ച നിരവധി പദ്ധതികളി‍ല്‍ ഒന്നുപോലും നടപ്പാക്കാത്തതും, നിര്‍ദ്ദേശിച്ച വിദ്ധഗ്ധനെ വേണ്ടപോലെ ഉപയോഗിക്കാത്തതും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനെ പ്രകോപിപ്പിച്ചു. അതുകൊണ്ട് അവര്‍ പറഞ്ഞിരിക്കുന്നു- സ്വയം നന്നാവുക അല്ലെങ്കില്‍ വേദിക്ക് ഞങ്ങള്‍ വേറെ സ്ഥലം നോക്കുമെന്ന്. എന്തൊരു നാണക്കേട്.

മാറ്റം
ഇന്ത്യന്‍ ഹോക്കിയുടെ നിലവാരത്തകര്‍ച്ചയുടെ കാരണങ്ങളെ കുറിച്ച് അറിവില്ലാത്തവരല്ല നമ്മുടെ ഫെ‍ഡറേഷന്‍റെ തലപ്പത്തുള്ളത്. പല തവണ തലനാരിഴയ്ക്ക് കീറിമുറിച്ച് പരിശോധിച്ച് കാരണങ്ങള്‍ കണ്ടെത്തിയതുമാണ്. എന്നാല്‍ നമ്മുടെ ഹോക്കി മേലാളന്‍മാര്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ പരാജയപ്പെടുന്നു എന്നതാണ് വാസ്തവം.

ഹോക്കി കളിയില്‍ അടിമുടി വന്ന മാറ്റമാണ് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചത്. കളി നിയമത്തിലും പ്രതലത്തിലും മാറ്റം വന്നു. ഇന്ത്യയും പാകിസ്ഥാനും യൂറോപ്യന്‍ ടീമുകളുടെ മേല്‍ നടത്തിയ തേരോട്ടം സായിപിന്‍റെ ഉറക്കം കെടുത്തി. കളിയിലാണെങ്കിലും തൊലി കറുത്തവന്‍റെ മികവ് അംഗീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. അതിന് അവര്‍ ആവുന്നതൊക്കെ പയറ്റിനോക്കി നോക്കി പരാജയപ്പെട്ടപ്പോള്‍ അറ്റകൈയ്ക്ക് കളി നിയമം തങ്ങളുടെ കളിക്കാര്‍ക്ക് യോജിച്ച രീതിയില്‍ തിരുത്തിയെഴുതാന്‍ അക്കൂട്ടര്‍ തീരുമാനിച്ചു.

സ്കില്ലില്‍ നിന്നു പവറിലേക്ക്

സ്കില്‍ ഗെയിമായ ഹോക്കിയെ പവര്‍ ഗെയിമായി മാറ്റുന്ന തരത്തില്‍ നിയമങ്ങള്‍ പൊളിച്ചെഴുതാനായിരുന്നു നീക്കം. അങ്ങനെ വന്നാല്‍ 70 മിനിറ്റും തങ്ങളുടെ താരങ്ങള്‍ക്കൊപ്പം കിടപിടിക്കാനുള്ള വേഗതയും എന്‍ഡുറന്‍സും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉണ്ടാവില്ല എന്ന് സായിപ്പിന് ഉറപ്പായിരുന്നു. അന്താരാഷ്ട്ര ഫെഡറേഷനിലെ അംഗ ബലവും സായിപ്പിനെ കണ്ടാല്‍ കവാത്തു മറക്കുന്ന മറുപക്ഷത്തിന്‍റെ സ്വഭാവും അവരെ ആ നീക്കത്തില്‍ സഹായിച്ചു.

പുല്ലില്‍ നിന്ന് സിന്തറ്റിക്കിലേക്ക്

നിയമത്തിലെ പൊളിച്ചെഴുത്തിന് ഒപ്പം പ്രതലവും മാറ്റി. പുല്‍കോര്‍ട്ടുകള്‍ക്കു പകരം കൃതൃമ ആസ്ട്രോ ടര്‍ഫിലായി പിന്നീടുള്ള കളി. ഈ സിന്തറ്റിക്ക് പ്രതലം നിര്‍മ്മിക്കാനുള്ള കോടികള്‍ വരുന്ന ഭീമമായ ചലവ് ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയായി. ഇന്നും ഇതിന് മാറ്റം വന്നിട്ടില്ല. നമ്മുടെ കേരളത്തില്‍ പേരിനു പോലും ഒരു ആസ്ട്രോ ടര്‍ഫ് ഇല്ല എന്നത് ദുഃഖ സത്യമാണ്.

ആശയക്കുഴപ്പം

നിയമങ്ങളും പ്രതലവും മാറിയപ്പോള്‍ ഹോക്കിയില്‍ പ്രധാനമായും രണ്ടു ശൈലികള്‍ നിലവില്‍ വന്നു; സ്കില്ലിനു പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍‍ ശൈലിയും ശാരീരിക ക്ഷമതയ്ക്കു മുന്‍തൂക്കമുള്ള യൂറോപ്പിന്‍റെ പവര്‍ ഗെയിമും.

ചില തിരിച്ചടികള്‍ നേരിട്ടപ്പോള്‍ സ്വന്തം ശൈലി ഉപേക്ഷിച്ച് യൂറോപ്യന്‍ ‍ ശൈലി സ്വീകരിച്ചാലൊ എന്നായി ഇന്ത്യന്‍ അധികൃതര്‍. അതിനു നടത്തിയ ശ്രമമാകട്ടെ പൂര്‍ണ്ണമായും വിജയിച്ചതുമില്ല. അപ്പോഴാകട്ടെ ‘കടിച്ചതുമില്ല പിടിച്ചതുമില്ല’ എന്നതായി നമ്മുടെ അവസ്ഥ. അങ്ങിനെ എന്തുവേണം എന്നറിയാത്ത ശൈലിയിലെ ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നു.

ഗില്ലിന്‍റെ താന്തോന്നിത്തം

ലോക ഹോക്കിയില്‍ വന്ന മാറ്റങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നീക്കാന്‍ ഇന്ത്യന്‍ ഫെഡറേഷന്‍ പരാജയപ്പെട്ടു എന്ന് പതുക്കെ പറഞ്ഞാല്‍ പോരാ. കസേര നിലനിര്‍ത്തുക, കാര്യങ്ങള്‍ കാല്‍ക്കീഴിലാക്കുക എന്ന ലക്ഷ്യങ്ങള്‍‍ മാത്രം മുന്‍നിര്‍ത്തി ഫെഡറേഷന്‍റെ തലപ്പത്തിരുന്നു കരുക്കള്‍ നീക്കുന്ന കെ.പി.എസ്.ഗില്ലിന്‍റെ സ്വേഛാധിപത്യം ഇന്ത്യന്‍ ഹോക്കിയെ തകര്‍ച്ചയുടെ കയത്തിലേക്ക് കൂടുതല്‍ വേഗത്തില്‍ നയിച്ചു എന്നതാണ് വാസ്തവം. ഗില്ലിന്‍റെ അടിച്ചമര്‍ത്തല്‍ സഹിക്കാനാവാതെ പല കളിക്കാരും പരിശീലകരും അകാലത്തില്‍ സലാം പറഞ്ഞു.

വളരെ വൈകിയാണെങ്കിലും ഗില്ലിനും പിണിയാളന്‍മാര്‍ക്കും എതിരേ ശബ്ദിക്കുവാന്‍ ചിലരെങ്കിലും തയ്യാറായി. ഇക്കൂട്ടരുടെ എണ്ണം ഇപ്പോള്‍ പെരുകി. എന്നാല്‍, ഒന്നര പതിറ്റാണ്ടോളമായി കസേരയില്‍ തുടരുന്ന ഗില്‍, ഇറങ്ങിപ്പോകാന്‍ പോകാന്‍ തയ്യാറേ അല്ല. ഏത്ര പഴി കേട്ടാലും നാണം കെട്ടാലും സ്ഥാനം ഒഴിയാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ഗില്‍. ഇന്ത്ന്‍ ഹോക്കിയെ കരകയറ്റിയിട്ടേ താന്‍ സ്ഥാനമൊഴിയൂ എന്നാണ് ‘വിദ്വാന്‍’ ഇപ്പോള്‍ പറയുന്നത്.

റിട്ടയേര്‍ഡ് ഐ.പി.എസ് ഓഫീസര്‍മാരുടെ വിശ്രമകാല താവളമായി മാറിയിരിക്കുന്ന ഇന്ത്യന്‍ ഹോക്കി ഫെഡറേഷനില്‍ അടിമുടി മാറ്റം വന്നാലേ രാജ്യത്ത് ഈ കളിക്ക് ഇനി രക്ഷയുള്ളു. കളി അറിയാവുന്ന ഇഛാശക്തിയുള്ളവര്‍ തലപ്പത്തു വരണം. ഇതിനു വേണ്ട വിപ്ളവ കരമായ നീക്കങ്ങള്‍ വരണം. അല്ലാത്ത പക്ഷം നാണക്കേടുകളുടെ കഥ ഇനിയും തുടരും…. ഇന്ത്യന്‍ ഹോക്കിയെ നക്ഷത്ര സമാനമായി ഉയര്‍ത്തിയ ധ്യാന്‍ ചന്ദിനെ പോലെയുള്ള മഹാന്‍മാരുടെ ആത്മാവ് ഗതികിട്ടാതെ അലഞ്ഞുകൊണ്ടിരിക്കും.…

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




വിഷ്ണു
eMail




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്