14 February 2008

പുതിയ തലമുറയിലെ രണ്ട് കവികള്‍ ‍ഒരു മുഴുപ്രണയിയുടെ ചോദ്യങ്ങളെ നേരിടുന്നു

ചോദ്യങ്ങള്‍ : ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്
മറുപടി : ടി.പി.അനില്‍കുമാര്‍, കുഴൂര്‍ വിത്സണ്‍


(പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന കുഴൂര്‍ വിത്സന്റെ ആദ്യം മരിച്ചാല്‍ ‍നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം, ആരെല്ലാം നോക്കുമെന്നായിരുന്നു എന്ന ഒരു നഗരപ്രണയകാവ്യത്തിലെ അനുബന്ധം)

ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് : പ്രണയം എങ്ങനെ രൂപപ്പെടുന്നു ? പൌര്‍ണ്ണമിയിലോ സുനാമിയിലോ ?

ടി.പി.അനില്‍കുമാര്‍ : ഏകാന്തവും അപരിചിതവുമായ ഒരിടത്ത് തടവിലാക്കപ്പെടുമ്പോള്‍ മനസ്സുകള്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനമായാണ് പ്രണയം ഞാന്‍ അനുഭവിച്ചിട്ടുള്ളത്. രണ്ടു പേര്‍ക്കു മാത്രമുള്ള ഇടമായി ലോകം പുന:സൃഷ്ടിക്കപ്പെടുകയും രണ്ടുപേര്‍ക്കു മാത്രം വിനിമയം ചെയ്യുവാനുള്ള ഭാഷ രൂപപ്പെടുകയുമൊക്കെ ചെയ്യും അക്കാലത്ത്. ഒരാള്‍ക്ക് മറ്റൊരാള്‍ തന്റെ പ്രകൃതിയും കവിതയും കാമവുമൊക്കെയായി മാറും. നിലാവിന്റെ കാല്പനികതയേക്കാള്‍ അപ്രതീക്ഷിതമായ കടലാക്രമണങ്ങളുടെ കഥയാണതിനു പറയുവാനുള്ളത്.


കുഴൂര്‍ വിത്സണ്‍ :മരണം എങ്ങനെയുണ്ടാകുന്നു എന്നത് പോലെ ഉത്തരമില്ലാത്ത ഒരു ചോദ്യമാണ് എനിക്കിത്. വയസ്സായി കുറെക്കാലം കിടന്ന് ഒരു മരണം വരുമ്പോള്‍ അത് മരണമായി തോന്നിയിട്ടില്ല. എന്നാലോ ആര്‍ത്തുല്ലസിച്ച് വിനോദയാത്രക്ക് പോകുന്ന ചെറുപ്പക്കാരില്‍ രണ്ട് പേര്‍ ബൈക്കപകടത്തില്‍ ഇല്ലാതാകുമ്പോള്‍, വീട്ടിലേക്ക് സാമാനങ്ങളുമായി വൈകുന്നേരം മടങ്ങുന്ന വീട്ടുകാരന്‍ വഴിയരികില്‍ വച്ച് ഹ്യദയം പൊട്ടിമരിക്കുമ്പോള്‍ മരണം അതിന്റെ എല്ലാ ആഴത്തോട് കൂടിയും തേടിയെത്തിയിട്ടുണ്ട്.

എന്തായാലും ഊണും ഉറക്കവും കഴിഞ്ഞ് വളരെ പ്രശാന്തമായ ഒരു സന്ധ്യയുടെ പ്രകാശത്തില്‍ വളരെ സ്വച്ഛന്ദമായി നടക്കുന്ന വേളയില്‍ എന്തെങ്കിലും ചെയ്ത് കളയാം എന്ന് നിനയ്ക്കുമ്പോള്‍ എന്നാല്‍ അത് പ്രണയമാകട്ടെ എന്ന രീതി ഇന്നോളം എനിക്കുണ്ടായിട്ടില്ല.. ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത് അപ്പന്റെ പാടത്തെ തെങ്ങുകളോടും , മരങ്ങളോടും, നെല്‍ച്ചെടികളോടുമാണ്.പിന്നെ വീട്ടുകാരുടെ ഇറച്ചിവെട്ടുകടയിലേക്ക് അറുക്കാനായി കൊണ്ടുവന്നിരുന്ന പശുക്കളോടും പോത്തുകളോടും. ബാല്യകൌമാരങ്ങളുടെ സുതാര്യമായ മനസ്സിലേക്ക് ഏറെ പതിഞ്ഞതു കൊണ്ടാകണം ഇപ്പോള്‍ മരങ്ങളെ കാണുമ്പോള്‍ ഒരു തരം വെമ്പല്‍. അതിന്റെ ഇലകള്‍, തടി, വേരുകള്‍, തണല്‍ എല്ലാം എല്ലാം മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും. അത് പോലെ തന്നെ മ്യഗങ്ങളും. സ്നേഹവും സങ്കടവും ഒരു പോലെ.


പശുവിനെ അറുക്കാനായി പിടിച്ച് കൊടുക്കുമ്പോള്‍ അനുഭവിച്ച വേദന ഇപ്പോഴാണ് ശരിക്കും ത്രീവമാകുന്നത്. എന്റെ ആദ്യപ്രണയങ്ങള്‍. ചെടികള്‍, മരങ്ങള്‍, നെല്‍പ്പാടങ്ങള്‍. അറുക്കാന്‍ കൊണ്ടുവന്ന മ്യഗങ്ങള്‍. ഇവ രണ്ടും പിന്നെ പ്രണയത്തിലും അനുഭവിച്ചിട്ടുണ്ട്. അത് കൊണ്ട് പൌര്‍ണ്ണമിയും സുനാമിയും ഇക്കാര്യത്തില്‍ നേരിട്ട് എന്റെ വിഷയമാകുന്നില്ല. പട്ടുപോയാലും ഓര്‍മ്മയുടെ വേരുകള്‍ ആഴത്തില്‍ സൂക്ഷിക്കുന്ന മരമോ, കഴുത്തറുക്കുമ്പോഴും കാരുണ്യത്തോടെ വെട്ടുകാരന്റെ കണ്ണുകളിലേക്ക് നോക്കുന്ന മ്യഗമോ ആണ് എന്റെ പ്രണയം

പൊയ്ത്തും കടവ് : ഏകപക്ഷീയമായി മാത്രം പ്രണയിക്കാമോ ?

ടി.പി.അനില്‍കുമാര്‍ : കഴിയുമോ?എനിയ്ക്കു തോന്നുന്നില്ല. കൊടുക്കല്‍ വാങ്ങലുകളില്ലാതെ എന്തു പ്രണയം? ശരീരത്തിന്റെ ചൂടും തണുപ്പും, മനസ്സിന്റെ കുതിപ്പുകള്‍, സ്നേഹം, സങ്കടങ്ങള്‍, ദേഷ്യം, വെറുപ്പ്… ഇതൊക്കെ പങ്കുവെക്കപ്പെടാതെ പ്രണയമുണ്ടോ?
കുഴൂര്‍: എന്റെ പ്രണയമേ, എന്റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ത് എന്നെഴുതിയത് കവി വി.ജി.തമ്പിയാണ്. എന്റെ ദൈവമേ, എന്റെ ദൈവമേ എന്നെ ഏകനാക്കുന്നതെന്ത് എന്ന ഇയ്യോബിന്റെ വാചകത്തിന്റെ മനോഹരമായ ഭാഷാന്തരം ആണത്. എത്ര പ്രാവശ്യം വിളിച്ചാലാണ് ദൈവം പൂര്‍ണ്ണ ഹ്യദയത്തോടെ മനസ്സ് തുറക്കുക. പ്രണയത്തിലാണ് എന്ന് പരസ്പ്പരം വിശ്വസിക്കുമ്പോഴും, അത് ലോകം മുഴുവന്‍ പാട്ടാകുമ്പോഴും വല്ലപ്പോഴും മാത്രമാണ് അത് സംഭവിക്കുന്നത്. ഏതോ ഒരു നിമിഷത്തില്‍.

പൊയ്ത്തും കടവ് : പ്രണയത്തിന് വേണ്ടി താങ്കള്‍ ഏതറ്റം വരെ പോകും? (സാരിയുടെ അറ്റമല്ല ഉദ്ദേശിക്കുന്നത്.)

ടി.പി.അനില്‍കുമാര്‍ : ഒരാള്‍ക്ക് അവന്റെ മനസ്സും ശരീരവും ഇച്ഛാശക്തിയും കൊണ്ട് എത്താവുന്നിടത്തോളം. അല്ലെങ്കില്‍ അതിനുമപ്പുറത്ത്. എന്നാലും വീണുപോകും. മുന്‍പു പറഞ്ഞ കടലാക്രമണങ്ങളില്‍ കടപുഴകും. ആരും കേള്‍ക്കരുത് എന്നു കരുതി ഭൂമിയിലെ ഏറ്റവും വലിയ കരച്ചിലായ കടലിനു മുന്നില്‍നിന്ന് തൊണ്ട പൊട്ടി കരഞ്ഞിട്ടുണ്ട്. അപമാനത്തിന്റെ വള്ളിച്ചൂരലടിക്ക് നിന്നു കൊടുത്തിട്ടുണ്ട്. മനസ്സിന്റെ പുകച്ചിലടക്കാന്‍ ശരീരത്തെ സ്വയം പീഡനത്തിന്റെ കൊടും മുറകളിലൂടെ തകര്‍ത്തിട്ടുണ്ട്.

കുഴൂര്‍: മരണത്തോളം. അതിനുമപ്പുറമുണ്ടെങ്കില്‍ അടുത്ത ജന്മത്തോളം. അതിനും അപ്പുറമുണ്ടെങ്കില്‍ അതിനുമപ്പുറത്തോളം

പൊയ്ത്തും കടവ് : പ്രണയിക്കപ്പെടുന്ന ആള്‍ക്ക് നമ്മുടെ പ്രണയത്തിന്റെ ഭാരം താങ്ങാന്‍കെല്‍പ്പില്ലാതെ പോയാല്‍അത് കവിതയില്‍ഇറക്കി വച്ച് സമാധാനിക്കുമോ അതോ അവളെ ഭാരം കൊണ്ട് അമര്‍ത്തി ചമ്മന്തിയാക്കുമോ ?

ടി.പി.അനില്‍കുമാര്‍ : ഒരു ബുദ്ധിമുട്ടുമുണ്ടാക്കരുതെന്നൊക്കെ വിചാരിക്കും. എന്നാലും എന്നെയിങ്ങനെ ശ്വാസം മുട്ടിച്ചു കൊല്ലാതെ എന്ന് അവളെക്കൊണ്ട് പറയിക്കും. പറമ്പിലെ കാട്ടുപയറിന്‍ചെടിപോലെ മുറിച്ചു കളഞ്ഞാലും മുറ്റിത്തഴച്ച് എന്റെ മേലിങ്ങനെ ചുറ്റിപ്പടരല്ലേ എന്ന് എന്നില്‍നിന്നും രക്ഷപ്പെടാന്‍ വേണ്ടി യാചിച്ചിട്ടുണ്ട്. എന്തു ചെയ്യാന്‍, അത്രയ്ക്കും സ്വാര്‍ത്ഥനായതുകൊണ്ട് അതിന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല. ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് ഇടയ്ക്കിടെ എന്നോടുതന്നെയുള്ള ഓര്‍മ്മപ്പെടുത്തലാണ്‍ എന്റെ കവിതകള്‍. പ്രണയത്തിന്റെ ഭാരമൊക്കെ ഇറക്കി വെക്കാനുള്ള ഒരു ചുമടുതാങ്ങിയുടെ കെല്പ് അതിനിനിയും വന്നിട്ടില്ല.

കുഴൂര്‍: പ്രണയത്തിലാകുമ്പോഴാണ്‍ ഒരാള്‍ ഏറ്റവും ഏകാന്തനാകുന്നതെന്നാണ്‍ തോന്നിയിട്ടുള്ളത്.ഏകപക്ഷീയമായ ഗോള്‍ എന്ന പ്രയോഗം തന്നെയെടുക്കാം. വളരെക്കുറച്ച് സന്ദര്‍ഭങ്ങളില്‍ മാത്രമേ പ്രണയത്തില്‍ ഗോളുകള്‍ തിരിച്ച് വരാറുള്ളൂ. അല്ലെങ്കില്‍ പ്രണയത്തില്‍ മാത്രമാണ്‍ തോല്ക്കാന്‍ വേണ്ടിയെങ്കിലും നാം തിരിച്ചൊരു ഗോള്‍ പ്രതീക്ഷിക്കുന്നത്. അതുമല്ലെങ്കില്‍ സെല്‍ഫ് ഗോളുകള്‍ അടിച്ച് കൊണ്ടേയിരിക്കുന്നത്. ഞാന്‍ പിന്നെയും ഒറ്റയ്ക്കാകുന്നല്ലോ എന്ന ശക്തമായ തോന്നല്‍ കൂടിയാണ്‍ പ്രണയം

പൊയ്ത്തും കടവ് : കപ്പടാമീശക്കാരനായ അച്ഛന്‍, കേസും കോടതിയും ഹരമാക്കി മാറ്റിയ അമ്മ, മൂന്ന് ആങ്ങളമാരില്‍ഒരാള്‍ജാമ്യത്തിലും, മറ്റേയാള്‍പരോളിലും, മൂന്നാമത്തെയാള്‍ഗുണ്ടാ ആക്ടിനെ ഭയന്ന് ഒളിവിലുമാണ്‍. ഒരേ ഒരു പെങ്ങള്‍. അതിസുന്ദരിയായ അവളുടെ കണ്ണില്‍താങ്കളോടുള്ള പ്രണയത്തിന്റെ ഭൂലോക പൂത്തിരി. എന്താവും മാനസികാവസ്ഥ. ധീരമായി മുന്നോട്ട് പോകുമോ ?

ടി.പി.അനില്‍കുമാര്‍ : അത്തരമൊരവസ്ഥ ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഒരു പക്ഷേ അതിനേക്കാള് അപകടകരമായ വഴികളിലൂടെ കടന്നു പോയിട്ടുണ്ട്. അപകടകരമായ ഇടങ്ങളില്‍, ഒന്നു കാണുവാന്‍ വേണ്ടി അസമയങ്ങളില്‍ ഒളിപ്പോരാളിയേപ്പോലെ പതിയിരുന്നിട്ടുണ്ട്. അഞ്ചു മിനിറ്റുപോലും ബസ്സു കാത്തു നില്‍ക്കാന്‍ ക്ഷമയില്ലാത്തവന്‍ കൊടും ചൂടില്‍ വിയര്‍ത്ത് മണിക്കൂറുകള്‍ കാത്തുനിന്നിട്ടുണ്ട്. പലപ്പോഴും കാണാനാവാതെ മടങ്ങിയിട്ടുണ്ട്. തൊട്ടാല്‍ ഇപ്പോഴും ചോര കുതിക്കുന്ന മുറിവുകളായതുകൊണ്ട് അവിടെയൊന്നും ഇപ്പോള്‍ ഞാന്‍ തൊടാറില്ല.

കുഴൂര്‍: ഇപ്പോഴത്തെ അവസ്ഥയില്‍ ഈ ചോദ്യത്തിന്‍ ഉത്തരമില്ല. ഇനി അങ്ങനെയൊരു അവസ്ഥ ഉണ്ടാകും എന്ന് സ്വപനത്തില്‍ പോലും വിചാരിക്കാന്‍ പോലും ഇപ്പോഴാകില്ല. അത് കൊണ്ട് പൂജ്യം മാര്‍ക്ക് തരാം.

പൊയ്ത്തും കടവ് : പ്രണയത്തില്‍കീഴടക്കലും കീഴടങ്ങലുമുണ്ടോ ?ടി.പി.അനില്‍കുമാര്‍ : എന്നെ സംബന്ധിച്ചാണെങ്കില്‍ കീഴടങ്ങലേയുള്ളൂ. അതു തന്നെയാണതിന്റെ തകരാറും. പ്രണയം സ്വാതന്ത്ര്യമാണെന്നു പറയും. പക്ഷേ പ്രണയത്തിലായവര്‍ ഇരുവരും ആദ്യമേ ചെയ്യുന്നത് അദൃശ്യമായ ചങ്ങലകള്‍ കൊണ്ട് പരസ്പരം ബന്ധിക്കുക എന്നതാണ്‍. നിബന്ധനകള്‍, നിര്‍ദ്ദേശങ്ങള്‍, ഓര്‍മ്മപ്പെടുത്തലുകള്‍… അങ്ങനെയൊക്കെ.

കുഴൂര്‍: രണ്ടുമുണ്ട്. ഞാനെന്ന് അതെപ്പോഴും പിടച്ച് കൊണ്ടിരിക്കുന്നു. എന്നെ മാത്രം ചിന്തിച്ചിരിക്കൂവെന്ന് അത് പ്രാത്ഥിച്ച് കൊണ്ടിരിക്കുന്നു. ഏതെങ്കിലും നിമിഷത്തില്‍ അതിന്‍ മാറ്റം വന്നാല്‍ കീഴടക്കാനുള്ള ശ്രമങ്ങള്‍. കോമാളിത്തരമാകാം. ധീരത കാട്ടലാകാം. കരച്ചിലാകാം. മരണമാകാം. എന്തുമാവാം.

പൊയ്ത്തും കടവ് : താങ്കളുടെ സുന്ദരിയായ ഒരേയൊരു മകള്‍ എം.ബി.ബി.എസ് അവസാന വര്‍ഷത്തിന്‍ പഠിക്കുന്നു. തെരുവില്‍ കഞ്ചാവ് വിറ്റു നടക്കുന്ന ഒരുത്തനോട് അവള്ക്ക് മുടിഞ്ഞ പ്രേമം. താങ്കളുടെ പ്രണയ സങ്കല്‍പ്പം, എഴുതിയ പ്രണയ കവിതകള്‍ ഇവ ഒരു ഭാരമായി – ബാധ്യതയായി തോന്നുമോ ?

ടി.പി.അനില്‍കുമാര്‍ : കുറച്ച് വിശദീകരിക്കേണ്ടി വരും. താന്‍ അനുഭവിച്ച ദാരിദ്ര്യവും കഷ്ടപ്പാടുകളും പര്‍വ്വതീകരിച്ച് എഴുത്തിനൊപ്പം വില്‍ക്കുക എന്നത് മലയാളത്തിലെ ഒരു നടപ്പു ദീനമായി മാറിയിരിക്കുന്നതുകൊണ്ട് തെറ്റിദ്ധരിക്കരുത്. മുന്‍കൂര് ജാമ്യമെടുക്കുന്നതുമല്ല. എന്റെ പതിനേഴാം വയസ്സിലായിരുന്നു അച്ഛന്റെ ആകസ്മിക മരണം. തികച്ചും ദരിദ്രമായ ചുറ്റുപാട്. ആരോഗ്യപ്രശ്നങ്ങളുള്ള അമ്മ, അനിയത്തിമാര്‍, പണിതീരാത്ത വീട്, പഠനത്തിനൊപ്പം ആശാരിപ്പണിയും ചെയ്തായിരുന്നു ജീവിതം. മാമന്റെ സ്നേഹപൂര്‍ണവും തന്ത്രപരവുമായ നീക്കത്താല്‍ ഗള്‍ഫിലേക്ക് നാടുകടത്തപ്പെടുമ്പോള്‍ വയസ്സ് ഇരുപത്തിമൂന്ന് തികഞ്ഞിട്ടില്ല. അക്കാലത്ത് നാട്ടുവഴികളും കൂട്ടുകാരും ചേര്‍ന്ന് പൂരിപ്പിക്കേണ്ടിയിരുന്ന യൌവ്വനത്തിന്റെ പല ഇടങ്ങളും ഇപ്പോഴും ഒഴിഞ്ഞു കിടപ്പുണ്ട്. കോമാളിവേഷമായി ഇപ്പോഴും എണ്ണപ്പെടുന്ന ഗള്‍ഫുകാരന്റെ വേഷം കെട്ടിയതുകൊണ്ട് അനിയത്തിമാരുടെ വിവാഹം ബുദ്ധിമുട്ടില്ലാതെ നടത്താനായി. വീടു പണി പൂര്‍ത്തിയാക്കി. അമ്മയ്ക്കിപ്പോഴും ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇപ്പോഴും എല്ലായിടത്തും എന്റെ നോട്ടം എത്തണം. എത്തുന്നുണ്ട്. അങ്ങനെയൊരു കരുതലോടെ ജീവിക്കുന്നതുകൊണ്ടാകണം (അതുകൊണ്ടാവണമെന്നുമില്ല,) അത്തരമൊരു ബന്ധത്തില്‍ എന്റെ മകള്‍ ചെന്നു പെടുന്നത് എനിയ്ക്ക് ഓര്‍ക്കാന്‍ പോലും കഴിയില്ല.എന്റെ ജീവിതാനുഭവങ്ങള്‍, പ്രണയം, ഭ്രാന്ത്… ഇതിന്റെയൊക്കെ സത്യസന്ധമായ മുദ്രകളാണ് എന്റെ കവിതകളിലുള്ളതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ ജീവിതത്തിലെടുക്കുന്ന ഒരു നിലപാടിനും എന്റെ കവിതകള്‍ ബാധ്യതയാവില്ല.

കുഴൂര്‍: ഇല്ല . ഒരിക്കലും ഒരു ബാധ്യതയാകില്ല. എന്റെ പ്രണയമാണ്‍ കവിതകളില്‍ എഴുതി തീര്‍ത്തത്. അത് ആരുടെയും മാത്യകയല്ല. മമ്മുട്ടിയ്ക്കും സുഹാസിനിക്കും ആടിപ്പാടാനല്ല, പ്രഥിരാജിനും റോമയ്ക്കും വേണ്ടിയുമല്ല. ഈ കവിതകളെല്ലാം ഞാന്‍ ജീവിച്ച് എഴുതിയതാണ്‍. എന്റെ പ്രണയകവിതകള്‍ ആരുടെയും ജീവിതത്തില്‍ അനുഭവവേദ്യമായിക്കൊള്ളട്ടെ. എന്നാല്‍ സ്വന്തമാക്കിയാല്‍ അവരെ കൊന്നുകളയും മകളും അവളുടെ പ്രണയവും അവളുടെ അച്ഛനു ഒരു ബാധ്യതയായേക്കാം, ഭാരമായേക്കം എന്നേ ഇപ്പോള്‍ പറയാനൊക്കൂ. അവരുടെ പ്രണയത്തിനാണോ അപ്പോഴത്തെ എന്നിലെ പിത്യസ്നേഹത്തിനാണോ ശക്തിയെന്ന് തെളിയിക്കപ്പെടുന്ന ഒരു വേളയായിരിക്കും അത്. എന്നിലെ അച്ഛന്‍ പൂര്‍ണ്ണശക്തിയോടെ നേരിടാം. ആര്‍ ജയിച്ചാലും സങ്കടവും ദേഷ്യവുണ്ടാകും. ഒരു സമയത്ത് അങ്ങനെ വിജയിച്ച ഒരാളാണ്‍ ഞാന്‍.

പൊയ്ത്തും കടവ് : ഒരാള്‍ ഒരേ സമയം ഒരാളെ മാത്രമേ പ്രണയിക്കാവൂ എന്നാണ്‍ എന്റെ അഭിപ്രായം. യോജിക്കുമോ ?

ടി.പി.അനില്‍കുമാര്‍ : അത്തരം നിര്‍ബന്ധങ്ങള്‍ വേണോ?നിന്നെ പ്രണയിക്കുമ്പോള്‍ തന്നെ എനിക്ക് മറ്റൊരാളോടും അടുപ്പം തോന്നുന്നു, എന്താണ് ഞാനിങ്ങനെ എന്ന് സംഭ്രമത്തോടെ ഒരാള്‍ എന്നോട് ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഭൂമിയുടെ അറ്റത്ത് ഒറ്റയ്ക്ക് നില്‍ക്കുകയാണെന്നും അടുത്ത കാല്‍ വെയ്ക്കുന്നത് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഗര്‍ത്തത്തിലേയ്ക്കാണെന്നും അയാള്‍ എന്നെ പിന്നില്‍നിന്ന് തള്ളിയിടുകയാണെന്നും തോന്നിയിട്ടുണ്ട്. ആ തള്ളിയിടല്‍ പല രാത്രികളിലും സ്വപ്നശല്യമായി വരാറുണ്ട്. എന്നാലും പറയട്ടെ, അതൊക്കെ സംഭവിച്ചു പോകുന്നതല്ലേ, വേണമെന്നു വച്ചിട്ടല്ലല്ലോ!

കുഴൂര്‍: ഒരാള്‍ ഒരേ സമയം ഒരാളെ മാത്രമെ പ്രണയിക്കാവൂ എന്നല്ല. ആ ഒരാളിലെ ഒരാളെയെങ്കിലും പൂര്‍ണ്ണമായും പ്രണയിക്കണം. ഒരാളില്‍ ശരിക്കും എത്ര ഒരാളുണ്ട്. അവയെല്ലാം തിരിച്ചറിഞ്ഞ് ഓരോന്നും ഉണര്‍ത്തണമെങ്കില്‍ എത്ര പുരുഷായസ്സ് വേണം?

പൊയ്ത്തും കടവ് : പ്രണയത്തില്‍നിന്ന് എത്രയളവില്‍ വസ്ത്രത്തെ മാറ്റി നിര്‍ത്താം?

ടി.പി.അനില്‍കുമാര്‍ : അടഞ്ഞ മുറിയ്ക്കുള്ളില്‍ കാമുകിയുമൊത്ത് വസ്ത്രത്തിന്റെ തടവറയില്‍ കഴിയുന്നതിനെ എങ്ങനെ ന്യായീകരിക്കും? ഒരുമിച്ചു നടക്കുമ്പോള്‍ ഒരു തൊടല്‍, ലിഫ്റ്റില്‍ വെച്ച് ഒരുമ്മ, ഇടനാഴിയില്‍ ഒരാലിംഗനം… മനസ്സിങ്ങനെ കുതിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രണയത്തില്‍ വസ്ത്രത്തിന് എത്രയ്ക്ക് സ്ഥാനമുണ്ടാകും?

കുഴൂര്‍:നാം തമ്മിലെന്ത് ഇല്ല ഒരു നൂല്‍ബന്ധം പോലുമില്ല എന്ന് ഈ പുസ്തകത്തില്‍ തന്നെ ഞാനെഴുതിയിട്ടുണ്ട്. മരണവീട്ടില്‍ വച്ച് കണ്ടാലും എനിക്കവളെ തൊടാന്‍ തോന്നും. ഒരിക്കലും അവസാനിക്കാത്ത ഒരു രതിയുടെ സ്വപ്നം പ്രണയത്തില്‍ മാത്രമുള്ളതാണ്‍.

പൊയ്ത്തും കടവ് : ഭംഗിയുള്ള നുണയാണ്‍ പ്രണയം. ഈ അഭിപ്രായത്തോട് യോജിക്കുമോ ?

ടി.പി.അനില്‍കുമാര്‍ :ഇടപ്പള്ളി പറയുന്നതിങ്ങനെ: പ്രേമം!ഹിമകണികയുടെ ഒരു മധുരസ്വപ്നത്തിന്‍~അവള്‍ കൊടുത്ത ഒരോമനപ്പേരാണത്!അവള്‍ക്കറിയാം,മുന്‍പും പിന്‍പും ഇരുളാണെന്ന്!വെറും ഇരുള്‍! ഷെല്‍വിയിങ്ങനേയും: പ്രണയം'സര്‍പ്പശയ്യയ്ക്കു മീതെവിഷദംശമേല്‍ക്കാത്ത സ്വപ്നം കാണലാണ്‍. ഇപ്പൊ ശിഹാബ് ഭംഗിയുള്ള നുണയാണ് പ്രേമം എന്നു പറയുന്നു. പ്രണയം ഭംഗിയില്ലാത്ത സത്യമാണ്. തീരെ ഈടില്ലാത്ത നുണകളുടെ ചിത്രപ്പണികള്‍ കൊണ്ട് ആ ഭംഗികേടുകളെ മറച്ചു വെയ്ക്കുകയല്ലേ നമ്മള്‍ ചെയ്യുന്നത്? അതാവും പെട്ടെന്ന് അതിന്റെ നിറം പോകുന്നതും.

കുഴൂര്‍:ഇല്ല. തീരെ ഭംഗിയില്ലാത്ത ഒരു സത്യമാണ്‍ എനിക്ക് പ്രണയം.

പൊയ്ത്തും കടവ് : പൂവിരിയും പോലെ വിരിഞ്ഞ് പുലയാട്ടില്‍ അവസാനിക്കുന്ന പ്രണയവും ഞാന്‍ കണ്ടിട്ടുണ്ട്. ഈ ദുരന്തം ഒഴിവാക്കാന്‍ എന്തൊക്കെ മുന്‍ കരുതല്‍ എടുക്കാം ? അതോ മുന്‍ കരുതലിന്റെ യാതൊരു പാക്കറ്റും പ്രണയത്തിന്റെ മുന്നില്‍ പൊളിക്കേണ്ടതില്ലെ ?

ടി.പി.അനില്‍കുമാര്‍ :എത്ര മുന്‍കരുതലെടുത്താലും അത് സംഭവിക്കും. പ്രണയത്തിന്റെ വാസ്തുവിദ്യ അങ്ങനെയാണ്‍. നിനക്കാരോടാണ്‍ ഏറ്റവും ഇഷ്ടമെന്ന് ദൈവം ചോദിക്കുകയാണെങ്കില്‍ എന്റെ കുഞ്ഞിനൊപ്പം നിന്റെ പേരു പറയുമെന്ന് പറഞ്ഞതു കേട്ട് പൂത്തുലഞ്ഞിട്ടുണ്ട് ഒരു കാലത്ത്. കുറ്റം പറയാനാവില്ല, ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകള്‍ തന്നെയാണത്. കുറച്ചു കാലം കഴിയുമ്പോള്‍ ദൈവത്തിന്‍ അസൂയ തോന്നും, ദൈവവും ഒരു മനുഷ്യനാണല്ലോ! എന്നാലതൊന്നു കാണട്ടെ എന്ന് മൂപ്പര്‍ വിചാരിക്കും. എന്നിട്ട് അതു വരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ദുര്‍ഘടങ്ങളായ വഴികളിലൂടെ നമ്മെ നടത്തും. നിന്നെ കണ്ടുമുട്ടിയ നിമിഷത്തെ ഞാന്‍ വെറുക്കുന്നു എന്നുവരെ പറയിക്കും..

കുഴൂര്‍:പൂവിരിയും പോലെ വിരിഞ്ഞ് പുലയാട്ടില്‍ അവസാനിക്കുന്ന പ്രണയം ഞാനും കണ്ടിട്ടുണ്ട്. എന്റെ കാര്യത്തില്‍ അങ്ങനെയൊരിക്കലും സംഭവിക്കില്ല. അങ്ങനെയൊരവസ്ഥ ഉണ്ടായാല്‍ ജീവിക്കുക പോലുമില്ല. അക്കാര്യത്തില്‍ മരണം തന്നെയായിരിക്കും. അതുമല്ലെങ്കില്‍ മൌനമായിരിക്കും എന്റെ മുന്‍ കരുതല്‍. മൌനമായിരുന്ന് പ്രണയം എന്നെ പീഡിപ്പിച്ചത് പോലെ ഒരു ചീത്തയും വിഷമിപ്പിച്ചിട്ടില്ല. മൌനത്തിന്റെ ശക്തി ഏറ്റവും തിരിച്ചറിഞ്ഞിട്ടുള്ളത് പ്രണയത്തിലാണ്‍. അവിടെ മരണം പോലും ഒന്നുമല്ല. പ്രണയത്തില്‍ ജീവിച്ച് തീര്‍ത്ത നിമിഷങ്ങളെല്ലാം ഒരുമിച്ച് മുന്നില്‍ വരുന്ന അവസ്ഥയുണ്ടവിടെ.

പൊയ്ത്തും കടവ് : പ്രണയത്തിന്റെ കാലസങ്കല്‍പ്പം എന്താണ്‍ ഹേ ?

ടി.പി.അനില്‍കുമാര്‍ :പ്രണയത്തിന്റേതെന്നല്ല, ഒന്നിന്റേയും കാല സങ്കല്പം എനിയ്ക്കില്ല.

കുഴൂര്‍:അത് വല്ലാത്ത കാര്യമാണ്‍ ഹേ. ഈ ജീവിതത്തിലോ ഒന്നിക്കാനായില്ല. മരണശേഷം നീ ആരുടെ കൂടെയായിരിക്കുമെന്ന് ഞാനവളോട് ചോദിച്ചു. എനിക്ക് മുന്നേ നിന്നെ ജീവനോളം പ്രണയിച്ചവരോട് സ്വരഗ്ഗത്തിലോ നരകത്തിലോ മത്സരിക്കേണ്ടി വരുമോയെന്ന് ? അങ്ങ്നനെ ഒന്നുണ്ടെങ്കില്‍ ഞാന്‍ നിന്റെ കൂടെയായിരിക്കും എന്നവള്‍ പറഞ്ഞു. എനിക്കത് മതി.

പൊയ്ത്തും കടവ് : പ്രണയത്തിന്റെ ശ്മശാനം ആണ് ‍ വിവാഹമെന്നാണ്‍ എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ അവിടെയും പൂക്കള്‍ വിടരാറുണ്ട് എന്ന് സമ്മതിക്കുന്നു. താങ്കള്‍ ആ പൂവിനെ ഉമ്മ വയ്ക്കുമോ ?

ടി.പി.അനില്‍കുമാര്‍ :സ്വന്തം അനുഭവത്തില്‍നിന്ന് മറുപടി പറയാന്‍ കഴിയില്ല. കാരണം എന്റേത് ഒരു പ്രണയവിവാഹമായിരുന്നില്ല. പിന്നെ പ്രണയവിവാഹമായാലും അല്ലെങ്കിലും ദാമ്പത്യം എന്നത് ഒരു കുടുസ്സുമുറി തന്നെയാണ്‍. ജനാലകള്‍ മലര്‍ക്കെ തുറന്നിട്ടാലും ദുര്‍ഗന്ധം മാറാത്ത, ഈര്‍പ്പം കിനിയുന്ന തറയോടു കൂടിയ കുടുസ്സുമുറി. ആ മുറിയെ ഉള്‍ക്കൊള്ളുന്ന വീട് – വ്യവസ്ഥിതി - അത്രമേല്‍ ജീര്‍ണിച്ചതാണെന്നതാണ്‍ പ്രധാന പ്രശ്നം. ഇരുപതോളം കൊല്ലമായി പരസ്പരം സംസാരിക്കാതെ ഒരു വീട്ടില്‍ ജീവിക്കുന്ന ദമ്പതികളുണ്ടെന്നത് അതിശയോക്തിയായി എടുക്കരുത്.ജീറ്ണതയെക്കുറിച്ചു പറയുകയാണെങ്കില്‍, മൂന്നുനാലു കൊല്ലം മുന്‍പാണ്‍. ഞങ്ങളുടെ ജനറല്‍ മാനേജറ്, യുവാവ്, മുപ്പതു വയസ്സോളമുണ്ടാവും. ബ്രിട്ടീഷുകാരന്‍. ഒരു ദിവസം എന്നോട് സ്വിറ്റ്സര്‍ലന്റിലേയ്ക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറഞ്ഞു. ഒരാഴ്ച അവധിയ്ക്കു പോവുകയാണ്‍. എന്താണ്‍ പെട്ടെന്ന് എന്നു ചോദിച്ചു. എന്റെ അമ്മയുടെ വിവാഹമാണ്‍. തെളിഞ്ഞ ചിരിയോടെ അയാള്‍ പറഞ്ഞു. അച്ഛന്‍ ഉപേക്ഷിച്ചു പോയതിനുശേഷമുള്ള അമ്മയുടെ ഏകാന്ത ജീവിതത്തെക്കുറിച്ച് അയാള്‍ സങ്കടത്തോടെ സൂചിപ്പിച്ചു.എന്റെ അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയുടെ പ്രായം ഏകദേശം മുപ്പത്തിയഞ്ച് വയസ്സ്. എനിയ്ക്കും അനിയത്തിമാര്‍ക്കും വേണ്ടിയുള്ള ഏകാന്ത ജീവിതം. എനിയ്ക്ക് ആത്മനിന്ദ തോന്നേണ്ടതല്ലേ? തോന്നിയില്ല, തോന്നുന്നില്ല. തോന്നില്ല, അത്രയ്ക്ക് ജീര്‍ണിച്ചതാണ്‍ ഞാന്‍ ജനിച്ച, ജീവിക്കുന്ന വ്യവസ്ഥിതി.

കുഴൂര്‍:പ്രണയത്തിന്റെ ശ്മശാനം ആണ്‍ വിവാഹം എന്ന് തന്നെയാണ്‍ എന്റെയുമുത്തരം. അതില്‍ സങ്കടവും ഉണ്ട്.

പൊയ്ത്തും കടവ് : ഭാര്യയും കാമുകിയും ഒരുമിച്ച് വെള്ളത്തില്‍ വീണാല്‍ താങ്കള്‍ ആരെയാണ്‍ ആദ്യം രക്ഷിക്കുക.

ടി.പി.അനില്‍കുമാര്‍ :ഭാര്യയെ. സംശയം വേണ്ട..വീട്, കുട്ടികള്‍ എന്ന വട്ടപ്പാലം ചുറ്റി ജീവിക്കുന്ന പെണ്‍കുട്ടി. ഞങ്ങളുടെ ഇരട്ടക്കുട്ടികള്‍ക്കു വേണ്ടി രാവിനെ പകലാക്കുന്നവള്‍. സ്വാര്‍ത്ഥതയാവാം. അതുപോലെത്തന്നെ എനിയ്ക്ക് രക്ഷപ്പെടുത്താന്‍ കഴിയാതെ പോയതുകൊണ്ട് കാമുകി മരിച്ചു പോയാല്‍ പിന്നെ ജീവിതം തുടരണോ എന്ന് തീരുമാനിക്കാനുള്ള അവകാശവും എനിയ്ക്കുണ്ട്. എന്തൊരു വൈരുദ്ധ്യം അല്ലേ? ഇപ്പറഞ്ഞതില്‍ മാത്രമല്ല, മുന്‍പു പറഞ്ഞ പല കാര്യങ്ങളിലും വൈരുദ്ധ്യങ്ങളുണ്ട്. പ്രണയം അങ്ങനെയൊക്കെയാണ്.

കുഴൂര്‍:വീഴാതിരിക്കട്ടെയെന്ന് നിരന്തരം പ്രാത്ഥിച്ച്കൊണ്ടാണ്‍ നടപ്പ്. എന്നാലും ക്രൂരനായ ചോദ്യക്കാരാ, അങ്ങനെ ഉണ്ടായാല്‍ ഞാന്‍ തീര്‍ച്ചയായും പ്രണയിയെ തന്നെയാണ്‍ രക്ഷിക്കുക. മറ്റാരെങ്കിലും അവളെ രക്ഷിക്കാനുണ്ട് എന്ന തിരിച്ചറിവ് ആ നിമിഷത്തിലായാലും പിന്നെയും നടുക്കടലിലാക്കും.


ഭാര്യയെ രക്ഷാപ്രവര്‍ത്തകര്‍ കരയിലെത്തിച്ചുവെന്ന് കരുതി എന്ത് സംഭവിക്കാനാണ് ?

Labels: ,

6 അഭിപ്രായങ്ങള്‍ (+/-)
Links to this post

6 Comments:

ente
idanenjilunarunna
kattu
padarnnu nin
mudiyake
thee
pidikumbol.............................

February 20, 2008 2:13 PM  

അവള്‍ എന്നിലേക്ക്‌ വന്നത്‌,
എന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കാനായിരുന്നു.
മുടിയിഴകളില്‍ ഒന്നു തഴുകാനായിരുന്നു,
കാഴ്ചയിലേക്ക്‌ ഒരു ചുംബനത്തിനായിരുന്നു.
ഈന്തപ്പന ചോട്ടില്‍ ഞങ്ങ‍ളിരുന്നു,
ഈന്തപ്പഴം പോലെ നാവുനുണഞ്ഞു,
എന്റെ ചുണ്ടിലെ എരിഞ്ഞണഞ്ഞ
സിഗററ്റിന്റെ ഗന്ധം അവളുടെ-
ഉഛ്വാസങ്ങിലൂടെ ഞാനറിഞ്ഞു.
ആ കണ്ണുകളിലെ വികാരം ഞാന്‍ കുടിച്ചു.

ഹൃദയം ഹൃദയത്തോട്‌ ചേര്‍ക്കുമ്പോള്‍ തോനുന്ന വികാരമാണ' പ്രണയവും, പരിഭവവും, പ്രാരാബ്ദവും.ഭ്രാന്തുമൊക്കെ..അതില്‍ ഏറ്റകുറച്ചിലുകളുണ്ടാവാം.അതും ജീവിതത്തിണ്റ്റെ ഓരോ വഴികളാണ'..അത്‌.. ശരിയും തെറ്റുമാകാം,പലപ്പോഴും നാം ഒരു ശരിയ്കുള്ളിലും തെറ്റിനു പുറത്തുമായിരിയ്ക്കും.ചിലപ്പോള്‍ ഞാനും.(ഈ ചോദ്യത്തരത്തിനു പകരം ഒരു ചര്‍ച്ച ചെയ്യുകയായിരുന്നു നന്ന്‌ എന്ന്‌ തോന്നിപ്പോയി ചിലപ്പോഴെങ്കിലും.ഒരു ചോദ്യത്തിന' മറുപടി പറയാന്‍ കാത്തു നില്‍ക്കുന്ന കുട്ടിയെപ്പോലെ... രണ്ടുപേരും ഒരു തോന്നലാണ`)

February 28, 2008 2:21 PM  

pranayam:tharachaalum..ethra ullilekk kayariyaalum..lahari pidippikkunna oru ambaanu.. he..athu.."iniuum kayaloo hridayathilekk.."ennathu paranayikalude praarthanayum..

April 19, 2008 8:38 PM  

Be true to your hearts, my friends!

June 3, 2008 12:17 PM  

Be true to your hearts, my friends!
And please dont mix up love and lust!

June 3, 2008 12:20 PM  

PRAVASIYUDE PRANAYAM

VARSHANGALOLAM... MARUBHOOMIYIL...

JEEVITHAM HOMICH...

ORU RANDU MAASAM...

NAATTIL KUDUMBATHOSOPPAM...

SAHODARIMAARUDE VIVAHANGAL...

MARANANGAL...

VEEDUPANIYUM...

PANIKKAARKKAYULL... NETTOTTAVUM...

MAKKALUDE SCHOOL ADMISSIONU VENDIYULLA PARAKKAM PAACHILUM...

ITHINIDAYIL PRANAYIKKAAN EVIDE SAMAYAM...

ENNITTUM...

THIRIKE VARUNNATHINTE THALENNU RAATHRI...

AVALCHODICHU...

ENTHENIKKUNALKI NINGAL

DHUKHATHIL POTHINJA SAANDHWANA VAAKKUKALALLAATHE...ABDULLAKUTTY CHETTUWA

August 8, 2008 1:01 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്
ദേവസേന
eMailപ്രണയ മലയാളത്തില്‍ ഉള്ള രചനകള്‍ തെരഞ്ഞെടു ക്കുന്നത് കവയത്രി ദേവസേനയാണ്. നിങ്ങളുടെ പ്രണയ സംബന്ധിയായ രചനകള്‍ പ്രണയ മലയാളം എന്ന തലക്കെട്ടില്‍ അയക്കേണ്ട e വിലാസം : devasena at epathram dot com


ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്