29 May 2009

പ്രണയദൂരം - എസ്. കുമാര്‍

indian-woman
 
മഷിത്തണ്ടിലും, മയില്‍ പീലിയിലും പ്രണയത്തിന്റെ മധുരം പകര്‍ന്ന ഇന്നലെകള്‍ ഇല്ലാത്തവര്‍ ഉണ്ടാകുമോ?പാളിനോട്ടങ്ങളും പിന്‍നോട്ടങ്ങളും ചെറിയ പുഞ്ചിരികളും... വിറക്കുന്ന വിരലുകള്‍ ക്കിടയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ചെമ്പക പ്പൂക്കളും റോസാ പ്പൂക്കളും... മനസ്സിലെ പ്രണയ ചെപ്പിലെ വിലമതിക്കാ നാവാത്ത രത്നങ്ങളായി അവ എന്നും അവശേഷിക്കും.
 
ഗുല്‍മോഹര്‍ പൂക്കളെ പ്പോലെ വന്യമായ നിറമുള്ള ഇന്നലെയുടെ മധുര നൊമ്പരങ്ങളായ ഓര്‍മ്മകള്‍.
ലൈബ്രറി വരാന്തയില്‍ വച്ചാണ്‌ ആ കുസൃതി ക്കണ്ണുകള്‍ ആദ്യമായി ശ്രദ്ധയില്‍ പെട്ടത്‌. എന്നാല്‍ പ്രണയത്തിന്റെ മധുര ഗാനം മനസ്സില്‍ ആദ്യമായി മൂളിയതെപ്പോള്‍ എന്ന് അറിയില്ല. ക്ലാസ്സുകള്‍ക്ക്‌ പുറകിലെ പുല്‍ത്തകിടിയില്‍ കൂട്ടുകാര്‍ക്കൊപ്പം സൊറ പറഞ്ഞിരിക്കുമ്പോള്‍ അതു വഴി കടന്നു പോയവരിലെ നീളന്‍ മുടിക്കാരി ഒരു നിമിഷം തിരിഞ്ഞു നോക്കിയപ്പോളോ അതോ ഇനി കവിതകള്‍ ഉറക്കെ ചൊല്ലി സമയം കളഞ്ഞ സമര ദിനങ്ങളിലോ?
 
എപ്പോഴോ അവള്‍ എന്റെ ആത്മാവില്‍ ചേക്കേറി. അവള്‍ക്കും എനിക്കും ഇടയില്‍ നിശ്ശബ്ദമായ ഒരു ഭാഷ രൂപപ്പെട്ടു. ലിപികളോ ശബ്ദങ്ങളോ ഇല്ലാത്തതെങ്കിലും അതു സംവദിച്ചത്‌ പ്രപഞ്ചത്തിലെ മറ്റൊരു ഭാഷക്കും കഴിയാത്ത വിധം തീവ്രമായിട്ടായിരുന്നു എന്ന് തിരിച്ചറിയുവാന്‍ പിന്നെയും ഒരു പാട്‌ കാലം എടുത്തു. അപ്പോഴേക്കും ക്യാമ്പസ്സിന്റെ കലണ്ടറിലെ ദിന രാത്രങ്ങള്‍ എണ്ണപ്പെട്ടിരുന്നു. ഒടുവില്‍ യാത്രാ മൊഴിയായി തേങ്ങലില്‍ മുങ്ങിയ ഒരു ചുടു ചുംബനം.
 
മുന്നോട്ടുള്ള യാത്രയില്‍ ജീവിതം ശരീരങ്ങളെ എതിര്‍ ദിശകളിലേക്ക്‌ നയിച്ചു. തൊഴില്‍ അനേഷിച്ചലയുന്ന വഴികള്‍ക്ക്‌ അറ്റമില്ലെന്ന് തോന്നി തളര്‍ന്നു റങ്ങിയപ്പോളും അവള്‍ സ്വപ്നങ്ങളിലെ നിത്യ സന്ദര്‍ശകയായി. പിന്നീടെപ്പോഴോ ഭാവനയെ അപഹരിച്ചു കൊണ്ടിരുന്ന പ്രണയം മാസ ശമ്പളത്തിനായി വരകളിലെ കെട്ടിടങ്ങ ള്‍ക്കായി വഴി മാറി. എന്നെ വലയം ചെയ്ത കെട്ടിട ക്കൂമ്പാരങ്ങ ള്‍ക്കിടയില്‍ എവിടെയോ അവള്‍ വഴി പിരിഞ്ഞത്‌ അറിഞ്ഞില്ല.
 
തിരക്കേറിയ ദിന രാത്രങ്ങള്‍ പല ആളുകള്‍ വ്യത്യസ്ഥമായ നാടുകള്‍. അവിടങ്ങളിലെ എന്റെ സാന്നിധ്യത്തെ അടയാള പ്പെടുത്തി ക്കൊണ്ട്‌ ചില കെട്ടിടങ്ങള്‍. ഇടക്കെപ്പോഴോ ഒരു പുതിയ ഭവനത്തിനു രൂപരേഖ ചമക്കുവാന്‍ ഇടം തേടി ചെന്നപ്പോള്‍ അമ്പരപ്പിന്റെ നിമിഷങ്ങള്‍ പകര്‍ന്ന് ആ രൂപം മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇരുവരും ഔപചാരി കതകള്‍ക്കായി വാക്കുകള്‍ പരതിയപ്പോള്‍ അറിയാതെ അജ്ഞാതമായ ആ ഭാഷ ഞങ്ങള്‍ക്കി ടയിലേക്ക്‌ കടന്നു വരുന്നത്‌ ഞങ്ങള്‍ അറിഞ്ഞു. വര്‍ഷങ്ങളുടേ പഴക്കം ഉണ്ടായിരു ന്നെങ്കിലും അപ്പോഴും ആ ഭാഷക്ക്‌ പഴയ മാധുര്യവും തീവ്രതയും ഉണ്ടായിരുന്നു. കാലം അതിനു യാതൊരു മാറ്റവും വരുത്തി യിരുന്നില്ല. ആ നിമിഷത്തില്‍ ഞങ്ങള്‍ ക്കിടയിലെ കേവല ദൂരം അവളുടെ മൂര്‍ദ്ധാവിലെ സിന്ദൂരം മാത്രം ആയിരുന്നു.
 
- എസ്. കുമാര്‍
 
 

Labels:

5 അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

കേവല ദൂരം എന്ന്‍ സിമ്പിള്‍ ആയി പറഞ്ഞെങ്കിലും അതൊരു ഒന്നൊന്നര ദൂരം തന്നാണേ

May 29, 2009 7:42 PM  

ഓര്‍മ്മകള്‍ക്ക് സുഗന്ധം...

തൊള്ളായിരത്തി എണ്‍പത്തി നാലിലെ കോളേജ് ദിനങ്ങളിലേക്കും, എപ്പോഴോ മനസ്സില്‍ കയറി നില്‍ക്കുന്ന ഒരു പ്രണയ കവിതയിലേക്കും ....
ആ നാളുകള്‍...മറക്കാനാവില്ലല്ലോ..
“ക്ലാസ്സുകള്‍ക്ക്‌ പുറകിലെ പുല്‍ത്തകിടിയില്‍ കൂട്ടുകാര്‍ക്കൊപ്പം സൊറ പറഞ്ഞിരിക്കുമ്പോള്‍ അതു വഴി കടന്നു പോയവരിലെ നീളന്‍ മുടിക്കാരി ഒരു നിമിഷം തിരിഞ്ഞു നോക്കിയപ്പോളോ....”

May 30, 2009 2:48 AM  

നന്നായിട്ടുണ്ട്.തുടര്‍ന്നും എഴുതുക.സസ്‌നേഹം നാരായണന്‍ വെളിയംകോട്.

May 31, 2009 9:10 AM  

ബായ്‌ വളരെ നന്നായിട്ടുണ്ട്‌...നല്ല ഭാഷ...നല്ല പ്രയോഗങ്ങള്‍...ഇനിയും എഴുതുക...ഒരുപാട്‌..ഒരുപാട്‌

June 22, 2009 9:44 AM  

പ്രണയത്തെ പറ്റിപറഞാലും പറഞാലും തീരണില്ലല്ലോ?

December 3, 2009 2:57 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 March 2009

അന്തിക്കാട്ടെ മഴ

മഴക്കെന്നും പ്രണയത്തിന്റെ ഭാവമാണ്‌. പ്രണയത്തിന്റെ ആര്‍ദ്രതയും ഭ്രാന്തമായ അഭിനിവേശവും എല്ലാം മഴയ്ക്കു പ്രകടിപ്പിക്കുവാന്‍ ആകും. അത്തരം ഒരു മഴക്കാലത്തെ അനുഭവം ...




പുള്ളിനും മഞ്ഞക്കരക്കും ഇടയില്‍ വിശാലമായ അന്തിക്കാടന്‍ കോള്‍പ്പാടത്തെ വെള്ളം വിഴുങ്ങിയ ഒരു മഴക്കാലം. മഴയൊന്നു തോര്‍ന്നപ്പോള്‍ മോഹനേട്ടന്റെ വലിയ വഞ്ചിയില്‍ കയറി കോളിലേക്ക്‌ പുറപ്പെട്ടു. ഇളം കാറ്റില്‍ ഓളം തല്ലുന്ന വെള്ളം ചുറ്റിനും. നടുവില്‍ ഒരു വഞ്ചിയുടെ തലക്കലേക്ക്‌ തലയും വച്ച്‌ വര്‍ഷ കാല മേഘങ്ങള്‍ സൃഷ്ടിച്ച വിചിത്രമായ രൂപങ്ങളാല്‍ നിറഞ്ഞ ആകാശം നോക്കി പ്രണയിനിയെയും ഓര്‍ത്തു കിടന്നു.




ഇടക്കെപ്പോഴോ ഓളപ്പരപ്പിലെ ആ വലിയ വഞ്ചിയില്‍ ഞാനും അവളും പരസ്പരം കണ്ണില്‍ നോക്കി ഇരിക്കുന്നു. പ്രണയത്തിന്റെ ശക്തമായ ഭാഷ മൗനം ആണെന്ന് പറഞ്ഞത്‌ ആരാണെന്ന് അറിയില്ല. പ്രണയിക്കുന്നവരുടെ കണ്ണുകള്‍ പരസ്പരം പറയുന്ന നിശ്ശബ്ദമായ കഥകള്‍ ഒരു പക്ഷെ ഇതു വരെ ഈ പ്രപഞ്ചത്തില്‍ എഴുതപ്പെട്ടതും പറയപ്പെട്ടതുമായ പ്രണയ കഥകളേക്കാള്‍ എത്രയോ മടങ്ങ്‌ മനോഹരം ആയിരിക്കും?




"നീ എന്താ കണ്ണും തുറന്ന് സ്വപ്നം കണ്ട്‌ കിടക്കാണോടാ" അങ്ങേ തലക്കല്‍ നിന്നു കൊണ്ട്‌ കഴുക്കോല്‍ ഒന്നു കൂടെ അമര്‍ത്തി ഊന്നി ക്കൊണ്ട്‌ മോഹനേട്ടന്‍ ചോദിച്ചു. സ്വപ്നം ഇടക്ക്‌ മുറിഞ്ഞു ... അവള്‍ എന്നെ തനിച്ചാക്കി അന്തരീക്ഷത്തില്‍ എവിടേയോ മറഞ്ഞു.




"അതേ മോഹനേട്ടോ ... ഇങ്ങനെ സ്വപ്നം കണ്ട്‌ കിടക്കാന്‍ ഒരു സുഖം"




"നീ അധികം സ്വപ്നം കാണാണ്ടെ ആ പെണ്‍കുട്ടിയെ കെട്ടാന്‍ നോക്കെട ... എന്തിനാ ഇങ്ങനെ നീട്ടി ക്കൊണ്ടോണേ?" മോഹനേട്ടന്‍ കഴുക്കോല്‍ ഒന്നു കൂടേ ആഞ്ഞു കുത്തി. വെള്ളപ്പരപ്പിനു മുകളിലൂടെ പൊങ്ങി നില്‍ക്കുന്ന പുല്ലിനേയും, അങ്ങിങ്ങായുള്ള ചണ്ടിയേയും വകഞ്ഞു മാറ്റി വഞ്ചി വീണ്ടും മുന്നോട്ട്‌.




"ഇതു ഒരു സുഖം ഉള്ള കാര്യാമാ എന്റെ മോഹനേട്ടോ ... ജീവിതകാലം മുഴുവന്‍ പ്രണയിക്കുക എന്നത്‌. അതു പറഞ്ഞാല്‍ മോഹനേട്ടനു അറിയില്ല" വെള്ളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന് പുല്‍നാമ്പുകളെ വെറുതെ പിഴുതെടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു.




"വേണ്ട്രാ മോനെ ... അലൂക്കാനേ സ്വര്‍ണ്ണ ക്കച്ചോടം പഠിപ്പണ്ട്രാ ... "സ്വത സിദ്ധമായ തൃശ്ശൂര്‍ ശൈലിയില്‍ മോഹനേട്ടന്റെ മറുപടി. കറുത്തു തടിച്ച്‌ കപ്പടാ മീശയും വച്ച്‌ നടക്കുന്ന ഈ കുറിയ മനുഷ്യന്‍ നിരവധി നാടന്‍ പ്രണയ കഥകളിലെ നായകനാണെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ ആളെ നേരില്‍ അറിയാത്തവര്‍ ആരും വിശ്വസിക്കില്ല.




വഞ്ചി കുറച്ചു ദൂരം കൂടെ ചെന്നപ്പോള്‍ മോഹനേട്ടന്‍ കഴുക്കോല്‍ ചെളിയില്‍ താഴ്ത്തി. എന്നിട്ട്‌ വഞ്ചി അതില്‍ കെട്ടി നിര്‍ത്തി. ഞാന്‍ എഴുന്നേറ്റിരുന്നു. ചുറ്റും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വെള്ളം. ഇടക്കിടെ ചില തുരുത്തുകള്‍. അതില്‍ തെങ്ങുകള്‍ ഇട തിങ്ങി നില്‍ക്കുന്നു. വര്‍ഷ ക്കാലത്ത്‌ ഈ തുരുത്തില്‍ വന്നു താമസിച്ചാലോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. അത്രക്ക്‌ മനോഹമാണവ.




"നീ ആലോചി ച്ചോണ്ടിരുന്നോ ... ഞാന്‍ ചേറെടുക്കാന്‍ നോക്കട്ടേ ..."




അതും പറഞ്ഞ്‌ കക്ഷി വലിയ ഒരു മുള വടിയുടെ അറ്റത്തുള്ള കോരി വെള്ളത്തിലിട്ടു കഴുക്കോലില്‍ പിടിച്ച്‌ ഊര്‍ന്നിറങ്ങി, അല്‍പം കഴിഞ്ഞപ്പോള്‍ കോരിയില്‍ നിറയെ ചെളിയുമായി മോഹനേട്ടന്‍ പൊന്തി വന്നു. അതു വഞ്ചിയിലേക്ക്‌ ഇട്ടു.




ചേറിന്റെ ഇടയില്‍ കുടുങ്ങിയ ഒരു കൊഞ്ചന്‍. മോഹനേട്ടന്‍ അതിനെ തിരികെ വെള്ളത്തിലേക്ക്‌ ഇട്ടു കൊണ്ട്‌ പറഞ്ഞു.
"ഇ പ്രാവശ്യം നല്ല മീന്‍ ഉണ്ടെന്നാ തോന്നുന്നേ ..."




മോഹനേട്ടന്‍ വീണ്ടും തന്റെ ജോലിയിലേക്ക്‌ തിരിഞ്ഞു. വഞ്ചിയുടെ വശങ്ങളില്‍ ഓളങ്ങള്‍ നിരന്തരം തട്ടിക്കൊട്ടിരുന്നു. ഞാന്‍ വഞ്ചിയുടെ തലക്കല്‍ ഇരുന്നു ചുറ്റും നോക്കി. വടക്കു കാഞ്ഞാണിയിലേയും കിഴക്ക്‌ പുള്ളിലേയും ബണ്ടിലൂടെ വാഹനങ്ങള്‍ പോകുന്നത്‌ കാണാം.




വിശാലമായ ഓളപ്പരപ്പില്‍ നിശ്ശബ്ദതയെ ഭംഗം വരുത്തുവാന്‍ കുഞ്ഞോളങ്ങളും, കാറ്റും പിന്നെ വല്ലപ്പോഴും പറന്നു പോകുന്ന കിളികളും മാത്രം. ഇങ്ങനെ ഉള്ള അന്തരീക്ഷത്തില്‍ കഴിച്ചു കൂട്ടുക ഒരു സുഖകരമായ അനുഭവം തന്നെ ആണ്‌. മനസ്സിനു വല്ലാത്ത ഒരു സന്തോഷം പകരുന്ന അവാച്യമായ ഒരു അനുഭൂതിയാണത്‌.




പതിവുപോലെ കയ്യില്‍ കരുത്തിയ നോട്ടു പുസ്തകത്തില്‍ ഞാന്‍ എന്തൊക്കെയോ കുറിച്ചു കൊണ്ടിരുന്നു. വിശാലമായ കോളില്‍ വഞ്ചിയില്‍ ഇരുന്നു എഴുതുക എന്നത്‌ ഒരു രസമാണ്‌. വര്‍ഷങ്ങള്‍ക്കു മുമ്പേ കിട്ടിയ ഒരു ശീലം.




മോഹനേട്ടന്‍ പലതവണ കഴുക്കോലിലൂടെ വെള്ളത്തിന്റെ അടിത്തട്ടിലേക്ക്‌ ഊര്‍ന്നു പോയും പൊന്തി വന്നും തന്റെ ജോലിയില്‍ വ്യാപൃതനായി. അതിനനുസരിച്ച്‌ വഞ്ചിയിലെ ചേറിന്റെ അളവ്‌ കൂടിക്കൊണ്ടിരുന്നു. ചേറു കോരിയിടുമ്പോള്‍ ഇടക്കിടെ വഞ്ചി ഉലയും. നമ്മള്‍ കരുതും വഞ്ചി ഇപ്പോള്‍ മുങ്ങും എന്ന് പക്ഷെ അങ്ങിനെ സംഭവിക്കാ തിരിക്കുവാന്‍ അതിനു സ്വന്തമായി ഒരു ബാലന്‍സ്‌ ഉണ്ടെന്ന് പലപ്പോഴും എനിക്ക്‌ തോന്നിയിട്ടുണ്ട്‌.




വഞ്ചിയില്‍ ചേറു നിറഞ്ഞിരിക്കുന്നു. മോഹനേട്ടന്‍ പണി നിര്‍ത്തി. വഞ്ചിയുടേ പടിയില്‍ ഇരുന്നു വലിയ ചോറ്റു പാത്രത്തില്‍ നിന്നും കട്ടന്‍ ചായ ഗ്ലാസ്സിലേക്ക്‌ പകര്‍ന്നു. ചൂടുള്ള ചായ മൊത്തി ക്കുടിക്കുന്ന തിനിടയില്‍ പറഞ്ഞു.




"നീ പ്രേമലേഖനം എഴുതാ ... ഇപ്പോള്‍ത്തെ കാലത്ത്‌ ആരാടാ ഇതൊക്കെ എഴുതുക? ഒക്കെ മൊബെയില്‍ അല്ലേ ... ഞാനിന്നേവരെ ഒരു പെണ്ണിനും പ്രേമ ലേഖനം എഴുതീട്ടില്ല"




" ഈ വായേലെ നാവുള്ളോ ടത്തോളം അതിന്റെ ആവശ്യം ഇല്ലല്ലോ? .. എന്റെ മോഹനേട്ടാ ഇതിന്റെ ഒരു സുഖം അതു എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും മാത്രേ അറിയൂ ..."




"ഉം പിന്നെ പണ്ടു ഒരെണ്ണം എഴുതിയതിന്റെ സുഖം നീ അറിഞ്ഞതല്ലേ?"




"അതു വല്ലവര്‍ക്കും വേണ്ടി എഴുതിയതല്ലേ? ഇതിപ്പോ അവനവനു വേണ്ടിയാ"




"ടാ അടുത്ത മഴക്കുള്ള കോളുണ്ട്‌ ... ഇമ്മള്‍ക്ക്‌ തിരിച്ചു പോയാലോ?"




"ഹേയ്‌ മഴ വരട്ടെ....ഇവിടത്തെ കാറ്റിലും മഴയിലും പ്രണയം ഉണ്ട്‌ മോഹനേട്ടാ ... ആ മരുഭൂമിയില്‍ ഇതൊന്നും ഇല്ല" പുസ്തകം മടക്കി പ്ലാസ്റ്റിക്ക്‌ കവറില്‍ ഇടുന്നതി നിടയില്‍ ഞാന്‍ പറഞ്ഞു.




"മരുഭൂയില്‍ പോണത്‌ പ്രേമിക്കാനല്ല കാശുണ്ടാക്കാനാ ... ദാ ഈ തൊപ്പി തലയില്‍ വച്ചോ എന്നിട്ട്‌ പനി വരാണ്ടെ നോക്കിക്കോ"




"വല്ലപ്പോഴും മഴ കൊണ്ട്‌ ഒരു പനി വരുന്നതും പൊട്യേരി ക്കഞ്ഞി കുടിക്കണതും ആശുപത്രീല്‍ പോണതും ഒക്കെ ഒരു രസമല്ലേ?"




"പിന്നെ ... പനി പിടിച്ച്‌ അന്തിക്കാ ടാശുപത്രീല്‍ കിടന്നാല്‍ അവള്‍ ഓറഞ്ചുമായി വരും എന്ന് കരുതീട്ടാവും, നീ ആളു കൊള്ളാടാ മോനെ" മോഹനേട്ടന്റെ കളിയാക്കലിനു മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കി ഞാന്‍ മുകളീലേക്ക്‌ നോക്കി.




ആകാശത്തെ മഴക്കാറുകള്‍ കനം വെക്കുവാന്‍ തുടങ്ങി. അധികം വൈകാതെ മഴത്തുള്ളികള്‍ വീഴും. അകലെ നിന്നും കേട്ടു കൊണ്ടിരുന്ന മഴയുടെ ആരവം അടുത്തു വരുന്നു. മഴത്തുള്ളികള്‍ മുഖത്തു പതിച്ചു. ചുറ്റും ഉള്ള വെള്ളത്തില്‍ തുള്ളികള്‍ വീണു ചെറിയ വലയങ്ങള്‍ സൃഷ്ടിച്ചു. അവയുടെ എണ്ണം കാണക്കാണെ കൂടുവാന്‍ തുടങ്ങി.




വഞ്ചിയുടെ അങ്ങേ തലക്കല്‍ തലയില്‍ ഒരു പ്ലാസ്റ്റിക്ക്‌ തൊപ്പിയുമായി നിന്ന് കഴുക്കോല്‍ ശക്തമായി ഊന്നുന്ന മോഹനേട്ടന്റെ രൂപം മെല്ലെ മെല്ലെ അവ്യക്തമാകുവാന്‍ തുടങ്ങി ... മഴയുടെ പ്രണയ ഗീതത്തില്‍ ഞാന്‍ സ്വയം അലിയുന്നതായി എനിക്ക്‌ തോന്നി ...




- എസ്. കുമാര്‍

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ദേവസേന
eMail



പ്രണയ മലയാളത്തില്‍ ഉള്ള രചനകള്‍ തെരഞ്ഞെടു ക്കുന്നത് കവയത്രി ദേവസേനയാണ്. നിങ്ങളുടെ പ്രണയ സംബന്ധിയായ രചനകള്‍ പ്രണയ മലയാളം എന്ന തലക്കെട്ടില്‍ അയക്കേണ്ട e വിലാസം : devasena at epathram dot com


ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്