28 June 2008

ഗേറ്റ് ചാരി പടി ഇറങ്ങുന്ന ബില്‍

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍, ലോകം എമ്പാടുമുള്ള സ്വതന്ത്ര സൊഫ്റ്റ്വെയര്‍ പ്രേമികള്‍ ഏറ്റവും അധികം വെറുക്കുന്ന മനുഷ്യന്‍, ഐ. ടി. മേഖലയില്‍ ഏറ്റവും അധികം ശത്രുക്കള്‍ ഉണ്ടായിരുന്ന മനുഷ്യന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ ഇരുപത്തഞ്ച് വര്‍ഷത്തോളം മുരടിപ്പിച്ച കുത്തക മുതലാളി എന്നിങ്ങനെ ബില്‍ ഗേറ്റ്സിന് വിശേഷണങ്ങള്‍ നിരവധിയാണ്.




ജൂലൈ ഒന്നിന് ബില്‍ ഗേറ്റ്സ് മുപ്പത്തിമൂന്ന് വര്‍ഷം കൊണ്ട് താന്‍ പടുത്ത് ഉയര്‍ത്തിയ വ്യവസായ സാമ്രാജ്യമായ മൈക്രോസോഫ്റ്റില്‍ നിന്നും ഔദ്യോഗികമായി വിരമിയ്ക്കുന്നു. ഇന്നലെ മൈക്രോസോഫ്റ്റില്‍ നടന്ന വികാര നിര്‍ഭരമായ വിട വാങ്ങല്‍ ചടങ്ങില്‍ ഈറനണിഞ്ഞ തന്റെ കണ്ണുകള്‍ തുടച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് ഇനിയുള്ള തന്റെ ജീവിതത്തിലും മൈക്രോസോഫ്റ്റിനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല എന്നാണ്.




ശല്യം അവസാനം ഒഴിവായി എന്ന് പലരും മനസ്സില്‍ പറഞ്ഞെങ്കിലും ഐ.ടി. ഒരു വ്യവസായം എന്ന നിലയ്ക്ക് കൈവരിച്ച അല്‍ഭുതകരമായ വളര്‍ച്ചയ്ക്ക് ബില്‍ ഗേറ്റ്സ് എന്ന കുത്തക മുതലാളിയുടെ നയങ്ങള്‍ വഹിച്ച പങ്ക് നമുക്ക് വിസ്മരിയ്ക്കാനാവില്ല.




ഇതിന് കാരണം ഐ.ടി. എന്ന വ്യവസായത്തിന്റെ പ്രത്യേകത തന്നെയാണ്. മൈക്രോസോഫ്റ്റ് കൈക്കൊണ്ട കുത്തക നയങ്ങള്‍ മൂലമാണ് വ്യക്തിഗത കമ്പ്യൂട്ടിങ് മേഖലയില്‍ വിന്‍ഡോസ് ഇത്രയേറെ വ്യാപകമായത്. വിന്‍ഡോസ് രൂപപ്പെടുത്തിയ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് അനുബന്ധ ഉല്പന്നങ്ങളുടെ ഒരു വലിയ വ്യവസായം തന്നെ രൂപപ്പെട്ടു വന്നതാണ് ഐ.ടി. ഒരു വ്യവസായമായ് ഇത്രയധികം വളരാന്‍ കാരണമായത്.




ഹാര്‍വാര്‍ഡില്‍ നിന്നും പഠനം പൂര്‍ത്തിയാക്കാതെ 1975ല്‍ സഹപാഠിയായ പോള്‍ അലനുമൊത്ത് സോഫ്റ്റ്വെയര്‍ കമ്പനി തുടങ്ങിയ ബില്‍ 1980ല്‍ ഐ.ബി.എം. കമ്പനി ഇറക്കാനിരുന്ന പെഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടി ഒരു ഓപറേറ്റിങ് സിസ്റ്റം രൂപപ്പെടുത്താനുള്ള കരാര്‍ ഏറ്റെടുത്തു. തന്റെ കൈയില്‍ ഇല്ലാതിരുന്ന ഓപറേറ്റിങ് സിസ്റ്റം മറ്റൊരു കമ്പനിയില്‍ നിന്നും വിലയ്ക്ക് വാങ്ങി എം.എസ്.ഡോസ് എന്ന് തങ്ങളുടെ പേരുമിട്ട് അത് ഐ.ബി.എം.ന് മറിച്ച് വില്‍ക്കുകയാണ് മൈക്രോസോഫ്റ്റ് ചെയ്തത്. ഈ കരാറോടെ മൈക്രോസോഫ്റ്റ് പി.സി. വ്യവസായത്തിന്റെ ഹൃദയ സ്ഥാനത്ത് എത്തുകയായിരുന്നു. ഐ.ബി.എം.ന് വിറ്റുവെങ്കിലും അതിന്റെ പകര്‍പ്പവകശം തങ്ങളുടെ പക്കല്‍ സുരക്ഷിതമാക്കി വെച്ച മൈക്രോസോഫ്റ്റ് പിന്നീട് വില്‍ക്കപ്പെടുന്ന ഓരോ പി.സി.ക്കും തങ്ങള്‍ക്ക് ഫീസ് ലഭിക്കുന്ന സ്ഥിതിയിലേയ്ക്ക് ആ കുത്തക അവകാശത്തെ ഉപയോഗിച്ചു. ഒരു ലോക വ്യവസായ കുത്തക ഭീമന്റെ തുടക്കമായിരുന്നു അത്.




വിന്‍ഡോസ് 95, 98, 2000 എന്നിവയുടെ വിജയത്തില്‍ തുടങ്ങി അഭൂതപൂര്‍വ്വമായ ആ വളര്‍ച്ച. ഇന്റര്‍നെറ്റ് ബ്രൌസര്‍ യുദ്ധത്തിലെ വിജയിയായി മാറിയ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള അനിവാര്യ ഉല്പന്നമായ മൈക്രോസോഫ്റ്റ് ഓഫീസ്, കമ്പ്യൂട്ടര്‍ ഗ്രാഫിക്സിനും ഗെയിമുകള്‍ക്കും ഒഴിച്ചു കൂടാന്‍ ആവാത്ത ഡയറക്ട് എക്സ് എന്നിങ്ങനെ വ്യക്തിഗത കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ എല്ലാ മേഖലകളിലും മൈക്രോസോഫ്റ്റ് തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു.




ഒരു കുത്തകയുടെ അസാമാന്യമായ വളര്‍ച്ച കൊണ്ട് ലോകം പൊറുതി മുട്ടിയപ്പോള്‍ തിരിച്ചടികളും സ്വാഭാവികമായി മൈക്രോസോഫ്റ്റിനെ തേടി വന്നു. ഫയര്‍ഫോക്സ്, ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് ശക്തമായ വെല്ലുവിളിയായി. വിന്‍ഡോസ് എക്സ്.പി. യുടെ വിജയത്തിനു ശേഷം പക്ഷെ വിന്‍ഡോസ് വിസ്റ്റ ബിസിനസ് ലോകം അതേ ആവേശത്തോടെ ഏറ്റു വാങ്ങിയില്ല. അനാരോഗ്യകരമായ മത്സര വിരുദ്ധ നിലപാടുകള്‍ക്കും മറ്റും നിയമ യുദ്ധങ്ങളില്‍ പരാജയം നേരിട്ട് വന്‍ തുക പിഴ ഒടുക്കേണ്ടി വന്നതും മൈക്രോസോഫ്റ്റിന് തിരിച്ചടിയായി. ഇന്റര്‍നെറ്റ് ലോകം കീഴടക്കുക എന്നത് എന്നും ബില്‍ ഗേറ്റ്സിന്റെ ഒരു സ്വപ്നം ആയിരുന്നു. എന്നാല്‍ യാഹൂവിനും ഗൂഗിളിനും ശേഷമുള്ള മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന മൈക്രോസോഫ്റ്റ്, ഒരു അവസാന ശ്രമമെന്ന നിലയില്‍ യാഹുവിനെ വാങ്ങുവാനൊരു ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെടുകയാണ് ഉണ്ടായത്.




ജോലിയില്‍ നിന്നും വിരമിയ്ക്കുന്നതിന് മുന്‍പ് ചെറിയ ചില വിജയങ്ങളെങ്കിലും ബില്‍ ഗേറ്റ്സിനുണ്ടായി എന്ന് ആശ്വസിയ്ക്കാം. iPod ന് പകരമായി ഇറക്കിയ Zune, Nintendo യ്ക്ക് പകരം വന്ന XBox എന്നിവ ഒന്നാമതായില്ലെങ്കിലും തരക്കേടില്ലാത്ത വിജയം കണ്ടു.




മാസങ്ങളോളം ആരുടെയും മുന്നില്‍ പ്രത്യക്ഷപ്പെടാതെ, തന്റെ ഓഫീസ് മുറിയില്‍ തനിച്ചിരുന്ന്, റിപ്പോര്‍ട്ടുകളും മറ്റും ശ്രദ്ധാപൂര്‍വ്വം വായിച്ച് പഠിച്ച്, പെട്ടെന്ന് ഒരു ദിവസം ഒരു കമ്പനിയുടെ ഗതി തന്നെ മാറ്റി മറിയ്ക്കുന്ന പുതിയ ആശയവുമായി പ്രത്യക്ഷപ്പെട്ട് ഏവരേയും അല്‍ഭുതപ്പെടുത്തുകയും നയിക്കുകയും ചെയ്ത് പോന്ന ആ അസാമാന്യ സാന്നിദ്ധ്യം ഇനി മൈക്രോസോഫ്റ്റിന് നഷ്ടമാവും.




ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റിയായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ ന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുവാനാണ് ഇനി ബില്ലിന്റെ പരിപാടി. തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും ഈ ഫൌണ്ടേഷന് വേണ്ടി മാറ്റി വെച്ചിട്ടുള്ള ബില്ല്ലും പത്നി മെലിന്‍ഡയും ഈ പണം മുഴുവന്‍ ലോകത്തിനെ ഏറ്റവും അധികം അലട്ടുന്ന രോഗങ്ങളായ എയിഡ്സിനെയും മലേറിയയേയും കീഴടക്കുവാന്‍ വിനിയോഗിക്കും എന്നാണ് തീരുമാനിച്ചിരിയ്ക്കുന്നത്.

Labels:

1 അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

സ്വന്തമായ അഭിപ്രായങ്ങളും, അടിയുറച്ച ആദര്‍ശവും വേറിട്ട വ്യക്തിത്വവും ഉള്ളവര്‍ മാത്രമേ എക്കാലവും ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടും, അവരുടെ മേഖലയില്‍ വിജയം കൈവരിച്ചിട്ടുമുള്ളു. സ്വാഭാവികമായും അവര്‍ക്ക് ശത്രുക്കളും കൂടും.

എന്തൊക്കയായിരുന്നാലും ലോക കമ്പ്യൂട്ടര്‍ വ്യവസായത്തിലും, അനുബന്ധ വ്യവസായങ്ങളിലും മൈക്രോസോഫ്റ്റിനെ മറന്നു കൊണ്ടും, പരിപൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടും ചിന്തിക്കുവാന്‍ ഈ നൂറ്റാണ്ടില്‍ സാധിക്കുമെന്നു തോന്നുന്നില്ല. മറ്റ് ഏതൊരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിനേക്കാളും (സാധാരണക്കാര്‍ക്ക്‌) ലളിതവും, പഠിക്കാനും ഉപയോഗിക്കാനും ഉള്ള സൌകര്യാവും ഇന്നും മൈക്രോസോഫ്റ്റിനു തന്നെയാണ്.

ഒരു വ്യവസായി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ നയങ്ങളെ ചോദ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ആ നയങ്ങള്‍ കൊണ്ടു തന്നെയാണ് മൈക്രോസോഫ്റ്റ് ഇത്രയധികം വളര്‍ന്നതും. നീലവാരമുള്ള ഉല്പന്നത്തിന് വിലയിടാനും, നിബന്ധനകള്‍ വയ്ക്കുവാനുമുള്ള അവകാശം തീര്‍ച്ചയായും ആതിന്‍റെ ഉടമസ്ഥനു തന്നെയാണ്.

മൈക്രോസോഫ്റ്റ് കമ്പനി കേരളത്തിലായിരുന്നെങ്കില്‍ പണ്ടേയ്ക്കു പണ്ടേ അതു പൂട്ടിച്ചു താക്കോലും തോട്ടിലെറിഞ്ഞേനെ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും, യൂണിയനുകളും.

എന്തായാലും തന്‍റെ ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന അദ്ദേഹത്തിന് ഒരിക്കലെങ്കിലും മൈക്രോസോഫ്റ്റ് ഉല്പന്നങ്ങള്‍ ഉപയോഗിച്ചിട്ടുള്ള എല്ലാവര്‍ക്കും (പൈറൈറ്റഡ്‌ കോപ്പികള്‍ ഉപയോഗിച്ചിട്ടുള്ളവരും, ഉപയോഗിച്ചു കൊണ്ടിരിക്കുന്നവരും മാത്രമെങ്കിലും) ആയുരാരോഗ്യങ്ങള്‍ നേരാം.

ജയകൃഷ്ണന്‍ കാവാലം

Sat Jun 28, 02:58:00 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്