27 June 2009

സ്പോര്‍ട്ട്സ് ഭൂമിയില്‍ ‘രാജകുമാരി’

google-malayalam-newsഗൂഗിള്‍ മലയാളം വാര്‍ത്തയുടെ സ്പോര്‍ട്ട്സ് പേജില്‍ രാജകുമാരി ഭൂമി ഇടപാടിന്റെ റിപ്പോര്‍ട്ടാണ് ഒന്നാമത്തെ വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജകുമാരി ഭൂമി ഇടപാട് എങ്ങനെയാ സ്പോര്‍ട്ട്സ് ആവുന്നത് എന്ന് അവള്‍ ചോദിച്ചപ്പോഴാണ് അത് ശരിയാണല്ലോ എന്ന് ഓര്‍ത്തത്. ഇത്തരം സ്ഥാനം തെറ്റിയുള്ള വാര്‍ത്തകള്‍ സ്ഥിരമായി കാണുന്നത് കൊണ്ടാവും ഇത്രയും നാള്‍ ഇത് ശ്രദ്ധിക്കാതെ പോയത്.
 

Click to enlarge

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഗൂഗിള്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം വഴി ഓട്ടോമാറ്റിക് ആയിട്ടാണ് വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നത് എന്ന് പേജിന്റെ അടിയില്‍ എഴുതി വെച്ചിട്ടുമുണ്ട്.
 

Click to enlarge

 
കീ വേഡുകള്‍ അടിസ്ഥാനം ആക്കിയാവണം വാര്‍ത്തകള്‍ വിവിധ തലക്കെട്ടുകള്‍ക്ക് കീഴെ ഗൂഗിള്‍ അണി നിരത്തുന്നത്. അതു കൊണ്ട് തന്നെ ഇത്തരം തെറ്റുകള്‍ സ്വാഭാവികവുമാണ്. ക്ഷമി. രാജകുമാരിയെ ആശ്വസിപ്പിച്ചു. ഗൂഗിളിനെ സംരക്ഷിക്കാനുള്ള എന്റെ തിടുക്കം കണ്ടിട്ടാവണം രാജകുമാരി പുഞ്ചിരിച്ചു. മോണാലിസയെ പോലെ.
 
ഗൂഗിള്‍ വാര്‍ത്തകള്‍ മലയാളത്തില്‍ ലഭ്യമായതോടെ മലയാളികള്‍ക്ക് വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരു പുതിയ സാധ്യതയാണ് തുറന്നു കിട്ടിയത്. ഇതിന് ഗൂഗിളിന് സഹായകമായത് യൂണികോഡ് ഫോണ്ട് എന്‍‌കോഡിങ് സംവിധാനവും.
 
മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഫോണ്ട് സംവിധാനത്തിന് ഒരു ഏകീകൃത രൂപം ഇല്ലാത്തത്. ആസ്കി (ASCII) സംവിധാനവും യൂണികോഡ് (Unicode) സംവിധാനവും തമ്മില്‍ നടന്ന യുദ്ധത്തില്‍ അവസാന വിജയം യൂണികോഡിനു തന്നെയായിരുന്നു. യൂണികോഡ് തങ്ങളുടെ തിരച്ചില്‍ യന്ത്രത്തിന്റെ അടിസ്ഥാനം ആക്കിയത് ഗൂഗിളിനെ ഇന്നത്തെ നിലയില്‍ വിജയകരം ആക്കാന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്.
 
പ്രചാരത്തില്‍ ഉണ്ടായിരുന്ന ആസ്കി (ASCII) സംവിധാനത്തിന് വെറും 256 അക്ഷരങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യുവാന്‍ കഴിയുമായിരുന്നുള്ളൂ. ടൈപ് റൈറ്ററിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുക എന്ന പ്രാഥമിക ധര്‍മ്മം മാത്രമാണ് ആസ്കി സംവിധാനത്തിന് ചെയ്യുവാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും ഒക്കെ ഉള്ള മലയാളം പോലുള്ള ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ആസ്കി ഏറെ ബുദ്ധിമുട്ടി. ഒരു ഏകീകൃത ഘടന ഒന്നും ഇല്ലാതെ ആസ്കിയില്‍ മലയാളം അക്ഷരങ്ങള്‍ ആവശ്യാനുസരണം ഉണ്ടാക്കി എടുത്തത് മൂലം ഓരോരുത്തര്‍ വികസിപ്പിച്ച് എടുത്ത ഫോണ്ടും ഒന്നിനൊന്നു വ്യത്യസ്തങ്ങള്‍ ആയി തീര്‍ന്നു. ഓരോ ഫോണ്ടും തങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്താല്‍ മാത്രമേ ഇത്തരം ഫോണ്ടുകള്‍ ഉപയോഗിക്കുന്ന വെബ് സൈറ്റുകള്‍ വായനക്കാരന് വായിക്കാന്‍ കഴിയൂ.
 
എന്നാല്‍ വായനക്കാരന്‍ പോലും അറിയാതെ വായനക്കാരന്റെ കമ്പ്യൂട്ടറിലേക്ക് തങ്ങളുടെ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യിപ്പിക്കുന്ന ഒരു രീതിയാണ് ഈ പ്രശ്നത്തെ മറി കടക്കാന്‍ മൈക്രോസോഫ്റ്റ് തന്നെ വികസിപ്പിച്ച് എടുത്തത്. ഇതാവട്ടെ മൈക്രോസോഫ്റ്റിന്റെ ഉല്‍പ്പന്നം ആയ ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ മാത്രമേ സാധിക്കുകയുമുള്ളൂ. അത് കൊണ്ടാണ് ഇത്തരം കുത്തക ഫോണ്ട് ഉപയോഗിക്കുന്ന മലയാള മനോരമ പോലുള്ള സൈറ്റുകള്‍ വായിക്കാന്‍ ഫയര്‍ ഫോക്സ് പോലുള്ള മികച്ച ബ്രൌസറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വെബ് സൈറ്റില്‍ നിന്ന് ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യുന്നത് വരെ കഴിയാത്തത്.
 
ഇതിനു മറ്റൊരു വശം കൂടി ഉണ്ട്. വായനക്കാരന്റെ സമ്മതമോ അറിവോ ഇല്ലാതെയാണ് മൈക്രോസോഫ്റ്റ് വികസിപ്പിച്ച WEFT - Web Embedding Fonts Tool എന്ന പ്രോഗ്രാം വായനക്കാരന്റെ കമ്പ്യൂട്ടറിലേക്ക് ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുന്നത്. ഇത് അക്രമമാണ് എന്ന് സ്വകാര്യതാ വാദികള്‍ കരുതുന്നു.
 
എന്നാല്‍ യൂണികോഡ് എന്‍‌കോഡിങ് ഉപയോഗിക്കുന്ന വെബ് സൈറ്റുകള്‍ക്ക് ഈ പ്രശ്നം ഒരു പരിധി വരെ ഇല്ല. ഇതിനു പ്രധാന കാരണം യൂണികോഡുകള്‍ വികസിപ്പിച്ചത് അടിസ്ഥാനപരമായി ചില ചട്ടക്കൂടുകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയം ആയിട്ടാണ് എന്നതാണ്. ഇത്തരം ഒരു ഏകീകൃത സ്വഭാവം ഉള്ളതിനാല്‍ യൂണികോഡ് കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ ഒരു കമ്പ്യൂട്ടറില്‍ ഏത് യൂണികോഡ് ഫോണ്ട് ഉപയോഗിക്കുന്ന വെബ് സൈറ്റുകളും വായിക്കുവാന്‍ കഴിയും. പുതിയ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള കമ്പ്യൂട്ടറുകള്‍ എല്ലാം ഇത്തരത്തില്‍ യൂണികോഡ് സജ്ജമാണ്.
 
e പത്രം പോലുള്ള യൂണികോഡ് വെബ് സൈറ്റുകളുടെ വമ്പിച്ച സ്വീകാര്യതക്ക് ഒരു പ്രധാന കാരണവും ഈ സൌകര്യം തന്നെ.
 
2008 ഏപ്രില്‍ നാലിന് ആണ് യൂണികോഡ് കണ്‍സോര്‍ഷ്യം ഒരു ലക്ഷം അക്ഷരങ്ങളുമായി യൂണികോഡ് വേഷന്‍ 5.1 പുറത്തു വിട്ടത്. ഇതോടെ മലയാളം അടക്കമുള്ള ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലെ ഭാഷകള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ എളുപ്പം ആകും എന്ന് യൂണികോഡ് കണ്‍സോര്‍ഷ്യത്തിന്റെ വെബ് സൈറ്റ് വിശദീകരിക്കുന്നു.
 
ഇതോടെ മലയാളത്തില്‍ തിരയാനും എളുപ്പം ആയി എന്ന് ഗൂഗിളിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാ‍യ മാര്‍ക്ക് ഡേവിസ് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്‍ പറയുന്നു.
 
തങ്ങളുടെ വെബ് സൈറ്റിന്റെ വടിവിലും ഭംഗിയിലും മാത്രം താല്‍പ്പര്യം കാണിക്കുന്ന തികച്ചും കച്ചവട കണ്ണ് മാത്രം ഉള്ള പല പ്രമുഖ മലയാള വെബ് സൈറ്റുകളും യൂണികോഡ് ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നു. എങ്കിലും ഗൂഗിള്‍ ഇത്തരം സൈറ്റുകളെ ആദ്യം യൂണികോഡിലേക്ക് വിവര്‍ത്തനം ചെയ്തിട്ടാണ് ഇവയെ തങ്ങളുടെ തിരച്ചിലില്‍ ഉള്‍പ്പെടുത്തുന്നത്.
 
2008 ഡിസംബറോട് കൂടി ഏറ്റവും കൂടുതല്‍ വെബ് സൈറ്റുകള്‍ ഉപയോഗിക്കുന്ന എന്‍‌കോഡിങ് രീതിയായി യൂണികോഡ്, ആസ്കിയെ കടത്തി വെട്ടുക തന്നെ ചെയ്തു എന്നും ഗൂഗിള്‍ നമ്മെ അറിയിക്കുന്നു.
 
 

Labels: , , ,

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



03 June 2009

മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍

wikipedia-malayalamഇന്റര്‍നെറ്റില്‍ എറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതും ആര്‍ക്കും തിരുത്താവുന്നതുമായ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കി പീഡിയയുടെ മലയാളം പതിപ്പ് 10,000 ലേഖനങ്ങള്‍ പിന്നിട്ടു. 2009 ജൂണ്‍ 1 നാണ് മലയാളം വിക്കി പീഡിയ 10000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ചത്. പ്രതിഫലേച്ഛ യില്ലാതെ പ്രവര്‍ത്തിക്കുന്ന പതിനായിര ത്തിലേറെ വരുന്ന ഉപയോക്താ ക്കളുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങളാണ് വിക്കി പീഡിയയെ ഈ നേട്ടത്തിന് പ്രാപ്തമാക്കിയത്. ഇന്ത്യന്‍ വിക്കി പീഡിയകളില്‍ ഈ കടമ്പ കടക്കുന്ന ഏഴാമത്തെ വിക്കി പീഡിയ ആണു് മലയാളം. മലയാളത്തിനു മുന്‍പേ 10,000 ലേഖനങ്ങള്‍ എന്ന കടമ്പ കടന്ന ഇന്ത്യന്‍ ഭാഷകളിലെ മറ്റു് വിക്കി പീഡിയകള്‍ തെലുങ്ക്‌, ഹിന്ദി, മറാഠി, ബംഗാളി, ബിഷ്ണുപ്രിയ മണിപ്പൂരി, തമിഴ് എന്നിവയാണ്.
 
2009 ജൂണ്‍ 1ലെ കണക്ക നുസരിച്ച് 10,574 രജിസ്റ്റര്‍ ചെയ്ത ഉപയോക്താ ക്കളാണുള്ളത്. ഇതില്‍ 13 പേര്‍ അഡ്മിനിസ്ട്രേറ്റര്‍മാരും മൂന്ന് പേര്‍ ബ്യൂറോക്രാറ്റുകളുമാണ്.
 
എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാന കോശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2001 ജനുവരി 15നാണ്‌ വിക്കി പീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്‌.
 
2002 ഡിസംബര്‍ 21-ന് തുടങ്ങിയ മലയാളം വിക്കി പീഡിയ ആറര വര്‍ഷത്തി നുള്ളില്‍ പതിനായിരം ലേഖനം തികച്ചത് മലയാള ഭാഷയ്ക്കു തന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. എങ്കിലും രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ നൂറോളം ഉപയോക്താക്കള്‍ മാത്രമേ സജീവ ഉപയോക്താക്കളായുള്ളൂ എന്നത് പലപ്പോഴും ഈ വിക്കി പീഡിയയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കാറുണ്ട്. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി വലിയൊരു ഉപയോക്തൃ വൃന്ദം ഈ സ്വതന്ത്ര സംരംഭത്തില്‍ പങ്കാളിയാകുക യാണെങ്കില്‍ വിക്കി പീഡിയയുടെ വളര്‍ച്ച ഇനിയും അതിവേഗത്തി ലാകാന്‍ സാധ്യത യുണ്ടെന്ന് മലയാളം വിക്കി പീഡിയയുടെ സജീവ പ്രവര്‍ത്തകര്‍ പറയുന്നു.
 
മലയാളം വിക്കി പീഡിയയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ പടുത്തു യര്‍ത്തി യിരിക്കുന്നതു് ഇന്ത്യന്‍ ഭാഷകളിലെ മികച്ച വിക്കി പീഡിയകളില്‍ ഒന്നാണു് . ലേഖനങ്ങളുടെ എണ്ണത്തി ലൊഴിച്ചു് മറ്റു് പല മാനദണ്ഡ ങ്ങളിലും മലയാളം വിക്കി പീഡിയ ഇതര ഇന്ത്യന്‍ വിക്കികളേക്കാള്‍ വളരെയേറെ മുന്നിലാണു്.
 
  • ഏറ്റവും അധികം പേജ് ഡെപ്ത്ത് ഉള്ള ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയ,
  • ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയ,
  • ഒരു ലേഖനത്തില്‍ ഏറ്റവും അധികം എഡിറ്റു്‌ നടക്കുന്ന ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയ,
  • ഓരോ ലേഖനത്തിലും ഉള്ള ഗുണ നിലവാരമുള്ള ഉള്ളടക്ക ത്തിന്റെ കാര്യത്തില്‍,

 
തുടങ്ങി മിക്കവാറും എല്ലാ വിഭാഗത്തിലും മലയാളം വിക്കി പീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും (വിക്കി വായന ശാല, വിക്കി നിഘണ്ടു തുടങ്ങിയവ), ഇന്ത്യന്‍ ഭാഷകളിലെ മറ്റ് വിക്കി പീഡിയകളെ അപേക്ഷിച്ച് വളരെ യധികം മുന്‍പിലാണ്. റജിസ്റ്റേഡ് ഉപയോക്താക്കളുടെ കാര്യത്തില്‍ ഈയടുത്ത കാലത്തു് ഹിന്ദി വിക്കി പീഡിയ മലയാളം വിക്കി പീഡിയയെ മറി കടക്കുന്നതു് വരെ, ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ രെജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയയും മലയാളം വിക്കി പീഡിയ ആയിരുന്നു.
 
ലേഖനങ്ങളുടെ എണ്ണം മറ്റു ഇന്ത്യന്‍ വിക്കി പീഡിയകളെ അപേക്ഷിച്ച് കുറവാണെങ്കിലും, ഉള്ള ലേഖനങ്ങളില്‍ എല്ലാം തന്നെ അത്യാവശ്യം ഗുണ നിലവാരമുള്ള ഉള്ളടക്കമാണ് മലയാളം വിക്കി പീഡിയയിലുള്ളത്. മലയാളം വിക്കി പീഡിയയുടെ ഈ പ്രത്യേകത, മറ്റു് ഇന്ത്യന്‍ ഭാഷകളിലെ വിക്കി പീഡിയ പ്രവര്‍ത്തകര്‍ മലയാളം വിക്കി പീഡിയയെ സൂക്ഷമമായി നിരീക്ഷിക്കാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ മലയാളം വിക്കി പീഡിയയിലെ 10,000 ലേഖനങ്ങളില്‍ വലിയൊരു ഭാഗം ഭൂമിശാസ്ത്ര സംബന്ധിയായ ലേഖനങ്ങളാണു്. ചരിത്ര വിഭാഗത്തിലും അത്യാവശ്യം ലേഖനങ്ങളുണ്ടു്. ശാസ്ത്ര വിഭാഗത്തില്‍ ജ്യോതി ശാസ്ത്ര വിഭാഗത്തില്‍ മാത്രമാണു് അടിസ്ഥാന വിഷയങ്ങളില്‍ എങ്കിലും ലേഖനങ്ങളുള്ളത്.
 
കുറച്ചു നാളുകള്‍ക്കു് മുന്‍പു് കേരളാ സര്‍ക്കാര്‍ സ്ഥാപനമായ സര്‍വ്വ വിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രമുഖ പ്രസിദ്ധീകരണമായ സര്‍വ്വ വിജ്ഞാന കോശം GNU Free Documentation License 1.2. ലൈസന്‍സോടെ റിലീസ് ചെയ്യുവാനും, അതോടൊപ്പം അതിലെ ഉള്ളടക്കം ആവശ്യാനുസരണം മലയാളം വിക്കി സംരംഭങ്ങള്‍ക്ക് ഉപയോഗ പ്പെടുത്താനും അനുമതി തന്നു കൊണ്ട് കേരള സര്‍ക്കാര്‍ തീരുമാനമായിരുന്നു. നിലവിലുള്ള ചില ലേഖനങ്ങളെ പുഷ്ടിപ്പെടു ത്താനല്ലാതെ ഇതു് വരെ സര്‍വ്വ വിജ്ഞാന കോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കി പീഡിയയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. തുടര്‍ന്നുള്ള മാസങ്ങളില്‍ വിക്കിയില്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തുമ്പോള്‍, സര്‍‌വ്വ വിജ്ഞാന കോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കി പീഡിയയില്‍ ഉപയോഗി ക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നതു് നന്നായിരിക്കും.
 
സ്കൂള്‍ കുട്ടികള്‍, അദ്ധ്യാപകര്‍, കര്‍ഷകര്‍, തൊഴില്‍ രഹിതര്‍, ഡോക്ടര്‍മാര്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍, കേന്ദ്ര - കേരളാ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍, പ്രവാസി മലയാളികള്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധി സന്നദ്ധ സേവകരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണു് മലയാളം വിക്കി പീഡിയയുടെ ഇന്നത്തെ അഭിവൃദ്ധിക്കു് കാരണം.
 
- അനൂപ് പി.
 
 

Labels: ,

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്







ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്