30 October 2009

ഐ.ടി. @ സ്‌ക്കൂള്‍ . കേരളം

ict-education-keralaവിവര സാങ്കേതിക വിദ്യയില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖല ഏറെ മുന്നോട്ട് പോയിരിക്കുന്നു. ഇന്ത്യയില്‍ തന്നെ ആദ്യമായി ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജി (ഐ.ടി.) പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള IT@School പദ്ധതി കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ കൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്.
 
സ്വതന്ത്ര സോഫ്റ്റ്വെയര്‍ മാത്രം ഉപയോഗിച്ച് നടപ്പില്‍ വരുത്തിയ ലോകത്തെ ഏറ്റവും വലിയ വിവര സാങ്കേതിക വിദ്യാഭ്യാസ സംവിധാനമാണ് കേരളത്തിലുള്ളത്. കേരളത്തില്‍ പ്രതിവര്‍ഷം 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിലുള്ള വിദ്യാഭ്യാ സത്തിന്റെ ഗുണഭോ ക്താക്കളാണ്. 50 ലക്ഷം വിദ്യാര്‍ത്ഥി കള്‍ക്കും, രണ്ടു ലക്ഷം അധ്യാപകര്‍ക്കും ഈ സംവിധാനം ഇതു വരെ ഉപയോഗ പ്പെടുത്താന്‍ കഴിഞ്ഞു. 200 മാസ്റ്റര്‍ ട്രെയിനര്‍മാരും 5600 ഐ.ടി. കോര്‍ഡിനേറ്റര്‍മാരും അടങ്ങുന്നതാണ് ഈ ശൃംഖല.
 
പരമ്പരാഗത ശൈലിയായ കാണാപാഠം പഠിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി വസ്തു നിഷ്ഠമായും വിമര്‍ശനാ ത്മകമായും പാഠ്യ വിഷയത്തെ വിശകലനം ചെയ്ത് സ്വയം പഠിക്കുവാന്‍ സഹായിക്കു ന്നതാണ് ഐ.സി.ടി. സങ്കേതങ്ങള്‍ (Information and Communication Technologies) അടിസ്ഥാന മാക്കിയുള്ള ഈ പദ്ധതി.
 
2002 - 2005 വരെയുള്ള ആദ്യ ഘട്ടത്തില്‍ 15 ലക്ഷം വിദ്യാര്‍ത്ഥികള്‍ പദ്ധതി പ്രകാരം കമ്പ്യൂട്ടര്‍ പരിശീലനം നേടി. ജന പ്രതിനിധികളുടെയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങ ളുടെയും പങ്കാളിത്ത ത്തോടെ 2699 സ്ക്കൂളുകളിലായി 25540 കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചു. 36000 ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്ക് 90 മണിക്കൂര്‍ വീതം പരിശീലനം നല്‍കി. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഐ.ടി. റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിച്ചു. ഹൈസ്ക്കൂളുകള്‍ക്ക് സൌജന്യമായി പഠന വിഭവ സി.ഡി. കള്‍ നല്‍കി. 100 സ്ക്കൂളുകളില്‍ പ്രൊജക്ടറുകള്‍ സ്ഥാപിച്ചു.
 
2005 - 2008 കാലഘട്ട ത്തില്‍ തിരുവനന്ത പുരത്ത് എഡ്യുസാറ്റ് വിദ്യാഭാസ ഉപഗ്രഹ ത്തിനായുള്ള സ്റ്റുഡിയോയും അപ്ലിങ്കിംഗ് നിലയവും സ്ഥാപിച്ചു. ഈ ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് ഇന്ററാക്ടിവ് ടെര്‍മിനലുകള്‍ വഴി 14 ജില്ലകളില്‍ ഡയറ്റുകളിലും, ജില്ലാ റിസോഴ്‌സ് സെന്ററുകളിലും അധ്യാപക പരിശീലനം നല്‍കി. 50 സ്ക്കൂളുകളില്‍ ഉപഗ്രഹ റിസീവറുകള്‍ വഴി വെര്‍ച്വല്‍ പഠന മുറികള്‍ സജ്ജീകരിച്ചു. എല്ലാ വിഷയങ്ങളിലും ഇന്ററാക്ടിവ് മള്‍ട്ടി മീഡിയാ സി.ഡി. കള്‍ ലഭ്യമാക്കി. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വിജ്ഞാന കൈമാറ്റ ത്തിനായി എഡ്യു സെര്‍വര്‍ സംവിധാനം ഏര്‍പ്പെടുത്തി. വിദൂര സ്ഥലങ്ങളില്‍ അദ്ധ്യാപക പരിശീലന ത്തിനും പരീക്ഷാ നടത്തിപ്പിനും മൊബൈല്‍ കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജമാക്കി. എല്ലാ ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍ക്കും സ്വതന്ത്ര സോഫ്റ്റ്വെയറില്‍ പരിശീലനം നല്‍കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ സ്ക്കൂളുകള്‍ സമ്പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ സ്ക്കൂളുകളിലും മള്‍ട്ടി മീഡിയാ മുറികള്‍, ഇന്റര്‍നെറ്റ് സൌകര്യം എന്നിവയും ഹൈസ്ക്കൂള്‍ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്.
 
ഈ നേട്ടങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തില്‍ വരുത്തിയ മാറ്റം പല സമ്പന്ന വികസിത രാഷ്ട്രങ്ങള്‍ പോലും അല്‍ഭുത ത്തോടെയാണ് നോക്കി കാണുന്നത്. ജപ്പാനില്‍ നിന്നും ഒരു സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തി കേരളം കൈവരിച്ച ഈ നേട്ടത്തെ പറ്റി പഠനം നടത്തുകയുണ്ടായി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗം കേരളത്തില്‍ പ്രചരിപ്പിക്കുവാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റിച്ചാര്‍ഡ് സ്റ്റോള്‍മാന്റെ നിരവധി സന്ദര്‍ശനങ്ങള്‍ ഏറെ സഹായിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സിദ്ധാന്തത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ട ഒട്ടേറെ സാങ്കേതിക, വിദ്യാഭ്യാസ വിദഗ്ദ്ധരും രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക നേതാക്കളും നമുക്കുണ്ടായി എന്നതാണ് ഈ ഒരു വിജയത്തിന് അടിസ്ഥാനം.
 



Kerala sets up the single largest simultaneous deployment of free software based ICT education network in the world



 
 

Labels: ,

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



29 October 2009

സ്ക്കൂള്‍ വിക്കി തയ്യാറായി

school-wiki-IT@Keralaകേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള IT@school പദ്ധതി പ്രകാരം ആവിഷ്ക്കാരം ചെയ്തു നടപ്പിലാക്കിയ സ്ക്കൂള്‍ വിക്കി തയ്യാറായി. സംസ്ഥാനത്തെ മുഴുവന്‍ സ്ക്കൂളുകള്‍ക്കും പങ്കെടുക്കാവുന്ന ഈ പദ്ധതിയില്‍ നവമ്പര്‍ ഒന്നു മുതല്‍ സ്ക്കൂളുകള്‍ക്ക് തങ്ങളുടെ പേര് റെജിസ്റ്റര്‍ ചെയ്യാനാവും.
 
വിക്കിപീഡിയയുടെ മാതൃകയില്‍ മലയാളത്തിലാണ് സ്ക്കൂള്‍ വിക്കി തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്ന സ്ക്കൂളുകള്‍ക്ക് തങ്ങളുടെ സ്ക്കൂളിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ചേര്‍ക്കാം. സ്ക്കൂളുകളില്‍ നടക്കുന്ന പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍, വിവിധ സ്ക്കൂള്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍, സ്ക്കൂളിനു ലഭിച്ച നേട്ടങ്ങള്‍, സ്ക്കൂള്‍ മാഗസിന്‍ എന്നിങ്ങനെ ഫോട്ടോ ശേഖരവും വീഡിയോകളും വരെ സൂക്ഷിക്കാം.
 
ആദ്യ ഘട്ടം പൂര്‍ത്തിയാവുന്നതോടെ അടുത്ത ഘട്ടത്തില്‍ പഠന വിഷയങ്ങളും വിക്കിയില്‍ ഉള്‍പ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല പൊതു ജനത്തിനും ഈ വിജ്ഞാന സമ്പത്ത് ഉപയോഗപ്പെടുത്തുവാനാവും. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റിച്ചാര്‍ഡ് സ്റ്റോള്‍മാന്‍ കേരളം സന്ദര്‍ശിച്ച വേളയിലെല്ലാം കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും സഹകരണത്തിലൂടെയും ഉള്ള പഠനത്തിന്റെ പ്രാധാന്യത്തെ പറ്റി ഉല്‍ബോധിപ്പിച്ചിരുന്നു. ഇതാണ് ഈ പദ്ധതിക്ക് പിന്നിലെ പ്രചോദനം.
 
കേവലം സ്ക്കൂളുകളുടെ വിവരങ്ങളില്‍ ഈ വിജ്ഞാന ശേഖരം ഒതുങ്ങുകയില്ല എന്നതാണ് വിക്കിയുടെ പ്രത്യേകത. ഉദാഹരണത്തിന് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരിനെ ഹൈപ്പര്‍‌ലിങ്ക് വഴി ആ സ്ഥലത്തിന്റെ ചരിത്ര പ്രാധാന്യത്തിന്റെ വര്‍ണ്ണനയിലേക്ക് കൊണ്ടു പോകാം. ഇങ്ങനെ ഹൈപ്പര്‍ ലിങ്കിംഗ് വഴി ഒരു വന്‍ വിജ്ഞാന കോശം തന്നെ കെട്ടി പടുക്കുവാനുള്ള സാധ്യതയാണ് വിക്കിപീഡിയ പ്രദാനം ചെയ്യുന്നത്. ആര്‍ക്കും ഇതില്‍ വിവരങ്ങള്‍ ചേര്‍ക്കുകയും എഡിറ്റ് ചെയ്യുകയും ആവാം. എന്നാല്‍ ഈ സൌകര്യം ദുരുപയോഗം ചെയ്ത് തെറ്റായ വിവരങ്ങളോ ദുരുദ്ദേശ പരമായ വിവരങ്ങളോ നല്‍കുന്നത് നിരീക്ഷണം ചെയ്യാനും വേണ്ട സംവിധാനം IT@school പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മലയാളത്തില്‍ ഒരു വന്‍ വിജ്ഞാന സമ്പത്ത് ലഭ്യമാവുന്ന ഈ പദ്ധതിയുടെ വെബ് സൈറ്റ് 2010 ജനുവരി 26ന് തുടങ്ങുവാനാണ് ലക്‍ഷ്യമിട്ടിരിക്കുന്നത്.
 



Kerala Government IT@School's SchoolWiki ready to be launched on 26 Jan 2010



 
 

Labels: ,

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



27 October 2009

എന്ത് കോണ്ട് ഈമെയില്‍ അറ്റാച്ച്മെന്റ് ആയി മെക്രോസോഫ്റ്റ് വേഡ് രൂപത്തില്‍ ഉള്ള ഫയല്‍ അയക്കരുത്?

microsoft-officeവേഡ് രൂപത്തില്‍ ഉള്ള ഒരു ഫയല്‍ എല്ലാവര്‍ക്കും വായിക്കാനാവില്ല. ഇത് ഒരു സ്വകാര്യ കമ്പനിയുടെ സ്വകാര്യ ഫയല്‍ ഫോര്‍മാറ്റാണ്. ഇത് വായിക്കുവാന്‍ ഈ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ കഴിയൂ. ഇത്തരത്തില്‍ ആളുകള്‍ തങ്ങളുടെ ഉല്‍പ്പന്നം വാങ്ങിക്കുവാന്‍ വേണ്ടി ഈ ഫയല്‍ ഫോര്‍മാറ്റ് ഈ കമ്പനി രഹസ്യമായി വെച്ചിരിക്കുകയാണ്. അതിനാല്‍ ഈമെയില്‍ വായിക്കുവാനുള്ള മികച്ച പ്രോഗ്രാമുകള്‍ക്കൊന്നും ഈ ഫയല്‍ തുറക്കുവാനോ വായിക്കുവാനോ കഴിയില്ല.
 
ടെക്സ്റ്റ് രൂപത്തില്‍ നേരിട്ട് നിങ്ങളുടെ ഈമെയിലില്‍ ടൈപ്പ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റര്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്ത് ടെക്സ്റ്റ് രൂപത്തില്‍ തന്നെ സേവ് ചെയ്യുക. ഇത് അറ്റാച്ച് ചെയ്ത് അയച്ചാല്‍ ആര്‍ക്കും ഏത് കമ്പ്യൂട്ടറിലും ഇത് വായിക്കാനാവും.
 
വേഡ് ഫോര്‍മാറ്റില്‍ തയ്യാറാക്കിയ ഒരു ഫയലിന് സാധാരണ ടെക്സ്റ്റ് ഫയലിനേക്കാള്‍ വളരെ വലിപ്പം ഉണ്ടാവും. ഇത് കൂടുതല്‍ ഡിസ്ക് സ്പേസ് ഉപയോഗിക്കുകയും ഈമെയിലിന്റെ വലിപ്പം കൂട്ടുകയും ചെയ്യും. ഇന്റര്‍നെറ്റിന്റെ ബാന്‍ഡ് വിഡ്ത്തിനു മേല്‍ ഇതൊരു ബാധ്യത ആവുന്നതിനു പുറമെ വേഗത കുറഞ്ഞ ഇന്റനെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് ഇത് ഡൌണ്‍ലോഡ് ചെയ്യാനും ബുദ്ധിമുട്ട് ഉണ്ടാക്കും. നമുക്ക് ആവശ്യമുള്ള ഉള്ളടക്കത്തിനു പുറമെ ഒരു പാട് അനാവശ്യ വിവരങ്ങളും, ഇത് ഉണ്ടാക്കിയ കമ്പ്യൂട്ടറിന്റെ പ്രിന്റര്‍ സെറ്റിങ്ങുകളും ഒക്കെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിനാലാണ് വേഡ് ഡോക്യുമെന്റിന് ഈ അനാവശ്യ വലിപ്പം ഉണ്ടാവുന്നത്.
 
മറ്റൊരു പ്രധാന പ്രശ്നം ഈ ഫോര്‍മാറ്റില്‍ ഒളിഞ്ഞിരിക്കുന്ന വിവരങ്ങളാണ്. ചിലപ്പോള്‍ നിങ്ങള്‍ എഴുതുന്നതിനിടയില്‍ വെട്ടി മാറ്റിയ വരികളും തിരുത്തിയ വരികളുമൊക്കെ ഇതില്‍ പൂര്‍ണ്ണമായി നീക്കം ചെയ്യപ്പെടാതെ ഒളിഞ്ഞിരിക്കുന്നുണ്ടാവും. ഇത് പ്രത്യക്ഷത്തില്‍ കാണില്ലെങ്കിലും ഇത്തരം വിവരങ്ങള്‍ വേഡ് ഡോക്യുമെന്റുകളില്‍ നിന്നും വേര്‍ തിരിച്ചെടുക്കുവാന്‍ കഴിയും എന്നത് കൊണ്ട് ഇവ നിങ്ങളുടെ സ്വകാര്യതക്ക് ഭീഷണിയാണ്. ബ്രിട്ടീഷ് സര്‍ക്കാരിന് വേഡ് ഫോര്‍മാറ്റില്‍ നിന്നുമുണ്ടായ ഒരു അനുഭവം ഇവിടെ വായിക്കുക.
 
വേഡ് ഡോക്യുമെന്റുകളില്‍ വൈറസുകള്‍ ഉണ്ടാവാം. ഇത് മൈക്രോസോഫ്റ്റ് ഓഫീസിന്റെ മറ്റ് ഉല്‍പ്പന്നങ്ങളായ എക്സല്‍, ആക്സസ്, പവര്‍ പോയന്റ് എന്നിവയ്ക്കും ബാധകമാണ്.
 
വേഡ് ഡോക്യുമെന്റില്‍ മാക്രോ എന്ന ഒരു തരം പ്രോഗ്രാമിംഗ് സങ്കേതമുണ്ട്. ചില കാര്യങ്ങള്‍ പ്രോഗ്രാമിംഗിലൂടെ നിര്‍വ്വഹിക്കാന്‍ മാക്രോ മൂലം കഴിയുന്നു. എന്നാല്‍ ഇതേ സങ്കേതം ദുരുപയോഗ പ്പെടുത്തി വൈറസുകളെയും മറ്റ് ഹാനികരമായ പ്രോഗ്രാമുകളെയും ഉപയോക്താവിന്റെ കമ്പ്യൂട്ടറിലേക്ക് കടത്തി വിടാനും സ്വകാര്യ വിവരങ്ങള്‍ കൈവശപ്പെടുത്താനും മറ്റും സാധിക്കും. മാക്രോ സങ്കേതത്തെ കമ്പ്യൂട്ടറിന്റെ സെറ്റിംഗില്‍ മാറ്റം വരുത്തി നിര്‍വ്വീര്യമാക്കാം. എന്നാല്‍ അതോടെ ആ ഡോക്യുമെന്റിലെ വിവരങ്ങള്‍ നമുക്ക് പൂര്‍ണ്ണമായി ലഭ്യമല്ലാതെ യാവാനും സാധ്യതയുണ്ട്.
 
മൈക്രോസോഫ്റ്റ് തങ്ങളുടെ വേഡ് ഡോക്യുമെന്റ് ഫോര്‍മാറ്റ് രഹസ്യമാക്കി വെക്കുക മാത്രമല്ല, ഓരോ പുതിയ വേര്‍ഷനിലും ഇതില്‍ മാറ്റം വരുത്തുകയും ചെയ്യുന്നു. മൈക്രോസോഫ്റ്റ് ഓഫീസ് 2007ല്‍ തയ്യാറാക്കുന്ന വേഡ് ഫയലിന്റെ എക്സ്റ്റന്‍ഷന്‍ .docx എന്നാണ്. ഇത് മുന്‍പത്തെ ഓഫീസ് വേര്‍ഷനായ ഓഫീസ് 2003 ല്‍ തുറക്കാനാവില്ല. അതിനാല്‍ മൈക്രോസോഫ്റ്റ് കമ്പനി, ഓഫീസിന്റെ ഓരോ പുതിയ പതിപ്പുകള്‍ വിപണിയില്‍ ഇറക്കുമ്പോഴും, ഉപയോക്താക്കള്‍ അവ വില നല്‍കി വാങ്ങുവാന്‍ നിര്‍ബന്ധിതരാകുന്നു.
 
ഇത്തരം വേഡ് ഡോക്യുമെന്റുകള്‍ ഈമെയിലില്‍ ലഭിക്കുന്ന ആളുകള്‍ക്ക് മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കുവാനുള്ള മടി തോന്നുന്നത് സ്വാഭാവികമാണ്. മൈക്രോസോഫ്റ്റ് വേഡ് തങ്ങളുടെ പക്കല്‍ ഇല്ലെങ്കില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ഡോക്യുമെന്റുകള്‍ തുറക്കാന്‍ കഴിയില്ല എന്ന് ആശങ്ക ഇവര്‍ക്ക് ഉണ്ടാവും. വിവര കൈമാറ്റ ത്തിനുള്ള ഉപാധികളില്‍ ഇത്തരം രഹസ്യ ഫോര്‍മാറ്റുകള്‍ ഉപയോഗിക്കുന്നത് സമൂഹത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കുകയും സ്വതന്ത്ര ചിന്തയെ ഇല്ലാതാക്കുകയും ചെയ്യുന്നു. തുറക്കാനാവത്ത ഒരു വേഡ് ഡോക്യുമെന്റ് നമുക്ക് ലഭിക്കുമ്പോഴു ണ്ടാവുന്ന അസൌകര്യ ത്തിലപ്പുറം ഇത് നമ്മുടെ സമൂഹത്തി ലുണ്ടാക്കുന്ന ഈ വലിയ വിപത്തിനെ നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. എന്നാല്‍ ഈ പ്രക്രിയ അനുസ്യൂതം തുടര്‍ന്നു കൊണ്ടേ ഇരിക്കുകയാണ്.

 
richard-stallmanഒരു വേഡ് ഡോക്യുമെന്റ് ലഭിച്ചാല്‍ മൈക്രോസോഫ്റ്റ് വേഡ് ഇല്ലാതെ തന്നെ അതിനെ മറ്റ് ടെക്സ്റ്റ് റീഡറുകള്‍ ഉപയോഗിച്ച് അതിന്റെ ഉള്ളടക്കം വായിച്ചെടുക്കാന്‍ കുറെ ബുദ്ധിമുട്ടിയാണെങ്കിലും നമുക്ക് കഴിഞ്ഞേക്കാം. വൃത്തിയായി ട്ടല്ലെങ്കിലും ഇതിലെ ഉള്ളടക്കം കുറെയൊക്കെ നമുക്ക് ഇങ്ങനെ വായിച്ചെ ടുക്കാനാവും. എന്നാല്‍ ഇത്തരത്തില്‍ ഇതിനെ വായിക്കുന്നത് രോഗത്തെ ചികിത്സിക്കാതെ രോഗ ലക്ഷണത്തെ ചികിത്സിക്കുന്നത് പോലെയാണ് എന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റിച്ചാര്‍ഡ് സ്റ്റോള്‍മാന്‍ അഭിപ്രായപ്പെടുന്നു.
 
തനിക്ക് ഇത്തരത്തില്‍ ആരെങ്കിലും ഒരു വേഡ് ഡോക്യുമെന്റ് അയച്ചു തന്നാല്‍ അത് ഇപ്രകാരം വായിക്കാന്‍ തുനിയാതെ, അത് അയച്ചു തന്ന ആള്‍ക്ക് വിനയപൂര്‍വ്വം ഒരു മറുപടി എഴുതാനാണ് അദ്ദേഹത്തിന്റെ ഉപദേശം. എന്തു കൊണ്ട് വേഡ് ഡോക്യുമെന്റ് ഉപയോഗിക്കരുത് എന്നു അയാള്‍ക്ക് മനസ്സിലാക്കി കൊടുത്ത് അയാളോട് തന്നെ അത് ഒരു രഹസ്യമല്ലാത്ത ഫോര്‍മാറ്റില്‍ അയച്ചു തരാന്‍ ആവശ്യപ്പെടുകയും ചെയ്യുക.
 
ഇതിനായി ഒരു ഈമെയില്‍ പ്രത്യേകമായി ഉണ്ടാക്കി സൂക്ഷിക്കുകയും ഇത്തരത്തിലുള്ള ഫയലുകള്‍ അയക്കുന്നവര്‍ക്ക് അത് അയച്ചു കൊടുക്കുകയും ചെയ്യാം. സ്റ്റോള്‍മാന്‍ ഇതിനായി തയ്യാറാക്കിയ മറുപടിയാണ് താഴെ കൊടുത്തിരിക്കുന്നത്:
 

You sent the attachment in Microsoft Word format, a secret proprietary format, so I cannot read it. If you send me the plain text, HTML, or PDF, then I could read it.
 
Sending people documents in Word format has bad effects, because that practice puts pressure on them to use Microsoft software. In effect, you become a buttress of the Microsoft monopoly. This specific problem is a major obstacle to the broader adoption of GNU/Linux. Would you please reconsider the use of Word format for communication with other people?
 
You sent the attachment in Microsoft Word format, a secret proprietary format, so it is hard for me to read. If you send me plain text, HTML, or PDF, then I will read it.
 
Distributing documents in Word format is bad for you and for others. You can't be sure what they will look like if someone views them with a different version of Word; they may not work at all.
 
Receiving Word documents is bad for you because they can carry viruses (see http://en.wikipedia.org/wiki/Macro_virus). Sending Word documents is bad for you, because a Word document normally includes hidden information about the author, enabling those in the know to pry into the author's activities (maybe yours). Text that you think you deleted may still be embarrassingly present. See this for more info.
 
But above all, sending people Word documents puts pressure on them to use Microsoft software and helps to deny them any other choice. In effect, you become a buttress of the Microsoft monopoly. This pressure is a major obstacle to the broader adoption of free software. Would you please switch to a different way of sending files to other people, instead of Word format?
 
To convert the file to HTML using Word is simple. Open the document, click on File, then Save As, and in the Save As Type strip box at the bottom of the box, choose HTML Document or Web Page. Then choose Save. You can then attach the new HTML document instead of your Word document. Note that Word changes in inconsistent ways—if you see slightly different menu item names, please try them.
 
To convert to plain text is almost the same—instead of HTML Document, choose Text Only or Text Document as the Save As Type.
 
Your computer may also have a program to convert to pdf format. Select File => Print. Scroll through available printers and select the pdf converter. Click on the Print button and enter a name for the pdf file when requested.

 
ഇന്റര്‍നെറ്റ് ലഭ്യതയും വിവരങ്ങളും സാര്‍വ്വദേശീയമായി സമൂഹത്തിലെ എല്ലാ തട്ടുകളിലും എത്തിക്കുവാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം സ്വകാര്യ ഫോര്‍മാറ്റുകള്‍ മറ്റൊരു പ്രശ്നം കൂടി സൃഷ്ടിക്കുന്നുണ്ട്. സ്വകാര്യ ഫോര്‍മാറ്റുകള്‍ വായിക്കുവാന്‍ അവയുടെ ഉടമസ്ഥര്‍ തന്നെ നിര്‍മ്മിക്കുന്ന സോഫ്റ്റ് വെയറുകള്‍ അവര്‍ ചോദിക്കുന്ന വില കൊടുത്തു വാങ്ങേണ്ടി വരുന്നു. ഇത്തരം സ്വകാര്യ ഫോര്‍മാറ്റുകളും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുവാന്‍ കെല്‍പ്പുള്ള ഉയര്‍ന്ന തരം ഹാര്‍ഡ് വെയറുകള്‍ ആവശ്യമായി വരുന്നു. മൈക്രോസോഫ്റ്റ് ഓരോ പുതിയ വേര്‍ഷന്‍ വിപണിയില്‍ ഇറക്കുമ്പോഴും അത് ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറുകളുടെ കുറഞ്ഞ ശേഷി (minimum hardware and software requirements) വര്‍ദ്ധിച്ചു കോണ്ടേയിരിക്കുന്നു. ഇവയുടെ ഉപയോഗം ചില പ്രത്യേകം ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മാത്രമേ സാധ്യമാവൂ. ഇതെല്ലാം സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങള്‍ക്ക് വിവര സാങ്കേതിക വിദ്യ ലഭ്യമാകുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു.
 


സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റിച്ചാര്‍ഡ് സ്റ്റോള്‍മാന്‍ എഴുതിയ പേജില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതെഴുതിയത്. ഇന്ന് ഈമെയിലില്‍ ലഭിച്ച ഒരു വേഡ് ഡോക്യുമെന്റിനും കടപ്പാട്.


Why you should not send Word documents as email attachments?



 
 

Labels: , , ,

2 അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

nice piece of information. explain the remedies

Tue Oct 27, 10:25:00 PM  

nice piece of information. explain the remedies

Tue Oct 27, 10:27:00 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



03 June 2009

മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍

wikipedia-malayalamഇന്റര്‍നെറ്റില്‍ എറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതും ആര്‍ക്കും തിരുത്താവുന്നതുമായ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കി പീഡിയയുടെ മലയാളം പതിപ്പ് 10,000 ലേഖനങ്ങള്‍ പിന്നിട്ടു. 2009 ജൂണ്‍ 1 നാണ് മലയാളം വിക്കി പീഡിയ 10000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ചത്. പ്രതിഫലേച്ഛ യില്ലാതെ പ്രവര്‍ത്തിക്കുന്ന പതിനായിര ത്തിലേറെ വരുന്ന ഉപയോക്താ ക്കളുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങളാണ് വിക്കി പീഡിയയെ ഈ നേട്ടത്തിന് പ്രാപ്തമാക്കിയത്. ഇന്ത്യന്‍ വിക്കി പീഡിയകളില്‍ ഈ കടമ്പ കടക്കുന്ന ഏഴാമത്തെ വിക്കി പീഡിയ ആണു് മലയാളം. മലയാളത്തിനു മുന്‍പേ 10,000 ലേഖനങ്ങള്‍ എന്ന കടമ്പ കടന്ന ഇന്ത്യന്‍ ഭാഷകളിലെ മറ്റു് വിക്കി പീഡിയകള്‍ തെലുങ്ക്‌, ഹിന്ദി, മറാഠി, ബംഗാളി, ബിഷ്ണുപ്രിയ മണിപ്പൂരി, തമിഴ് എന്നിവയാണ്.
 
2009 ജൂണ്‍ 1ലെ കണക്ക നുസരിച്ച് 10,574 രജിസ്റ്റര്‍ ചെയ്ത ഉപയോക്താ ക്കളാണുള്ളത്. ഇതില്‍ 13 പേര്‍ അഡ്മിനിസ്ട്രേറ്റര്‍മാരും മൂന്ന് പേര്‍ ബ്യൂറോക്രാറ്റുകളുമാണ്.
 
എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാന കോശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2001 ജനുവരി 15നാണ്‌ വിക്കി പീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്‌.
 
2002 ഡിസംബര്‍ 21-ന് തുടങ്ങിയ മലയാളം വിക്കി പീഡിയ ആറര വര്‍ഷത്തി നുള്ളില്‍ പതിനായിരം ലേഖനം തികച്ചത് മലയാള ഭാഷയ്ക്കു തന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. എങ്കിലും രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ നൂറോളം ഉപയോക്താക്കള്‍ മാത്രമേ സജീവ ഉപയോക്താക്കളായുള്ളൂ എന്നത് പലപ്പോഴും ഈ വിക്കി പീഡിയയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കാറുണ്ട്. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി വലിയൊരു ഉപയോക്തൃ വൃന്ദം ഈ സ്വതന്ത്ര സംരംഭത്തില്‍ പങ്കാളിയാകുക യാണെങ്കില്‍ വിക്കി പീഡിയയുടെ വളര്‍ച്ച ഇനിയും അതിവേഗത്തി ലാകാന്‍ സാധ്യത യുണ്ടെന്ന് മലയാളം വിക്കി പീഡിയയുടെ സജീവ പ്രവര്‍ത്തകര്‍ പറയുന്നു.
 
മലയാളം വിക്കി പീഡിയയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ പടുത്തു യര്‍ത്തി യിരിക്കുന്നതു് ഇന്ത്യന്‍ ഭാഷകളിലെ മികച്ച വിക്കി പീഡിയകളില്‍ ഒന്നാണു് . ലേഖനങ്ങളുടെ എണ്ണത്തി ലൊഴിച്ചു് മറ്റു് പല മാനദണ്ഡ ങ്ങളിലും മലയാളം വിക്കി പീഡിയ ഇതര ഇന്ത്യന്‍ വിക്കികളേക്കാള്‍ വളരെയേറെ മുന്നിലാണു്.
 
  • ഏറ്റവും അധികം പേജ് ഡെപ്ത്ത് ഉള്ള ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയ,
  • ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയ,
  • ഒരു ലേഖനത്തില്‍ ഏറ്റവും അധികം എഡിറ്റു്‌ നടക്കുന്ന ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയ,
  • ഓരോ ലേഖനത്തിലും ഉള്ള ഗുണ നിലവാരമുള്ള ഉള്ളടക്ക ത്തിന്റെ കാര്യത്തില്‍,

 
തുടങ്ങി മിക്കവാറും എല്ലാ വിഭാഗത്തിലും മലയാളം വിക്കി പീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും (വിക്കി വായന ശാല, വിക്കി നിഘണ്ടു തുടങ്ങിയവ), ഇന്ത്യന്‍ ഭാഷകളിലെ മറ്റ് വിക്കി പീഡിയകളെ അപേക്ഷിച്ച് വളരെ യധികം മുന്‍പിലാണ്. റജിസ്റ്റേഡ് ഉപയോക്താക്കളുടെ കാര്യത്തില്‍ ഈയടുത്ത കാലത്തു് ഹിന്ദി വിക്കി പീഡിയ മലയാളം വിക്കി പീഡിയയെ മറി കടക്കുന്നതു് വരെ, ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ രെജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയയും മലയാളം വിക്കി പീഡിയ ആയിരുന്നു.
 
ലേഖനങ്ങളുടെ എണ്ണം മറ്റു ഇന്ത്യന്‍ വിക്കി പീഡിയകളെ അപേക്ഷിച്ച് കുറവാണെങ്കിലും, ഉള്ള ലേഖനങ്ങളില്‍ എല്ലാം തന്നെ അത്യാവശ്യം ഗുണ നിലവാരമുള്ള ഉള്ളടക്കമാണ് മലയാളം വിക്കി പീഡിയയിലുള്ളത്. മലയാളം വിക്കി പീഡിയയുടെ ഈ പ്രത്യേകത, മറ്റു് ഇന്ത്യന്‍ ഭാഷകളിലെ വിക്കി പീഡിയ പ്രവര്‍ത്തകര്‍ മലയാളം വിക്കി പീഡിയയെ സൂക്ഷമമായി നിരീക്ഷിക്കാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ മലയാളം വിക്കി പീഡിയയിലെ 10,000 ലേഖനങ്ങളില്‍ വലിയൊരു ഭാഗം ഭൂമിശാസ്ത്ര സംബന്ധിയായ ലേഖനങ്ങളാണു്. ചരിത്ര വിഭാഗത്തിലും അത്യാവശ്യം ലേഖനങ്ങളുണ്ടു്. ശാസ്ത്ര വിഭാഗത്തില്‍ ജ്യോതി ശാസ്ത്ര വിഭാഗത്തില്‍ മാത്രമാണു് അടിസ്ഥാന വിഷയങ്ങളില്‍ എങ്കിലും ലേഖനങ്ങളുള്ളത്.
 
കുറച്ചു നാളുകള്‍ക്കു് മുന്‍പു് കേരളാ സര്‍ക്കാര്‍ സ്ഥാപനമായ സര്‍വ്വ വിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രമുഖ പ്രസിദ്ധീകരണമായ സര്‍വ്വ വിജ്ഞാന കോശം GNU Free Documentation License 1.2. ലൈസന്‍സോടെ റിലീസ് ചെയ്യുവാനും, അതോടൊപ്പം അതിലെ ഉള്ളടക്കം ആവശ്യാനുസരണം മലയാളം വിക്കി സംരംഭങ്ങള്‍ക്ക് ഉപയോഗ പ്പെടുത്താനും അനുമതി തന്നു കൊണ്ട് കേരള സര്‍ക്കാര്‍ തീരുമാനമായിരുന്നു. നിലവിലുള്ള ചില ലേഖനങ്ങളെ പുഷ്ടിപ്പെടു ത്താനല്ലാതെ ഇതു് വരെ സര്‍വ്വ വിജ്ഞാന കോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കി പീഡിയയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. തുടര്‍ന്നുള്ള മാസങ്ങളില്‍ വിക്കിയില്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തുമ്പോള്‍, സര്‍‌വ്വ വിജ്ഞാന കോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കി പീഡിയയില്‍ ഉപയോഗി ക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നതു് നന്നായിരിക്കും.
 
സ്കൂള്‍ കുട്ടികള്‍, അദ്ധ്യാപകര്‍, കര്‍ഷകര്‍, തൊഴില്‍ രഹിതര്‍, ഡോക്ടര്‍മാര്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍, കേന്ദ്ര - കേരളാ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍, പ്രവാസി മലയാളികള്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധി സന്നദ്ധ സേവകരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണു് മലയാളം വിക്കി പീഡിയയുടെ ഇന്നത്തെ അഭിവൃദ്ധിക്കു് കാരണം.
 
- അനൂപ് പി.
 
 

Labels: ,

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



14 February 2009

മലയാളത്തില്‍ കാപ്ച

കമ്പ്യൂട്ടര്‍ മനുഷ്യനെ എല്ലാ കാര്യത്തിലും പിന്തള്ളുവാന്‍ ഉള്ള ശ്രമത്തില്‍ മുന്നേറുമ്പോള്‍ മനുഷ്യന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ തന്നെ തടുക്കുവാന്‍ ഉള്ള ഒരു ശ്രമം ആണ് കാപ്ച. പേരു വിവരങ്ങള്‍ നല്‍കി റെജിസ്റ്റര്‍ ചെയ്യേണ്ട പല വെബ് സൈറ്റുകളിലും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഈ വിവരങ്ങള്‍ നല്‍കി റെജിസ്റ്ററേഷന്‍ പൂര്‍ത്തിയാക്കുന്ന വിരുതന്മാരുണ്ട്. മനുഷ്യന്‍ നല്‍കേണ്ട വിവരങ്ങള്‍ ഇത്തരത്തില്‍ കമ്പ്യൂട്ടര്‍ തന്നെ നല്‍കുമ്പോള്‍ നിരവധി വ്യാജ റെജിസ്റ്ററേഷനുകളും മറ്റും ഉണ്ടാവുന്നു. കമന്റുകളും മറ്റും നല്‍കുവാന്‍ ഉള്ള സംവിധാനം ഉള്ള വെബ് സൈറ്റുകളില്‍ തങ്ങളുടെ പരസ്യങ്ങളും മറ്റും നല്‍കുവാന്‍ കമ്പ്യൂട്ടറിനെ ഉപയോഗിക്കുന്നവരും ഉണ്ട്. ഇത്തരം കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള യന്ത്രവല്‍കൃത വെബ് സൈറ്റ് ഉപയോഗം വെബ് സൈറ്റ് നിര്‍മ്മിക്കുന്നവരുടേയും അവ നടത്തുന്നവരുടേയും ഒരു വിട്ടു മാറാത്ത തലവേദന ആണ്. ഇതിനെതിരെ ഉണ്ടാക്കിയ ഒരു സംവിധാനം ആണ് കാ‍പ്ച.




വെബ് സെര്‍വറില്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിനു മാത്രം മനസ്സിലാവുന്ന ഒരു പദ്ധതി പ്രകാരം തയ്യാറാക്കിയ ഒരു ചോദ്യം സൈറ്റ് ഉപയോക്താവിനോട് ചോദിക്കുന്നു. ഇതിനുള്ള മറുപടി ഒരു മനുഷ്യന് തന്റെ ബുദ്ധിയും, യുക്തിയും, ഇന്ദ്രിയങ്ങളുടെ സഹായത്തോടേയും മാത്രം കണ്ടു പിടിക്കാന്‍ ആവുന്നത് ആയിരിക്കും. ഈ മറുപടി അത് കൊണ്ട് തന്നെ ഒരു കമ്പ്യൂട്ടറിനും കണ്ടു പിടിക്കാനും കഴിയില്ല എന്നതാണ് ഇത്തരം കാപ്ച സംവിധാനത്തിന്റെ തത്വം.




ഏറെ പ്രചാരത്തില്‍ ഉള്ള ഒരു കാപ്ച സംവിധാനം ആണ് അക്ഷരങ്ങളെ ഒരല്‍പ്പം വളച്ചൊടിച്ച് ചിത്രങ്ങള്‍ ആക്കി ഉപയോക്താവിന്റെ മുന്‍പില്‍ എത്തിക്കുന്ന രീതി. ഇങ്ങനെ വളച്ചൊടിച്ച അക്ഷരങ്ങളെ ഓപ്ടിക്കല്‍ റെക്കഗ്നിഷന്‍ പ്രോഗ്രാമുകള്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. ഈ അക്ഷരങ്ങള്‍ ഏതെന്നു മനസ്സിലാക്കി അത് വെബ് സൈറ്റില്‍ ടൈപ്പ് ചെയ്ത് മുന്‍പില്‍ ഉള്ളത് ഒരു മനുഷ്യന്‍ തന്നെയാണ് എന്ന് വെബ് സൈറ്റിനെ ബോധ്യപ്പെടുത്തി കൊടുക്കണം. എന്നാല്‍ മാത്രമെ സൈറ്റ് നമ്മള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യം ആക്കുകയുള്ളൂ.




ഇത്തരം കാപ്ച സംവിധാനം ഇത്രയും നാള്‍ ഇംഗ്ലീഷില്‍ മാത്രമേ ലഭ്യം ആയിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഇത് മലയാളത്തിലും ലഭ്യം ആക്കിയിരിക്കുകയാണ് കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ആയ യാസിര്‍ കുറ്റ്യാടി. താന്‍ നിര്‍മ്മിച്ച മലയാളം കാപ്ച സംവിധാനം എല്ലാവര്‍ക്കും തങ്ങളുടെ വെബ് സൈറ്റുകളില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന വിധം ഇദ്ദേഹം തന്റെ സൈറ്റില്‍ അതിന്റെ കോഡും പ്രവര്‍ത്തന രീതിയും വിശദീകരിച്ചിട്ടുമുണ്ട്. ഇത്തരം ഒരു ഉദ്യമം തീര്‍ച്ചയായും പ്രോത്സാഹനവും അഭിനന്ദനവും അര്‍ഹിക്കുന്നു. മലയാളം കമ്പ്യൂട്ടിങ്ങ് ലോകത്തിനും സ്വതന്ത്ര സോഫ്റ്റ്വെയര്‍ സിദ്ധാന്തത്തിനും ഏറെ സഹായകരമായ ഈ സംവിധാനം ആവിഷ്കരിച്ചിരിക്കുന്ന യാസിര്‍ കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. വെബ് ഡെവലപ്മെന്റ് തന്റെ ഒരു സീരിയസ് ഹോബി ആണെന്ന് പറയുന്ന ഇദ്ദേഹം ഇപ്പോള്‍ ദോഹയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. ഇദ്ദേഹം നിര്‍മ്മിച്ച ഈ നൂതന സംവിധാനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

Labels: ,

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



21 November 2008

സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

കൊച്ചിയില്‍ നടന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദേശീയ സമ്മേളനത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരെ സംഘാടകരും പോലീസും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. സമ്മേളനം സ്പോണ്‍സര്‍ ചെയ്ത ഒരു കമ്പനിയുടെ പരാതി പ്രകാരം ആയിരുന്നുവത്രെ ഈ മര്‍ദ്ദനം അരങ്ങേറിയത്. നവംബര്‍ 15, 16 തിയ്യതികളില്‍ കൊച്ചിയില്‍ നടന്ന സമ്മേളനം കൊച്ചി സര്‍വകലാശാലയും കേരള സര്‍ക്കാരിന്റെ IT@school എന്ന പദ്ധതിയും ചേര്‍ന്നായിരുന്നു സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ പരിപാടിയുടെ സ്പോണ്‍സര്‍മാരില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ മുഖ്യ ശത്രുക്കളില്‍ ഒന്നായ നോവെല്‍ കോര്‍പ്പൊറെയ്ഷന്‍ എന്ന കമ്പനിയും ഉണ്ടായിരുന്നു എന്നത് പ്രസ്ഥാനത്തെ പറ്റിയുള്ള സംഘാടകരുടെ അജ്ഞത വെളിവാക്കുന്നു എന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യുവാനുള്ള കുത്തക കമ്പനികളുടെ തന്ത്രമാണ് ഇത്തരം നീക്കങ്ങള്‍ എന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ സമൂഹം നിരീക്ഷിക്കുന്നു.





സ്വതന്ത്ര സോഫ്റ്റ്വെയര്‍ മുന്നേറ്റത്തിന്റെ മൂലക്കല്ലെന്ന് വിശേഷിപ്പിക്കുന്ന GNU General Public Licence ന്റെ അന്തസ്സത്തക്കെതിരെ മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് പേറ്റന്റുകള്‍ നേടിയെടുത്ത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തെ ചതിച്ച ചരിത്രമുള്ള നോവെല്‍ കോര്‍പ്പൊറെയ്ഷന്‍ എന്ന കമ്പനി ഈ സമ്മേളനത്തിന്റെ പ്ലാറ്റിനം സ്പോണ്‍സര്‍ ആണ് എന്നത് ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്താതെ ഇതിന്റെ സംഘാടകര്‍ ഒളിപ്പിച്ചു വെച്ചു എന്നത് ഇതിനു പിന്നില്‍ നടന്ന ഗൂഡാലോചന വ്യക്തമാക്കുന്നു.




സമ്മേളനത്തിന്റെ രണ്ടാം ദിവസം ഈ കാര്യം പുറത്തായതിനെ തുടര്‍ന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകര്‍ നോവെലിനെതിരെ പ്രതിഷേധവും ആയി രംഗത്തെത്തി. പോസ്റ്ററുകളും ബാനറുകളും പ്രദര്‍ശിപ്പിച്ച് തികച്ചും സമാധാനപരമായിരുന്നു പ്രതിഷേധം. നോവെലിനെതിരെ ഇവര്‍ ഒരു കുറ്റപത്രവും പ്രദര്‍ശിപ്പിക്കുകയുണ്ടായി.








ഇത് കണ്ടു കലി കയറിയ നോവെല്‍ കമ്പനിക്കാര്‍ തങ്ങള്‍ സംഘാടകര്‍ക്ക് നല്‍കാമെന്ന് സമ്മതിച്ച തുക ഇനി നല്‍കാനാവില്ല എന്നറിയിച്ചതിനെ തുടര്‍ന്നാണ് സംഘാടകര്‍ പോസ്റ്ററുകളും മറ്റും വലിച്ചു കീറുകയും പോലീസിനെ വിളിക്കുകയും ചെയ്തത്.

Labels: ,

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



18 October 2008

സ്വാതന്ത്ര്യ പദയാത്ര കോഴിക്കോട്

കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ കാസറഗോഡ് നിന്നും തിരുവനന്ത പുരത്തേക്ക് പുറപ്പെട്ട "സ്വാതന്ത്ര്യ പദ യാത്ര" മൂന്നു ജില്ലകള്‍ പിന്നിട്ട് കോഴിക്കോടു് എത്തിയിരി ക്കുകയാണ്. കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗി ക്കുന്നവരുടെ കൂട്ടായ്മ (fsug-calicut), കെ. എസ്. ഇ. ബി. യിലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രേമികള്‍, റോട്ടറി ക്ലബ് എന്നിവരുടെ സംയുക്താ ഭിമുഖ്യത്തില്‍ താമരശ്ശേരി വ്യാപാര ഭവനില്‍ വച്ച് പദയാത്രയ്ക്ക് ഊഷ്മളമായ സ്വീകരണം നല്കുകയുണ്ടായി. തിരുവനന്ത പുരത്തുള്ള സിക്സ് വെയര്‍ എന്ന കമ്പനിയിലെ അനൂപ് ജോണ്‍, ചെറി, പ്രസാദ് എന്നിവരും കോഴിക്കോടുള്ള അസെന്റ് എന്ന സ്ഥാപനത്തിലെ സൂരജ് കേണോത്തും ആണ് പദ യാത്ര താമരശ്ശേരി യിലെത്തുമ്പോള്‍ സംഘത്തി ലുണ്ടായിരുന്നത്. സ്വീകരണ യോഗത്തില്‍ ശ്രീ. പി. പി. ബാലകൃഷ്ണന്‍ (പ്രസിഡണ്ട്, റോട്ടറി ക്ലബ്, ബാലുശ്ശേരി), മുഹമ്മദ് നിയാസ് (സെക്രട്ടറി, റോട്ടറി ക്ലബ്, ബാലുശ്ശേരി), അനൂപ് ജോണ്‍ (സിക്സ് വെയര്‍), മുഹമ്മദ് ഉനൈസ് (അസി. എഞ്ചിനീയര്‍, കെ.എസ്.ഇ.ബി.), സൂരജ് കേണോത്ത് (അസെന്റ്), ചെറി (സിക്സ് വെയര്‍) എന്നിവര്‍ സംസാരിച്ചു.




ചില പൊതു ലക്ഷ്യങ്ങള്‍ക്കു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും കാല്‍നടയായി സഞ്ചരിച്ചു കൊണ്ടിരിക്കു കയാണിവര്‍. സാമൂഹിക തിന്മകളില്‍ നിന്നുള്ള മോചനം, പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നിന്നുള്ള മോചനം, സോഫ്റ്റ് വെയറിന്റെ ഉറവ (source code) പഠിക്കാനും പകര്‍ത്താനും തിരുത്താനും കൈ മാറാനുമുള്ള സ്വാതന്ത്ര്യം എന്നിവയാണീ ലക്ഷ്യങ്ങള്‍. ഈ ഉദ്ദേശ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കു ന്നവരേയും, ഇത്തരം മേഖലകളില്‍ താല്പര്യ മുള്ളവരേയും ഒരു കണ്ണിയില്‍ ഇണക്കി ച്ചേര്‍ക്കുക എന്നതാണ് പദ യാത്രയുടെ പ്രഖ്യാപിത ലക്ഷ്യം.




രാവിലെ മുതല്‍ ഇവര്‍ നടത്തം തുടങ്ങും. നടന്നെത്തുന്ന സ്ഥലത്തെ സ്കൂളുകളിലെയും കോളേജുകളിലെയും മറ്റു പൊതു സ്ഥാപന ങ്ങളിലെയും വിദ്യാര്‍ത്ഥി കളോടും വിജ്ഞാന കുതുകികളോടും ആശയ സംവാദം നടത്തുക, ആളുക ള്‍ക്കിടയില്‍ ബോധ വല്‍ക്കരണവും പ്രചരണവും നടത്തുക, രാത്രിയില്‍ എത്തിച്ചേ രുന്നിടത്ത് ഈ യാത്രയുമായി സഹകരി ക്കുന്നവര്‍ ഏര്‍പ്പാടു ചെയ്യുന്ന സ്ഥലത്ത് താമസിക്കുക, പിറ്റേന്ന് വീണ്ടും നടത്തം തുടരുക എന്നിങ്ങ നെയാണ് ഈ പ്രചരണ യാത്രയുടെ രീതി.




ഇത്തരത്തില്‍ കേരളത്തില്‍ ആദ്യമായി നടത്തുന്ന ഈ പദ യാത്രയുമായി തുടക്കം മുതലേ സഹകരി ക്കുന്നവര്‍ തിരുവനന്ത പുരത്തെ ലിനക്സ് ഉപയോഗിക്കു ന്നവരുടെ കൂട്ടായ്മ (ilug-tvm), കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗി ക്കുന്നവരുടെ കൂട്ടായ്മ (fsug-calicut), സ്പേസ് (Society For Promotion of Alternative Computing and Employment), സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്നിവരാണ്. അക്ഷയ മിഷന്‍, കെ. എസ്. ഇ. ബി. യിലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രേമികള്‍ എന്നിവര്‍ ആശയ സംവാദത്തിനു് വേദിയൊരുക്കി ക്കൊണ്ടും സംഘത്തിന് താമസ സൗകര്യ മൊരുക്കി ക്കൊണ്ടും പദ യാത്രയുമായി ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിലെ ലിനക്സ് ഉപയോഗി ക്കുന്നവരുടെ കൂട്ടായ്മ (ilug-cochin), പദ യാത്ര കൊച്ചിയിലെ ത്തുമ്പോള്‍ കാര്യ പരിപാടികള്‍ സംഘടി പ്പിക്കുവാന്‍ കാത്തിരിക്കുന്നു.




കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ബിഫാത്തിമ ഇബ്രാഹിം ആണ് ഒക്ടോബര്‍ രണ്ടാം തീയതി പദ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. കാഞ്ഞങ്ങാട് നെഹറു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥി കളുമായും പടന്നക്കാട്ടെ കാര്‍ഷിക കോളേജിലെ അദ്ധ്യാപകരും ഗവേഷകരുമായും സംഘാംഗങ്ങള്‍ സംവദിക്കു കയുണ്ടായി. കണ്ണൂര്‍ സയന്‍സ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ പാരിസ്ഥിതിക ആക്ഷന്‍ പ്ലാന്‍ രൂപീകര ണത്തിനു വേണ്ടി നടന്ന യോഗത്തില്‍ സംസാരിക്കാനും, കണ്ണൂര്‍ ദിനേശ് ഓഡിറ്റോറി യത്തില്‍ അക്ഷയ മിഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാനും പദയാത്രയ്ക്ക് അവസരമുണ്ടായി. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വച്ചും കണ്ണൂര്‍ സര്‍വ്വകലാ ശാലയുടെ തലശ്ശേരി കാംപസ്സില്‍ വച്ചും സംഘാംഗങ്ങള്‍ വിദ്യാര്‍ത്ഥി കളുമായി ആശയ സംവാദം നടത്തി. മയ്യഴിയിലെ മലയാള കലാ ഗ്രാമത്തില്‍ വച്ച് പ്രസിദ്ധ ചിത്രകാരന്‍ ശ്രീ. എം. വി. ദേവന്‍ സംഘാംഗങ്ങളുടെ ആതിഥേയത്വം വഹിച്ചു. വടകര കെ. എസ്. ഇ. ബി. സെക്ഷന്‍ ഓഫീസിലെ ജീവനക്കാരോടും കുറ്റ്യാടി ഐഡിയല്‍ പബ്ലിക്‍ സ്കൂളില്‍ ഒത്തു ചേര്‍ന്നവരോടും മാനന്തവാടിയിലെ പഴശ്ശി ലൈബ്രറി പ്രവര്‍ത്തകരോടും ആശയ വിനിമയം നടത്തിയ സംഘാംഗങ്ങള്‍ ഒക്ടോബര്‍ 16 നു് കോഴിക്കോട് എന്‍. ഐ. ടി. യിലെ വിദ്യാര്‍ത്ഥി കളോടൊപ്പമാണ് പ്രധാനമായും സമയം ചെലവഴിച്ചത്.




നിഷാന്ത് കണ്ണൂര്‍ ജില്ലയിലും, ജംഷീദ്, ജയ്സെന്‍ എന്നിവര്‍ കോഴിക്കോട് ജില്ലയിലും, മാനുവല്‍, ജിയോ, ആഷിക്ക് എന്നിവര്‍ വയനാടു് ജില്ലയിലും പദ യാത്രയില്‍ പങ്കു ചേര്‍ന്നു. കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കു ന്നവരുടെ കൂട്ടായ്മ പദ യാത്രയ്ക്ക് കോഴിക്കോട് ചെറൂട്ടി റോഡിലെ ഖാദി ബോര്‍ഡ് ഓഫീസില്‍ രാവിലെയും ബേപ്പൂരിലെ ഗോതീശ്വരം ബീച്ച് റിസോര്‍ട്ടില്‍ ഇന്ന് വൈകുന്നേരം നടക്കുന്ന കൂട്ടായ്മയുടെ യോഗത്തില്‍ വച്ചും സ്വീകരണം നല്കുന്നതാണ്. പദ യാത്രയില്‍ പങ്കു ചേരണം എന്ന്‍ ആഗ്രഹിക്കു ന്നവര്‍ക്ക് കൂടെ ചേരാവുന്നതാണ്.




- മൊഹമ്മദ് ഉനൈസ് (e പത്രം പ്രതിനിധി, കോഴിക്കോട്)
ഈമെയില്‍: unais SHIFT 2 epathram dot com



കൂടുതല്‍ വിവരങ്ങള്‍ക്ക് :




അനൂപ് ജോണ്‍ - +919495969446
നെടുമ്പാല ജയ്സെന്‍ - +919846758780
ജംഷീദ് കെ കെ - +919349101566
http://www.freedomwalk.in
freedomwalk@googlegroups.com
fsug-calicut@freelists.org
ilug-tvm@googlegroups.com

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



23 September 2008

ഇനി ഗൂഗ്ള്‍‍ ഫോണ്‍

ഏറെ കാത്തിരുന്ന ഗൂഗ്ള്‍ മൊബൈല്‍ ഫോണ്‍ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കപ്പെട്ടു. ന്യൂ യോര്‍ക്കില്‍ നടന്ന ഒരു പത്ര സമ്മേളനത്തില്‍ ആണ് ഗൂഗ്ളും, ഫോണ്‍ നിര്‍മ്മിയ്ക്കുന്ന HTC യും മൊബൈല്‍ സേവന ശൃഖലയായ T-Mobile എന്ന കമ്പനിയും സംയുക്തമായി പുതിയ ഫോണിനെ പറ്റി വിശദമാക്കിയത്.




ലിനക്സില്‍ അധിഷ്ഠിതമായി മൊബൈല്‍ ഉപകരണങ്ങളുടെ ഉപയോഗത്തിന് മാത്രമായി ഗൂഗ്ള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയ്ഡ് എന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിയ്ക്കുന്ന ആദ്യത്തെ ഫോണ്‍ ആണ് ഇത്. തായ് വാന്‍ കമ്പനിയായ HTC നിര്‍മ്മിയ്ക്കുന്ന ഫോണിന്റെ പേര് HTC Dream എന്നാണ്.




“നിങ്ങള്‍ സഞ്ചരിയ്ക്കു ന്നിടത്തെല്ലാം ഒരു ലാപ് ടോപ്പുമായി പോകാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ ഫോണ്‍, ഗൂഗ്ള്‍ സേര്‍ച്ചിനെ നിങ്ങളുടെ പോക്കറ്റില്‍ സദാ സമയവും ലഭ്യമാക്കുന്നു” - പുതിയ ഫോണിനെ പറ്റി ഗൂഗ്ളിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ലാറി പേജ് പറഞ്ഞതാണിത്.




ടി-മൊബൈല്‍ എന്ന മൊബൈല്‍ ശൃഖലയില്‍ മാത്രം ലഭ്യമാവും വിധം സിം കാര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. രണ്ട് വര്‍ഷത്തെ വരിസംഖ്യാ കരാറില്‍ ഏര്‍പ്പെട്ടാല്‍ ഫോണ്‍ വെറും 179 അമേരിയ്ക്കന്‍ ഡോളറിന് ലഭിയ്ക്കും.




വ്യക്തമായും iPhoneനെ പുറന്തള്ളാന്‍ ലക്ഷ്യമിടുന്ന ഈ ഫോണിന്‍ കാഴ്ചയില്‍ iPhoneഉമായി ഏറെ സാദൃശ്യം ഉണ്ട്.




iPhoneല്‍ ഇല്ലാത്ത ഒരു സവിശേഷത ഈ ഫോണില്‍ ഉള്ളത് ഇതില്‍ ലഭ്യമായ “സന്ദര്‍ഭോചിത” മെനു ആണ്. (context menu).




വേറെ പ്രധാനപെട്ട ഒരു വ്യത്യാസം ഇതില്‍ ഒന്നിലേറെ പ്രോഗ്രാമുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിയ്ക്കാം എന്നുള്ളതാണ്. (multi tasking).




എന്നാല്‍ ഗൂഗ്ള്‍ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ഗൂഗ്ള്‍ തന്നെയാണ്. ഒരൊറ്റ ബട്ടണ്‍ ഞെക്കിയാല്‍ പ്രത്യക്ഷപ്പെടുന്ന Google Search. പിന്നെ Gmail, Google Maps, Google Talk, Google Calendar എന്നിങ്ങനെ മറ്റനേകം ജനപ്രീതി നേടിയ ഗൂഗ്ള്‍ സേവനങ്ങളും.

Labels: ,

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



19 June 2008

ഫയര്‍ഫോക്സ് ഗിന്നസ് ബുക്കിലേയ്ക്ക്

80 ലക്ഷം കോപ്പികളിലേറെ 24 മണിക്കൂറിനുള്ളില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട ഫയര്‍ഫോക്സ് 3 പുതിയ ലോക റെക്കോര്‍ഡിട്ടു. ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറിന്റെ ഇത്രയധികം കോപ്പികള്‍ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നത് ഇത് ആദ്യമായിട്ടാണ്. ചൊവ്വാഴ്ച രാവിലെ 11:16ന് ആരംഭിച്ച് ബുധനാഴ്ച അതേ സമയം വരെയായിരുന്നു ഇതില്‍ പങ്ക് ചേരാനുള്ള സമയപരിധി. അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഏതാണ്ട് 14000 കോപ്പികളാണ് ഒരു മിനുട്ടില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതത്രെ.



ഈ സംരംഭത്തില്‍ പങ്ക് ചേരണമെന്ന് അഭ്യര്‍ഥിച്ച് ലോകമെമ്പാടും ഇമെയില്‍ സന്ദേശങ്ങള്‍ പ്രവഹിച്ചിരുന്നു. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ രംഗത്തെ കുത്തക ദുഷ് പ്രവണതകള്‍ക്ക് കുപ്രസിദ്ധമായ മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് ബദലായ ഫയര്‍ഫോക്സിന്റെ പ്രചരണത്തിന് സ്വതന്ത്ര സോഫ്റ്റ്വെയറിനെ സ്നേഹിക്കുന്ന കമ്പ്യൂട്ടര്‍ വിദഗ്ധരും ഉപയോക്താകളും എല്ലാം ഉത്സാഹിച്ചതിന് തെളിവാണ് ഈ സംരംഭത്തിന്റെ വിജയം.



ഫയര്‍ഫോക്സിന്റെ നിര്‍മ്മാതാകളായ മോസില്ല ഒരു പ്രചരണ തന്ത്രമായിട്ടാണ് ഈ ഡൌണ്‍ലോഡ് സംരംഭത്തെ ഉപയോഗിച്ചതെങ്കിലും ഈ വിജയം ഫയര്‍ഫോക്സ് വെറും മറ്റൊരു സോഫ്റ്റ്വെയര്‍ മാത്രമല്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ഇത് എല്ലാവരും മനസ്സ് കൊണ്ട് ആശീര്‍വദിയ്ക്കുന്ന ഒരു ജനകീയ മുന്നേറ്റം തന്നെയാണ്.


ഫയര്‍ഫോക്സ് ഇവിടെ നിന്നും ലഭ്യമാണ്.



Firefox 3



ഫയര്‍ഫോക്സ് പ്രചരിപ്പിക്കാന്‍ നിങ്ങള്‍ക്കും സഹായിക്കാം

Labels: ,

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്







ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്