04 August 2008

മിശ്ര വിവാഹിതരുടെ മക്കളെ കൊന്നു കളയണമോ?

കഴിഞ്ഞ ആഴ്ച വരെ ആണവ കരാറിന്റെയും അതു കഴിഞ്ഞ്‌ ബോംബു സ്ഫോടനങ്ങളുടേയും സജീവ ചർച്ചകളിൽ ആയിരുന്നു ഇന്ത്യയിലെ മാധ്യമങ്ങൾ ക്കൊപ്പം കേരളത്തിലെ മാധ്യമങ്ങളും. ഇതിനു തൊട്ടു മുമ്പു വരെ കേരളത്തിലെ മാധ്യമങ്ങളിൽ ചൂടുള്ള ചർച്ചാ വിഷയം ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠ പുസ്തകത്തെ സംബന്ധി ച്ചായിരുന്നു. പുസ്തകം കത്തിച്ചും പൊതു മുതൽ നശിപ്പിച്ചും മുന്നേറിയ സമരം ഒരു അധ്യാപകന്റെ മരണത്തിൽ കലാശിച്ച പ്പോൾ താൽക്കാലി കമായി നിർത്തി വച്ചു. വീണ്ടും ഇതാ ആണവ പ്രശനവും ബോംബു സ്ഫോടനവും വിട്ടു സജീവമായി ക്കൊണ്ടിരിക്കുന്നു. എത്രയൊക്കെ ശക്തമായ അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും പാഠ പുസ്തക സമരത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഒരു വിധം എല്ലാ വർഗ്ഗീയ ശക്തികളും അവരെ പിൻ പറ്റി നില നിൽക്കുന്ന വർഗ്ഗീയ രാഷ്ടീയ പാർട്ടികളും ഒന്നിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.




പ്രസ്തുത പുസ്തകം പിൻ വലിക്കണം എന്ന്‍ ആവശ്യപ്പെ ടുന്നവർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം മതമില്ലാത്ത ജീവൻ എന്ന പാഠത്തിൽ മിശ്ര വിവാഹിതരായ ദമ്പതികൾ തങ്ങളുടെ മകനെ സ്കൂളിൽ ചേർക്കുമ്പോൾ ഒരു മതത്തിലും ഉൾപ്പെടുത്തുന്നില്ല എന്നതാണ്‌. ഇന്ത്യ ഒരു മത രാഷ്ട്രമല്ല മതേതര രാഷ്ട്രമാണെന്ന് ഭരണ ഘടനയിൽ എഴുതി വച്ചിട്ടുണ്ട്‌. അതു പോലെ ഏതു മതത്തിലും വിശ്വസിക്കുവാനും വിശ്വസിക്കാ തിരിക്കുവാനും അന്യ മതത്തിൽ പെടുന്ന ഇണയെ തിരഞ്ഞെടു ക്കുവാനും സ്വതന്ത്ര ഇന്ത്യയിലെ ഓരോ പൌരനും അവകാശവും ഉണ്ട്‌. (വ്യത്യസ്ഥ മതത്തിൽ പെട്ടവർ വിവാഹിതരായി അല്ലെങ്കിൽ പ്രണയിച്ചു പോയി എന്ന ഒറ്റ ക്കാരണത്താൽ നിരവധി പേർ വധിക്കപ്പെട്ടിട്ടുണ്ട്‌ എന്ന കറുത്ത സത്യത്തെ അവഗണിക്കുന്നില്ല.) ഇപ്രകാരം ഭരണ ഘടന ഉറപ്പു തരുന്ന അവകാശത്തെ അല്ലേ ഈ സമരക്കാർ എതിർക്കുന്നത്‌? വർഗ്ഗീയ ശക്തികളുടെ ഭീഷണിയും സമ്മർദ്ദവും വക വെയ്ക്കാതെ ഉറച്ച മനസ്സോടെ ജീവിക്കുന്ന മിശ്ര വിവാഹിതരെ അവഹേളിക്കുക കൂടിയാണ് ഈ സമരത്തിനു നേതൃ‌ത്വം നൽകുന്നവർ.




വർഷങ്ങളായി ബയോളജി പുസ്തകത്തിൽ ഡാർവിന്റെ പരിണാമ സിദ്ധാന്തം നമ്മുടെ സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ട്‌. ഇതിനെതിരെ ആരെങ്കിലും സമരം ചെയ്തതായി അറിയില്ല. ആദം ഹൌവ്വ സങ്കൽ‌പ്പത്തിൽ വിശ്വസിക്കുന്ന അവരെ സംബന്ധിച്ചേ ടത്തോളം മനുഷ്യൻ കുരങ്ങിൽ നിന്നും ഉരുത്തിരിഞ്ഞു ണ്ടായതാണെന്ന ഡാർവ്വിന്റെ സിദ്ധാന്തം മത നിഷേധമല്ലേ? എന്തു കൊണ്ട്‌ പ്രസ്തുത പാഠ ഭാഗം പിൻവലിക്കണം എന്ന് പറഞ്ഞു കൊണ്ട്‌ മത മേലധ്യക്ഷന്മാർ സമരം ചെയ്തില്ല? ലൈംഗീകതയെ കുറിച്ച് സ്കൂളുകളിൽ പഠിപ്പിക്കുന്നില്ലേ? പ്രായപൂർത്തി യാകാത്തവരെ അതു പഠിപ്പിക്കാമോ? ഒരു മതാധിഷ്ഠിത രാജ്യമല്ലാത്ത ഇന്ത്യയിൽ, മതമില്ലാതെ ജീവിക്കുവാൻ അവകാശമുള്ള ഇന്ത്യയിൽ എന്തു കൊണ്ട്‌ മിശ്ര വിവാഹത്തെ ക്കുറിച്ചും അതിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മതമില്ലാതെ ജീവിക്കാം എന്നും പാഠ ഭാഗത്തിൽ ഉൾക്കൊള്ളിച്ചു കൂടാ? പ്രസ്തുത പാഠ ഭാഗത്തിൽ ഒരിടത്തും ഒരു മതവും മോശമാണെന്ന് പറയുന്നുമില്ല. പിന്നെ എന്തിനാണിവർ രോഷം കൊള്ളുന്നത്‌? ഇവിടെ ആണ് പതിയിരിക്കുന്ന അപകടത്തെ കുറിച്ച്‌ നാം തിരിച്ചറിയേണ്ടത്‌.




ഈ പാഠ ഭാഗത്തെ എതിർക്കുന്നവരുടെ വാദ മുഖങ്ങൾ നോക്കിയാൽ അവർ മിശ്ര വിവാത്തിനു എതിരാണ്‌ എന്നതാണ് സത്യം. മിശ്ര വിവാഹിതർ ധാരാളം ഉള്ള നമ്മുടെ നാട്ടിൽ ഇവർക്ക് ജനിച്ച മക്കൾ നമ്മുടെ സ്കൂളുകളിൽ പഠിക്കുന്നുമുണ്ട്‌. വർഗ്ഗീയ വാദികളെ സംബന്ധിച്ച്‌ തങ്ങളുടെ വിഭാഗത്തിൽ മറ്റു മതക്കാരുടെ "രക്തത്തിൽ" പിറന്ന മക്കൾ ഉണ്ടാകരുത്‌ എന്നതാണ് മുഖ്യം. ഇനി അത്തരത്തിൽ ഏതെങ്കിലും സന്തതികൾ ഉണ്ടായാൽ അവരെ ഒറ്റപ്പെടുത്തണം, അഥവാ ഇനിയാരും ഇത്തരത്തിൽ മിശ്ര വിവാഹത്തിനു മുതിരരുത് എന്നല്ലേ ഇവരുടെ സമരം വെളിവാക്കുന്നത്‌. (ഹിറ്റ്ലറുടെ നാസിസത്തിന്റെ ഇന്ത്യൻ പതിപ്പോ?).




ഇന്ന് ഈ പാഠ പുസ്തകത്തെ എതിർക്കു ന്നവരുടെ മുമ്പിൽ സർക്കാർ മുട്ടു മടക്കിയാൽ ഒരു പക്ഷെ നാളെ ഇവർ മിശ്ര വിവാഹിതരുടെ മക്കൾക്ക്‌ സർക്കാർ-സ്വകാര്യ സ്കൂളുകളിൽ പ്രവേശനം നൽകരുതെന്ന് ആവശ്യപ്പെട്ടേക്കാം. കാരണം മത വിശ്വാസം ഇല്ലാത്ത ഇവരുമായി ചങ്ങാത്തം കൂടിയാൽ തങ്ങളുടെ കുട്ടികളുടെ മത വിശ്വാസത്തിൽ ഇടിവു തട്ടിയേക്കും എന്ന് ഈ അൽപ ബുദ്ധികൾ ഭയപ്പെടും. ഒരു പടി കൂടെ മുന്നോട്ടു പോയാൽ മിശ്ര വിവാഹിതരെ സമൂഹത്തിൽ നില നിർത്തിയാൽ അവരെ ഭാവിയിൽ ഈ കുഞുങ്ങൾ അനുകരിച്ചേക്കാം എന്നും പറയാനിടയുണ്ട്. ഒരു പക്ഷെ ജനാധിപത്യം (വിശ്വാസ പ്രമേയ വേളയിൽ പാർളമന്റിൽ അരങ്ങേറിയ വൃത്തി കെട്ട രംഗങ്ങൾ തൽക്കാലം ഒഴിവാക്കാം) ഇനിയും പാടെ നശിക്കാതെ നില നിൽക്കുന്നതു കൊണ്ടാകാം ഇക്കൂട്ടർ മിശ്ര വിവാഹിതരുടെ മക്കളെ കൊന്നു കളയണമെന്ന് ആവശ്യപ്പെടാത്തത്‌.




ഒരുവന്റെ സ്വകാര്യ വിശ്വാസം എന്നതിനപ്പുറം വ്യക്തിയുടെ സമൂഹ്യ ജീവിതത്തിൽ മതത്തിന്റെ അനാവശ്യമായ ഇടപെടൽ അപകടകരമാം വിധം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പൗരോഹിത്വം തങ്ങളുടെ അധികാരം ഊട്ടിയുറ പ്പിക്കുവാൻ ആകുന്നതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളെ വരെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ നീങ്ങി ക്കൊണ്ടിരിക്കുന്നു. സമൂഹത്തിൽ മതം പിടി മുറുക്കുമ്പോൾ അത്‌ ജനാധിപത്യം എന്ന വ്യവസ്ഥിതിയെ തന്നെ ഇല്ലാതാക്കും. എന്നാൽ ദൗർഭാഗ്യ വശാൽ ഏതു വിധേനയും അധികാത്തി ലെത്തുവാൻ ശ്രമിക്കുന്നവർ താൽക്കലിക ലാഭത്തിനു വേണ്ടി ഭവിഷ്യത്തുകളെ ഓർക്കാതെ ഇത്തരക്കാർക്ക്‌ പിൻതുണ പ്രഖ്യാപിക്കുന്നു.




കോൺഗ്രസ്സ്‌ പോലുള്ള ദേശീയ പാർട്ടികൾ വരെ അതിനെ പിൻതുണ ക്കുമ്പോൾ തങ്ങളുടെ പരമോന്നത ദേശീയ നേതാവ്‌ ശ്രീമതി സോണിയാ രാജീവ്‌ ഗാന്ധി ഒരു മിശ്ര വിവാഹിതയാണെന്ന് മറന്നു പോയോ? നെഹ്രു കുടുമ്പത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇന്ദിരാ ഗാന്ധി മുതൽ പ്രിയങ്കാ വധേര വരെ മിശ്ര വിവാഹിതരല്ലേ? ഇന്ദിരാ ഗാന്ധിക്ക്‌ മിശ്ര വിവഹം കഴിക്കാമെങ്കിൽ (അന്യ ജാതിക്കാരനായിരുന്ന ഫിറോഷിനെ ഇന്ദിരാ ഗാന്ധി വിവാഹം കഴിക്കുന്നതിനെ പലരും എതിർത്തു എന്നും ഒടുവിൽ ഫിറോഷിനെ ഗാന്ധി ദത്തെടുത്തു എന്നും അതു വഴിയാണ്‌ ഫിറോഷ്‌ ഗാന്ധിയായതെന്നും ആണ്‌ എന്റെ അറിവ്‌ അതൊരു പക്ഷെ തെറ്റാകാം) മിശ്ര വിവാഹിതരായ ഇന്ധിരാ ഗാന്ധിക്ക്‌ ജനിച്ച രാജീവ്‌ ഗാന്ധി കോൺഗ്രസ്സു കാരുടെ നേതാവും ഇന്ത്യൻ പ്രധാനമന്ത്രിയും ആയിരുന്നപ്പോൾ ഒന്നും എന്തേ ഈ ജാതി ചിന്ത തോന്നിയില്ല. അതോ രാജീവും അദ്ദേഹത്തിന്റെ മക്കൾ രാഹുലും പ്രിയങ്കയും ഒക്കെ വല്യ തറവാട്ടുകാർ ആയതിനാൽ ഇതിൽ വല്ല ഇളവും ഉണ്ടോ?




അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും വക വെക്കാതെ മതത്തിന തീതമായി ചിന്തിക്കുകയും വിവാഹം കഴിച്ച്‌ സ്വന്തന്ത്രരായി ജീവിക്കുന്ന നിരവധി ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്‌.




മിശ്ര വിവാഹത്തെ ഗവൺമന്റ്‌ അംഗീകരി ച്ചിട്ടുള്ളതും നിയമ സാധുത ഉള്ളതുമാണ്‌. ഇത്തരത്തിൽ വിവാഹിത രാകുന്നവരുടെ സന്തതികളെ അവർ തങ്ങൾ ക്കിഷ്ടമുള്ള മതത്തിൽ ചേർക്കുകയോ അല്ലെങ്കിൽ പ്രത്യേകിച്ച്‌ മത വിശ്വാസം ഒന്നും ഇല്ലാതെ വളരുവാൻ അനുവദിക്കുകയോ ചെയ്യുന്നു.




മത മൈത്രിയെ കുറിച്ചും മതേതരത്വത്തെ കുറിച്ചും മൈക്കിനു മുമ്പിൽ മണിക്കൂറുകൾ പ്രസംഗിക്കുന്നവർ തന്നെ ഈ സമരത്തിൽ മുമ്പിൽ നിൽക്കുന്നതു കാണുമ്പൊൾ യഥാർത്ഥത്തിൽ ഇവരുടെ തനി നിറം എന്താണെന്ന് നമുക്ക്‌ വ്യക്തമായി. മിശ്ര വിവാഹത്തിലൂടെ സമൂഹത്തിൽ മത മൈത്രിക്ക്‌ അടിത്തറ യിടുകയാണ്‌ ചെയ്യുന്നത്‌. അന്യ മതക്കാരനെ ശത്രുവായി ക്കാണാതെ അവരെ സ്നേഹിക്കുവാനുള്ള പ്രഖ്യാപനമാണ്‌ ഓരോ മിശ്ര വിവാഹവും. മിശ്ര വിവാഹിതർ ക്കിടയിൽ സ്തീധന സമ്പ്രദായം തീരെ കുറവാണെന്നതും മതാചാര പ്രകാരം നടക്കുന്ന വിവാഹങ്ങളിൽ സ്ത്രീധന സമ്പ്രദായം അപകടകരമാം വിധം കൂടുതലാണെന്നതും നാം ഓർക്കേണ്ടതുണ്ട്. അതു കൊണ്ടു തന്നെ സമൂഹത്തിലെ ഉച്ച നീചത്വങ്ങൾ ക്കെതിരെയുള്ള ശക്തമായ ഇത്തരം ബന്ധങ്ങളെ നാം പ്രോത്സാഹി പ്പിക്കുകയല്ലേ വേണ്ടത്‌? അതോ സങ്കുചിത താല്പര്യക്കാരുടെ ഭീഷണിക്കു മുമ്പിൽ ഭരണ ഘടന ഉറപ്പു നൽകുന്ന വ്യക്തി സ്വാതന്ത്രത്തെ അടിയറവു വെച്ച് ഒരു ആധുനിക സമൂഹത്തിനു ഒരിക്കലും ചേരാത്ത പിന്തിരിപ്പ ന്മാർക്കു മുമ്പിൽ സാഷ്ടാംഗം നമിക്കണോ?




- S. Kumar (http://paarppidam.blogspot.com/)

Labels:

5അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

ശ്രീ കുമാര്‍,

ദൈവത്താല്‍ സ്രുസ്ടിക്കപ്പെട്ടിട്ടുള്ളതെന്തും, മനുഷ്യന്റെ യും,ചരാചരാങ്ങളുടെയും, പ്രക്രുതിയുടെയും കല്യാണത്തിനു ഉതകുന്നതു മാ‍ത്രമായിരിക്കും. എന്നാല്‍ മനുഷ്യനാല്‍ സ്രുഷ്ടിക്കപ്പെട്ടതായ മതങ്ങളെ മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കുകയും, അന്ധമായി അതില്‍ വിശ്വസിച്ച് വിവശരായി, മതാന്ധരായി ചെയ്യുന്ന പ്രവത്തികള്‍ ലോകനാശത്തിനു ആണ്!

ലോകനാശത്തിനു മതമുതുകും! മറ്റൊന്നിനും അതു ഉതകുകയില്ല!

സ്നേഹവും, സൌഹാര്‍ദ്ദവും, പരസ്പരവ്യത്യാസമില്ലാതെ പ്രകടിപ്പിക്കാനു‍ള്ള മനോ വിശാലത ഉള്ള സമൂഹമായി മാറുകയാണു വേണ്ടത്. അല്ലാതെ എന്റെ മതത്തിലുള്ളതൊക്കെ നല്ലത്, അതു അംഗീകരിക്കുന്നവന്‍ നല്ലവന്‍ അല്ലാത്തവര്‍ എല്ലാം അനഭിമതര്‍!

മതം....ഇന്നത്തെ ഈ പോക്കാണു പോകുന്നതെങ്കില്‍, മനുഷ്യര്‍ സ്വയം ഭൂലോകത്തുനിന്നു തുടച്ചുമാറ്റപെടും! അതാണല്ലോ
- അതിന്റെ തെളിവാണല്ലൊ... മദ്ധ്യപൂര്‍വേഷ്യയിലെ യൂദ-അറബി യുദ്ധം! ഇതെവിടെചെന്നു എത്തും? ഈ പ്രശ്നമൊന്നും ഒരു ജിയൊഗ്രാഫിക്കല്‍ പ്രശ്നമല്ല- കേവലം മതത്തിന്റെ പേരിലുള്ള പ്രശ്നമാണു!

ദൈവം കാക്കട്ടെ!

August 4, 2008 11:38 PM  

സമൂഹം വികൃതമായ ആശയങ്ങളുമായാണ് മുന്നേറുന്നത് എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് പാഠപുസ്തകവിവാദം. മതഭീകരരുടേ കൂടെ രാഷ്ട്രീയക്കാരും കൂടിയ കാഴ്ചയാണ് നാം കണ്ടത്.
മതമില്ലാത്തവരെ കൊന്നുകളയാന്‍ ഇവര്‍ മടിക്കില്ല. മിശ്രവിവാഹം ക്രിമിനല്‍ കുറ്റത്തേക്കാള്‍ വലിയ കുറ്റമായി നാടാകെ പ്രസംഗിച്ചും പ്രവര്‍ത്തിച്ചും നടക്കുന്ന ഇവരെ കാണുമ്പോള്‍ കേരളം ഭ്രാന്താലയമല്ലെന്ന് ആര് പറയും?

സമൂഹത്തിനായി ഒരു വ്യക്തിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവനയാണ് ജാതി-മത ചിന്തകള്‍ നോക്കാതെ വിവാഹിതരാകുക എന്നത്. സമൂഹത്തിലെ സകല വര്‍ഗ്ഗീയതകള്‍ക്കും ഉള്ള ഏക പ്രതിവിധി മിശ്രവിവാഹം മാത്രമാണ്.

August 5, 2008 8:01 AM  

ഇവിടെ മത ഭ്രാന്തന്മാർ മാത്രമല്ല കുറ്റക്കാർ.പുരോഗമനവാദികളുടെ മുഖം മൂടിയണിഞ്ഞ് കൂലിക്കെഴുതുന്ന ഒരുപറ്റം “സാസ്കാരിക” തൊഴിലാളീകൾ കൂടെയുണ്ടെന്ന കാര്യം നാം മറന്നുകൂട.ഒരു തീവ്രവാദിആക്രമണമുണ്ടായാൽ അതിന്റെ പ്രതികൾ/പ്രതികൾ എന്ന് കരുതപ്പെടുന്നവർ പിടിക്കപ്പെട്ടാൽ ഉടനെ അതിനെ മറ്റൊരു ദിശയിലേക്ക് വഴിതിരിക്കുന്ന രീതിയിൽ ഉള്ള പ്രസ്ഥാവനകളുമായി ഇവർ ഇറങ്ങും.വർഗ്ഗീയതയും മത തീവ്രവാദവുuം അത് ഭൂരിപക്ഷമായാലും ന്യൂനപ്pഅക്ഷമായാലും വെറുക്കപ്പെടേണ്ടതും എതിർക്കപ്പെടേണ്ടറ്റ്tഉമാണ്. തീവ്രവാദികൾ പിടിയിലായാൽ അത് ഒരു മതത്തിനെതിരായുള്ള ഭരണകൂടഭീകരതയാണെന്ന് ഇiവിiടത്തെ ബുജിതൊഴിലാളികൾ മുറവിളികൂട്ടുന്നു.ഇതും എതിർക്കപ്പെടേണ്ടതാണ്.

പാഠപുസ്തകവിവാദത്തെഒരു അദ്യാപകൻ കൊല്ലപ്പെടുന്ന അവസ്ഥയിലേക്ക് വരെ എത്തിച്ചത് ഇവിടത്തെ മത-രാഷ്ടീയക്കാർ തന്നെയാണ്.

August 7, 2008 9:56 AM  

പിന്നാക്കജാതിക്കാരുടെ ഉന്നമനത്തിനു വേണ്ടി മാത്രം കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ കോടിക്കണക്കിനു രുപാ ബഡ്ജറ്റില്‍ വകകൊള്ളിക്കുന്നുണ്ട്. നമ്മുടെ ഭരണഘടന പ്രകാരം ജാതി വെളിപ്പെടുത്തിയാല്‍ മാത്രമേ ആ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളൂ. കുഞ്ഞിലേ തന്നെ ജാതിയില്ലാത്തവനായി വളര്‍ത്തി വലുതാവുമ്പോള്‍, അതായത് കോളേജ് വിദ്യാഭ്യാസം തുടങ്ങുമ്പോള്‍, പിന്നാക്ക ജാതിയില്‍ ജനിച്ചകുട്ടിയാണെങ്കില്‍, ഒരുപക്ഷേ, സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന (ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം) ആനുകുല്യങ്ങളുണ്ടെങ്കിലേ തുടര്‍ പഠനം നടത്താനാകൂ എന്നുള്ള ധാരാളം പേര്‍ നമ്മുടെ നാട്ടിലുണ്ട്. അന്നു ആ കുട്ടിക്ക് ഇതുവരെ വിശ്വസിച്ച് വളര്‍ന്ന പ്രമാണങ്ങളെല്ലാം വലിച്ചെറിയേണ്ടി വന്നാല്‍, അയാളുടെ മാനസിക നില എന്താണെന്നു ഊഹിക്കാന്‍ പറ്റുമോ

October 19, 2008 1:20 PM  

ഈ കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ പ്രതിപക്ഷ നേതാവ് അദ്വാനി പറഞ്ഞു "കോടതി വിധി വരുന്നതു വരെ ഒരാള്‍ കുട്ടകരാനോ ഭീകരവദിയോ അല്ല" ഇത്രയും പറയാന്‍ അദ്വനികും ശിങ്കിടികല്‍കും ഈ മാസം വരെ കാത്തിരിക്കേണ്ടി വന്നു കാരണം മുന്പ് ഇവര്‍ തന്നെ ആസൂത്രണം ചെയ്തു പിടിപ്പിച്ചവര്‍ മുഴുവന്‍ അദ്വാനി യുടെ സമുദായത്തില്‍ നിന്നുല്ലവരയിരുന്നില്ല അതുകൊണ്ട് നിര്‍ലോഭം ഭീകരവാദി തുടങ്ങിയ വാക്കുകള്‍ അദേഹം ഉപയോഗിച്ചൂ (ഓര്‍മികുക ഏതെങ്കിലും കോടതി വിധി പറയുന്നതിന് മുന്പാണിത്). അവസാനം അദേഹത്തിന്റെ ആളുകള്‍ ഇതേ അവസ്ഥയില്‍ കുടുങ്ങിയപ്പോള്‍ ഇങ്ങനെ പ്രസ്ടാവിക്കെണ്ടിവന്നു. ഒരു പൌരനെ വര്‍ഗീയവാദി തീവ്രവാദി എന്നോകെ വിളിക്കാന്‍ എളുപ്പമാണ് പക്ഷേ അവന്‍ എന്താണ് ചെയ്തത് എന്നെന്ഗിലുമ് പരിശോടികുന്നത് നല്ലതാണു. ബാല്‍ താക്കറെ, അദ്വാനി, തൊഗാടിയ തുടങ്ങിയവരുടെ നാല് അയലത്ത് വരില്ല ഏതെങ്കിലും മറ്റു സമുദായക്കാരന്‍ എന്ന് ഓര്‍ക്കുക.

November 26, 2008 1:18 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്