18 July 2008
കൈക്കൂലി - ഇന്ത്യാക്കാരന് ദുബായില്‍ ജയില്‍ ശിക്ഷ
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരന് ദുബായ് കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. പതിനൊന്ന് തവണ ഡ്രൈവിങ്ങ് ടെസ്റ്റ് തോറ്റ തന്റെ മകനെ ജയിപ്പിയ്ക്കണം എന്ന് ആവശ്യപ്പെട്ട് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയിലെ ഉദ്യോഗസ്ഥന് 500 ദിര്‍ഹം കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച നന്ദപ്രസാദ് ആണ് ശിക്ഷിക്കപ്പെട്ടത്. 50 കാരനായ നന്ദപ്രസാദ് ദുബായില്‍ ആശാരി ആയിരുന്നു.
മെയ് 29ന് നടന്ന ഡ്രൈവിങ്ങ് ടെസ്റ്റിലും പ്രതിയുടെ മകന്‍ വിജയിച്ചില്ല എന്ന് RTA ഉദ്യോഗസ്ഥനായ താലെബ് മലെല്ല പറഞ്ഞു. ഇയാളോട് വീണ്ടും ശ്രമിയ്ക്കുവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളുടെ അച്ഛന്‍ തനിക്ക് കൈക്കൂലി നല്‍കുവാന്‍ ശ്രമിച്ചത് എന്നും 38 കാരനായ താലെബ് അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയും അനാസ്ഥയും മറ്റും അതീവ ഗൌരവത്തോടെയാണ് ദുബായ് ഭരണകൂടം വീക്ഷിയ്ക്കുന്നത്. അഴിമതി ഇല്ലാതാക്കുവാനും ഉദ്യോഗസ്ഥര്‍ ജനങ്ങളോട് ഏറ്റവും സൌഹൃദപരമായ് പെരുമാറുവാനും ഭരണാധികാരികള്‍ നേരിട്ട് തന്നെ ഇടപെടുന്ന കാഴ്ചയും ദുബായില്‍ സാധാരണം ആണ്. ദുബായില്‍ വര്‍ദ്ധിച്ചു വരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ കര്‍ശനം ആക്കിയതിനാല്‍ ലൈസെന്‍സ് ലഭിക്കുക എന്നത് ഏറെ ശ്രമകരം ആയിട്ടുണ്ട്. ചെറുകിട സ്വകാര്യ ഡ്രൈവിങ്ങ് സ്കൂളുകള്‍ നിര്‍ത്തല്‍ ആക്കിയതിനാല്‍ വന്‍ കിട ഡ്രൈവിങ്ങ് സ്കൂളുകളെ ആശ്രയിക്കേണ്ടി വരുന്നത് ഡ്രൈവിങ്ങ് പഠന ചെലവ് ഏറെ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ജോലി സാദ്ധ്യതയ്ക്ക് അനിവാര്യമായ ഒരു യോഗ്യത ആണ് ദുബായില്‍ ഒരു ഡ്രൈവിങ്ങ് ലൈസെന്‍സ്. വര്‍ദ്ധിച്ച ജീവിത ചിലവു താങ്ങാനാവാതെ നട്ടം തിരിയുന്ന ഒരു ശരാശരി പ്രവാസിയ്ക്ക് താങ്ങാന്‍ ആവുന്നതിനും അപ്പുറമാണ് ഡ്രൈവിങ്ങ് പഠനത്തിന് വേണ്ടി വരുന്ന ചിലവ്. അര മണിയ്ക്കൂര്‍ നേരത്തെ ഒരു ക്ലാസിന് 55 ദിര്‍ഹം ആണ് ഫീസ് ഈടാക്കുന്നത്. കുറഞ്ഞത് ഇരുപത് ക്ലാസ് എങ്കിലും കഴിഞ്ഞാല്‍ മാത്രമേ ടെസ്റ്റിന് അപേക്ഷിയ്ക്കാന്‍ ആവൂ. 80 ദിര്‍ഹം അടച്ച് ടെസ്റ്റിന് അപേക്ഷിക്കുന്നവര്‍ ടെസ്റ്റ് തോറ്റാല്‍ വീണ്ടും ഏഴ് ക്ലാസിന് നിര്‍ബന്ധമായും പണം അടയ്ക്കണം. ഇതിനു ശേഷം മാത്രമേ അടുത്ത ടെസ്റ്റ് ലഭിക്കൂ. ആദ്യ ടെസ്റ്റിനു വിജയിയ്ക്കുന്നവര്‍ വിരളമാണ്. മൂന്നോ നാലോ തവണ തോല്‍ക്കുന്നത് സര്‍വ സാധാരണം. ഇത്രയും ആവുമ്പോഴേയ്ക്കും ഏതാണ്ട് 2500 ദിര്‍ഹം (ഇരുപത്തി എണ്ണായിരം രൂപ) ചിലവായിട്ടുണ്ടാവും. തങ്ങളുടെ ദൈനം ദിന ചിലവുകള്‍ക്ക് തന്നെ പണം തികയാതെ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് പണം അയച്ചു കൊടുക്കുവാന്‍ ബദ്ധപ്പെടുന്ന പ്രവാസികള്‍ പലരും ഒരു ലൈസെന്‍സ് സമ്പാദിയ്ക്കുക എന്ന ഉദ്യമം പാതി വഴിയില്‍ ഉപേക്ഷിയ്ക്കുവാന്‍ നിര്‍ബന്ധിതര്‍ ആകുന്നതും ഇവിടെ പതിവാണ്. Labels: കുറ്റകൃത്യം, ഗതാഗതം, ദുബായ്, പ്രവാസി, ശിക്ഷ |
08 June 2008
വഴി മാറാതിരുന്ന ടാക്സിയിലെ യാത്രക്കാരിയെ കാറിടിച്ച് കൊന്നു
മൂന്ന് കുഞ്ഞുങ്ങളുടെ മാതാവായ സ്കോട്ട് ലന്‍ഡുകാരിയായ കേറ്റ് ദുബായില്‍ തന്റെ ഭര്‍ത്താവ് ജെഫ്ഫിനോടൊപ്പം തന്റെ ജന്മദിനം ആഘോഷിയ്ക്കാന്‍ ഇറങ്ങിയതായിരുന്നു. സുഹൃത്തുക്കളായ ഡാനിയേലയും ബ്രെന്‍ഡനുമൊപ്പം ക്ലബിലേക്ക് പോകാന്‍ ടാക്സിയില്‍ യാത്ര ചെയ്ത ഇവരുടെ ടാക്സിയുടെ പിന്നാലെ വന്ന ഒരു ഹമ്മര്‍ ആണ് ഇവരെ ഇടിച്ച് വീഴ് ത്തിയത്.
ടാക്സി ഇറങ്ങിയ ശേഷം കാശ് കൊടുക്കുന്നതിനിടെയാണ് കൃത്യം നടന്നത്. ടാക്സി വഴി മാറാതെ കുറേ ദൂരം ഹമ്മറിന്റെ മുന്നില്‍ സഞ്ചരിക്കുകയും ഇടയ്ക്കിടെ ബ്രേക്കിടുകയും ചെയ്തതില്‍ രോഷം പൂണ്ടാണ് ടാക്സി ഇറങ്ങിയ യാത്രക്കാരിയെ ഹമ്മറിന്റെ ഡ്രൈവര്‍ ഇടിച്ചു വീഴ്ത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. ഇടിച്ചു തെറിപ്പിച്ച ശേഷം വണ്ടി പുറകോട്ടെടുത്ത ഇയാള്‍ വീണ്ടും ഇവരുടെ ദേഹത്ത് കൂടെ വണ്ടി കയറ്റി നിര്‍ത്താതെ ഓടിച്ച് പോവുകയും ചെയ്തു. അവിശ്വസനീയമായ ഈ കാഴ്ച നോക്കി നില്‍ക്കാനേ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞുള്ളൂ. തല്‍ക്ഷണം മരണപ്പെട്ട കേറ്റിന്റെ മൃതദേഹം സ്കോട്ട് ലന്‍ഡില്‍ മറ്റന്നാള്‍ സംസ്കരിക്കും. സംഭവശേഷം നിറുത്താതെ ഓടിച്ചു പോയ യു. എ. ഇ. സ്വദേശിയായ ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി. Labels: അപകടങ്ങള്‍, കുറ്റകൃത്യം, ഗതാഗതം, ദുബായ് |
| 19 May 2008 |
അലൈന്‍ പോലീസ് സുരക്ഷാ കാമ്പയിന്‍ ആരംഭിച്ചു
കാല്‍നട യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അലൈന്‍ പോലീസ് സുരക്ഷാ കാമ്പയിന്‍ ആരംഭിച്ചു. സ്കൂളുകള്‍, ഷോപ്പിംഗ് മാളുകള്‍, ആശുപത്രികള്‍, ഗവണ്‍മെന്‍റ് ഓഫീസുകള്‍, പ്രധാന നഗര വീഥികള്‍ എന്നിവിടങ്ങളിലെല്ലാം ഇത് സംബന്ധിച്ചുള്ള ലീഫ് ലെറ്റുകള്‍ വിതരണം ചെയ്യും. വിവിധ ഭാഷകളിലുള്ള ലീഫ് ലെറ്റുകളാണ് വിതരണം ചെയ്യുക.
Labels: ഗതാഗതം |
| 08 May 2008 |
03 May 2008
പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നത് 12 ലക്ഷം പേര്‍
ഇരുപത് മുതല്‍ അമ്പത് ദശലക്ഷം വരെ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നു. ദോഹ ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടന്ന അപകടങ്ങള്‍ തടയുന്നതിനുള്ള പ്രഥമ ഗള്‍ഫ് യുവജന സമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. പുതിയ നിയമം നടപ്പിലാക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്ത ശേഷം ഖത്തറിലുണ്ടാകുന്ന വാഹനാപകടങ്ങള്‍ സംബന്ധിച്ച പ്രബന്ധമവതരിപ്പിച്ച മുഹമ്മദ് അല്‍ ഷമ്മരി എന്ന വിദ്യാര്‍ഥിയാണീ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
റോഡുകളില്‍ ക്യാമറകളും റഡാറുകളും സ്ഥാപിക്കുക വഴി ഖത്തറില്‍ വാഹനാപകടം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ സേനയുടെ ഗതാഗത ബോധവല്‍ക്കരണ വിഭാഗത്തിന്റെ സേവനങ്ങളെ പ്രബന്ധം പ്രശംസിച്ചു. കുവൈത്തിലെ വിദ്യാര്‍ഥി ഹുസൈന്‍ മനാര്‍ അല്‍സുബയി അവതരിപ്പിച്ച പ്രബന്ധത്തില്‍ വാഹന അപകടങ്ങളില്‍പ്പെട്ടു പരിക്കേല്‍ക്കുന്നവരെ രക്ഷപ്പെടുത്താന്‍ അത്യാധുനിക രീതിയിലുള്ള പ്രത്യേക അത്യാഹിത വിഭാഗം ആരംഭിക്കണമെന്നും പ്രത്യേക ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ മെയിന്‍ റോഡുകളില്‍ സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അറുപത് വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു. യമന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പുറമെയാണിത്. ക്യാമറകളും റഡാറുകളും റോഡുകളില്‍ സ്ഥാപിച്ചത് പൊതുജന ദൃഷ്ടിയില്‍ പെടില്ലെങ്കിലും ഡ്രൈവര്‍മാര്‍ അത് സംബന്ധിച്ച് ജാഗരൂകരായിരിക്കണമെന്ന് ട്രാഫിക് ഡയറക്ടര്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി മുന്നറിയിപ്പ് നല്കി. പ്രതിവര്‍ഷം യുവജന സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് അപകടങ്ങള്‍ തടയുന്നത് സംബന്ധിച്ച ബോധവല്‍ക്കരണം നടത്തണമെന്ന് സമ്മേളനത്തില്‍ നിര്‍ദേശമുയര്‍ന്നു. Labels: അപകടങ്ങള്‍, ഖത്തര്‍, ഗതാഗതം |
| 01 May 2008 |
| 30 April 2008 |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്