കൊടുങ്കാറ്റ് : ബീഹാറിലും ബംഗാളിലും ആസാമിലും 122 മരണം
bihar-stormബീഹാര്‍, പശ്ചിമ ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളില്‍ ആഞ്ഞു വീശിയ കൊടുങ്കാറ്റില്‍ 120ഓളം പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ അര്‍ദ്ധ രാത്രിയാണ് 125 കിലോ മീറ്റര്‍ വേഗതയുള്ള കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടത് ബീഹാറിലാണ്. ബീഹാറിലെ അഞ്ചു ജില്ലകളിലായി 77 പേര്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ഒരു ജില്ലയിലെ 39 പേരും, ആസാമില്‍ 4 പേരും കൊല്ലപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 1.5 ലക്ഷം രൂപയുടെ ദുരിതാശ്വാസം നല്‍കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി അറിയിച്ചു. ഇതിനു പുറമേ, ധാന്യവും, ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ച്‌ നല്‍കാനും ഉത്തരവായി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപാ വീതം നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരും അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Thursday, April 15, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചൈനയില്‍ ഭൂകമ്പം മരണം അറുന്നൂറ് കവിഞ്ഞു
ചൈനയിയില്‍ ഉണ്ടായ അതി ശക്തമായ ഭൂകമ്പത്തില്‍ മരണ സംഖ്യ നാനൂറ് കവിഞ്ഞു. എണ്ണായിരത്തോളം പേര്‍ക്ക് പരിക്കുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നു. റിക്ടര്‍ സ്കെയിലല്‍ 6.9 രേഖപ്പെടുത്തിയ ഭൂകമ്പം ഷിന്‍ഹായ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. തിബറ്റന്‍ പീഠ ഭൂമിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു.

Labels: ,

  - ജെ. എസ്.
   ( Thursday, April 15, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബ്രസീലില്‍ ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും
brazil-floodsബ്രസീല്‍ : കനത്ത മഴയെ തുടര്‍ന്ന് ബ്രസീലിലെ റിയോ ഡി ജനെയ്‌റോ യില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ഇരുന്നൂറ്‌ കവിഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കുവാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല എന്നാണു സൂചന. കനത്ത മഴ തുടരുന്നതോടെ മരണ സംഖ്യ ഇനിയും കൂടും എന്ന് രക്ഷാ പ്രവര്‍ത്തകര്‍ക്ക്‌ ആശങ്കയുണ്ട്. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ അകപ്പെട്ടു പോയ ഒരു ചേരിയിലാണ് ഏറ്റവും അധികം മരണം നടന്നത്. ഇവിടെ മാത്രം ഇരുന്നൂറോളം പേര്‍ മരിച്ചിട്ടുണ്ടാവും എന്നാണ് നിഗമനം. 161 പേര്‍ക്ക് പരിക്കുകള്‍ ഉണ്ട് എന്ന് സംസ്ഥാന അഗ്നിശമന സേന അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Saturday, April 10, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചൈനയിലെ ഖനി അപകടം : 75 പേരെ രക്ഷപ്പെടുത്തി
ചൈനയിലെ ശങ്ഗ്ഷി പ്രവിശ്യയിലെ ബാന്‍ഗിയന്ഷി ഖനിയില്‍ മാര്‍ച്ച് 28 നുണ്ടായ അപകടത്തില്‍ 153 പേര്‍ ഖനിയില്‍ കുടുങ്ങിയിരുന്നു. ഖനിക്കുള്ളിലെ ഭിത്തി തകര്‍ന്ന് വെള്ളം കയറിയതായിരുന്നു അപകട കാരണം. ഖനിക്കകത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും ഓക്സിജനും എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഖനിക്കകത്ത് നിന്നും വെള്ളം പമ്പു ചെയ്ത് കളയാന്‍ മുവ്വായിര ത്തിലധികം രക്ഷാ പ്രവര്‍ത്തകരാണ് രംഗത്തുള്ളത്.

Labels: ,

  - ജെ. എസ്.
   ( Tuesday, April 06, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കേരളത്തിന്റെ അണക്കെട്ട് സുരക്ഷാ നിയമം അസാധുവെന്ന് തമിഴ്നാടിന്റെ വാദം
rebuild-mullaperiyarന്യൂ ഡല്‍ഹി : സുപ്രീം കോടതി വിധിയെ മറികടക്കാനായി കേരളം നടത്തിയ നിയമ നിര്‍മ്മാണം ഭരണ ഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതിയില്‍ തമിഴ്‌നാട് ബോധിപ്പിച്ചു. 2006 ഫെബ്രുവരിയിലെ സുപ്രീം കോടതി വിധിയെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി വിധി വന്ന് ദിവസങ്ങള്‍ക്കകം തിരക്കിട്ട് നടത്തിയ ഈ നിയമ നിര്‍മ്മാണം ഭരണ ഘടനയ്ക്ക് എതിരാണ്. പാര്‍ലമെന്റിനോ അസംബ്ലിക്കോ ഇത്തരത്തില്‍ സുപ്രീം കോടതി വിധിയെ ദുര്‍ബലമാക്കാന്‍ അധികാരമില്ല എന്നും തമിഴ്‌നാടിനു വേണ്ടി കോടതിയില്‍ ഹാജരായ മുന്‍ അറ്റോണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ. പരാശരന്‍ ഇന്നലെ (ബുധന്‍) സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
 
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളത്തിന്റെ ആഴം 136 അടിക്ക് മുകളില്‍ പോകുന്നത് തടയാനായി കേരളം നടപ്പിലാക്കിയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ തമിഴ്‌നാട് നല്‍കിയ ഹരജിയിന്മേല്‍ വാദം കേള്‍ക്കുകയായിരുന്നു അഞ്ചംഗ ഭരണ ഘടനാ ബെഞ്ച്.
 
വാദത്തെ സഹായിക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ചെറു മാതൃകയും തമിഴ്‌നാട് കോടതി സമക്ഷം ഹാജരാക്കി.
 
കേരളം പാസാക്കിയ കേരളാ ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കണ്‍‌സര്‍വേഷന്‍ (അമന്‍ഡ്മെന്റ്) ആക്ട് 2006 പ്രകാരം അണക്കെട്ടിന്റെ സുരക്ഷിതത്വത്തെ പറ്റി കേരളത്തിന്റെ അണക്കെട്ട് സുരക്ഷിതത്വ അഥോറിറ്റിയ്ക്ക് സ്വന്തം നിഗമനത്തില്‍ എത്താനും, അണക്കെട്ടിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുവാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെടാനും, വേണ്ടി വന്നാല്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തി വെയ്ക്കാനും അധികാരം നല്‍കുന്നുണ്ട്.
 
അണക്കെട്ടിന് നൂറ് വര്‍ഷത്തെ പഴക്കമുണ്ട് എന്നും അതിനാല്‍ അണക്കെട്ട് പ്രവര്‍ത്തന രഹിതമാക്കണം എന്നുമുള്ള പഴയ പല്ലവി തന്നെ പാടി ക്കൊണ്ടിരി ക്കുകയാണ് കേരളം എന്ന് കെ. പരാശരന്‍ പറഞ്ഞു. അണക്കെട്ടിന്റെ നിയന്ത്രണം തിരികെ ലഭിക്കാനുള്ള തന്ത്രമാണിത്. പ്രായമല്ല, മറിച്ച അണക്കെട്ട് എങ്ങനെ പരിപാലിക്കുന്നു എന്നതാണ് മുഖ്യം. ഇതെല്ലാം വിദഗ്ദ്ധ സമിതിയും സുപ്രീം കോടതിയും വിധി പ്രഖ്യാപിക്കുന്ന അവസരത്തില്‍ കണക്കിലെടുത്തതാണ്. പൊതു ജന സുരക്ഷയെ പോലെ തന്നെ അണക്കെട്ടിലെ ജലത്തെ ആശ്രയിക്കുന്ന തങ്ങളുടെ കര്‍ഷകരുടെ താല്‍‌പ്പര്യങ്ങളും തമിഴ്‌നാടിന് ആശങ്ക നല്‍കുന്നുണ്ട് എന്നും തമിഴ്‌നാടിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസിന്റെ വാദം ഇന്നും തുടരും.

 
 



Kerala's dam safety law unconstitutional says Tamilnadu



 
 

Labels: , , ,

  - ജെ. എസ്.
   ( Thursday, January 21, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഹെയ്‌ത്തിക്ക് ഇന്ത്യയുടെ സഹായം
haiti-earthquakeഡല്‍ഹി : ഭൂകമ്പ ദുരന്തത്തിന് ഇരയായ ഹെയ്‌ത്തിക്ക് ഇന്ത്യ 5 മില്യണ്‍ ഡോളറിന്റെ ധന സഹായം നല്‍കുമെന്ന് പ്രധാന മന്ത്രി മന്‍‌മോഹന്‍ സിംഗ് അറിയിച്ചു. ഹെയ്‌ത്തിയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും ഒപ്പം ഇന്ത്യ നിലകൊള്ളുന്നു. ജനുവരി 12ന് നടന്ന ഭൂകമ്പം വിതച്ച നഷ്ടത്തിലും നാശത്തിലും ഇന്ത്യക്ക് അതീവ ദുഃഖം ഉണ്ടെന്ന് ഹെയ്‌ത്തി പ്രധാന മന്ത്രി ഷോണ്‍ മാക്സിന് എഴുതിയ എഴുത്തില്‍ മന്‍‌മോഹന്‍ സിംഗ് സൂചിപ്പിച്ചു. ഹെയ്‌ത്തിയിലെ ജനതയോടുള്ള ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഇന്ത്യ ഉടനടി 5 മില്യണ്‍ ഡോളറിന്റെ സഹായ ധനം നല്‍കും എന്നും പ്രധാന മന്ത്രി അറിയിച്ചു.

Labels:

  - ജെ. എസ്.
   ( Saturday, January 16, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഭോപ്പാല്‍ ദുരന്ത ഭൂമി ഇന്നും മലിനം
bhopal-gas-tragedy25 വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ 2 രാത്രി 10 മണിയോടെയാണ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായി അറിയപ്പെടുന്ന ഭോപ്പാല്‍ ദുരന്തത്തിന് ഇടയാക്കിയ രാസ പ്രവര്‍ത്തനം ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കീട നാശിനി ഫാക്ടറിയില്‍ ആരംഭിച്ചത്. രാത്രി 10:30 യോട് കൂടി രാസ പ്രക്രിയ മൂലം താങ്ങാവുന്നതിലും അധികം മര്‍ദ്ദം ടാങ്കില്‍ രൂപപ്പെടുകയും, ടാങ്കിന്റെ സുരക്ഷാ വാല്‍‌വ് തുറന്ന് വിഷ വാതകം പുറത്തേക്ക് തുറന്നു വിടുകയും ഉണ്ടായതോടെ ഭോപ്പാല്‍ വാസികളുടെ ദുരന്ത കഥയ്ക്ക് തുടക്കമായി. 72 മണിക്കൂ റിനുള്ളില്‍ 15000 ഓളം പേര്‍ കൊല്ലപ്പെട്ടു. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ച തായാണ് കണക്കാ ക്കപ്പെടുന്നത്. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.
 
ദുരന്ത ബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ കൂട്ടാക്കാഞ്ഞ കമ്പനിയുമായി പിന്നീട് സര്‍ക്കാര്‍ കോടതിക്കു വെളിയില്‍ വെച്ച് കമ്പനി അനുവദിച്ച തുച്ഛമായ തുകയ്ക്ക് വേണ്ടി സന്ധി ചെയ്തതും, ആ തുക തന്നെ കിട്ടാതെ വന്നതും, ഇന്നും നമ്മുടെ രാഷ്ട്രീയ ഇച്ഛാ ശക്തിക്ക് നാണക്കേടായി തുടരുന്നു. അമേരിക്കന്‍ വ്യവസായ ഭീമനുമായി കൊമ്പു കോര്‍ക്കുന്നത് ഇന്ത്യയിലെ വിദേശ നിക്ഷേപത്തെ തന്നെ പ്രതികൂലമായി ബാധിച്ചേയ്ക്കും എന്നതായിരുന്നു സര്‍ക്കാരിന്റെ ആശങ്ക.
 

bhopal-tragedy-effigy


 
പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച യൂണിയന്‍ കാര്‍ബൈഡ് മുതലാളി വാറന്‍ ആന്‍ഡേഴ്‌സണ്‍ന്റെ കോലം ഇന്നും ഭോപ്പാല്‍ നിവാസികള്‍ വര്‍ഷം തോറും ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ കത്തിയ്ക്കുന്നു. കൂടെ തങ്ങളെ വഞ്ചിച്ച രാഷ്ട്രീയക്കാരുടെയും.
 

bhopal-burning-effigy


 
25 വര്‍ഷത്തിനു ശേഷം ഇന്നും ഇവിടത്തെ മണ്ണിലും, പ്രദേശത്തെ ജലത്തിലും, കീട നാശിനിയുടെയും വിഷാംശത്തിന്റെയും തോത് ഏറെ അധികം ആണെന്ന് ഡല്‍ഹിയിലെ ശാസ്ത്ര പരിസ്ഥിതി കേന്ദ്രം (Centre for Science and Environment - CSE) നടത്തിയ പരീക്ഷണങ്ങളില്‍ കണ്ടെത്തി. കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ എടുത്ത ജലത്തില്‍ പോലും വിഷാംശം നില നില്‍ക്കുന്ന തായാണ് ഇവരുടെ കണ്ടെത്തല്‍. ഇത് ഇവിടത്തുകാരെ “സ്ലോ പോയസനിംഗ്” വഴി ബാധിക്കുന്നു എന്ന ആരോപണം പക്ഷെ സര്‍ക്കാര്‍ നിഷേധിച്ചു വരികയാണ്.
 
രണ്ടു മാസം മുന്‍പ് ഭോപ്പാല്‍ സന്ദര്‍ശിച്ച പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ദുരന്ത ഭൂമിയില്‍ നിന്നും ഒരു പിടി മണ്ണ് കയ്യില്‍ എടുത്ത് പൊക്കി കാണിക്കുകയും “ഇതാ ഞാന്‍ ഈ മണ്ണ് കയ്യില്‍ എടുത്തിരിക്കുന്നു. ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഞാന്‍ ചുമയ്ക്കുന്നുമില്ല.” എന്ന് പറയുകയുണ്ടായി.
 

jairam-ramesh

പരിസ്ഥിതി മന്ത്രി ജയറാം രമേഷ്

 
മന്ത്രി നടത്തിയ നിരുത്തര വാദപരമായ ഈ പരാമര്‍ശത്തെ തുടര്‍ന്ന് ഇത്തവണ ജയറാം രമേഷിന്റെ കോലം കൂടി ഭോപ്പാല്‍ നിവാസികള്‍ കത്തിച്ചു.
 
കമ്പനിയുമായി കോടതിയില്‍ നില നില്‍ക്കുന്ന കേസ് തന്നെ ഈ പരാമര്‍ശം ദുര്‍ബലപ്പെടുത്തും എന്ന് ഇവര്‍ ഭയക്കുന്നു.
 
സ്ലോ പോയസനിംഗ് എന്താണെന്ന് മന്ത്രിയ്ക്ക് അറിയില്ല എന്നു വേണം കരുതാന്‍. ഭോപ്പാല്‍ ദുരന്തത്തില്‍ പതിനായിര കണക്കിന് ആള്‍ക്കാര്‍ നിമിഷങ്ങ ള്‍ക്കകം കൊല്ലപ്പെട്ടത് ദ്രുത ഗതിയിലുള്ള വിഷ ബാധ ഏറ്റാണെങ്കില്‍ സ്ലോ പോയസനിംഗ് എന്ന പ്രക്രിയ വര്‍ഷങ്ങള്‍ കൊണ്ടാണ് അതിന്റെ ദോഷം പ്രകടമാക്കുന്നത്. ഇത് ലക്ഷക്കണക്കിന് ആളുകളെ മാറാ രോഗങ്ങളുടെ ദുരിതങ്ങളില്‍ ആഴ്ത്തുകയും കൊന്നൊടുക്കുകയും ചെയ്യുന്നു.
 

bhopal-fight-for-living


 
പലപ്പോഴും ഈ രീതിയിലുള്ള വിഷ ബാധയാണ് കൂടുതല്‍ അപകടകരം എന്ന് ചാലിയാറിലെ മെര്‍ക്കുറി മലിനീകരണത്തെ പറ്റി ഗവേഷണം നടത്തിയ ഡോ. കെ. ടി. വിജയ മാധവന്‍ പറയുന്നു. കാരണം, ഇതിന്റെ ദൂഷ്യം ആസന്നമായി പ്രത്യക്ഷമല്ല.
 
വന്‍ തോതില്‍ ഉണ്ടാവുന്ന വിഷ ബാധ പെട്ടെന്ന് തന്നെ ജന ശ്രദ്ധ പിടിച്ചു പറ്റുകയും അതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ നിര്‍ബന്ധി തരാകുകയും ചെയ്യും. എന്നാല്‍ സ്ലോ പോയസനിംഗ് അതിന്റെ ദൂഷ്യ ഫലങ്ങള്‍ പ്രകടിപ്പിക്കാന്‍ ഏറെ കാല താമസം എടുക്കും.
 
dr-kt-vijayamadhavan“സേവ് ചാലിയാര്‍” പ്രസ്ഥാനത്തിനെ നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഡോ. വിജയ മാധവന്‍, സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് എന്‍‌വയണ്മെന്റ് കേരള (Society for Protection of Environment - Kerala SPEK) യില്‍ അംഗവുമാണ്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ പ്രൊഫസര്‍ ആയിരുന്ന ഡോ. വിജയ മാധവന്‍ ചാലിയാറിലെ “ഹെവി മെറ്റല്‍” മലിനീകരണത്തെ പറ്റി ആദ്യ കാലത്തു തന്നെ ഗവേഷണം നടത്തി മുന്നറിയിപ്പു നല്‍കിയ ജൈവ മലിനീകരണ ശാസ്ത്രജ്ഞനാണ്.
 
ചാലിയാറിലെ മെര്‍ക്കുറി വിഷ ബാധ ഇത്തരത്തില്‍ ക്രമേണ മെര്‍ക്കുറിയുടെ അളവ് മത്സ്യങ്ങളില്‍ വര്‍ദ്ധിക്കുവാന്‍ ഇടയാക്കുകയും അവ ചത്തൊടുങ്ങുകയും ചെയ്യാന്‍ കാരണമായതായി അദ്ദേഹം കണ്ടെത്തി. എന്നാല്‍ ജലം രാസ പരിശോധനയ്ക്ക് വിധേയമാ ക്കിയപ്പോള്‍ ജലത്തിലെ മെര്‍ക്കുറിയുടെ അളവ് അനുവദിക്കപ്പെട്ട തോതിലും കുറവായിരുന്നു എന്നും, ഈ കാരണം കൊണ്ട് സര്‍ക്കാര്‍ ജലം മലിനമല്ല എന്ന നിലപാട് എടുക്കുകയും ചെയ്യുന്നു.
 
ഇതിനു സമാനമായ ഒരു സ്ഥിതി വിശേഷമാണ് ഭോപ്പാലിലേത്. ഇവിടെ ചത്തൊടുങ്ങുന്നത് മത്സ്യമല്ല, മനുഷ്യനാണ് എന്നു മാത്രം.
 



Remembering the Bhopal Gas Tragedy
 
 
ഫോട്ടോ കടപ്പാട് : bhopal.net



 
 

Labels: ,

  - ജെ. എസ്.
   ( Wednesday, December 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഹിന്ദു ദിനപത്രം വായനക്കാര്‍ക്ക് വഴങ്ങി
bhopal-tragedyഭോപാല്‍ ദുരന്തത്തിന് ഇടയാക്കുകയും, ദുരന്തത്തിന് ഇരയായ അനേകായിരം ഇന്ത്യാക്കാരുടെ ദുരിതത്തിനു നേരെ മുഖം തിരിക്കുകയും, ഇന്ത്യന്‍ നിയമ വ്യവസ്ഥയെ തന്നെ പുച്ഛിച്ച് കോടതിക്കു മുന്‍പില്‍ ഹാജരാ വാതിരിക്കുകയും ചെയ്ത യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഉടമകളായ ദൌ കെമിക്കത്സില്‍ നിന്നും സ്പോണ്‍സര്‍ ഷിപ്പ് സ്വീകരിക്കാനുള്ള നീക്കത്തില്‍ നിന്നും ഹിന്ദു ദിനപത്രം പിന്മാറി. നവമ്പര്‍ 17 മുതല്‍ 22 വരെ ചെന്നൈ യില്‍ നടക്കാനിരുന്ന സംഗീത ഉത്സവത്തിന്റെ സ്പോണ്‍സര്‍മാരില്‍ ഒരാളായിരുന്നു ദൌ കെമിക്കത്സ്.
 
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഭോപ്പാല്‍ ദുരന്തം സജീവമായി കൈകാര്യം ചെയ്ത ഹിന്ദു ദിനപത്രം ദൌ കെമിക്കത്സിന്റെ പണം സ്വീകരിക്കുന്നതിനോട് വായനക്കാര്‍ ഏറെ എതിര്‍പ്പോടെയാണ് പ്രതികരിച്ചത്. ഇതിനെതിരെ വായനക്കാര്‍ ഈമെയില്‍ വഴിയും, നേരിട്ടും തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് ദൌ കെമിക്കത്സിന്റെ സ്പോണ്‍സര്‍ ഷിപ്പ് ഹിന്ദു വേണ്ടെന്ന് വെച്ചത് എന്ന് ഹിന്ദു വിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍. റാം അറിയിച്ചു.
 
1984 ഡിസംബര്‍ 2ന് യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലെ ഫാക്ടറിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ 8000ല്‍ അധികം പ്രദേശ വാസികള്‍ മരണമടയുകയും 5 ലക്ഷത്തോളം പേര്‍ മറ്റ് അനുബന്ധ രോഗങ്ങളാല്‍ പീഡനം അനുഭവിക്കുകയും ചെയ്തു. കമ്പനി ഉപേക്ഷിച്ച അനേകായിരം ടണ്‍ വരുന്ന മാരക വിഷമുള്ള മാലിന്യം ഭൂഗര്‍ഭ ജലത്തെ മലിന പ്പെടുത്തുകയും, ഇന്നും പ്രദേശത്തുള്ള 25000 ഓളം പേര്‍ ഈ മലിന ജലം ഉപയോഗിക്കുകയും ചെയ്യുന്നു.
 
ഈ മാലിന്യം നീക്കം ചെയ്യാന്‍ കമ്പനി വിസമ്മതിക്കുകയാണ്. ഇന്ത്യന്‍ കോടതിയില്‍ ഹാജരാകാത്ത കമ്പനി പ്രതിനിധികളെ ഇന്ത്യ പിടി കിട്ടാ പുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരെയുള്ള കേസ് പിന്‍‌വലിച്ചില്ലെങ്കില്‍ അമേരിക്കന്‍ നിക്ഷേപത്തെ തന്നെ അത് ബാധിക്കുവാന്‍ വേണ്ടത് തങ്ങള്‍ ചെയ്യും എന്നാണ് അമേരിക്കയിലെ വമ്പന്‍ കമ്പനിയായ ഇവരുടെ ഭീഷണി.
 
തങ്ങളുടെ സല്‍പ്പേര് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, കഴിഞ്ഞ വര്‍ഷം ദൌ കമ്പനി ഐ.ഐ.ടി. കളില്‍ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ അന്ന് വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തതിനാല്‍ ഇത് നടന്നില്ല. ദൌ നല്‍കിയ സ്പോണ്‍സര്‍ ഷിപ്പ് തുക ഐ.ഐ.ടി. ഡല്‍ഹി തിരിച്ചു നല്‍കി. മാത്രമല്ല ഐ.ഐ.ടി. യില്‍ നിന്ന് കാമ്പസ് റിക്രൂട്ട്മെന്റ് നടത്താനും കമ്പനിയെ അനുവദിച്ചില്ല.
 



The Hindu cancels Dow Chemicals sponsorship for The Hindu Friday Review November Fest 2009



 
 

Labels:

  - ജെ. എസ്.
   ( Wednesday, November 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചുഴലിക്കാറ്റ് : ചൈനയില്‍ വന്‍ നാശം
Typhoon-Morakot119 കിലോ മീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റ് ചൈനയില്‍ വന്‍ നാശ നഷ്ടങ്ങള്‍ വിതച്ചു. കൃഷിയിടങ്ങള്‍ വെള്ളപ്പൊക്കത്താല്‍ നശിക്കുകയും കിടപ്പാടങ്ങള്‍ കാറ്റത്ത് പറന്ന് പോകുകയും ചെയ്തു എന്ന് ചൈനയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 10 ലക്ഷത്തോളം പേര്‍ക്ക് കിടപ്പാടം നഷ്ടമായി. 12 പേരെ കാണാതായി. ഏഴ് അടി ഉയരത്തില്‍ പല പ്രദേശങ്ങളിലും വെള്ളം പൊങ്ങിയിട്ടുണ്ട്. ഇത്തരം വെള്ളപ്പൊക്കം ആദ്യമായാണ് ഇവിടെ അനുഭവപ്പെടുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ നാശ നഷ്ടങ്ങളും മരണ സംഖ്യയും ഇനിയും ഉയരാനാണ് സാധ്യത.

Labels: ,

  - ജെ. എസ്.
   ( Monday, August 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ന് ഹിരോഷിമാ ദിനം
Hiroshima Day
 
64 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അമേരിക്ക ജപ്പാനില്‍ വര്‍ഷിച്ച അണു ബോംബുകള്‍ ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരതയുടെ അടയാള പ്പെടുത്തലായി. ലക്ഷ ക്കണക്കിനു ആളുകള്‍ക്ക്‌ ജീവാപായം ഉണ്ടായതു മാത്രം അല്ല, നിരവധി തലമുറകളിലേക്ക്‌ നീളുന്ന ദുരിതത്തിന്റെ വിത്തുകള്‍ കൂടെ അതു കാരണമാക്കി ...
 
- എസ്. കുമാര്‍
 
 


August 6 - Hiroshima Day

Labels: , , ,

  - ജെ. എസ്.
   ( Thursday, August 06, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വിമാനം കാണാതായി
air-france-af447-airbus-a330-200228 പേരുമായി ബ്രസീലില്‍ നിന്നും ഫ്രാന്‍സിലേക്ക് പറന്ന എയര്‍ ഫ്രാന്‍സ് ഫ്ലൈറ്റ് AF447 വിമാനം അറ്റ്ലാന്റിക്കിനു മുകളില്‍ വെച്ച് കാണാതായി. ശക്തമായ കൊടുങ്കാറ്റും പ്രതികൂല കാലാവസ്ഥയും ഉള്ള സ്ഥലത്തു കൂടി ആയിരുന്നു ഈ വിമാനം പറന്നിരുന്നത് എന്നത് മാത്രമാണ് ഇപ്പോള്‍ ലഭ്യമായ വിവരം. എന്നാല്‍ എയര്‍ ബസ് എ330-200 (Airbus A 330-200) എന്ന ഈ വിമാനം ഇത്തരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ പ്രാപ്തമാണ്. ഈ തരം വിമാനം ഇങ്ങനെ തകരുന്നത് ഇത് ആദ്യമാണ്. വെറും നാലു വര്‍ഷം മാത്രമേ തകര്‍ന്ന വിമാനത്തിന് പഴക്കം ഉണ്ടായിരുന്നുള്ളൂ. ഇടിമിന്നല്‍ ഏറ്റതാണ് വിമാനം തകരാന്‍ കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വൈദ്യുത ശൃംഘലയിലെ തകരാറോ മറ്റെന്തോ സാങ്കേതിക തകരാറോ ആവാം വിമാനം തകരാന്‍ കാരണം എന്നും അഭിപ്രായം ഉണ്ട്. പുലര്‍ച്ചെ നാലേ കാലിന് വിമാനം അപ്രത്യക്ഷം ആവുന്നതിന് നിമിഷങ്ങള്‍ മുന്‍പ് യന്ത്ര തകരാറ് സൂചിപ്പിക്കുന്ന ചില ഓട്ടോമാറ്റിക് സന്ദേശങ്ങള്‍ വിമാനത്തില്‍ നിന്നും ലഭിച്ചിരുന്നു. ഏതായാലും പിന്നീട് വിമാനം പൊടുന്നനെ റഡാറുകളില്‍ നിന്നും അപ്രത്യക്ഷം ആവുക ആയിരുന്നു. ഭീകര ആക്രമണം എന്ന സാധ്യത പൊതുവെ തള്ളി കളഞ്ഞിട്ടുണ്ട്.
 
216 യാത്രക്കാരും 12 ജോലിക്കാരും ആയിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. 126 പുരുഷന്മാരും, 82 സ്ത്രീകളും, ഏട്ട് കുട്ടികളും. മരിച്ചവരില്‍ ഇന്ത്യാക്കാര്‍ ഇല്ല. ഫ്രാന്‍സ്, ബ്രസീല്‍, ജര്‍മ്മനി, ചൈന, ഇറ്റലി, സ്വിറ്റ്സര്‍‌ലാന്‍ഡ്, ബ്രിട്ടന്‍, ലെബനോന്‍, ഹംഗറി, അയര്‍‌ലാന്‍ഡ്, നോര്‍‌വേ, സ്ലോവാക്യ, അമേരിക്ക, മൊറോക്കോ, പോളണ്ട്, അര്‍ജന്റിന, ഓസ്ട്രിയ, ബെല്‍ജിയം, കാനഡ, ക്രൊയേഷ്യ, ഡെന്‍‌മാര്‍ക്ക്, ഹോളണ്ട്, എസ്റ്റോണിയ, ഫിലിപ്പൈന്‍സ്, ഗാംബിയ, ഐസ്‌ലാന്‍ഡ്, റൊമാനിയ, റഷ്യ, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ആയിരുന്നു വിമാനത്തില്‍.

Labels: , ,

  - ജെ. എസ്.
   ( Tuesday, June 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യയില്‍ പന്നി പനി എന്ന് സംശയം
അമേരിക്കയില്‍ നിന്നും ഡല്‍ഹിയില്‍ മടങ്ങി എത്തിയ ഒരാള്‍ക്ക് പന്നി പനിയാണെന്ന് സംശയം. അമേരിക്കയിലെ ടെക്സാസില്‍ നിന്നും രണ്ട് ആഴ്ച മുന്‍പാണ് ഇയാള്‍ തിരിച്ചെത്തിയത്. പന്നി പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ റാം മനോഹര്‍ ലോഹ്യാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗാസിയാബാദ് നിവാസി ആയ ഈ ചെറുപ്പക്കാരന്‍ ഏപ്രില്‍ 19നാണ് ടെക്സാസില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയത്. ഏപ്രില്‍ 24ന് ഇയാള്‍ക്ക് പനി തുടങ്ങി. പന്നി പനിയെ കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ ഇയാള്‍ കഴിഞ്ഞ ദിവസം സ്വയം ആശുപത്രിയില്‍ എത്തി കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. ഇയാളുടെ പരിശോധനകള്‍ എല്ലാം നടത്തി ഫലത്തിനായി കാത്തിരിക്കുകയാണ് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂന്ന് ദിവസം കൂടി ഇയാളെ നിരീക്ഷണത്തില്‍ വെക്കും. ഇപ്പോള്‍ പനിയുടെ ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത ഇയാളുടെ പരിശോധനാ ഫലങ്ങള്‍ പുറത്തു വന്നതിനു ശേഷം മാത്രമേ ഇയാളെ വിട്ടയക്കൂ എന്നും റാം മനോഹര്‍ ലോഹ്യാ ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Labels: ,

  - ജെ. എസ്.
   ( Saturday, May 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പന്നി പനി പടരുന്നു
പന്നി പനി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനാണ് ഇത്തരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രോഗ ഭീഷണി വര്‍ധിച്ചു എന്ന് ഇതിന് അര്‍ഥമില്ല എന്നും ഇത്തരം ഒരു പ്രഖ്യാപനം രോഗത്തെ നേരിടുന്നതിന് ഭരണ സംവിധാനത്തിന് കൂടുതല്‍ അധികാരങ്ങളും സ്വാതന്ത്ര്യവും നല്‍കും എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മെക്സിക്കോവില്‍ നിന്നും ഉല്‍ഭവിച്ച ഈ പകര്‍ച്ച വ്യാധി ന്യൂയോര്‍ക്ക് വരെ എത്തി എന്നാണ് സൂചന. അമേരിക്കയില്‍ ഇതിനോടകം 20 പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. പകര്‍ച്ച വ്യാധി വരുത്താവുന്ന വിപത്തിന്റെ അളവ് എത്രയാവും എന്ന് അറിയാത്ത നിലക്ക് അതിനുള്ള മുന്‍‌കരുതല്‍ ആയിട്ടാണ് ഇത്തരം ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു.
 


മുന്‍‌കരുതല്‍ : മെക്സിക്കോയില്‍ മുഖം മൂടി അണിഞ്ഞ് ചുംബിക്കുന്ന ദൃശ്യം

 
ഇതിനിടയില്‍ ആസ്ത്രേലിയയും ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വയറസ് ന്യൂസീലാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണിത്. മെക്സിക്കോയില്‍ നിന്നും അമേരിക്കയിലും ബ്രിട്ടനിലും വയറസ് എത്തിയിട്ടുണ്ട്. മെക്സിക്കോയില്‍ നിന്നും വന്ന ഒരു ഇരുപത്തഞ്ച് അംഗ സംഘമാണ് പനി ന്യൂസീലാന്‍ഡില്‍ കൊണ്ടു വന്നത് എന്നാണ് ന്യൂസീലാന്‍ഡ് അധികൃതര്‍ പറയുന്നത്.
 
 

Labels: ,

  - ജെ. എസ്.
   ( Monday, April 27, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പനി തടയാന്‍ കൈ കഴുകുക
മെക്സിക്കോയില്‍ പടര്‍ന്നു പിടിക്കുന്ന പന്നി പനി ഒരു ആഗോള പകര്‍ച്ച വ്യാധിയായി മാറുമോ എന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും പ്രാദേശികമായി ഇത് പകരുക തന്നെ ചെയ്യും. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുവാനുള്ള ഈ വൈറസിന്റെ ശേഷി തന്നെയാണ് ഇതിനെ ഏറ്റവും അപകടകാരി ആക്കുന്നത്. എന്നാല്‍ ഇത്തരം പനികള്‍ക്ക് എതിരെ നമുക്ക് സ്വീകരിക്കാവുന്ന ചില മുന്‍‌കരുതലുകള്‍ ഉണ്ട്. അമേരിക്കയിലെ പ്രസിദ്ധമായ സി.ഡി.സി. (സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍) യുടെ സ്ഥാപക ലക്ഷ്യം തന്നെ ഇത്തരം പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുക എന്നതാണ്. സി.ഡി.സി. യുടെ ഡയറക്ടര്‍ ഡോ. റിച്ചാര്‍ഡ് ബെസ്സര്‍ പറയുന്നത് ചില പ്രാഥമിക മുന്‍ കരുതലുകള്‍ സ്വീകരിച്ചാല്‍ ഓരോ വ്യക്തിക്കും തനിക്ക് പനി വരാതെ സൂക്ഷിക്കാന്‍ ആവും എന്നാണ്. ഇതില്‍ ഏറ്റവും പ്രധാനം വ്യക്തിപരമായ ശുചിത്വം തന്നെ. ആഹാരം കഴിക്കുന്നതിന് മുന്‍പ് നിര്‍ബന്ധമായും കൈ കഴുകണം. നന്നായി സോപ്പിട്ടോ അല്ലെങ്കില്‍ പ്രത്യേകം അണുനാശിനികള്‍ ഉപയോഗിച്ചോ കൈ കഴുകുന്നത് ആണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ പ്രബലം ആയി നില്‍ക്കുന്ന അവസരത്തില്‍ ഉത്തമം. വെള്ളം ലഭ്യമല്ലാത്ത അവസരത്തില്‍ കൈ ശുചിയാക്കാന്‍ ഉള്ള ആല്‍ക്കഹോള്‍ അധിഷ്ഠിതം ആയ ജെലുകളോ ഫോമുകളോ ഉപയോഗിക്കാവുന്നതാണ്.
 
ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടി വെക്കുക. ഇത് അണുക്കള്‍ പരക്കുന്നതിനെ ഒരു പരിധി വരെ തടയും. തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്ത് വരുന്ന കണികകള്‍ മേശ പുറത്തും പാത്രങ്ങളുടെ പുറത്തും ഫോണിലും ഒക്കെ ഒട്ടി പിടിച്ച് ഇരിക്കുന്നു. ഇത് പിന്നീട് കൈ വിരലുകളിലൂടെ വായിലും മൂക്കിലും കണ്ണിലും എത്തുന്നു. ഇതാണ് പനി ഏറ്റവും അധികം വ്യാപകമായി പകരുന്ന രീതി. ഇത് തടയുവാന്‍ ഇടക്കിടക്ക് കൈ കഴുകുന്നത് സഹായകരമാവും.
 
ശരീര വേദന, തുമ്മല്‍, ചുമ, പനി എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ ജോലിക്കും മറ്റും പോകാതെ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണം. പൊതു സ്ഥലങ്ങളില്‍ സമയം ചിലവഴിക്കുകയോ പൊതു വാഹനങ്ങളില്‍ സഞ്ചരിക്കുകയോ അരുത്.
 
നിങ്ങളുടെ സമീപ പ്രദേശങ്ങളില്‍ പനി പടരുന്ന പക്ഷം കഴിയുന്നതും വീടിനു വെളിയില്‍ ഇറങ്ങാതിരിക്കുക. ജോലിക്ക് പോകുകയാണെങ്കില്‍ കഴിയുന്നത്ര മറ്റുള്ളവരുമായി കൂടുതല്‍ ശാരീരിക സാമീപ്യം ഒഴിവാക്കുക.
 
ഇത്തരം ലളിതമായ മുന്‍‌കരുതലുകള്‍ക്ക് നിങ്ങളെ പകര്‍ച്ച വ്യാധിയില്‍ നിന്നും രക്ഷിക്കാന്‍ കഴിയും.
 





 
 

Labels: ,

  - ജെ. എസ്.
   ( Sunday, April 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മെക്സിക്കോയില്‍ പന്നി പനി
swine flu outbreak in mexicoഇന്നു വരെ കാണാത്ത ഒരു പുതിയ തരം വൈറസ് മെക്സിക്കോയില്‍ പടര്‍ന്ന് പിടിക്കുന്നു. ഇത് അമേരിക്കയിലേക്കും പകര്‍ന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ ഇതിനോടകം തന്നെ പലരേയും വൈറസ് ബാധിച്ചിട്ടുണ്ടെങ്കിലും ഇവരെല്ലാവരും തന്നെ സുഖം പ്രാപിച്ചു വരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. എന്നാല്‍ മെക്സിക്കോവില്‍ വ്യാപകമായി പടര്‍ന്ന വൈറസ് ബാധ മൂലം 61 പേര്‍ എങ്കിലും മരണമടഞ്ഞു എന്ന് മെക്സിക്കന്‍ അധികൃതര്‍ അറിയിച്ചു.
 
സ്വൈന്‍ ഫ്ലു എന്ന ഒരു തരം പന്നി പനി ആണ് ഈ വൈറസ് പരത്തുന്നത്.
 
മെക്സിക്കോവിലെ സ്ക്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എല്ലാ പൊതു ചടങ്ങുകളും മാറ്റി വെച്ചിട്ടുണ്ട്. 1000 പേര്‍ക്ക് എങ്കിലും പനി ബാധിച്ചിട്ടുണ്ട് എന്നാണ് നിഗമനം. പന്നിയില്‍ നിന്നും മനുഷ്യനില്‍ നിന്നും പക്ഷികളില്‍ നിന്നുമുള്ള വൈറസിന്റെ ഒരു സങ്കര ജന്മമാണ് ഈ പുതിയ വൈറസ് എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുവാനുള്ള ഇതിന്റെ ശേഷിയാണ് ഇതിനെ അത്യന്തം അപകടകാരി ആക്കുന്നത്.
 
ഒരു ആഗോള പകര്‍ച്ച വ്യാധി ആയി ഇത് മാറുമോ എന്ന ആശങ്ക വ്യാപകം ആണെങ്കിലും ഇതു വരെയുള്ള വൈറസിന്റെ സ്വഭാവത്തില്‍ മാറ്റമൊന്നു മില്ലാത്തതിനാല്‍ ഇത്തരം ഒരു സാധ്യത ശാസ്ത്രജ്ഞര്‍ ഇതു വരെ അംഗീകരിച്ചിട്ടില്ല.
 
ലോകമെമ്പാടും ഒരു വര്‍ഷം പനി മൂലം 2.5 ലക്ഷം മുതല്‍ 5 ലക്ഷം പേര്‍ മരിക്കുന്നു. എന്നാല്‍ ഇത് ഇത് കാലികമായ ഒരു പ്രതിഭാസം മാത്രമാണ്. 2003ല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട പക്ഷി പനിയും ഒരു കാലിക പ്രതിഭാസം ആയിരുന്നു എങ്കിലും ഈ വൈറസിന്റെ സ്വഭാവത്തില്‍ ചില ഭേദഗതികള്‍ വന്നാല്‍ ഇതിന് ഒരു ആഗോള പകര്‍ച്ച വ്യാധിയായി രൂപം മാറുവാന്‍ ഉള്ള ശേഷി ഉള്ളതായി ശാസ്ത്ര ലോകം ഭയത്തോടെ കണ്ടെത്തിയിരുന്നു. ഇനിയും ഇത്തരം ഒരു ഭീഷണി നിലനില്‍ക്കുന്നുമുണ്ട്. ഇതിനു മുന്‍പ് മനുഷ്യ ചരിത്രത്തില്‍ ഇത്തരം ഒരു ആഗോള പകര്‍ച്ച വ്യാധി 1968ല്‍ പത്ത് ലക്ഷത്തിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഹോങ്‌കോങ് പനി മൂലം ആയിരുന്നു ഉണ്ടായത്.
 





 
 

Labels: ,

  - ജെ. എസ്.
   ( Saturday, April 25, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇറ്റലിയില്‍ വീണ്ടും ഭൂകമ്പം
ഭൂമി കുലുക്കത്തില്‍ മരിച്ചവരുടെ എണ്ണം 272 എത്തി നില്‍ക്കേ ഇന്ന് രാവിലെ ഇറ്റലിയില്‍ വീണ്ടും ഭൂമി കുലുങ്ങി. തിങ്കളാഴ്ച ഇറ്റലിയെ പിടിച്ച് കുലുക്കിയ ഭൂകമ്പത്തിന്റെ അളവ് റിക്റ്റര്‍ സ്കെയിലില്‍ 6.3 ആയിരുന്നു. ഇന്ന് രാവിലെ അനുഭവപ്പെട്ട കുലുക്കം 5.2 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് അടുപ്പിച്ച് നടന്ന ഈ കുലുക്കം നേരത്തെ നടന്ന ഭൂകമ്പത്തിന്റെ തുടര്‍ പ്രകമ്പനം ആണ്. ഇത് നൂറ് കിലോമീറ്റര്‍ അകലെ ഉള്ള റോമില്‍ വരെ അനുഭവപ്പെട്ടു. ഈ പ്രകമ്പനം കൂടുതല്‍ നാശ നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്നത് ഇനിയും അറിവായിട്ടില്ല.
 
കഴിഞ്ഞ ദിവസം നടന്ന ഭൂകമ്പത്തില്‍ 28,000 പേര്‍ക്കാണ് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെട്ടത്. 17,000 പേരോളം ഇപ്പോഴും കൊടും തണുപ്പ് സഹിച്ച് കൊണ്ട് ടെന്റുകളിലാണ് കഴിയുന്നത്. ബാക്കിയുള്ളവര്‍ ബന്ധുക്കളുടെ വീടുകളിലും സൌജന്യമായി ലഭ്യമാക്കിയ ഹോട്ടല്‍ മുറികളിലും അഭയം പ്രാപിച്ചിട്ടുണ്ട്.
 


 
മരിച്ചവരുടെ ശവസംസ്ക്കാരങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. മാര്‍പാപ്പയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ദുഃഖ വെള്ളിയാഴ്ച മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന ഉണ്ടാവും എന്ന് വത്തിക്കാന്‍ അറിയിച്ചു.
 
മാര്‍പാപ്പ അടുത്തു തന്നെ സംഭവ സ്ഥലം സന്ദര്‍ശിക്കും എന്നും അറിയിച്ചിട്ടുണ്ട്.
 




Labels: ,

  - ജെ. എസ്.
   ( Thursday, April 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചരിത്ര ദുരന്തമായ കാട്ടു തീ
ആസ്ത്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം ആയി പടര്‍ന്നു പിടിച്ച കാട്ടു തീയില്‍ ഇതു വരെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. ആസ്ത്രേലിയയിലെ വിക്ടോറിയാ പ്രവിശ്യയിലാണ് ലോകത്തെ ഞെട്ടിച്ച ഈ കാട്ടു തീ പടരുന്നത്. മുപ്പത്തി ഒന്ന് ഇടങ്ങളിലായി ആളി കത്തുന്ന തീ അണക്കാന്‍ ആഴ്ചകള്‍ വേണ്ടി വരും എന്നാണ് നിഗമനം. ഔദ്യോഗിക കണക്ക് അനുസരിച്ച് 108 പേര്‍ കൊല്ലപ്പെട്ടു എന്നാണെങ്കിലും കത്തിക്കരിഞ്ഞ വീടുകള്‍ പരിശോധിച്ചു കഴിയുമ്പോഴേക്കും മരണ സംഖ്യ ഇനിയും ഉയരാന്‍ ആണ് സാധ്യത. ശനിയാഴ്ച തുടങ്ങിയ കാട്ടു തീ 750ഓളം വീടുകള്‍ ആണ് കത്തിച്ചു ചാമ്പല്‍ ആക്കിയത്. മൂന്നര ലക്ഷം ഹെക്ടര്‍ ഭൂമിയോളം പരന്നു കിടക്കുന്ന നാശത്തിനു പിന്നില്‍ കൊള്ളി വെപ്പുകാരുടെ കൈകള്‍ ആണെന്ന് ആസ്ത്രേലിയന്‍ പ്രധാന മന്ത്രി കെവിന്‍ റുഡ്ഡ് അറിയിച്ചു. പലയിടങ്ങളിലും മനഃപൂര്‍വ്വം കൊള്ളി വെപ്പുകാര്‍ തന്നെയാണ് തീ തുടങ്ങിയതത്രെ. ചില സ്ഥലങ്ങളില്‍ കത്തി അമര്‍ന്ന തീ ഇവര്‍ വീണ്ടും കത്തിക്കുകയും ചെയ്തു.




ഇത്തരം കാട്ടു തീ ആസ്ത്രേലിയയില്‍ ഒരു സ്വാഭാവിക പ്രതിഭാസം ആണ്. എന്നാല്‍ വരള്‍ച്ചയും, ചൂട് കാറ്റും, സാധാരണയില്‍ കവിഞ്ഞ കൊടും ചൂടും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ ഇന്നേ വരെ ആസ്ത്രേലിയ കണ്ടിട്ടില്ലാത്ത മാനങ്ങളാണ് ഇത്തവണ കാട്ടു തീ കൈവരിച്ചത്.




പ്രതിവര്‍ഷം 20,000 മുതല്‍ 30,000 വരെ കാട്ടു തീകള്‍ ഉണ്ടാവാറുള്ള ആസ്ത്രേലിയയില്‍ ഇതില്‍ പകുതിയും മനുഷ്യര്‍ തന്നെ മനഃപൂര്‍വ്വം തുടങ്ങി വെക്കുന്നത് ആണ് എന്നാണ് സര്‍ക്കാര്‍ അധീനതയില്‍ ഉള്ള ആസ്ത്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി കഴിഞ്ഞ ആഴ്ച പുറത്ത് ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Labels: , ,

  - ജെ. എസ്.
   ( Monday, February 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഒറീസ്സയില്‍ മഴ തുടരുന്നു : രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം
മഹാനദിയിലെ വെള്ളം താണുവെങ്കിലും മഴ തുടരുന്നതിനാല്‍ ഒറീസ്സയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുന്നില്ല. രക്ഷാ പ്രവര്‍ത്തകരുടെ അഭാവവും മതിയായ എണ്ണത്തില്‍ തോണികള്‍ ലഭ്യമല്ലാത്തതും വെള്ളപൊക്കം മൂലം ഒറ്റപ്പെട്ടു പോയ ആറ് ലക്ഷത്തോളം പേരുടെ സ്ഥിതി വഷളാക്കുന്നു.

മഹാനദി പ്രദേശത്ത് തുടരുന്ന ന്യൂനമര്‍ദ്ദം കാരണം മഴ നില്‍ക്കുന്നുമില്ല.

എന്നാല്‍ വെള്ളത്തിന്റെ നില താഴുന്നു എന്നുള്ളതാണ് ആകെയുള്ള പ്രത്യാശ എന്ന് പ്രദേശത്ത് തമ്പടിച്ചിട്ടുള്ള വെള്ളപൊക്ക നിയന്ത്രണ സംഘം അറിയിച്ചു.

കട്ടക്ക്, കേന്ദ്രപ്പാറ, പുരി, ജഗത്സിംഗ്പൂര്‍ എന്നീ ജില്ലകളെ യാണ് വെള്ള പൊക്കം ഏറ്റവും അധികം ദുരിതത്തില്‍ ആഴ്ത്തിയിരിയ്ക്കുന്നത്. ഇവിടെ വായു സേനയുടെ ഹെലികോപ്റ്ററുകള്‍ ഭക്ഷണ പൊതികളും മറ്റ് അവശ്യ സാധനങ്ങളും തുടര്‍ച്ചയായി എത്തിയ്ക്കുന്നുണ്ട്. എന്നാലും രക്ഷാ പ്രവര്‍ത്തകരുടേയും തോണികളുടേയും ദൌര്‍ലഭ്യം രക്ഷാ പ്രവര്‍ത്തനത്തെ കാര്യമായി ബാധിയ്ക്കുന്നുണ്ട് എന്നാണ് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

ഒറീസ്സയിലെ മരണ സംഖ്യ 17 ആയതോടെ ഇന്ത്യ ഒട്ടാകെ വെള്ളപൊക്കം മൂലം മരണപ്പെട്ടവരുടെ സംഖ്യ 173 ആയി.

ഒറീസ്സയിലെ 1849 ഗ്രാമങ്ങള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്.

Labels: , ,

  - ജെ. എസ്.
   ( Monday, September 22, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശൈലുവയ്യന്റെ രക്ഷയ്ക്ക് മലയാളി എഞ്ചിനിയര്‍മാര്‍
ദേഹം ആസകലം പൊള്ളലേറ്റ് ഷാര്‍ജയിലെ കുവൈറ്റ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ശൈലുവയ്യന്‍ എന്ന ചെറുപ്പക്കാരന് സഹായവുമായി യു.എ.ഇ.യിലെ മലയാളി എഞ്ചിനിയര്‍മാര്‍ രംഗത്തെത്തി. 28 കാരനായ ശൈലുവയ്യന്‍ ഷാര്‍ജയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഫയര്‍ ഫൈറ്റര്‍ ആയി ജോലി കിട്ടി നാട്ടില്‍ നിന്നും വെറും നാലു മാസം മുന്‍പാണ് യു.എ.ഇ.യില്‍ എത്തിയത്. അതി രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നതിനു മുന്‍പായി ഭക്ഷണം പാകം ചെയ്യുമ്പോള്‍ പാചക വാതകം ചോര്‍ന്ന് ഇയാള്‍ താമസിച്ച ഫ്ലാറ്റിന് തീ പിടിക്കുകയാണ് ഉണ്ടായത്. 80% പൊള്ളലേറ്റ ശൈലുവയ്യന്‍ ഇപ്പോള്‍ ഷാര്‍ജയിലെ കുവൈറ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. കുവൈറ്റ് ഹോസ്പിറ്റലിലെ പുരുഷ വാര്‍ഡിനടുത്ത് ചെന്നാല്‍ പൊള്ളലിന്റെ നീറ്റലാല്‍ പുളയുന്ന ശൈലുവയ്യന്റെ ദീന രോദനം ഇപ്പോഴും കേള്‍ക്കാം. ഇത് കേട്ട ഒരു മലയാളി എഞ്ചിനിയര്‍ ആയ ശ്രീ സനു മാത്യു ആണ് ഇത് യു.എ.ഇ.യിലെ മലയാളി എഞ്ചിനിയര്‍മാരുടെ സംഘടനയായ KERAയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. KERA യ്ക്ക് പിന്നാലെ പാലക്കാട്ടെ NSS College of Engineering ലെ എഞ്ചിനിയര്‍മാരുടെ കൂട്ടായ്മയായ NSS Alumniയും ശൈലുവയ്യന്റെ സഹായത്തിനായി രംഗത്തിറങ്ങി.




തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ ശൈലുവയ്യന്റെ ഭാര്യ ബധിരയും മൂകയുമാണ്. മൂന്നു വയസ്സുള്ള ഒരു മകന്‍ ഇവര്‍ക്കുണ്ട്. ദാരിദ്ര്യത്തില്‍ നിന്നും കരകയറാന്‍ നാട്ടില്‍ നിന്നും വെറും നാലു മാസം മുന്‍പ് യാത്രയായ ശൈലുവയ്യന്‍ വിധിയുടെ ക്രൂരതയ്ക്ക് പാത്രമാവുകയായിരുന്നു. മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ചികിത്സയ്ക്ക് ശേഷം ഒരു പക്ഷെ ഇയാളുടെ വേദന ശമിച്ചേയ്ക്കാം. എന്നാലും ജോലി എടുക്കുവാനോ കുടുംബം നോക്കുവാനോ ഇനി ഇയാള്‍ക്ക് കഴിയില്ല എന്നുറപ്പാണ്. തുടര്‍ന്നുള്ള ചികിത്സയ്ക്കും കുടുംബത്തിനെ മുന്നോട്ട് നയിക്കുവാനും ഇവര്‍ക്ക് മറ്റുള്ളവരുടെ പക്കല്‍ നിന്നുമുള്ള സാമ്പത്തിക സഹായം കൂടിയേ തീരൂ.




നിങ്ങള്‍ക്ക് നേരിട്ട് സഹായം എത്തിയ്ക്കുവാന്‍ ശൈലുവയ്യന്റെ ഭാര്യയുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍ താഴെ കൊടുക്കുന്നു:




MRS.SHYLUVAYYAN BRIGIT
A/C NO 15312,
INDAIN BANK,
KARUNGULAM BARANCH
VALIAPALLY JUNCTION
PULLUVILA P.O.
THIRUVANANTHAPURAM DIST
KERALA




ശൈലുവയ്യന്റെ മൊബൈല്‍ നമ്പര്‍: 055 7166958
ഇദ്ദേഹത്തിന്റെ സുഹൃത്തായ തദെവൂസിന്റെ മൊബൈല്‍ നമ്പര്‍: 050 6941354






Labels: , , ,

  - ജെ. എസ്.
   ( Thursday, July 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജീവന്‍ ഒടുക്കി
മണി ചെയിന്‍ തട്ടിപ്പിന് ഇരയായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. പാലക്കാട് NSS College of Engineering ല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ഷിഹാസ് ആണ് ശനിയാഴ്ച കോളേജിലെ രണ്ടാം നമ്പര്‍ ഹോസ്റ്റലില്‍ തന്റെ മുറിയില്‍ തൂങ്ങി മരിച്ചത്. ഇരുപത്തി രണ്ട് കാരനായ ഷിഹാസ് കോഴിക്കോട് പേരാമ്പ്ര ചേനോലിയില്‍ സ്വദേശിയാണ്.




മണി ചെയിന്‍ ഇടപാടില്‍ മേലേ തട്ടിലുള്ളവര്‍ മുങ്ങിയതാണ് ഇയാളെ വെട്ടിലാക്കിയത് എന്നറിയുന്നു. ഒരു പാട് പേരെ മണി ചെയിനില്‍ ചേര്‍ത്തിരുന്ന ഷിഹാസിനെ നിരവധി പേര്‍ അടുത്ത നാളുകളില്‍ തേടി വന്നിരുന്നു എന്ന് സഹപാഠികള്‍ പറഞ്ഞു. കടക്കാര്‍ ഇയാളുടെ ബൈക്കും എടുത്തു കൊണ്ട് പോയത്രെ.




മണി ചെയിനിന്റെ പരസ്യങ്ങളും ഫോറങ്ങളും മറ്റ് കടലാസുകളും ഷിഹാസിന്റെ മുറിയില്‍ നിന്നും പോലീസ് കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടത്തും എന്ന് പോലീസ് അറിയിച്ചു.

Labels: ,

  - Jishi Samuel
   ( Tuesday, July 01, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫെങ്ഷെന്‍ ചുഴലിക്കാറ്റ് ചൈനയിലെത്തി
ഫിലിപ്പൈന്‍സില്‍ വ്യാപകമായ നാശം വിതച്ച ഫെങ്ഷെന്‍ എന്ന കൊടുങ്കാറ്റ് തായ് ലന്‍ഡിലും ദക്ഷിണ ചൈനയിലും എത്തി. ശക്തി അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ഹൊങ്കോങ്ങിലെ എല്ലാ വ്യാപാര - വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അടച്ചിട്ടിരിക്കുകയാണ്.




എണ്ണൂറോളം പേരുമായി പ്രിന്‍സസ്സ് ഓഫ് ദ സ്റ്റാര്‍സ് എന്ന കടത്ത് കപ്പല്‍ കഴിഞ്ഞ ആഴ്ച്ച ഫിലിപ്പൈന്‍സില്‍ ഈ കൊടുങ്കാറ്റ് മൂലം മുങ്ങി പോയിരുന്നു. മുങ്ങിപ്പോയ കപ്പലില്‍ നിന്നുള്ളവരെ രക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ ഇനിയും വിജയിച്ചിട്ടില്ല.

Labels: ,

  - ജെ. എസ്.
   ( Wednesday, June 25, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഒമാനില്‍ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഈ മാസം 29 ന് ഒമാനില്‍ ചുഴലിക്കാറ്റ് വീശുമെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍ കാസ്റ്റ്സ് നേരത്തെ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നു. എന്നാല്‍ ഭീതി വേണ്ടെന്ന് ജനങ്ങളോട് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.




അറബിക്കടലിലെ കാലാവസ്ഥ തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ ഭയപ്പെടേണ്ട ഒരവസ്ഥയും നിലവിലില്ലെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദം വ്യക്തമാക്കുന്നു.




ദുബായ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യതയില്ല എന്ന് തന്നെയാണ് പറയുന്നത്. ഇവരും മേഖലയിലെ കാലാവസ്ഥ സസൂഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.




കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ് ഒമാനില്‍ ഗോനു ചുഴലിക്കാറ്റ് വീശിയത്. ഇതില്‍ മലയാളികള്‍ അടക്കം 48 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. വീണ്ടും ഒരു ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് മലയാളികള്‍ അടക്കമുള്ളവര്‍ ഒമാനില്‍ ഇപ്പോള്‍ മുന്‍കരുതല്‍ എടുക്കുകയാണ്. കുടിവെള്ളവും അവശ്യ ഭക്ഷ്യ വസ്തുക്കളും ശേഖരിച്ചുവയ്ക്കുകയാണ് നിരവധി കുടുംബങ്ങള്‍.




കഴിഞ്ഞ ദിവസങ്ങളില്‍ കുടിവെള്ളം, അരി, ഗോതമ്പ്, എന്നിവയുടെ വില്‍പ്പന വന്‍തോതില്‍ വര്‍ധിച്ചതായി സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ പറയുന്നു. വിവിധ മരുന്നുകളുടെ വില്‍പ്പനയും കൂടിയിട്ടുണ്ട്. ഒമാന്‍ അധികൃതര്‍ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് പറയുന്നുണ്ടെങ്കിലും 29-ാം തീയതി കഴിഞ്ഞാല്‍ മാത്രമേ ജനങ്ങളിലെ ഭീതി അകലുകയുള്ളൂ എന്ന് വ്യക്തമാണ്.

Labels: , ,

  - ജെ. എസ്.
   ( Monday, May 26, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചുഴലിക്കാറ്റിന് സാധ്യത; ഒമാന്‍ ഭീതിയില്‍
ഒമാനില്‍ ഈ മാസം വീണ്ടും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍ കാസ്റ്റ്സ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.




ഒമാനില്‍ ഗോനു ചുഴലിക്കാറ്റ് താണ്ഡവമാടി ഒരു വര്‍ഷം പൂര്‍‍ത്തിയാകുന്നതിന് മുമ്പാണ് വീണ്ടും എബി 2008 എന്ന മറ്റൊരു ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഈ മാസം 29 ന് ഒമാന്‍, യമന്‍ തീരങ്ങളില്‍ എബി 2008 വീശുമെന്നാണ് ബ്രിട്ടന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ മീഡിയം റേ‍ഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്സ് - ECMWF മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ഒമാന്‍ അധികൃതര്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല. കനത്ത കാറ്റിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. ഈ വര്‍ഷത്തെ മണ്‍സൂണ്‍ തുടക്കത്തില്‍ അറബിക്കടലില്‍ ഒരു ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് ECMWF പറയുന്നു. വെസ്റ്റ് സെന്‍ട്രല്‍ അറബിക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റ് യെമന്‍, ഒമാന്‍ തീരത്ത് നാശം വിതയ്ക്കുമെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഗോനു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശക്തി കുറഞ്ഞതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ് ഒമാനില്‍ ഗോനു ചുഴലിക്കാറ്റ് വീശിയത്. ഇതില്‍ മലയാളികള്‍ അടക്കം 48 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് ECMWF റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഒമാന്‍ അധികൃതര്‍ ഇതു വരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Labels: ,

  - ജെ. എസ്.
   ( Wednesday, May 21, 2008 )    

4അഭിപ്രായങ്ങള്‍ (+/-)
Links to this post

4 Comments:

Dear Editor

Even if the storm hits, please change your reporting to a correct information. It is not Gonu. Many have report wrongly but that do not mean E-paper too report wrongly.

“Cyclone ABE 2008 predicted in Oman
Start TRACKING CYCLONE ABE 2008
Storms predicted in OMAN on 29 May 2008
The European Centre for Medium-Range Weather Forecasts hasa warned of a rogue cyclone spin up in the west-central Arabian Sea. The westerly winds are predicted to accelerate in the run up to monsoon.
The circulation is shown to move in a west-northwest direction, away from the Indian coast, during the two days from May 27 . This is more or less the track pursued by super cyclone Gonu during last year.
The onset phase of this year's monsoon may be a cyclone in the west Arabian Sea of matching strength.
It is expected to make a landfall over the Yemen and Oman coast around May 29, the cyclone will bear the name'Abe' ..
The timing of the birth of a cyclone ABE and the path for onward movement would resemble those of Super Cyclone Gonu that struck Oman during the monsoon onset phase last year. It would be of comparatively reduced strength .
Unlike Gonu, intensification of this storm would be slow .”

Wish E-patram all the success for years to come.


Thank you and best regards,

May 22, 2008 12:17 AM  

ഗോണൂവിന്റെ പിറ്റേന്നത്തെ ചില കാ‍ഴ്ചകൾ

May 22, 2008 12:23 AM  

ഗോനു എന്നുള്ളതു തിരുത്തി എബി-2008 എന്നാക്കുവാന്‍ അപേക്ഷ..
ചുഴലിക്കാറ്റിന്നു..ലോകമെങ്ങും പെണ്ണുങ്ങളുടെ പേരിടുമ്പോള്‍(കത്രീന,റോസി,എലീന..)ഗോനുവിന് ശേഷം വരുന്ന..എബിയെ ..എബി എന്നു തന്നെ വിളിക്കുക.

May 22, 2008 2:31 AM  

ഗോനു എന്ന് തെറ്റായി കൊടുത്തത് തിരുത്തി എബി 2008 എന്നാക്കി. തെറ്റ് ചൂണ്ടിക്കാണിച്ചതിന് എല്ലാവര്‍ക്കും നന്ദി.

May 22, 2008 8:15 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുരിതാശ്വാസം പട്ടാള ഭരണകൂടത്തിന്റെ പ്രചരണ തന്ത്രമാവുന്നു
അന്താരാഷ്ട്ര സഹായം പ്രവഹിച്ചു കൊണ്ടിരിക്കുന്ന മ്യാന്മറില്‍ പട്ടാള ഭരണകൂടം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ പ്രചരണ തന്ത്രമാക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ സാമഗ്രികള്‍ പിടിച്ചെടുത്ത പട്ടാള മേധാവികള്‍ അവ വിതരണം ചെയ്യുന്നത് തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലാണ്. പട്ടാള ജെനറല്‍മാരുടെ പേര്‍ വലുതാക്കി എഴുതി പിടിപ്പിച്ച ഭക്ഷണ പൊതികളും മരുന്നും മറ്റും തങ്ങളുടെ ഔദാര്യമാണ് എന്ന മട്ടിലാണ് വിതരണം ചെയ്യപ്പെടുന്നത്. അതും തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ മാത്രം. ഇത് കാരണം അത്യാവശ്യം ഉള്ള പല സ്ഥലങ്ങളിലും സഹായം എത്തുന്നില്ല. 10 ശതമാനം ദുരിത ബാധിതര്‍ക്ക് പോലും ഇനിയും ഒരു തരത്തിലും ഉള്ള ആശ്വാസവും എത്തിക്കാനായിട്ടില്ല എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Labels: , ,

  - ജെ. എസ്.
   ( Sunday, May 11, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്